ശബരിമല മേല്ശാന്തിക്കുള്ള നറുക്കെടുപ്പ് കഴിഞ്ഞു. ഇത്തവണ ചില കോലാഹലങ്ങളൊക്കെയായിരുന്നല്ലോ? വാര്‍ത്ത കണ്ടപ്പോഴാണ് പഴയ ചില ശബരിമല അനുഭവങ്ങള്‍ വീണ്ടും ഓര്‍മ്മ വരുന്നത്.
ചെറുപ്പത്തില്‍ വളരെ നിഷ്കര്‍ഷയോടും ഭക്തിയോടും കൂടി അനുഷ്ഠിച്ചിരുന്ന ഒന്നായിരുന്നു ശബരിമല തീര്‍ത്ഥാടനം. അഞ്ചെട്ടു തവണ പോയി. കുറച്ചു മുതിര്‍ന്നപ്പോള്‍ അവിടുത്തെ തിരക്കും, പരിസരവൃത്തികേടുകളും ഒരു വിധത്തിലും സഹിക്കാനാവതില്ല എന്നായപ്പോള്‍ യാത്ര നിര്‍ത്തി. ക്രമേണ ഭക്തിയും പോയി. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. അങ്ങിനെ ഇരിക്കുമ്പോഴാണ് ശബരിമല യാത്ര ഔദ്യോഗികമായി വരുന്നത്. എന്റെ ആത്മമിത്രമായ സന്തോഷിനും മറ്റൊരാള്‍ക്കുമായിരുന്നു ഡ്യൂട്ടി. മറ്റേയാള്‍ക്ക് എന്തോ അസൗകര്യമുണ്ടായിരുന്നതിനാല്‍ ഞാന്‍ പകരക്കാരനാവുകയായിരുന്നു. സന്തോഷിന്റെ നിര്‍ബന്ധവും, മാസപൂജയായതിനാല്‍ അധികം തിരക്കുണ്ടാവില്ല എന്ന ചിന്തയും കൊണ്ടാണ് സമ്മതിച്ചത്.
ഡ്യൂട്ടി സന്നിധാനത്തില്‍ തന്നെയായിരുന്നു. അതാശ്വാസമായി. കാരണം ശബരിമല ഡ്യൂട്ടി മറ്റു പല സ്ഥലത്തുമാകാം. സന്നിധാനത്തില്‍ ഡ്യൂട്ടിയെടുക്കുന്ന അനുഭവം മറ്റെങ്ങും കിട്ടില്ലല്ലോ?
കന്നിമാസമായിരുന്നു എന്നാണോര്‍മ്മ. നല്ല കാലാവസ്ഥ. സന്തോഷും ഞാനും രാവിലെ തന്നെ മല കയറിത്തുടങ്ങി. അഞ്ചാറു ദിവസത്തേക്കുള്ള വസ്ത്രങ്ങളും കുറച്ചു പുസ്തകങ്ങളും ഒക്കെ കൈയ്യിലെ ബാഗിലുണ്ട്. സന്തോഷ് വളരെ ദാനശീലനാണ്, അര കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ തന്നെ കക്ഷിയുടെ കൈലുണ്ടായിരുന്ന പണത്തിന്റെ പകുതിയും ഭിക്ഷക്കാര്‍ക്ക് നല്കി തീര്‍ത്തു.
സന്നിധാനത്തില്‍ എത്തി, മറ്റു ജീവനക്കാരൊക്കെ എത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി സ്ഥിരം ഡ്യൂട്ടി ചോദിച്ചു വാങ്ങി വരുന്ന ഒരു നമ്പൂതിരിയെ പരിചയപ്പെട്ടു. വളരെ നല്ല മനുഷന്. അദ്ദേഹത്തിന് മേല്‍ശാന്തിയെ നേരിട്ടറിയാം, അകത്തൊക്കെ നല്ല പരിചയവും സ്വാധീനവുമാണ്. പോരുന്നതിനു മുന്‍പ് സന്തോഷ് അല്‍പ്പം ഗൃഹപാഠം ചെയ്തിരുന്നു. ഞങ്ങളുടെ സീനിയര്‍ ആയി ഒരു സുരേഷ് സാറുണ്ട്, തിരുവല്ലാക്കാരന്. ഞങ്ങള്‍ തമ്പു എന്നു വിളിക്കും. അദ്ദേഹം വളരെ നാള് ശബരിമല സ്പെഷ്യല്‍ ഓഫീസറായി (ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റിന്റെ) ഇരുന്നതാണ്. സന്നിധാനത്ത് ചെന്നാല്‍ മുത്തു എന്ന ഒരു ദേവസ്വം സെക്യൂരിറ്റിയെ കാണാന്‍ അദ്ദേഹം പറഞ്ഞിരുന്നു. എല്ലാ സൗകര്യവും ചെയ്തു തരും.
വൈകുന്നേരമേ നട തുറക്കൂ. പ്രത്യേകിച്ച് പണിയൊന്നുമില്ല. മറ്റവരൊക്കെ സ്റ്റോക്ക് വെരിഫിക്കേഷനും മറ്റുമൊക്കെയാണ്. പുറത്തേക്കിറങ്ങാം എന്നു കരുതി. ഉരക്കുഴി തീര്‍ത്ഥം അടുത്താണ്. തീരെ ചെറുപ്പത്തില്‍ ഒരിക്കല്‍ പോയ ഓര്‍മ്മയുണ്ട്. നമ്പൂതിരി വഴി പറഞ്ഞു തന്നു. വനത്തിലൂടെ അരമുക്കാല്‍ കിലോമീറ്റര്‍ നടക്കണം. അട്ടയുണ്ട്, കുറച്ച് ഉപ്പ് കൈയ്യില്‍ കരുതാന്‍ പറഞ്ഞു. അട്ട കടിച്ചാല്‍ ഉപ്പിട്ടു കൊടുത്താല്‍ മതി, കടി വിടും. പമ്പ, സന്നിധാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഒരു തരി അഴുക്കില്ലാത്ത സ്ഥലം. നല്ല പോലെ നീരൊഴുക്കൊണ്ട്, ഒന്നൊന്നര മണിക്കൂര്‍ വെള്ളത്തില്‍ കിടന്നു.
വൈകിട്ട് നട തുറക്കുന്ന സമയത്ത്, ക്ഷേത്രത്തില്‍ പോയി. സന്തോഷ് മുത്തുപ്പോലീസിനെ തപ്പിയെടുത്തു. സുരേഷ് സാറിന്റെ ആള്‍ക്കാരാണെന്നു പറഞ്ഞപ്പോള്‍ പുള്ളിക്ക് വലിയ സ്നേഹം. നടയ്ക്കു മുന്നില്‍ തന്നെ നിര്‍ത്തി, മുഴുവന്‍ സമയവും. പതിനഞ്ച് മിനിറ്റോളം ദര്‍ശനം നടത്തി. സാധാരണ ദര്‍ശനത്തിനു വരുമ്പോള്‍ ഒരു സെക്കന്‍ഡ് ഒന്നു നിന്നു കാണാന്‍ പറ്റിയാല്‍ ഭംഗിയായി തൊഴാന്‍ പറ്റി എന്നു പറയുന്നതോര്‍ത്തു. ഇതിനിടെ 'രാജകീയമായി' ചമഞ്ഞ ഒരാള്‍ വളരെ അണ്‍സെറിമോണിയസ്ലി ഒരു ആയിരം രൂപ നോട്ട് ഉരുളിയില്‍ ഇട്ടത് ശ്രദ്ധിച്ചു. അടുത്ത ദിവസങ്ങളില്‍ ആളേ മനസ്സിലായി, ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ ആപ്പീസറാണ്. 'പങ്ക്' ഭഗവാനും കൊടുത്തിട്ടുണ്ട് എന്ന് സമാധാനിക്കാനായിരിക്കും!
പിന്നീടുള്ള ദിവസങ്ങളില്‍ , നട തുറന്നിരിക്കുന്ന സമയത്തൊക്കെ സന്തോഷ് ശ്രീ കോവിലിന് മുന്നിലുണ്ട്. മുത്തുപ്പോലീസിന്റെ അനുഗ്രഹം.
മൂന്നാമത്തെ ദിവസം നമ്പൂതിരി ഞങ്ങളെ മേല്‍ശാന്തിയുടെ അടുത്ത് കൊണ്ടുപോയി. നല്ല ശ്രീയുള്ള മുഖം. സ്പെഷ്യല്‍ പ്രസാദവും അനുഗ്രഹവും തന്നു. ദക്ഷിണ കൊടുത്തു. ഭിക്ഷക്കാര്‍ക്ക് കൊടുത്ത് കൊടുത്ത് സന്തോഷിന്റെ പൈസ മുഴുവന്‍ തീര്‍ന്നിരുന്നു. കക്ഷിയുടെ കയ്യില്‍ ഇരുപതു രൂപയേ ബാക്കി ഉണ്ടായിരുന്നുള്ളൂ. അതു കൊടുത്തു. 'മാഷേ അതു മതിയായിരുന്നോ, മോശമായോ?' എന്നെന്നോടു ചോദിച്ചു. ഞാനിളക്കി; 'നിങ്ങള്‍ ധര്മ്മക്കാര്ക്ക് ഇരുപതു രൂപ കൊടുക്കുന്നുണ്ടല്ലോ, എന്നിട്ട് മേല്‍ശാന്തിക്കും അതാണോ കൊടുക്കുന്നത്? സന്തോഷിന് സങ്കടമായി. പിറ്റേന്ന് എന്നോട് കുറച്ചു പൈസ കടം വാങ്ങി വീണ്ടും പോയി ദക്ഷിണ കൊടുത്തു.
അന്നു രാത്രി നമ്പൂതിരി മനസ്സു തുറന്നു. ഒരിക്കല്‍ ശബരിമല മേല്‍ശാന്തി ആകണമെന്ന് അദ്ദേഹത്തിനും ആഗ്രഹമുണ്ട്. അതിന് താങ്കള്‍ ശാന്തിക്കാരനല്ലല്ലോ എന്നു ഞാന്‍ ചോദിച്ചു. അദ്ദേഹത്തിന് പൂജാവിധികളൊക്കെ അറിയാം, കുടുംബ ക്ഷേത്രത്തില്‍ പൂജ ചെയ്യാറുണ്ട്. അത്രയും യോഗ്യത മതി. മുഴുവന്‍ സമയ ശാന്തി ആകണമെന്നില്ല.
"പിന്നെന്താ അപേക്ഷിക്കാത്തത്?"
"വെറുതേ അപേക്ഷിച്ചിട്ട് കാര്യമില്ല. ഒന്‍പത് പേരുടെ ആദ്യ ലിസ്റ്റില്‍ കയറിപ്പറ്റാന്‍ ഒരു പത്തു പതിനഞ്ച് ലക്ഷം മുടക്കണം. അതു കഴിഞ്ഞാല്‍ പിന്നെ ഭഗവാന്റെ ഇഷ്ടം."
ഞാനന്തിച്ചിരുന്നുപോയി.
"പണം അല്‍പ്പം കടോം വെലേം വാങ്ങിച്ചാണേലും ഒപ്പിച്ചാല്‍ കുഴപ്പമില്ല, എല്ലാ പിരിവും കഴിഞ്ഞ് കുറഞ്ഞത് ഒരു നാല്‍പ്പത് രൂപയുമായി മലയിറങ്ങാം."
(കണക്കുകള്‍ ഒരു നാലഞ്ചു കൊല്ലം മുന്പത്തെയാണ്.)
മുഖങ്ങള്‍ ഇനിയുമുണ്ട്. ഇനി അടുത്ത പോസ്റ്റില്‍.
Subscribe to:
Post Comments (Atom)
11 comments:
ഇത്തരം ചില മുഖങ്ങളെപ്പറ്റി മുന്‍പും കേട്ടിട്ടുണ്ട്..ഈ പോസ്ടിട്ടത് നന്നായി
ഹ ഹ. അയ്യപ്പനനുഗ്രഹിക്കും. നല്ലവണ്ണം പ്രാർത്ഥിക്കാൻ പറയൂ. അടുത്ത ലിസ്റ്റിലെങ്കിലും കയറിപ്പറ്റാം
ഇപ്പോഴത്തെ മേല്‍ശാന്തി ഞങ്ങടെ നാട്ടുകാരനാ. പുള്ളിക്കാരന് പറയുന്നത് കാശൊന്നും കൊടുത്തിട്ടില്ല എന്നാണ് , അതു മുഖവിലക്കെടുക്കാനാവില്ലന്നറിയാം.എത്ര കൊടുത്താലെന്താ, എത്ര ഇരട്ടി സമ്പാദിക്കാം.
എല്ലാം ബിസിനസ്സ് !!
ഇതൊക്കെ സത്യമാണെങ്കിലും അയ്യപ്പദര്‍ശനം ഒരു മഹാപുണ്യം തന്നെയാണ് കെട്ടോ...
ബാബുരാജ്,
വായിച്ചു, നന്ദി. അനാവരണങ്ങള്‍ ഇനിയും തുടരൂ!
സ്മിത, ലക്ഷ്മി, നന്ദി. നമ്പൂതിരി ഒരു സാധു മനുഷ്യനാണ്. മേല്‍ ശാന്തി ആകണമെന്ന് ആഗ്രഹിക്കുന്നത് ഭക്തി കൊണ്ടു തന്നെയാണെന്നാണ് എനിക്ക് തോന്നിയത്. അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞു എന്നു മാത്രം.
അനിലേ, ഇപ്പോള്‍ മനസ്സിലായോ നമ്മുടെ ദേവസ്വം മന്ത്രി കാര്യങ്ങളൊക്കെ അഴിമതി വിമുക്തമാക്കിക്കൊണ്ടിരിക്കുകയാണെന്ന്? :)
ഹരീഷ്, ഇനി മലയ്ക്ക് പോകുമ്പോള്‍ സീസണില്‍ പോകാതെ, മാസപൂജയ്ക്ക് പോയി നോക്കൂ.
ബാബു മാഷേ, കുറച്ച് അനുഭവങ്ങള്‍ പറഞ്ഞെന്നേയുള്ളൂ. വലിയ ഉദ്ദേശങ്ങള്‍ ഒന്നുമില്ല, എന്നാലും ഇടയ്ക്ക് വയറു നിറയെ കിട്ടുന്നുണ്ട്!
ബാബുരാജ്,
ഒരു മോഹവും ഇല്ല . കള്ളം പറയുമ്പോള്‍ അല്ലെ അത് സ്ഥാപിക്കാന്‍ മോഹം ഉണ്ടാകുകയുള്ളൂ . സത്യം ഇന്നല്ലെങ്കില്‍ നാളെ .. ഞാനല്ലെന്കില് മറ്റൊരാള്‍ പറഞ്ഞിരിക്കും .
പിന്നെ ദശാംശം ഉണ്ടായിരുന്നില്ല അത് കൊണ്ടല്ലേ 33 കോടി എന്ന് പറഞ്ഞത്. അല്ലെങ്കില്‍ 33.33 കോടി എന്ന് പറഞ്ഞേനെ
ശരണമയ്യപ്പാ
ഇന്നാണ് വയിച്ചത് , അവതരണം നന്നായിട്ടുണ്ട് ബാബൂ ......
ഡോക്ടറേ... ഇതിലെ ഡോ: തമ്പു [ആറാം തമ്പുരാനെ], ദാന ശീലന്‍ ഡോ: സന്തോഷ് മുതലായവരെ അറിയുന്ന ഒരു മലയാളി ബ്ലോഗറാണു ഞാന്‍. കണ്ടതില്‍, പരിചയപ്പെട്ടതില്‍ സന്തോഷം... ഇത് വായിച്ചപ്പോള്‍ പ്രസിദ്ധമായ ഒരു കൃസ്തീയ പാട്ട് ഓര്‍മ്മ വന്നു, നിന്റെ പേരില്‍ ഞങ്ങള്‍ ചെയ്യും വേലകള്‍....
അത്തരം ഒരു ഇമ്മിണി വലിയ വേല...
ഇനിയും വരാം..
സ്നേഹത്തോടെ,
പഴമ്പുരാണംസ്.
ഇനിയിപ്പോള്‍ ശംബളവും കൂട്ടി...അയ്യപ്പന് തിന്തകത്തോം..തോം..മുണ്ടും തുണീം ..ദക്ഷിണയും..വേറെ..
Post a Comment