Thursday, October 02, 2008

മതം മനുഷ്യന്‌ ആവശ്യമോ?

മതം മനുഷ്യന്‌ ആവശ്യമോ?

ബാലിശമായ ഒരു ധ്വനിയാണ്‌ ചോദ്യത്തിന്‌ എന്നറിയാം. അതിന്റെ ഉറവിടവും അങ്ങിനെ തന്നെ. ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സന്മാര്‍ഗ്ഗപാഠ പരീക്ഷയുടെ ഒരു ചോദ്യമായിരുന്നു. (ഈ സന്മാര്‍ഗ്ഗപാഠം എന്നു പറയുന്നത്‌, ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വേദപാഠം പഠിക്കുന്ന സമയത്ത്‌, മറ്റുള്ളവരെ പഠിപ്പിക്കുന്ന ഒരു വിഷയം ആണ്‌. ഞാന്‍ പഠിച്ച സ്കൂളില്‍ അന്ന് ഏകദേശം മുപ്പതിനടുത്തേ അക്രൈസ്തവരുണ്ടായിരുന്നുള്ളൂ. അതിനാല്‍ അഞ്ചു മുതല്‍ പത്തുവരെയുള്ളവര്‍ക്ക്‌ സന്മാര്‍ഗ്ഗപാഠത്തിന്‌ ഒരു ക്ലാസ്സും ഒരു പരീക്ഷയുമായിരുന്നു. മാര്‍ക്കിടുന്നത്‌ ക്ലാസ്സ്‌ നിലവാരം വെച്ചും.) ഞങ്ങളുടെ പ്രിന്‍സിപ്പലായിരുന്ന ഫാ: വര്‍ഗ്ഗീസ്‌ മുഴുത്തേട്ട്‌ ആയിരുന്നു ചോദ്യ കര്‍ത്താവ്‌. എന്റെ സുഹൃത്തായ ഷാജിയും ഞാനും ഒറ്റ വാക്കില്‍ 'അല്ല' എന്നുത്തരമെഴുതി. ചേട്ടന്മാരും ചേച്ചിമാരും രണ്ടും മൂന്നും പേജ്‌ ഉപന്യസിച്ചെഴുതി. എല്ലാവരുടേയും ഉത്തരം അല്ല എന്നു തന്നെ. ഒരു വാക്കെഴുതിയവര്‍ക്കും, മൂന്നു പേജെഴുതിയവര്‍ക്കും അച്ചന്‍ നല്ല മാര്‍ക്കുനല്‍കി. പരമ സാത്വികനായിരുന്നു മുഴുത്തേട്ടച്ചന്‍. അടുത്ത ദിവസത്തെ ക്ലാസ്സില്‍ ഞങ്ങളുടെ ആരുടേയും ഉത്തരം ശരിയായിരുന്നില്ല എന്നു പറഞ്ഞ്‌ മതത്തിന്റെ ആവശ്യകതയെപ്പറ്റി അച്ചന്‍ ക്ലാസ്സെടുത്തു. അച്ചന്‍ പഠിപ്പിച്ചതില്‍ ഞങ്ങള്‍ക്ക്‌ മനസ്സിലാകാതെ പോയ അപൂര്‍വ്വം കാര്യങ്ങളിലൊന്നായിരുന്നത്‌. ഇന്നും എനിക്കതു മനസ്സിലാകുന്നില്ല. (അദ്ധ്യാപനം വിട്ടതിനുശേഷം അച്ചന്‍ അത്ഭുത രോഗശാന്തി ശുശ്രൂഷ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നറിഞ്ഞു. അച്ചനെപ്പോലെ നല്ലവനും സത്യസന്ധനുമായ ഒരാള്‍ക്ക്‌ എങ്ങനെ അതുമായി ഒത്തുപോകാനാവുന്നു എന്നും എനിക്കിതുവരെ മനസ്സിലാകുന്നില്ല.)

അതൊക്കെ പോകട്ടെ, മതം മനുഷ്യന്‌ ആവശ്യമോ എന്നു ചോദിക്കുമ്പോള്‍ അടിസ്ഥാനപരമായി മറ്റൊന്നറിയണം. ആരാണ്‌ മത വിശ്വാസി. ജനനം കൊണ്ട്‌ ഏതെങ്കിലും മതത്തിലായിപ്പോകുകയും, ചെറുപ്പം മുതലുള്ള മെന്റല്‍ പ്രൈമിംഗ്‌ കൊണ്ട്‌ അതില്‍ വിശ്വസിക്കുകയും, പരീക്ഷ പാസ്സാകാനും, ജോലി കിട്ടാനും, വിവാഹം നടക്കാനും നേര്‍ച്ചയോ വഴിപാടോ നടത്തുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന പാവത്താന്മാരെ ഞാന്‍ 'വിശ്വാസി'യായി കൂട്ടുന്നില്ല. ഇത്തരം ഉപരിപ്ലവ വിശ്വാസികളെ 'യഥാര്‍ത്ഥ' വിശ്വാസികളും വിശ്വാസികളായി കൂട്ടുന്നുണ്ടാവില്ല. അവര്‍ വിശ്വാസികളായതു കൊണ്ട്‌ ദേവാലയങ്ങള്‍ക്ക്‌ അല്‍പ്പം വരുമാനമുണ്ടാകും എന്നതില്‍ കവിഞ്ഞ്‌ ഗുണമൊന്നുമില്ല. 'കഷ്ടകാല'ത്തിന്‌ മതസ്ഥരില്‍ ബഹുഭൂരിഭാഗവും ഇത്തരം അല്‍പവിശ്വാസികളാണ്‌. എങ്കിലും ഭൂരിപക്ഷമായും, ന്യൂനപക്ഷമായും കരുത്തു കാണിക്കാന്‍ ഈ പാവങ്ങളേയും കൂടെ നിര്‍ത്തും.

മതത്തിന്റെ 'കാതല്‍'അറിഞ്ഞവരാണ്‌ യഥാര്‍ത്ഥ വിശ്വാസികള്‍. അവരാണ്‌ ശരിക്കും ലോകമംഗളാര്‍ത്ഥം സ്നേഹവും, ശാന്തിയും, സമാധാനവും, നമ്മളൊക്കെ നിനച്ചിരിക്കാത്ത നേരത്ത്‌ വിസ്ഫോടിപ്പിച്ച്‌ നമ്മളെയൊക്കെ അത്ഭുതപരതന്ത്രരാക്കുന്നത്‌. മറ്റു ചിലര്‍ ഇത്തരം നാടകീയതകളില്‍ വിശ്വസിക്കുന്നില്ല. പണ്ട്‌ 'മറ്റവര്‍ക്ക്‌' സമ്മാനമായി ഗന്ധകത്തീമഴയുമായി നടന്ന പരമകാരുണികന്‍ ഇപ്പോള്‍ കൂടെ കരുതുന്നത്‌ വരള്‍ച്ചയും സുനാമിയുമാണെന്ന് പഠിപ്പിക്കും. ചികില്‍സ സാവധാനമാണ്‌. ഇത്‌ അങ്ങിനെയല്ല എന്നു വാദിക്കുന്ന ശുദ്ധാത്മാക്കളായ ചില ചിന്തകരുണ്ട്‌. പുസ്തകത്തില്‍ അങ്ങിനെയല്ല എന്നാണവരുടെ വാദം. ഇവിടെ ഞാന്‍ ഒരു വലിയ സാദ്ധ്യത കാണുന്നുണ്ട്‌. ലോകത്തിലെ കൊള്ളക്കാരും, കൊലപാതകികളും, മാഫിയസംഘംങ്ങളും ഒരു നോട്ടുപുസ്തകം വാങ്ങി അതില്‍ 'ലോകാസമസ്ഥാ സുഖിനോ ഭവന്തു എന്നതാണ്‌ ഞങ്ങളുടെ ലക്ഷ്യം' എന്നെഴുതി വെച്ചാല്‍ ആ ഒരു നിമിഷം കൊണ്ട്‌ സകല തിന്മകളും അപ്രത്യക്ഷമാകും.

ഇനി ഈ മത നേതാക്കള്‍ ആരാണ്‌? അവര്‍ 90-95% വരുന്ന ഉപരിപ്ലവ വിശ്വാസികളെ ഏതെങ്കിലും വിധത്തില്‍ പ്രിതിനിധാനം ചെയ്യുന്നുണ്ടോ? കുമ്മനം രാജശേഖരന്‍ ഏതു ഹിന്ദുവിനെയാണ്‌ പ്രിതിനിധാനം ചെയ്യുന്നത്‌? പ്രവീണ്‍ തൊഗാഡിയ? ക്രിസ്തുമതത്തിലോ? പല പല കാരണങ്ങളാല്‍ സെമിനാരിയില്‍ ചേര്‍ന്നു പഠിച്ച്‌ വൈദികരാകുന്നവര്‍ ആരെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌? ബിഷപ്പുമാര്‍ വൈദികരുടെ പ്രതിനിധിയാണോ? ഞാന്‍ ക്രിസ്തുമതവുമായി ബന്ധപ്പെട്ടിരിക്കുന്ന പലരോടും ചോദിച്ചിട്ടുണ്ട്‌, ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നത്‌ എന്ത്‌ അടിസ്ഥാനത്തിലാണെന്ന്. കഴിവ്‌ പരിഗണിച്ച്‌ എന്നു മറുപടി കിട്ടും. എന്തു കഴിവ്‌ എന്നു ചോദിച്ചാല്‍ അവര്‍ക്കും അറിയില്ല. ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നല്ല് മനുഷ്യരില്‍ ഒരാളായ, ഒപ്പം ആത്മീയതയില്‍ അടിയുറച്ച വൈദികനുമായ മുഴുത്തേട്ടച്ചനെന്തേ ബിഷപ്പായില്ല? ജീവിത സായാഹ്നത്തില്‍ വിഢ്ഢിവേഷം കെട്ടാനായിരുന്നു ആ മഹാത്മാവിന്റെ നിയോഗം.

അതൊക്കെ പോകട്ടെ, മനുഷ്യനെന്നാണ്‌ ഉണ്ടായത്‌? മതങ്ങളെന്നാണ്‌ ഉണ്ടായത്‌?
ഏകദേശം 0.25 മില്യണ്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ ഹോമോ സാപ്പിയന്‍സ്‌ എന്ന ഇപ്പോഴത്തെ മനുഷ്യന്‍ ഉണ്ടായതെന്ന് ശാസ്ത്രമതം. (1.25 മില്യണ്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ചിറ കെട്ടാന്‍ പോയ ആസ്റ്റ്രെലോപിഥക്കസുകള്‍ക്ക്‌ മേല്‍നോട്ടം വഹിക്കാന്‍ കുറച്ച്‌ ഹോമൊനോയ്ഡുകളെ സൃഷ്ടിച്ചിരുന്നു. അവയുടെ ഫോസ്സിലുകള്‍ ദുര്‍ലഭമത്രെ, പക്ഷെ യഥാര്‍ത്ഥ സ്പെസിമനുകള്‍ ഇന്‍ഡ്യന്‍ സബ്‌ കോണ്ടിനന്റില്‍ ഈയിടെ ധാരാളമായി കണ്ടു വരുന്നു.) ഉല്‍പ്പത്തിക്കു ശേഷം ഏകദേശം രണ്ടു ലക്ഷം വര്‍ഷത്തോളം വളരെ സാവധാനത്തിലായിരുന്നു പുരോഗമനം. എന്നാല്‍ 50,000 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ സംസ്കൃതിയില്‍ ഒരു കുതിച്ചു ചാട്ടം ഉണ്ടായി. അതു കൊണ്ട്‌, മൃഗതുല്ല്യ ജീവിതം നയിച്ചിരുന്ന പൂര്‍വ്വികരെ ഉള്‍ക്കൊള്ളാന്‍ പറ്റില്ലെങ്കിലും ഒരു അന്‍പതിനായിരം വര്‍ഷത്തെ പാരമ്പര്യം മനുഷ്യകുലത്തിനു സമ്മതിക്കണം.

ഒരു ഓഫ്‌.. മൃഗങ്ങള്‍ പോലും പരസ്പരം കൊല്ലുന്നില്ല എന്നു പറയും. (ടെറിട്ടറി, ഇണ തുടങ്ങിയ പ്രശ്നങ്ങളില്‍ അവ പരസ്പരം ആക്രമിക്കുന്നത്‌ വിടുക.) എന്തു കൊണ്ടാണ്‌ ഒരേ സ്പീഷീസിലുള്ള ജന്തുക്കള്‍ പരസ്പരം കൊല്ലാത്തത്‌? ആ സ്വഭാവം ഇല്ലാത്തത്‌ ഒരു സര്‍വൈവല്‍ അഡ്വാന്റേജ്‌ ആണ്‌. ആ സ്വഭാവം ഉള്ള ജീവികള്‍ ഉണ്ടായിരുന്നിരിക്കാം, പക്ഷെ അവയൊക്കെ ഒടുങ്ങിപ്പോയി. മനുഷ്യനും ഇത്തരം അടിസ്ഥാന ജൈവ നിയമങ്ങളില്‍ ബന്ധിതനാണ്‌.

മനുഷ്യന്‍ പരസ്പരം കൊല്ലാത്തത്‌, അതായത്‌ സ്നേഹം സമാധാനം എന്നൊക്കെ പറയുന്ന ഗുണങ്ങളുടെ ബഹിര്‍സ്പുരണം, ഒരു ജൈവ ഗുണമാണ്‌. അതായത്‌ 'നന്മ' ഒരു ജൈവപ്രത്യേകതയാണ്‌, അത്‌ ഉള്ളില്‍ ഉള്ളതാണ്‌, പ്രവാചകരോ, പുസ്തകങ്ങളോ ഉണ്ടാക്കിയെടുത്തതോ കണ്ടു പിടിച്ചതോ അല്ല. അതുള്ളതു കൊണ്ടാണ്‌ ഈ രണ്ടര ലക്ഷം വര്‍ഷം മനുഷ്യകുലം അതിജീവിച്ചത്‌.

എന്റെ ഈ വാദം വിഢ്ഢിത്തമായി കരുതുന്നവര്‍, സാവധാനം നിഷ്പക്ഷമായി ഒന്നു കൂടി ആലോചിച്ചു നോക്കൂ.
നമ്മുടെ പ്രചാരത്തിലുള്ള മതങ്ങളില്‍ പഴക്കമേറിയവ പോലും ഏതാനും അയിരം വര്‍ഷങ്ങളുടെ മാത്രം പഴക്കമുള്ളവയാണ്‌. (അതിലും പ്രാചീന മതങ്ങളുണ്ടെന്നറിയാം, പക്ഷെ അവയെന്തേ നശിച്ചു പോയി? പുതിയ മതങ്ങള്‍ എന്തു കൊണ്ട്‌ അവയെ നശിപ്പിച്ചു? മതങ്ങളൊക്കെ സ്നേഹവും സമാധാനവുമല്ലേ വിളമ്പുന്നത്‌?) രണ്ടര ലക്ഷം വര്‍ഷം സാമാന്യം സ്നേഹത്തോടും സമാധാനത്തോടും ജീവിച്ചതിനാലാണ്‌ മതങ്ങളുടെ ഉത്ഭവസ്ഥാനത്തെത്താന്‍ മനുഷ്യനായത്‌. കതിരില്‍ വളമിട്ടതു കൊണ്ടാണ്‌ വിള നന്നായത്‌ എന്നാണോ വാദിക്കുന്നത്‌?

ഇനി, മതങ്ങള്‍ വന്നപ്പോള്‍ എന്തു സംഭവിച്ചു? 'ചരിത്ര'ത്തിലെ ആദ്യത്തെ കൊലപാതകം, അതും സഹോദരന്‍ സഹോദരനെ, കാരണമെന്താ? ദൈവസ്നേഹത്തിലെ അതൃപ്തി, അസൂയ. അനാവശ്യ കൊലപാതകങ്ങള്‍ അവിടെ തുടങ്ങി.

ശേഷം ചരിത്രം.

44 comments:

ബാബുരാജ് said...

അനോനി ഓപ്ഷന്‍ തുറന്നു തന്നെ വെച്ചിട്ടുണ്ട്‌.

ടോട്ടോചാന്‍ said...

വളരെ നല്ലത്, സുന്ദരം, അനുയോജ്യം എന്നൊക്കെ പറയാം ഈ പോസ്റ്റ്. പക്ഷേ ആര് ഇതില്‍ പറയുന്ന പോലെ നിഷ്പക്ഷമായി ചിന്തിക്കും. മതമല്ല ഒന്നിനും പരിഹാരം എന്നത് ഒരു സത്യം. പക്ഷേ സത്യം ഒരിക്കലും വിളിച്ചു പറയാന്‍ പാടില്ല. കാരണം പാഠപുസ്തകവിവാദം ഉണ്ടാവും.
എങ്കിലും നമുക്കും പറഞ്ഞുകൊണ്ടിരിക്കാം. ഒരിക്കല്‍ എല്ലാം ശരിയാവുമായിരിക്കാം. അല്ലെങ്കില്‍ സ്വന്തം ജീവിതത്തിലെങ്കിലും നമുക്ക് പ്രാവര്‍ത്തികമാക്കാം....

siva // ശിവ said...

മതം ചില മനുഷ്യര്‍ക്ക് എങ്കിലും അനിവാര്യം തന്നെയാണ്....ഒന്നും അല്ലേലും കുറച്ചു പേരെങ്കിലും മതത്തിന്റെ പേരും പറഞ്ഞ് ജീവിക്കുന്നില്ലേ....

അനില്‍@ബ്ലോഗ് // anil said...

മതങ്ങള്‍ സമാധാനമാണോ വിളമ്പുന്നത്?

ഒരു “ദേശാഭിമാനി” said...

ശ്രീ ബാബുരാജ്,താ‍ങ്കളുടെ ചോദ്യം ബാലിശമല്ല, ആത്മാർത്ഥമാണു!

എനിക്കിഷ്ടപ്പെട്ട വാചകങ്ങൾ

1.“ലോകത്തിലെ കൊള്ളക്കാരും, കൊലപാതകികളും, മാഫിയസംഘംങ്ങളും ഒരു നോട്ടുപുസ്തകം വാങ്ങി അതില്‍ 'ലോകാസമസ്ഥാ സുഖിനോ ഭവന്തു എന്നതാണ്‌ ഞങ്ങളുടെ ലക്ഷ്യം' എന്നെഴുതി വെച്ചാല്‍ ആ ഒരു നിമിഷം കൊണ്ട്‌ സകല തിന്മകളും അപ്രത്യക്ഷമാകും.“

2.“രണ്ടര ലക്ഷം വര്‍ഷം സാമാന്യം സ്നേഹത്തോടും സമാധാനത്തോടും ജീവിച്ചതിനാലാണ്‌ മതങ്ങളുടെ ഉത്ഭവസ്ഥാനത്തെത്താന്‍ മനുഷ്യനായത്‌. കതിരില്‍ വളമിട്ടതു കൊണ്ടാണ്‌ വിള നന്നായത്‌ എന്നാണോ വാദിക്കുന്നത്‌?

ഇനി, മതങ്ങള്‍ വന്നപ്പോള്‍ എന്തു സംഭവിച്ചു? 'ചരിത്ര'ത്തിലെ ആദ്യത്തെ കൊലപാതകം, അതും സഹോദരന്‍ സഹോദരനെ, കാരണമെന്താ? ദൈവസ്നേഹത്തിലെ അതൃപ്തി, അസൂയ. അനാവശ്യ കൊലപാതകങ്ങള്‍ അവിടെ തുടങ്ങി.“

Anonymous said...

മതങ്ങള്‍ ഉണ്ടായ ഒരു സാഹചര്യം ഉണ്ട്. അത് ഇന്നും നിലനില്‍ക്കുന്നതുകൊണ്ടാണ് മതങ്ങളും നിലനില്‍ക്കുന്നത് . ആ സാഹചര്യം ഇല്ലാതാവുന്ന അവസ്ഥയിലെ മതവിശ്വാസം നശിക്കൂ.

ജിവി/JiVi said...

മികച്ച ചിന്തകളുടെ മികച്ച പ്രകാശനം. മതാന്ധരായ തീവ്രവാദികളും മൃദുവാദികളും വായിച്ച് അഭിപ്രായങ്ങളറിയിക്കട്ടെ. അത്തരമൊരു സംവാദം പ്രതീക്ഷിക്കുകയാണ്.

മാണിക്യം said...

ബാബൂ രാജ്, ആദ്യം തന്നേ താങ്കളുടെ ഈ പോസ്റ്റ് ഇടാന്‍ കാണിച്ച തന്റേടത്തിനു മുന്നില്‍ ശിരസ്സ് നമിയ്ക്കുന്നു...
ജനനം കൊണ്ട്‌ ഏതെങ്കിലും മതത്തിലായിപ്പോകുകയും, ചെറുപ്പം മുതലുള്ള മെന്റല്‍ പ്രൈമിംഗ്‌ കൊണ്ട്‌ അതില്‍ വിശ്വസിക്കുകയും....
വളരെ ശരി ! പ്രായപൂര്‍‌ത്തി വന്ന ശേഷമൊരു മതം തിരഞ്ഞെടുക്കാന്‍ ഒരു സംവിധാനം ഉണ്ടായിരുന്നങ്കില്‍.. എങ്ങനെ ആയിരുന്നേനെ എന്ന് ആലോചിച്ചു പോയി .. അപ്പോള്‍ കാണാം അല്ലേ? ഇന്നത്തെ ഇലക്ഷന്‍ കാലത്ത് വീടൂ വീടാന്തരം കയ്യറി വോട്ട് പിടിക്കുമ്പോലെ മതപ്രചരണം വരുമായിരുന്നൊ?
ഈശ്വര വിശ്വാസം നല്ലതാ ...
മതം ???
ഗുണത്തേക്കാള്‍ ഏറെ ദോഷമല്ലേ മതം മനുഷ്യനു നല്‍കിയത്?

കിഷോർ‍:Kishor said...

മതം ചില മനുഷ്യര്‍ക്ക് ചില ആപത്കാലങ്ങളില്‍ മന:ശാന്തി നല്‍കുന്നു...

മതത്തിന്റെ ബാക്കിയുള്ള ഉപയോഗങ്ങളെല്ലാം ദുരുപയോഗങ്ങള്‍!

ഉപ ബുദ്ധന്‍ said...

എനിക്ക് മത വിശ്വാസിയാകാതിരിക്കാന്‍ ഒരു കാരണം കൂടി കിട്ടി.


ഇതൊക്കെ വായിക്കാന്‍ ഞാന്‍ ചേട്ടന്‍റെ ലിങ്ക് എല്ലാവര്‍ക്കും അയച്ച് കൊടുക്കാന്‍ പോകുവാ.

ബാബുരാജ് said...

ടൊട്ടാചാര്യന്‍, ശിവ, അനില്‍, ദേശാഭിമാനി, ജീവി, മാണിക്യം, കിഷോര്‍, ഉപ ഗുപ്തന്‍,

എല്ലാവര്‍ക്കും നന്ദി.

K.P.Sukumaran said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

ബാബുരാജ്, നല്ല ചിന്തകള്‍ പങ്ക് വെക്കുന്ന ഈ പോസ്റ്റിന് നന്ദി പറയാതിരിക്കാന്‍ വയ്യ . എന്റെ ഒരു സുഹൃത്ത് പ്രശാന്ത് ആണ് എനിക്ക് ഈ ലിങ്ക് അയച്ചു തന്നത് .

“ രണ്ടര ലക്ഷം വര്‍ഷങ്ങള്‍ സാമാന്യം സ്നേഹത്തോടും സമാധാനത്തോടും ജീവിച്ചതിനാലാണ് മതങ്ങളുടെ ഉത്ഭവസ്ഥാനത്തെത്താന്‍ മനുഷ്യനായത് ” എന്ന നിരീക്ഷണം മതങ്ങളുടെ പൊള്ളയായ അവകാശവാദങ്ങള്‍ തകര്‍ക്കാന്‍ പര്യാപ്തമാകും വിധം അതിശക്തമാണ് . കേവലം ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപീകരിക്കപ്പെട്ട ഒരു മതത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത് തങ്ങളുടെ മതം ദൈവം നേരിട്ട് സൃഷ്ടിച്ചതാണ് എന്നും മറ്റ് മതങ്ങള്‍ക്കൊന്നും ആ പ്രത്യേകത ഇല്ലെന്നും അതിനാല്‍ ഈ മതം മാത്രം ദൈവീകമതമാണെന്നുമാണ് . ദൈവം എന്തിനിതിന് ഇത്രകാലം കാത്തിരുന്നു എന്ന് ആ അവകാശവാദക്കാരോട് ചോദിച്ചാല്‍ അവര്‍ക്കതിന് ഉത്തരമുണ്ടാകുമെന്നത് വേറെ കാര്യം.

മന്‍ഷ്യന്‍ സാമൂഹ്യജീവിതം ആരംഭിച്ചതിന് ശേഷം ചെറിയ ചെറിയ കൂട്ടായ്മകള്‍ , ഗ്രൂപ്പുകള്‍ എങ്ങും എപ്പോഴും ഉണ്ടാക്കിക്കൊണ്ടിരിക്കും . പിന്നീട് അവന് ഒറ്റപ്പെട്ട് ജീവിയ്ക്കാന്‍ വയ്യാതായതിനാല്‍ ഏതെങ്കിലും ഒരു ആള്‍ക്കൂട്ടത്തില്‍ അവന് എപ്പോഴും സ്വയം അലിഞ്ഞ് ചേര്‍ന്നേ പറ്റുമായിരുന്നുള്ളൂ . ഇന്നത്തെ ആധുനിക മനുഷ്യനിലും ഈ മാനസികപ്രവണത പ്രബലമായി നിലനില്‍ക്കുന്നുണ്ട് . അത് കൊണ്ടാണ് ഇന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അനുയായികളെ കിട്ടുന്നത് . ഒരു പാര്‍ട്ടി വിടുന്ന ഒരാള്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ശേഷമാണ് അത് ചെയ്യുന്നത് എന്നോര്‍ക്കുക . അതായാത് ഒരു ഗ്രൂപ്പിലും പെടാത്ത ഒരു നിമിഷത്തിന്റെ വിടവ് പോലും സാധാരണ മനസ്സിന് താങ്ങാനാവുകയില്ല . മതങ്ങളും പാര്‍ട്ടികളും മറ്റ് സംഘടനകളും ഇന്നും നിലനില്‍ക്കുന്നതും നാളെയും നിലനില്‍ക്കാന്‍ പോകുന്നതും ഈയൊരു മന:ശാസ്ത്രത്തിന്റെ പിന്‍ബലത്തിലാണ് .

ചരിത്രത്തിന്റെ ഓരോ കാലഘട്ടത്തിലും വ്യത്യസ്ഥമതങ്ങള്‍ ആവിര്‍ഭവിക്കുന്നതിന് അതാത് കാലഘട്ടത്തിന്റെ ആവശ്യകതകളും സമ്മര്‍ദ്ധങ്ങളും ഉണ്ടാവാം. കഴിഞ്ഞ മാസം ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടി ഉദയം ചെയ്ത ഉദാഹരണം നോക്കുക . ഇക്കാലത്ത് ആരും പുതിയ മതം ഉണ്ടാക്കാന്‍ ശ്രമിക്കുകയില്ല . ഇക്കാലത്തെന്നല്ല ഇനിയൊരിക്കലും . ആളുകളുടെ കൂട്ടായ്മ ഇക്കാലത്ത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ രൂപത്തിലാണ് ഉടലെടുക്കുന്നത് . അക്കാലഘട്ടങ്ങളില്‍ മതങ്ങളുടെ രൂപത്തിലേ കഴിയുമായിരുന്നുള്ളൂ. അത് മാത്രമാണ് മതങ്ങളുടെ പ്രത്യേകതയും പ്രസക്തിയും .

ജനങ്ങളുടെയിടയില്‍ നിലനിന്നിരുന്ന അനീതികളെയും അധാര്‍മ്മികതളെയും ചോദ്യം ചെയ്യുന്ന ശക്തമായ പ്രത്യയശാസ്ത്രങ്ങളാണ് ആതാത് കാലഘട്ടങ്ങളില്‍ മതങ്ങള്‍ക്ക് സ്വീകാര്യത നേടിക്കൊടുത്തത് . ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ രാജാക്കന്മാര്‍ തന്നെ മതം സ്വീകരിക്കുകയും രാജാവിന്റെ മതം ആ‍ രാജ്യത്തിന്റെ ഔദ്യോഗിക മതമായി മാറുകയും ചെയ്തിട്ടുണ്ട് . അപ്രകാരമാണ് കൃസ്ത്യന്‍ മതവും ഇസ്ലാം മതവും ലോകം മുഴുവനും പ്രചരിച്ചതും ആധിപത്യം സ്ഥാപിച്ചതും . ഹിന്ദു എന്നൊരു മതമോ അതിന് പ്രചാരകരോ ഉണ്ടായിരുന്നില്ല . ഭാരതത്തില്‍ രൂപവല്‍ക്കരിക്കപ്പെട്ട ഏതാനും മതങ്ങള്‍ക്ക് ഇവിടെയും ചില അയല്‍ രാജ്യങ്ങളിലും സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞത് അറിയാമല്ലൊ .

എന്റെ അറിവില്‍ ഏറ്റവും ഒടുവില്‍ ഒരു മതം സ്ഥാപിക്കപ്പെട്ടത് ഇറാനിലാണ് . ബഹാ ഉള്ള എന്നൊരു ചിന്തകനാണ് അതിന്റെ ഉപജ്ഞാതാവ് . മതമെന്നല്ല ബഹായ് ധര്‍മ്മം എന്ന പേരിലാണ് തങ്ങളുടെ തത്വസംഹിതകള്‍ അറിയപ്പെടാന്‍ ബഹായ്‌കള്‍ ആഗ്രഹിക്കുന്നത് . ആധുനികകാലത്ത് രൂപീകൃതമായത് കൊണ്ട് അതിന്റെ ഭരണഘടനയും ശാസ്ത്രീയവും ജനാധിപത്യപരവുമാണ് . ബഹായ് ധര്‍മ്മപ്രകാരം ഒരു മനുഷ്യനും ജന്മനാ ഒരു മതത്തിലും അംഗമല്ല . മതം എന്നത് ഒരു വ്യക്തി സ്വമേധയാ തെരഞ്ഞെടുക്കേണ്ടതാണ്. പതിനെട്ട് വയസ്സ് പൂര്‍ത്തിയായി ഒരു സത്യവാങ്‌മൂലം നല്‍കിയാലേ ഒരാള്‍ക്ക് ബഹായ് മതത്തില്‍ ചേരാനാവൂ . ഒരാള്‍ ബഹായ് മതത്തില്‍ ചേര്‍ന്നെന്ന് വെച്ച് വീട്ടിലുള്ള മറ്റുള്ളവര്‍ ബഹായ്‌കളാവണമെന്നില്ല. ഇതല്ലെ യഥാര്‍ത്ഥമതം ?

ഇക്കാലത്ത് ആരും തന്നെ പുതിയ മതം ഒന്ന് രൂപീകരിക്കാന്‍ മെനക്കെടുകയില്ല എന്ന് ഞാന്‍ പറഞ്ഞു . അതിന്റെ അര്‍ഥം മതങ്ങള്‍ക്ക് ഇക്കാലത്ത് പ്രസക്തിയില്ല എന്ന് തന്നെയാണ് . ജനനം , വളര്‍ച്ച , മരണം എന്നത് മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും മാത്രമല്ല അത് എല്ലാ സ്ഥാപനങ്ങള്‍ക്കും ആശയങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും കൂടി ബാധകമാണ് . യഥാര്‍ത്ഥത്തില്‍ മതം ഇന്ന് മരിച്ചു കഴിഞ്ഞു . ഇന്ന് മതം എന്ന് പറയുന്നത് കൂറ്റന്‍ എസ്റ്റാബ്ലിഷ്‌മെന്റുകളാണ് . എസ്റ്റാബ്ലിഷ്‌മെന്റുകള്‍ നിലനില്‍ക്കുന്നത് അതിന്റെ തന്നെ ചില നിയമങ്ങള്‍ക്ക് വിധേയവും . വിശ്വസിക്കാനുള്ള സാമാന്യജനങ്ങളുടെ കഴിവാണ് ഇത്തരം എസ്റ്റാബ്ലിഷ്‌മെന്റുകളുടെ അടിത്തറ.

ഒരു പാട് എഴുതിപ്പോയി . ഇനി നിര്‍ത്തട്ടെ .
അഭിവാദ്യങ്ങളോടെ,

sajan jcb said...

മതം ഇല്ലാതാവണമെങ്കില്‍ ആദ്യം ഈശ്വരവിശ്വാസം ഇല്ലാതാകണം.... കാരണം ഈ സൃഷ്ടിയുടെ പിന്നില്‍ ഈശ്വരനുണ്ട് എന്ന വിശ്വാസത്തില്‍ നിന്നായിരിക്കും മതങ്ങളുടെ ആവിര്‍ഭാവം... അപ്പോള്‍ ദൈവിക ഗുണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ പിടിച്ചങ്ങ് ദൈവമാക്കി കളയും.

ഇനി, മതങ്ങള്‍ വന്നപ്പോള്‍ എന്തു സംഭവിച്ചു? 'ചരിത്ര'ത്തിലെ ആദ്യത്തെ കൊലപാതകം, അതും സഹോദരന്‍ സഹോദരനെ, കാരണമെന്താ? ദൈവസ്നേഹത്തിലെ അതൃപ്തി, അസൂയ. അനാവശ്യ കൊലപാതകങ്ങള്‍ അവിടെ തുടങ്ങി.

ഈ വാചകം അത്രയ്ക്കങ്ങട്ട് മനസ്സിലായില്ല. ബൈബിളിലെ കായേന്‍ ആബേലിന്റെ കഥയയേ അല്ലേ ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്?

ഈ പോസ്റ്റില്‍ പറയുന്നു... ഉല്‍പത്തിക്കു ശേഷം രണ്ടര ലക്ഷം വര്‍ഷത്തിനു ശേഷമാണ് മതങ്ങള്‍ ഉണ്ടായതെന്ന്... അതായത് ആദത്തിനും രണ്ടര ലക്ഷം വര്‍ഷം മുമ്പ് മനുഷ്യരുണ്ടായിരുന്നു... പക്ഷേ കൊലപാതകം ആദ്യമായി നടന്നത് ആദത്തിന്റെ കാലത്തിനു ശേഷം. എങ്ങിനെ മനസ്സിലായി ആദത്തിനു മുമ്പു മനുഷ്യന്‍ കൊലപാതകം നടത്തിയിട്ടില്ല എന്ന്? എന്തേങ്കിലും ശാസ്ത്രീയമായ തെളിവുകള്‍?

ഒരു മതഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ വേണോ ശാസ്ത്രീയ അവതരണം?

sajan jcb said...
This comment has been removed by the author.
ബാബുരാജ് said...

പ്രിയ സുകുമാരേട്ടന്‍,

സത്യത്തില്‍ പോസ്റ്റ്‌ ചെയ്തതിനു ശേഷം കുറച്ചു കൂടി സ്പഷ്ടമാക്കാമായിരുന്നു എന്നു തോന്നിയ ഒരു പോയന്റായിരുന്നു താങ്കള്‍ പറഞ്ഞ മനുഷ്യന്റെ സംഘജീവിത താല്‍പര്യം. അതു കൂട്ടിച്ചേര്‍ത്തതിനു നന്ദി. പ്രശാന്തിനും നന്ദി പറയുന്നു.

സാജന്‍,
ഉല്‍പ്പത്തി എന്ന വാക്ക്‌ താങ്കള്‍ ബൈബിളിലെ ഉല്‍പ്പത്തി കഥയായി ധരിച്ചതാണ്‌ കുഴപ്പമായത്‌. ഹോമോസാപ്പിയന്‍സ്‌ ഉണ്ടായത്‌ രണ്ടര ലക്ഷം വര്‍ഷം മുന്‍പാണെന്ന ശാസ്ത്ര നിഗമനമാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌. പിന്നെ 'ചരിത്രം' എന്നു പറഞ്ഞതിന്റെ ഭാവം മനസ്സിലായി കാണുമല്ലോ?

sajan jcb said...

എന്റെ ചോദ്യത്തിനു ഉത്തരമായെന്നു തോന്നുന്നില്ല... താങ്കള്‍ പറഞ്ഞതിലെ ധ്വനി മതങ്ങള്‍ വന്നതോടു കൂടിയാണ് ആദ്യ കൊലപാതകം നടന്നത് എന്നു തന്നെയല്ലേ? അതിനു മുമ്പും മനുഷ്യരുണ്ടായിരുന്നില്ലേ?(രണ്ടര ലക്ഷം വര്‍ഷത്തെ കണക്കു കണ്ടു) അവര്‍ കൊലപാതകം നടത്തിയിട്ടില്ല എന്നു വല്ല തെളിവുമുണ്ടോ എന്നാണ് എന്റെ ചോദ്യം?

താങ്കളുടെ ചോദ്യം ഇതായിരുന്നു... മതങ്ങള്‍ വന്നപ്പോള്‍ എന്തു സംഭവിച്ചു? ചരിത്രത്തിലെ ആദ്യ കൊലപാതകം ..സഹോദരന്‍ സഹോദരനെ!!! ഇതു താങ്കള്‍ ഉദ്ദേശിച്ചതു ബൈബിളിലെ ഉല്‍പത്തിയെ കുറിച്ചു തന്നെയല്ലേ? അങ്ങിനെയെങ്കില്‍ കായേന്‍ ഏതു മത വിഭാഗത്തില്‍ പെടുന്ന ആളായിരുന്നു?

I am confused..can you explain the last paragraph .. അനാവശ്യ കൊലപാതകങ്ങള്‍ അവിടെ തുടങ്ങി.

sajan jcb said...

ഇനി ബൈബിളിലെ ഉല്‍പത്തിയിലെ കായേന്‍ ആബേല്‍ കൊലപാതകമല്ലാ താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ ... sorry I am in a wrong place

സരസന്‍ said...
This comment has been removed by a blog administrator.
ബാബുരാജ് said...

സാജന്‍,
എല്ലാ ദിവസവും ബ്ലോഗ്‌ ചെക്ക്‌ ചെയ്യാന്‍ സാധിക്കാറില്ല. അതാണ്‌ താമസിച്ചത്‌.
രണ്ടര ലക്ഷം വര്‍ഷത്തെ കണക്ക്‌ ഞാന്‍ കണ്ടു പിടിച്ചതല്ല. ആദിമ മനുഷ്യര്‍ കൊലപാതകം നടത്തിയിട്ടില്ല എന്നു തെളിവില്ല, എന്നാല്‍ നടത്തിയിട്ടുണ്ട്‌ എന്നതിനു സാമാന്യം തെളിവുണ്ട്‌. ഗോത്രങ്ങളുടെ ചോരപ്പക അംഗീകരിക്കപ്പെട്ട ഒരു സാമൂഹ്യപ്രതിഭാസം തന്നെയായിരുന്നു. അതുകൊണ്ടു തന്നെയാണ്‌ 'സാമാന്യം' സ്നേഹത്തോടെയും സമാധാനത്തോടെയും എന്നു ഞാന്‍ പറഞ്ഞത്‌.
കൊലപാതകം എന്നതുകൊണ്ട്‌ ഞാനുദ്ദേശിച്ചത്‌ താങ്കള്‍ പറഞ്ഞ കയീന്‍ ആബേല്‍ സംഭവം തന്നെ. എന്നാലതൊരു 'ചരിത്ര' വസ്തുതയാണെന്നു ഞാന്‍ കരുതുന്നുമില്ല. (ഇനി ആ ചരിത്രം, ഈ ചരിത്രം എന്നു വാച്യാര്‍ത്ഥത്തില്‍ ചിന്തിച്ച്‌ കണ്‍ഫ്‌യൂഷന്‍ ആവണ്ട.) ഏറ്റവും പ്രമുഖമായൊരു മതത്തിന്റെ ഗ്രന്ഥത്തിന്റെ ആരംഭത്തില്‍ തന്നെ ഇത്തരത്തിലൊരു കൊലപാതകം ആയതിനാല്‍, മതങ്ങള്‍ അവയെ എങ്ങനെ സമീപിക്കുന്നു എന്നു കാണിക്കാനാണ്‌ ഞാനത്‌ ഉദാഹരിച്ചത്‌. വാക്കുകള്‍ എടുത്ത്‌ ചര്‍ച്ച ചെയ്യുന്നതിലും നല്ലത്‌ ആശയങ്ങള്‍ എടുത്താവുന്നത്‌ ആണ്‌ നല്ലത്‌ എന്നു തോന്നുന്നു.

sajan jcb said...

വൈകിയതില്‍ യാതൊരു പരാതിയും ഇല്ല. എല്ലാം ഇവിടെ തന്നെയുണ്ടല്ലോ?

രണ്ടര ലക്ഷം വര്‍ഷം സാമാന്യം സ്നേഹത്തോടും സമാധാനത്തോടും ജീവിച്ചതിനാലാണ്‌ മതങ്ങളുടെ ഉത്ഭവസ്ഥാനത്തെത്താന്‍ മനുഷ്യനായത്‌. കതിരില്‍ വളമിട്ടതു കൊണ്ടാണ്‌ വിള നന്നായത്‌ എന്നാണോ വാദിക്കുന്നത്‌?

ഇനി, മതങ്ങള്‍ വന്നപ്പോള്‍ എന്തു സംഭവിച്ചു? 'ചരിത്ര'ത്തിലെ ആദ്യത്തെ കൊലപാതകം, അതും സഹോദരന്‍ സഹോദരനെ, കാരണമെന്താ? ദൈവസ്നേഹത്തിലെ അതൃപ്തി, അസൂയ. അനാവശ്യ കൊലപാതകങ്ങള്‍ അവിടെ തുടങ്ങി.


ഇതിലെ ആശയം എങ്ങിനെ തിരിച്ചു മറിച്ചു നോക്കിയിട്ടും എനിക്കു ഒന്നേ മനസ്സിലാക്കാന്‍ പറ്റിയുള്ളൂ... മതങ്ങള്‍ വന്നതോടു കൂടിയാണ് ആദ്യത്തെ കൊലപാതകം നടന്നത് എന്ന്.

അതല്ലേ താങ്കള്‍ ഉദ്ദേശിച്ച ആശയം?

ഇന്‍ ഹരിഹര്‍ നഗര്‍, മുകേഷിന്റെ സിനിമ കണ്ടിട്ടുണ്ടാകുമല്ലോ? അതില്‍ ഒരു കൊലപാതകവുമായിട്ടാണ് തുടങ്ങുന്നത്. എന്നു വച്ച്?!!!

ബൈബിളിന്റെ തുടക്കത്തില്‍ തന്നെ കൊലപാതകം ഉണ്ടെന്നു കരുതി കൊലപാതകത്തെ ന്യായീകരിക്കുകയോന്നും ചെയ്തിട്ടില്ല എന്നു മാത്രമല്ല ജീവന്‍ നല്‍കിയ ദൈവം ജീവനെടുത്തവനോട് പകരം ചോദിക്കും എന്ന ആശയം വ്യക്തവുമാണ്.

ഞാന്‍ വിഷയത്തില്‍ നിന്നും വ്യതിചലിക്കുന്നില്ല....
എനിക്കു വ്യക്തമാക്കാനെങ്കിലും പറയൂ...മതങ്ങള്‍ വന്നതോടു കൂടിയാണ് ആദ്യത്തെ കൊലപാതകം നടന്നത് എന്ന് തന്നെയല്ലേ താങ്കളുടെ ആശയം (വാക്കുകളില്‍ എനിക്കും താത്പര്യമില്ല.)

ഒരു “ദേശാഭിമാനി” said...

പ്രിയ സാജന്‍‌,


ഇതിലെ ആശയം എങ്ങിനെ തിരിച്ചു മറിച്ചു നോക്കിയിട്ടും എനിക്കു ഒന്നേ മനസ്സിലാക്കാന്‍ പറ്റിയുള്ളൂ... മതങ്ങള്‍ വന്നതോടു കൂടിയാണ് ആദ്യത്തെ കൊലപാതകം നടന്നത് എന്ന്.“

എന്ന താങ്കളുടെ പാരാമര്‍ശം കണ്ടു പറയുകയാണു, ഇന്നു ലോകത്തെ എല്ലാ പ്രശ്നങ്ങളുടേയും മൂലകാരണം മത മാണു! മതം കൊണ്ടുള്‍ല മത്സരമാണു! എല്ല്ലായുദ്ധങ്ങളും നടക്കുന്നതു മതത്തിന്റെ ച്ഛായയില്‍ ആണു! പാലസ്തീന്‍-ഇസ്രായേല്‍ പ്രശ്നമാണു ഇന്നു ഒന്നല്ലങ്കില്‍ വേറൊരുതരത്തില്‍ ലോകസമാധാനം കെടുത്തുന്നതു. ഇതു 100% മതാധിഷ്ടിതമല്ലെ? ഇന്ത്യയില്‍ നേക്കൂ - ന്യൂനപക്ഷപീഠനം മതത്തെ ആസ്പദമാക്കിയല്ലേ?
ഞാന്‍ ആണയിട്ട് പറയട്ടെ.... മതം ലോകത്തു നിന്നും മനുഷ്യനെ സ്വയം നശിപ്പിക്കാനുള്ള സര്‍വ്വ വിനാശകാരിയായ മനസ്സില്‍ കൂടി പ്രവര്‍ത്തിക്കുന്ന കൊടും വിഷമാണു!

sajan jcb said...

ഇന്നു ലോകത്തെ എല്ലാ പ്രശ്നങ്ങളുടേയും മൂലകാരണം മത മാണു!

ഭീകര കണ്‍ക്ളൂഷന്‍... ഇറാക്ക്-അമേരിക്കന്‍ യുദ്ധം മതങ്ങള്‍ തമ്മിലായിരുന്നോ?... പോട്ടേ അതും കുറച്ചു കഴിഞ്ഞാല്‍ ക്രിസ്ത്യന്‍-മുസ്ലീം യുദ്ധമായി വ്യാഖ്യാനിക്കപ്പെടും എന്ന് ഉറപ്പ്... കുവൈറ്റ്-ഇറാക്ക് യുദ്ധം മതങ്ങള്‍ തമ്മിലായിരുന്നോ? ഒന്നാം/രണ്ടാം ലോകമഹായുദ്ധങ്ങളും മതങ്ങള്‍ കാരണം... മതമില്ലാത്ത റഷ്യയും ചൈനയും നടത്തിയ യുദ്ധങ്ങളെല്ലാം മതം കാരണം!!!
മതമില്ലാതായാല്‍ എല്ലാം ശാന്തി. 1 ശതമാനമെങ്കിലും ഉറപ്പു തരാന്‍ പറ്റുമോ മതം ഇല്ലാതായാല്‍ എല്ലാ പ്രശ്നങ്ങളും തീരുമെന്ന്? ചുമ്മാ എല്ലാ പ്രശ്നങ്ങളും മതത്തിന്റെ മേല്‍ ചാരരുത്.

Unknown said...

പ്രിയ ദേശാഭിമാനി സര്‍, മതം ലോകത്തു നിന്നും മനുഷ്യനെ സ്വയം നശിപ്പിക്കാനുള്ള സര്‍വ്വ വിനാശകാരിയായ മനസ്സില്‍ കൂടി പ്രവര്‍ത്തിക്കുന്ന കൊടും വിഷമാണു! എന്ന് താങ്കള്‍ പറയുമ്പോള്‍ അവിടെ സാജന്‍ ചോദിച്ച ചോദ്യത്തില്‍ ഒരു ലോജിക്ക് ഇല്ലാതില്ല .

മതത്തിന് അതര്‍ഹിക്കുന്നതിലധികം പ്രാധാന്യം നാം കൊടുത്ത് വരുന്നുണ്ട്. സാജന്റെ വീക്ഷണം വേറെയാണ് , അത് മതാനുകൂലമാണ് . ഞാന്‍ താങ്കളെ പോലെ തന്നെ മത വിരുദ്ധപക്ഷത്ത് നിന്ന് കൊണ്ട് താങ്കളുടെ പ്രസ്ഥാവനയിലെ ഒരു നേരിയ വൈരുദ്ധ്യം ചൂണ്ടിക്കാട്ടാനാണ് ആഗ്രഹിക്കുന്നത്. കാരണം ഒരു ശതമാനമെങ്കിലും ഉറപ്പു തരാന്‍ പറ്റുമോ മതം ഇല്ലാതായാല്‍ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് എന്ന സാജന്റെ ചോദ്യം അര്‍ത്ഥഗര്‍ഭമാണ്.

കഴിയില്ല എന്നേ ഉത്തരം പറയാന്‍ കഴിയൂ . മതം വെറും സംഘടനകള്‍ ആയാണ് നാം കാണേണ്ടത് . അതിലോരോന്നിലും കോടിക്കണക്കിന് അനുയായികള്‍ ഉണ്ടെന്നതും അവര്‍ക്കൊക്കെ പ്രാമാണികഗ്രന്ഥങ്ങള്‍ ഉണ്ടെന്നതും സംഘടന എന്നതില്‍ കവിഞ്ഞ പവിത്രതയൊന്നും മതങ്ങള്‍ക്കില്ല. മതങ്ങള്‍ ഇല്ലാതായാലും മാര്‍ക്സിസ്റ്റുകാരും ബി.ജെ.പി.ക്കാരും ഇവിടെ പരസ്പരം കൊല്ലും. അവര്‍ മാത്രമേ കൊല്ലൂ എന്നല്ല.

അപ്പോള്‍ മനുഷ്യമനസ്സില്‍ വിഭാഗീയതയും പകയും സൃഷ്ടിക്കുന്ന സംഘടനകള്‍ ഉള്ള കാലത്തോളം നരഹത്യകള്‍ നടക്കുക തന്നെ ചെയ്യും. മതങ്ങളെ എതിര്‍ക്കുമ്പോള്‍ ഒരു ബദല്‍ മാര്‍ഗ്ഗങ്ങളും മനുഷ്യരാശിക്ക് നല്‍കാന്‍ നാം ബാധ്യസ്ഥരാണ്. ഈ ഭൂമിയും സമൂഹവും മാനവീകരിക്കുനതിനാവശ്യമായ പ്രത്യയശാസ്ത്രവും ഒരു പ്രസ്ഥാനവും ഉയര്‍ന്നു വരേണ്ടതുണ്ട്. വളരെ പ്രതീക്ഷ നല്‍കിക്കൊണ്ട് ഉദയം ചെയ്ത് ഇരുപതാം നൂറ്റാണ്ടിന്റെ ഭാഗധേയം നിര്‍ണ്ണയിച്ച കമ്മ്യൂണിസത്തിന്റെ പരാജയവും തകര്‍ച്ചയും അനുഭവപാഠങ്ങളായി നമ്മുടെ മുന്‍പിലുണ്ട്. കമ്മ്യൂണിസം പരാജയപ്പെട്ടിട്ടില്ല , അതിന് ഇനിയും പ്രസക്തിയുണ്ട് എന്ന് വാദിക്കുന്നവര്‍ കാണാം. അത് കമ്മ്യൂണിസത്തെ മറ്റൊരു മതമായി കാണുന്നവരാണ്. അത് കാര്യമാക്കേണ്ടതില്ല.

എങ്ങനെ നോക്കിയാലും ചരിത്രത്തിന്റെ ഒരു ദശാസന്ധിയിലാണ് നാം. ഭൂമിയില്‍ ജനിക്കുന്ന എല്ലാ മനുഷ്യര്‍ക്കും അവസരസമത്വത്തോടെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ച് മരിക്കാന്‍ കഴിയുന്ന ഒരു വ്യവസ്ഥിതി നിലവില്‍ വരുമോ അതോ പരസ്പരം ചൂഷണം ചെയ്തും പിടിച്ച് പറിച്ചും കൊന്നും നശിക്കുന്ന ഒരു അപരിഷ്കൃത യുഗം തിരിച്ചു വരുമോ എന്നും തീരുമാനിക്കപ്പെടുന്ന വഴിത്തിരിവ് .

sajan jcb said...

പല സ്ഥലങ്ങളിലും പല വിധത്തില്‍ മതങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്... അനീതി കാണുമ്പോള്‍ അവിടെ ഭഗവാന്‍ അവതരിക്കുന്നു എന്നാണ് ഭാരത ചിന്ത... മതങ്ങളും അങ്ങിനെ അനീതിക്കെതിരെ തന്നെയാണ് ഉദയം ചെയ്തത് എന്നു തന്നെയാണ് എന്റെ ഒരു നിഗമനം ...

മതം മനുഷ്യന് ആവശ്യമോ എന്നാണ് ഇവിടേ ചോദ്യം. എന്റെ അഭിപ്രായം മുന്പേ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ സംഗ്രഹം പറയാം... ഞാനടക്കം കൂറേയധികം പേര്‍ ദൈവത്തില്‍ വിശ്വസ്സിക്കുന്നു... എല്ലാം കാണുന്ന എല്ലാം അറിയുന്ന ഒരു ദൈവം... എന്നെ സൃഷ്ടിക്കാന്‍ കഴിവുള്ള ആ ദൈവത്തിനു എന്നെ നിഷ്പ്രയാസം നിരീക്ഷിക്കാന്‍ കഴിയും എന്നും ഞാന്‍ വിശ്വസ്സിക്കുന്നു... പാപം ചെയ്താല്‍ ശിക്ഷ കടുത്താണെന്ന് വിശ്വസ്സിക്കുന്നവര്‍ ധാരാളം. പോലീസിന്റെ കണ്ണു വെട്ടിച്ചാലും ഈ ദൈവത്തിന്റെ കണ്ണു വെട്ടിക്കാന്‍ പറ്റില്ലെന്നു എനിക്കറിയാം... മര്യാദക്കാര്‍ക്ക് സ്വര്‍ഗ്ഗം വാഗ്ദാനമുള്ള നിലയ്ക്ക് പരമാവധി മര്യാദക്കാരനായി ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ദൈവം ഇല്ലെന്ന് തെളിയിക്കപ്പെടാന്‍ ഏറ്റവും അധികം ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.... എന്നിട്ടു വേണം എനിക്കൊന്നു അര്‍മാദിക്കാന്‍ ... എന്റെ കൈ കരുത്തും ബുദ്ധിയും ഉപയോഗിച്ച് എനിക്കു എന്തു ചെയ്യാം ... അന്യന്റെ സ്വത്ത് കൈക്കലക്കാം . .. വഴിയില്‍ കൂടെ പോകുന്ന പെണ്‍കുട്ടിയെ അപമാനിക്കാം ... എനിക്കു ഇഷ്ടമല്ലാത്തവനെ കൊല്ലാം ... അച്ഛനോടും അമ്മയോടും പോയി പണി നോക്കാന്‍ പറ... അന്യന്റെ ഭാര്യയെ സ്വന്തമാക്കാന്‍ പടില്ലെന്നുണ്ടോ? എനിക്കു തോന്നിയപടി ഞാന്‍ ജീവിക്കും...

ഞാന്‍ പറഞ്ഞു വരുന്നത്... അരുടെ ദൈവവിശ്വാസമായാലും അതു നശിപ്പിക്കാന്‍ ശ്രമിക്കുന്നത് നല്ലതിനല്ല. ഒരു 5 ശതമാനം വിശ്വാസികളും പെഴകളാകാം... അവരെ ഒതുക്കാന്‍ വേണ്ടി ഇല്ലം ചുടരുത്. വിശ്വാസികള്‍ മണ്ടമാരാണെന്ന് വെച്ച് അവരെ വെറുതെ വിടൂ... അവരു വല്ല പ്രാര്‍ത്ഥനയോ നിസ്ക്കാരമോ പൂജയോ വഴിപാടോ ആയി നടന്നു കൊള്ളും.

ചിട്ടയായ ജീവിത രീതി ഭൂരിഭാഗം മനുഷ്യര്‍ക്കും പ്രധാനം ചെയ്തു എന്നതാണ് മതങ്ങള്‍ ചെയ്ത വലിയ കാര്യം... അതു ഒരിക്കല്‍ നശിപ്പിച്ചാല്‍ പിന്നെ തിരിച്ചു പിടിക്കാന്‍ യുഗങ്ങള്‍ എടുക്കും.

ഒരു “ദേശാഭിമാനി” said...

ശ്രീ. സുകുമാർജി,“ഒരു ശതമാനമെങ്കിലും ഉറപ്പു തരാന്‍ പറ്റുമോ മതം ഇല്ലാതായാല്‍ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് എന്ന സാജന്റെ ചോദ്യം അര്‍ത്ഥഗര്‍ഭമാണ്“

ഈ പോയന്റ് ഞാനും അംഗീകരിക്കുന്നു. ഒരു ഉറപ്പും നൽകുവാൻ സാധ്യമാകില്ല്ല. മതങ്ങൾ അല്ലങ്കിൽ രാഷ്ട്രീയ സംഘടനകൾ ആസ്ഥാനം ഏറ്റെടുക്കും.

മതത്തിന്റെ നല്ല വശങ്ങളെ അംഗീകരിക്കാൻ ഞാനും തയാറാണു. നല്ലത് എന്നും നല്ലതു തന്നെ!
അതു ഏതു മതത്തിന്റെ ലേബലിള്ള നന്മകളാണു നല്ല നന്മകൾ? അതു മതത്തിനകുത്തു നിന്നു പറഞ്ഞാലും മതത്തിനു പുറത്തു നിന്നു പറഞ്ഞാലും ഒന്ന് പോലെ തന്നെയല്ലെ? ഈ നല്ല സാധനം തന്നെ ചീത്തയായി ബോമ്പായും, കൊടുവാളായും പ്രവർത്തിച്ചാലോ?

ഇന്നത്തെ ജീവിത സാഹചര്യത്തിൽ മതത്തിന്റെ സ്വാ‍ധീനം ജനമനസ്സുകളിൽ മത മത്സരങ്ങളെ പറ്റിയുള്ള ചിന്ത യാണു വളർത്തുന്നതു. രാഷ്ട്രീയനേത്രുത്വം പോലെ മത നേത്രുത്വവും അവരവരുടെ നിലനില്പിനുവേണ്ടി അനുയായികളെ കൊണ്ട് അങ്കം വെട്ടിക്കുന്നു. അങ്ങനെ ബലിയാടുകളായി തീർന്ന എത്ര കോടികൾ ഉണ്ട്? മതം നില നിന്നാലെ അതിൽ നിന്നും പത്തു കാശ് വരുമാനവും, സമൂഹത്തിൽ മാന്യമായ സ്ഥാനവും ഉള്ള സ്ഥാനപതിപതികൾക്കു അവസരം ലഭിക്കു. രാഷ്ട്രീയത്തിൽ നേതാവാകാൻ വ്രുത്തികെട്ട കളി കളിക്കുന്നപോലെ തന്നെ യാണു ഇതും.

മത വിശ്വാസികൾ അവരുടെ വിശ്വാസം അവരവരുടെ മനസ്സിലും അവരുടെ മതഗ്രന്ഥങ്ങൾ പ്രചരിപ്പിക്കുന്നപോലെ സമാധാനത്തിനും വേണ്ടി ഉപയോഗിച്ചെങ്കിൽ എന്നെപ്പോലെ ചിന്തിക്കുന്നവർ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. പാൽ നല്ലതുതന്നെ! അതു വെടുക്കായാലുള്ള ദുർഗ്ഗന്ധം സഹിക്കാൻ പറ്റുമോ? സ്വർണ്ണത്തിന്റെ സൂചിയാണന്നുകരുതി കണ്ണിൽ കുത്തിയാൽ കണ്ണു പീസാവില്ല്ലെ?

മതപരമായ സ്വാധീനം രാഷ്ടിയത്തിലും പ്രകടമായി കാണാം. സുകുമാർജി പറഞ്ഞ്പോലെ മാർക്സിസ്റ്റും, ബീജേപിയും പോലെ വർഗ്ഗീയതയും, രാഷ്ട്രീയവും തമ്മിൽ കൊമ്പുകോർക്കുന്നതും നാം കാണുന്നു.

നമ്മൾ എത്ര ആഗ്രഹിച്ചാലും, ഇതൊന്നും തുടച്ചു മാറ്റപ്പെടുന്ന ഒന്നാണന്നു ഉള്ള അസാധ്യമായ കാര്യങ്ങളെ എന്റെ മനസ്സിനെകൊണ്ട് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതു വിഡ്ഡിത്വമാണന്നും എനിക്കറിയാം. എങ്കിലും കണ്മുൻപിൽ തലയ്റ്റൂ വീഴുന്ന മനുഷ്യരുടെ കാര്യം ഓർക്കുമ്പോൾ എന്തു നിലപാടെടുക്കണം?

ഒന്നുകിൽ മതം സമാധാനപരമായി മതത്തിന്റെ മാത്രം ഉദ്ദേശം നടത്തട്ടെ! അല്ലങ്കിൽ മതങ്ങളും രാഷ്ട്രീയം പോലെ പാർട്ടിയായി രജിസ്റ്റർ ചെയിതു മത്സരിച്ചു രാജ്യം ഭരിക്കട്ടെ-എല്ലാവരും കൂടി പങ്കുവച്ചു തുലക്കട്ടെ!

Unknown said...

പൂര്‍ണ്ണമായും യോജിക്കുന്നു “ദേശാഭിമാനി”ജി ... നന്ദി !

sajan jcb said...

മതങ്ങളിലെ നല്ല വശം അംഗീകരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം... പക്ഷേ മതങ്ങള്‍ ഇല്ലാതായാല്‍ ഈ നല്ല വശത്തിനു പകരം വെയ്ക്കാന്‍ മറ്റൊന്നു ഉണ്ടാക്കേണ്ടി വരും... ദോഷവശങ്ങള്‍ ഏറ്റെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടു താനും.

അല്ലങ്കിൽ മതങ്ങളും രാഷ്ട്രീയം പോലെ പാർട്ടിയായി രജിസ്റ്റർ ചെയിതു മത്സരിച്ചു രാജ്യം ഭരിക്കട്ടെ-എല്ലാവരും കൂടി പങ്കുവച്ചു തുലക്കട്ടെ!

അതു ശരി രാജ്യത്തെ തുലയ്ക്കാനുള്ള ചര്‍ച്ചയാണല്ലേ.. ശരി അപ്പോ..പിന്നെ കാണാം..

ബാബുരാജ്,

ഇനി, മതങ്ങള്‍ വന്നപ്പോള്‍ എന്തു സംഭവിച്ചു? 'ചരിത്ര'ത്തിലെ ആദ്യത്തെ കൊലപാതകം, അതും സഹോദരന്‍ സഹോദരനെ, കാരണമെന്താ?

ഇതിലെ ആദ്യത്തെ എന്ന പദം പിന്‍ വലിക്കുകയോ താങ്കള്‍ സ്ഥിരമായി ഉപയോഗിക്കുന്ന single quote ഉപയോഗിക്കുകയോ ചെയ്താല്‍ ഒരു പക്ഷേ താങ്കള്‍ മനസ്സില്‍ ഉദ്ദേശിച്ച ആശയം പോസ്റ്റില്‍ വരും

ബാബുരാജ് said...

Sorry, no Malayalam this time, for I am accessing from a different computer.

Sajan,

Thanks for your suggestion. But even without that lot many people understood what I meant. The problem was that of selective listening. Any way, you got through and I am glad.
One thing more. I don’t kill, I don’t steal and I don’t commit any of the felonies you mentioned in your comment. That is not because I am afraid of God’s judgment but just because of the reason that I am a human being. Be one.

ഒരു “ദേശാഭിമാനി” said...

ശ്രീ സാജന്‍,

“അല്ലങ്കിൽ മതങ്ങളും രാഷ്ട്രീയം പോലെ പാർട്ടിയായി രജിസ്റ്റർ ചെയിതു മത്സരിച്ചു രാജ്യം ഭരിക്കട്ടെ-എല്ലാവരും കൂടി പങ്കുവച്ചു തുലക്കട്ടെ!“

ഈ വാചകം താങ്കളെ അലോരസപ്പെടുത്തിയതിനാലായിരിക്കുമല്ലോ താങ്കള്‍ -

“അതു ശരി രാജ്യത്തെ തുലയ്ക്കാനുള്ള ചര്‍ച്ചയാണല്ലേ.. ശരി അപ്പോ..പിന്നെ കാണാം“ - എന്നു പ്രതികരിച്ചതു.

എന്നാല്‍:
“ഇന്നത്തെ ജീവിത സാഹചര്യത്തിൽ മതത്തിന്റെ സ്വാ‍ധീനം ജനമനസ്സുകളിൽ മത മത്സരങ്ങളെ പറ്റിയുള്ള ചിന്ത യാണു വളർത്തുന്നതു. രാഷ്ട്രീയനേത്രുത്വം പോലെ മത നേത്രുത്വവും അവരവരുടെ നിലനില്പിനുവേണ്ടി അനുയായികളെ കൊണ്ട് അങ്കം വെട്ടിക്കുന്നു. അങ്ങനെ ബലിയാടുകളായി തീർന്ന എത്ര കോടികൾ ഉണ്ട്? മതം നില നിന്നാലെ അതിൽ നിന്നും പത്തു കാശ് വരുമാനവും, സമൂഹത്തിൽ മാന്യമായ സ്ഥാനവും ഉള്ള സ്ഥാനപതിപതികൾക്കു അവസരം ലഭിക്കു. രാഷ്ട്രീയത്തിൽ നേതാവാകാൻ വ്രുത്തികെട്ട കളി കളിക്കുന്നപോലെ തന്നെ യാണു ഇതും.“

ഈ നഗ്നസത്യങ്ങള്‍ക്കുനേരെ കണ്ണടച്ചു പിന്നെ കാണാമെന്നു പറയുമ്പോള്‍ ഇതിനെ പറ്റി എന്തെങ്കിലുമൊന്നു പരാമര്‍ശിക്കാമായിരുന്നു!

sajan jcb said...

ദേശാഭിമാനി,

താങ്കളുടെ നിര്‍ദ്ദേശത്തില്‍ താങ്കള്‍ക്കു തന്നെ വിശ്വാസമില്ലല്ലോ? അതുകൊണ്ടാണല്ലോ മതങ്ങള്‍ പാര്‍ട്ടികളായി രജിസ്റ്റര്‍ ചെയ്യണമെന്നും അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നും താങ്കള്‍ നിര്‍ദ്ദേശിച്ചത്? അതു എന്തിനാണെന്നു കൂടി താങ്കള്‍ വ്യക്തമാക്കുന്നു... രാജ്യത്തെ തുലയ്ക്കാന്‍!! കഷ്ടം തോന്നിയതു കൊണ്ടാണ് അങ്ങിനെ അഭിപ്രായപ്പെട്ടത്.


മത നേത്രുത്വവും അവരവരുടെ നിലനില്പിനുവേണ്ടി അനുയായികളെ കൊണ്ട് അങ്കം വെട്ടിക്കുന്നു. അങ്ങനെ ബലിയാടുകളായി തീർന്ന എത്ര കോടികള്‍ ഉണ്ട്?

ഇന്ത്യയില്‍ നിന്ന് ഒരു അര കോടിയെങ്കിലും ഉദ്ദാഹരണം കാണിക്കാമോ? അതോ താങ്കള്‍ ഉദ്ദേശിച്ചത് മതത്തിന്റെ പേരില്‍ മറ്റു പലരും മുതലെടുക്കുന്നു എന്നാണോ? അതു മതത്തിന്റെ കുഴപ്പമാണോ?

sajan jcb said...

ബാബുരാജ്,

താങ്കള്‍ പറയുന്നു..താങ്കളൊരു മനുഷ്യനായതു കൊണ്ടാണ് താങ്കള്‍ കൊല്ലാത്തതെന്ന്, മോഷ്ടിക്കാറില്ലെന്ന്.. നല്ലത്.... ഇതു ഒരു ചിട്ടയാക്കി എടുത്തത് മതങ്ങള്‍ തന്നെയല്ലേ? മനുഷ്യര്‍ പ്രാകൃതരെ പോലെ കഴിഞ്ഞിരുന്ന ഒരു അവസ്ഥ താങ്കള്‍ തന്നെ വിവരിക്കുന്നു... (രണ്ടര ലക്ഷം വര്‍ഷത്തെ കണക്കില്‍)... പല്ലിനു പകരം പല്ല്, കണ്ണിനു പകരം കണ്ണ് എന്ന അവസ്ഥ. കൈകരുത്തിന്റെ കാലം!! അതില്‍ നിന്നു് ക്ഷമിക്കാനും സ്നേഹിക്കാനുമുള്ള നിയമങ്ങള്‍ പഠിപ്പിച്ചതിനു താങ്കള്‍ ഇപ്പോള്‍ ആവശ്യമോ എന്നു ചോദിച്ച മതങ്ങളുടെ പങ്ക് വലുതാണ്.

ഈ നിയമങ്ങള്‍ ചെറുപ്പത്തില്‍ തന്നെ താങ്കളുടെ മനസ്സില്‍ വേരോടിയതിനു ദൈവവിശ്വാസത്തില്‍ വളര്‍ന്ന താങ്കളുടെ മാതാപിതാക്കളുടേയും ചുറ്റുപാടുകളുടേയും പങ്ക് വിസ്മരിക്കാന്‍ പറ്റുമോ? ഒരു പക്ഷേ താങ്കള്‍ക്ക് താങ്കളുടെ മക്കളേയും നല്ല കാര്യങ്ങള്‍ പഠിപ്പിക്കാന്‍ പറ്റി എന്നു വരും ..അതു കഴിഞ്ഞുള്ള തലമുറകള്‍ വരും... അവര്‍ ഒരു പക്ഷേ തിരിച്ചു പോയെന്നു വരാം ...പ്രകൃത അവസ്ഥയിലേക്ക്!

sajan jcb said...

ദേശാഭിമാനി,

ഒരു കാര്യം കൂടി ചോദിക്കട്ടേ...
മതം നില നിന്നാലെ അതിൽ നിന്നും പത്തു കാശ് വരുമാനവും

ക്രിസ്തുമതത്തിന്റെ അടിസ്ഥനത്തിലാണ് ഞാന്‍ പറയുന്നത്...

പള്ളി ഭണ്ഡാരത്തില്‍ വീണ പണം കൊണ്ട് മണിമാളികകള്‍ പണിത എത്ര അച്ചന്മാരെ താങ്കള്‍ക്കറിയാം? ഈ വരുമാനം കൈകര്യം ചെയ്യാനായി കൈക്കാരന്മാര്‍ എന്ന തസ്തികയുണ്ട്.. അതു ആ ഇടവകയിലെ ആളുകള്‍ തന്നെയാണ്... വാര്‍ഷികകണക്ക് പള്ളി കമ്മിറ്റിയിലും അവതരിപ്പിക്കണം ... കൈയിട്ടു വാരാന്‍ കൈക്കാരന്മാര്‍ക്കു സാധിക്കുമായിരിക്കും (അവരെ നാട്ടുകാര്‍ കൈകാര്യം ചെയ്തുകൊള്ളും) ചുരുക്കം പറഞ്ഞാല്‍ പുരോഹിതന്മാര്‍ കുര്‍ബ്ബാന ചൊല്ലി നടക്കാനേ പറ്റൂ എന്നര്‍ത്ഥം.

പിന്നെ വരുന്നുണ്ട് വരുമാനമായി ഒരു വലിയ തുക... അതു ചിലവഴിക്കുന്നത് അടുത്ത സ്കൂള്‍ തുടങ്ങാനോ ആശുപത്രി പണിയാനോ ആണ്... അതില്‍ നിന്നും വരുമാനം വരും... ശരി തന്നെ ...അതും ഒരു അച്ചന്റേയും പോക്കറ്റില്‍ പോകില്ല... അടുത്ത സേവനകര്‍മ്മങ്ങള്‍ക്കായിയാണ്‍ അതുപയോഗിക്കുന്നത്... എത്ര വികലാംഗ ആശുപത്രികള്‍, വൃദ്ധസദനങ്ങള്‍, ബുദ്ധിമാദ്ധ്യം സംഭവിച്ചവരെ ശുശ്രൂക്ഷിക്കുന്ന ആശുപത്രികള്‍, അനാഥാലയങ്ങള്‍... ഇതിന്റെ കണക്ക് മുമ്പില്‍ കൊണ്ടുവച്ചാല്‍ കണ്ണു തള്ളും... മതത്തീന്റെ ചട്ടകൂട്ടില്‍ നിന്നു കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്. അതിനു പകരം വെയ്ക്കാന്‍ വല്ലതും ഉണ്ടൊ സഖാക്കളേ കൈയില്‍?

ഒരു “ദേശാഭിമാനി” said...

ശ്രീ സാജന്‍

ഇപ്പോള്‍ മനസിലായി, താങ്കള്‍ പിന്നെ കാണാം എന്നു പറഞ്ഞതു എന്താണന്നു. ഇന്ത്യയില്‍ നിന്നു മതം കൊണ്ട് മരിച്ച അര കോടി ജനങ്ങളുടെ കണക്കു ചോദിച്ച് മുട്ടാപോക്കു കൊഞ്ഞനം കുത്തി ചോദ്യങ്ങള്‍ ചോദിക്കുന്ന താങ്കളോട് ഇക്കാര്യത്തില്‍ എനിക്കൊന്നും പറയാനില്ല!

പിന്നെ
”അതോ താങ്കള്‍ ഉദ്ദേശിച്ചത് മതത്തിന്റെ പേരില്‍ മറ്റു പലരും മുതലെടുക്കുന്നു എന്നാണോ? അതു മതത്തിന്റെ കുഴപ്പമാണോ?”

ഇതിനുത്തരം - മതത്തിന്റെ കുഴപ്പമല്ല! മറിച്ചു മതവിശ്വാസികളുടെ കുഴപ്പമാണു. മതത്തിന്റെ നിലനില്‍പ്പ് വിശ്വാസികളിലല്ലേ!

പുസ്തകങ്ങളിലെ താളുകളില്‍ ഉള്ള മതം നല്ലതു തന്നെ! പക്ഷേ ശ്രീ സാജന്‍ - പ്രവര്‍ത്തിയില്‍ അതുപോലെ കാണാന്‍ ഉണ്ടോ?

മതങ്ങള്‍ രഷ്ട്രിയപാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യുന്നത് ഇന്നത്തെ പരിതസ്ഥിതിയില്‍ അതിനു സാധിച്ചാല്‍ ഏറ്റവും നല്ല കാര്യമായിരിക്കും. അവര്‍ മത്സരിക്കട്ടെ! ചുരുങ്ങിയ പക്ഷം രാഷ്റ്റ്രീയ കുതിരകച്ചവടത്തില്‍ സ്വന്തം അസ്തിത്വത്തിന്റെ നഷ്ടപ്പെട്ട തേജസ് തിരിച്ചു ലഭിക്കാന്‍ ഭൂരിപക്ഷം വരുന്ന “ഭാരതീയ പൈത്രുകം കൈവിടാത്തഒരു മതത്തിലേക്കും മാര്‍ഗ്ഗം കൂടാത്ത ഭാരതീയര്‍ക്കു” അതൊരു ഗുണമായാലോ! പലരേയും ചൊടിപ്പിക്കുന്ന- കലികൊള്ളിക്കുന്ന -ഒരു അഭിപ്രായമാണു ഇതെന്നു അറിഞ്ഞുകൊണ്ടുതന്നെയാണു ഇതെഴുതുന്നതു.

sajan jcb said...

ദേശാഭിമാനി,

"മതങ്ങള്‍ രഷ്ട്രിയപാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യണം".. എന്ന താങ്കളുടെ അഭിപ്രായത്തോട് എനിക്കു യാതൊരു വിഷമവും ഇല്ല. താങ്കള്‍ താങ്കളുടെ അഭിപ്രായം പറഞ്ഞു എന്നേ ഞാന്‍ കണക്കാക്കുകയുള്ളൂ...

പക്ഷേ അതിനു ശേഷം താങ്കള്‍ പറഞ്ഞ
എല്ലാവരും കൂടി പങ്കുവച്ചു തുലക്കട്ടെ!“
എന്നതു മാത്രമേ എനിക്കു ദുഖമുണ്ടാക്കുന്നുള്ളൂ... രാജ്യത്തെ തുലയ്ക്കുന്നതിനു വേണ്ടിയുള്ള അഭിപ്രായമാണല്ലോ താങ്കള്‍ക്ക് എന്നു മാത്രമേ ഞാന്‍ സൂചിപ്പിച്ചുള്ളൂ... രാജ്യത്തെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള നിര്‍ദ്ദേശമാണ് ഒരു ദേശാഭിമാനിയില്‍ നിന്നു ഞാന്‍ പ്രതീക്ഷിക്കുന്നത്.

പുസ്തകങ്ങളിലെ താളുകളില്‍ ഉള്ള മതം നല്ലതു തന്നെ! പക്ഷേ ശ്രീ സാജന്‍ - പ്രവര്‍ത്തിയില്‍ അതുപോലെ കാണാന്‍ ഉണ്ടോ?

ഞാന്‍ നേരത്തേ സൂചിപ്പിച്ചു... 5 ശതമാനം പിഴകള്‍ തന്നെയായിക്കും. പേരില്‍ മാത്രം വിശ്വാസികള്‍... പ്രവര്‍ത്തികള്‍ മൃഗങ്ങളേക്കാളും മ്ലേച്ഛം. അതിനെ മൊത്തം മതത്തെ പഴിപറയുന്നതിലേ എനിക്കു പരാതിയുള്ളൂ.

ഏതോ ഒരു ബ്ളൊഗില്‍ കണ്ടതാണ്... ഒന്നു പുനര്‍ചിന്തിക്കുന്നതു നല്ലതാണ്... ഏതേങ്കിലും വര്‍ഗ്ഗീയ കലാപത്തിന്റെ മുന്‍നിരയില്‍ ഏതേങ്കിലും മത പുരോഹിതര്‍ ഉണ്ടായിരുന്നോ? എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ വേണ്ടുവോളാം ഉണ്ടായിരുന്നു താനും... ആളികത്തിക്കാന്‍..!!!

എന്റെ അഭിപ്രായം... ഒരു രാഷ്ട്രീയ പാര്‍ട്ടിയും മതത്തിന്റെ പേരില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല എന്നാണ്.... മതത്തെ രാഷ്ട്രീയത്തില്‍ നിന്നു വിടുവിച്ചാല്‍ കുറേയധികം പ്രശ്നങ്ങള്‍ ഒഴിവാക്കാം എന്നാണ് എനിക്കു തോന്നുന്നത്. എന്താണ് നിങ്ങളുടെ അഭിപ്രായം?

ഒരു “ദേശാഭിമാനി” said...

പ്രിയ സാജന്‍,
“ഒന്നു പുനര്‍ചിന്തിക്കുന്നതു നല്ലതാണ്... ഏതേങ്കിലും വര്‍ഗ്ഗീയ കലാപത്തിന്റെ മുന്‍നിരയില്‍ ഏതേങ്കിലും മത പുരോഹിതര്‍ ഉണ്ടായിരുന്നോ? എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ വേണ്ടുവോളാം ഉണ്ടായിരുന്നു താനും... ആളികത്തിക്കാന്‍..!!!“:

ഉണ്ട് സാജന്‍! പക്ഷേ ആരും മുന്‍‌നിരയില്‍ നിന്നു കല്ലെറിയാന്‍ വരില്ല. പല സന്യാസികളുടെയും, മറ്റു മത പണ്ഡിതന്മാരുടേയും പ്രസ്താവനകള്‍ മത വൈരം സ്രുഷ്ടിക്കാന്‍ വളരെ പര്യാപ്തമാണു. ഏറ്റവും അടുത്ത ഉദാഹരണമാനു ഈ യിടെ ആയി ശ്രീ മാര്‍ പൌവ്വത്തിന്റെ പ്രസ്താവനകള്‍ സ്രുഷ്ടിച്ച തരംഗം! മതി - ഇതു മതി പാവം വിശ്വാസികളില്‍ വര്‍ഗ്ഗീയ വിഷം വിതക്കാന്‍!

ഇന്നു മതങ്ങള്‍ക്കുള്ള രാഷ്ടീയ ബന്ധം രഹസ്യമല്ല! ഭരണത്തില്‍ വരുവാന്‍, അടിസ്ഥാനപരമായി മത വൈരികളായ ഇടത് പാര്‍ട്ടികള്‍ സമയാസമയം അനുസരിച്ചു, ഹിന്ദു, മുസ്ലീം എന്നിങ്ങനെ പ്രാദേശികമായി കൂട്ടുപിടുത്തം നടക്കാറില്ലെ? വടക്കേ ഇന്ത്യയില്‍, പൊതുവെയും, കേരളത്തില്‍ ചുരുക്കത്തിലും, മതത്തെ കൂടാതെ, ജാതികളെ തമ്മില്‍ ഭിന്നിപ്പിച്ചു വേട്ടു പൊട്ടിക്കലും വോട്ടു തട്ടലും നടക്കുന്നില്ലേ? ഇതിന്റെ ഒക്കെ അടിസ്ഥാനകാരണം, മതത്തിലും, രഷ്ട്രീയത്തിലും, മേലെക്കിടയിലുള്ളവര്‍ വന്‍ ബിസ്സിനസ്സ് രംഗത്തു നിന്നും വന്നവരാണു. ഇന്നു പള്ളികള്‍ വരെ ചെയ്യുന്ന കാര്യങ്ങളും ബിസിനസ് നയത്തോടെ ആണു! അതാണു - ഹൈ ടെക്കു ആശുപത്രി ബിസിനസ്, വിദ്യാഭ്യാസ ബിസ്സിനസ് തുടങ്ങിയവ.

അപ്പോള്‍ ഇങ്ങനെ പൊതുവേയുള്ള രാഷ്ട്രീയ ചുറ്റുപാടുകളും, ദൈനം ദിന ജനജീവിതവും, മത മത്സരങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. അനര്‍ഹര്‍ ആര്‍ഹത നേടുന്നു! അര്‍ഹതയുള്ളവര്‍ പിന്തള്ള പെടുന്നു ഇങ്ങനെയുള്ള പല പ്രശ്നങ്ങളും, സാധാ‍രണ വരുമാനക്കാരായ ജനങ്നള്‍ക്കു നിത്യേന അഭിമുഖീകരിക്കേണ്ടി വരുന്നു. ഈ രഷ്ട്രീയ-മത കൂട്ടുകെട്ട് ഒഴിവാകണമെങ്കില്‍, മതം തനിയെ രാഷ്റ്റ്ട്രീയത്തില്‍ വരണം.

മതങ്ങളെ കൂട്ടുപിടിച്ചേ രാഷ്ട്രിയം നിലനില്‍ക്കൂ എന്നുണ്ടങ്കില്‍, ആ മതം തന്നെ രാഷ്ട്രീയമായാല്‍ പോരെ? ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ ആരാണു കൂടുതല്‍ വേട്ടുനേടുന്നതു അവര്‍ ഭരിക്കട്ടെ! എല്ലാമതങ്ങളുടേയും അന്തസത്ത നല്ലതാണന്നാണു എല്ലാവരും പറയുന്നതു. രാമാരജ്യം പോലെയെ, മാവേലി വാഴുന്ന നാടുപോലെയോ ഒക്കെ ആ നന്മ നിറഞ്ഞ മതങ്ങള്‍ ഭരിച്ചാലും ആക്കാമല്ലോ-ഇല്ലേ?

sajan jcb said...

മതങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്താലും പ്രശനം തീരുമോ? ഒരാള്‍ പറയുന്നു മതം ആവശ്യമില്ലെന്ന്... താങ്കള്‍ പറയുന്നു മതത്തിന്റെ കൈയില്‍ രാഷ്ട്രത്തെ ഏല്‍പ്പിച്ചു കൊടുക്കണമെന്ന്!!!

ഓരോ മതത്തില്‍ പെട്ടവര്‍ ആ മതത്തിനു വേണ്ടി വോട്ടു ചെയ്താല്‍ കമ്മ്യൂണിസ്റ്റുക്കാര്‍ തെണ്ടി പോകുമല്ലോ? (അതോ കമ്മ്യൂണിസ്റ്റുക്കാരും മതം തന്നെയാണോ?)

പിന്നെ രജിസ്റ്റര്‍ ചെയ്തു എന്നതിന്റെ പേരില്‍ മത്സരിക്കണം എന്നില്ലല്ലോ തോല്‍ക്കാനും ജയിക്കാനും? ഇപ്പോള്‍ ചെയ്യുന്ന അതേ പ്രവര്‍ത്തികള്‍ തുടര്‍ന്നു കൊണ്ടിരിക്കും. അപ്പോള്‍ താങ്കളുടെ നിര്‍ദ്ദേശം കൊണ്ട് യാതൊരു ഫലവും ഉണ്ടാകുകയില്ല.

മാത്രവുമല്ല; രാജ്യത്തെ മതത്തിന്റെ പേരില്‍ വിഘടിപ്പിക്കാനേ ആ നിര്‍ദ്ദേശം കൊണ്ടു കഴിയുകയുള്ളൂ... ഇനി അതു തന്നെയാണോ താങ്കളുടെ ഉദ്ദേശവും... അപ്പോള്‍ പിന്നെ എളുപ്പം പറയാമല്ലോ... ഈ മതങ്ങള്‍ തന്നെ സര്‍വ്വ കാരണം എന്ന്.... കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന പരിപാടി!!! അതുകൊണ്ടാണ് ഞാന്‍ നേരത്തേ ചോദിച്ചത് രാജ്യത്തെ തുലയ്ക്കാനാണോ താങ്കള്‍ ഈ നിര്‍ദ്ദേശം വച്ചതെന്ന്?!!

ഒരു “ദേശാഭിമാനി” said...

ശ്രി സാജന്‍,

ഇന്ന് രഷ്ട്രീയം വോട്ടുബാങ്കുകളെ ലക്ഷ്യമിട്ടുകൊണ്ടുള്ള, രാഷ്ട്രീയ മുതലാളിമാരുടെ ഒരു “ചന്ത” ആണു. ഇവിടെ രാഷ്ടീയം=അധികാര മോഹം. ആധികാരം ലഭിക്കാന്‍ വോട്ടു വേനം. വോട്ടു എന്ന വ്യാപാര ഉല്പന്നം ജനങ്ങളുടെ വിരല്‍ തുമ്പില്‍! മത നേതാക്കന്മാര്‍ക്കും, പുരോഹിതന്മാര്‍ക്കും ജനങ്ങ്ലുടെ മേല്‍ നല്ല് സ്വാധീനം ഉണ്ട്. ഇവരുടെ വോട്ട്, ഇവര്‍ മറിച്ചു വില്‍ക്കുന്നു. വിലയായി, മത പ്രീണനം, പിന്നെ സഭകള്‍ക്കും സംഘടനകള്‍ക്കും പണം, ഇത്യാദി തരാവും!

സത്യസന്ധമായി പറഞ്ഞാ‍ല്‍ ഇന്ത്യയില്‍, രഷ്ശ്ട്രീയത്തില്‍ നിന്നും ഒന്നുകില്‍ മതത്തെ മാറ്റി നിര്‍ത്തുക! അതു സ്വയം മാറ്റപ്പെടണമെങ്കില്‍ മതങ്ങള്‍ സ്വയം രാഷ്ടിയ വേഷം കെട്ടണം.
അപ്പോള്‍ രഷ്ട്രീയപാര്‍ട്ടികള്‍ക്ക് നിലനില്പില്ലാതെ ആകു. പ്രായേണ ഇതെതിര്‍ക്കപ്പെടും. അങ്ങനെ ഒരു പ്ക്ഷേ രാഷ്ട്രുയം ശുദ്ധികലശം ചെയ്യപ്പെട്ടേക്കും.

മതങ്ങള്‍ അല്ല ആവശ്യം - അതിനേക്കാള്‍ അത്യാവശ്യം, സത്യസ്ന്ധരായ ഭരണാധികാരികളും, നീതി ന്യായാത്തില്‍ അധിഷ്ടിതമായ ഒരു ഭരണ വ്യവസ്ഥിതിയും , പ്രലോഭനങ്ങളില്‍ വഴങ്ങാത്ത ഭരണകൂടവും ആണു.ഇതിനുള്ള സാധ്യത ഈ മഹാ‍രാജ്യത്തിനുള്ളില്‍ തന്നെ ഉണ്ട്. എന്നാല്‍, മതങ്ങളുടെ മത്സരവും, രഷ്ട്രീയ കുതിരകച്ചവടവും കാരണം സാത്യസന്ധതക്കും, നീതിന്യായത്തിനും പുല്ലുവിലപോലും ഇല്ലാതാവുന്നു. നീതി ന്യുയ വ്യ്‌വസ്ഥിതിയില്‍ ചവിട്ടി നില്‍ക്കുന്ന മതങ്ങള്‍ നമുക്കു വേണമോ?

നമ്മുടെ മുന്‍പില്‍ ഇപ്പോള്‍ രണ്ട് ഓപ്ക്ഷന്‍ ഉണ്ട്

1. വ്രുത്തികെട്ട് രഷ്ട്രീയ പാര്‍ട്ടികള്‍
2. രാഷ്ശ്ട്രീയക്കാരാല്‍ മലീനമാക്കപ്പെട്ടതുമാത മതങ്ങള്‍.

ഇതു രണ്ടം ലോകവ്യവസ്തിയില്‍ നിന്നും ഒഴിവാക്കാന്‍ പറ്റാത്തവിധം അതില്‍ ലയിച്ചുചേര്‍ന്നു. അവ വേണോ വേണ്ടയോ എന്നു ചോദിക്കുന്നതില്‍ ഇന്ന് എത്രമാത്രം അര്‍ത്ഥമുണ്ട് എന്നു എനിക്കു നിശ്ചയമില്ല.

ഇവിടെ ഭരിക്കേണ്ടവരെ തിരഞ്ഞ്ടുക്കാന്‍ മതങ്ങള്‍ക്കു നല്ല സ്വാധീനമുള്ളപ്പോള്‍ , ആ കിംഗു മേക്കേര്‍സിന്റെ ഭരണ നിപുണത കൂടി അറിയാന്‍ മതം നേരിട്ടു മത്സരിച്ചാല്‍ അവസരം കിട്ടും! ഇന്നത്തെ രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഒരവസരം കിട്ടിയാല്‍ മതങ്ങല്‍ നേരിട്ടു മത്സരിക്കണം എന്നാണു എന്റെ ഉറച്ച അഭിപ്രായം. ഒരിക്കല്‍ ഇതനുഭവിച്ചാ‍ല്‍ ജനങ്ങള്‍ മനസ്സിലാക്കിയേക്കും, ജനതക്കു എന്താണു ആവശ്യം മതമോ, പരസ്പരസ്നേഹമോ എന്നു!(ഈ വിഷയത്തില്‍ ഈ ഉട്ടോപ്യന്‍ നിര്‍ദ്ദേശമെ എനിക്കു തരാന്‍ പറ്റൂ! - ഞാന്‍ നിസ്സഹയനാണു )

sajan jcb said...

മതങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ സത്യസന്ധരായ ഭരണാധികാരികളെ കിട്ടുമോ? മതങ്ങളുടെ കിങ്ങ്മേക്കിങ്ങ് കപ്പാസിറ്റി അളക്കലല്ലല്ലോ നമ്മുടെ ലക്ഷ്യം??? ജനങ്ങളുടെ മൊത്തത്തിലുള്ള നന്മയല്ലേ? ആ നന്മ മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ കിട്ടുമോ? ഇപ്പോള്‍ മതങ്ങളില്‍ ഉണ്ടെന്നു താങ്കള്‍ പറയുന്ന തിന്മ ഇല്ലാതാകുമോ?

??? എങ്ങിനെ? എനിക്കു താങ്കളുടെ കാഴ്ചപ്പാടുകള്‍ വ്യക്തമായില്ല.

ഒരു “ദേശാഭിമാനി” said...

അതെ ശ്രി സാജൻ, സാജൻ പറയുന്ന പോലെ അത്ര ഉൽക്രുഷ്ടമാണു മതങ്ങൾ എങ്കിൽ അവരിൽ വലിയവർ അങ്ങു ഭരിക്ക്ട്ടെ! അതല്ലെ നല്ലതു?

മനുഷ്യരെ നല്ലവഴിക്കു നയിക്കുന്ന മതക്കാർ ഭരിച്ചാ‍ൽ പിന്നെ എന്തു കുഴപ്പമാണു? സുഖമായ ജനജിവിതമായിർക്കേണ്ടതല്ലെ ശ്രീ സാജാ തങ്കളുടെ കാഴ്ചപ്പാടിലും! താങ്കളും മതങ്ങളെ വാനോളം പുകഴ്ത്തുന്നില്ല്ലേ! പിന്നെ അവർ ഭരിച്ചാൽ ശരിയാകുമോ എന്നു ചോദിക്കുന്നതു ശരിയാണോ?

എന്റെ ഈ “ഉട്ടോപ്പ്യൻ” അഭിപ്രായത്തിനു സാധ്യത ഉണ്ട് എന്നറിഞ്ഞാൽ എത്ര സന്തോഷമായേനെ!

sajan jcb said...

ദേശാഭിമാനി,

ഇന്‍ഫോസിസിലെ നാരായണമൂര്‍ത്തിയെ കുറിച്ച് അഭിപ്രായമെന്താണ് ... മിടുക്കനല്ലേ? ഇന്ത്യയിലെ മികച്ച IT സ്ഥാപനം കെട്ടിപ്പടുത്തു ആ മിടുമിടുക്കന്‍. അദ്ദേഹത്തോട് ഒരു ന്യൂറോ സര്‍ജറി ചെയ്യാന്‍ ആവശ്യപ്പെടുന്നതു പോലെയാണ് താങ്കളുടെ നിര്‍ദ്ദേശം എന്നാണ് എന്റെ അഭിപ്രായം.

ഒരു മതത്തിന്റെ മേല്‍ദ്ധ്യക്ഷന്‍ നല്ലവനായിരിക്കാം ... ഉല്‍കൃഷ്ടനായിരിക്കാം.. മനുഷ്യരെ നല്ല വഴിക്കു നയിക്കുന്നവരായിരിക്കാം... അതു മാത്രമാണോ ഒരു രാഷ്ട്രത്തെ നയിക്കാനുള്ള യോഗ്യത?

ഒരു മതമേലദ്ധ്യക്ഷന്‍ അത്മീയ കാര്യങ്ങളിലാണ് നിപുണനായിരിക്കുക.. ദൈവശാസ്ത്രമായിരിക്കും അദ്ദേഹത്തിന്റെ വിഷയം... പ്രാര്‍ത്ഥനയിലായിരിക്കും സന്തോഷം കണ്ടെത്തുക. അദ്ദേഹത്തിന് രാഷ്ട്രതന്ത്രം അറിയണമെന്ന് ഒരു നിര്‍ബന്ധവുമില്ല. അങ്ങിനെയുള്ളവരിലാണോ താങ്കള്‍ ഒരു മികച്ച ഭരണാധികാരിയെ കാണുന്നത്?

ഒരു “ദേശാഭിമാനി” said...

ഐടി മേഘലയിലെ ശ്രി മൂര്‍ത്തി മെടിക്കല്‍ ഫീല്‍ഡില്‍ “കയറി ഇടപെട്ട്” ഒന്നും ചെയ്യാറില്ല!അവര്‍ക്കു അവരുടെ വഴിയെ പറ്റി നല്ല ബോധമുള്ളതു കൊണ്ട് ആണു അതു. എന്നാല്‍ ഇവിടെ രാ‍ഷ്ട്രിയത്തില്‍ അതല്ല കാണുന്നതു - ദൈവജ്ഞര്‍ ഭരണ കാര്യങ്ങളില്‍ സ്വാധീനം ചെലുത്തി സ്വന്തം മതത്തിനോ - സഭക്കോ അനുകൂലമായ തീരുമാനങ്ങള്‍ എടുപ്പിക്കുന്ന നലാംതരം ചെറ്റത്തരം കാണിക്കുന്നതുകൊണ്ടാണു ഈ “ഉട്ടോപ്യന്‍” അഭിപ്രായം മുന്‍പോട്ട് വച്ചതു!ഇതു അസംഭവ്യമാണന്നും അറിയാമല്ലോ!
ഞാന്‍ ആദ്യമോ പറഞ്ഞില്ലെ - മതങ്ങള്‍ അവരുടെ യൂണിറ്റിനുള്ളില്‍ നിന്നുകൊണ്ട്, എന്തു കൊപ്രായമെങ്കിലും കാണിക്കട്ടെ, എന്നാല്‍ മറ്റുള്ള ജനങ്ങളില്‍ പ്രലോഭനം, ഭീഷണി, തുടങ്ങിയവമൂലം അവരുടെ ജീവിതസംസ്കാരത്തില്‍ മാറ്റം വരുത്തുകയും , പ്രതിരോധസമയത്തു അക്രമങ്ങള്‍ പൊട്ടിപുറ്പ്പെടുന്നതു ഒഴിവാക്കപെടുകയും ചെയ്യും.

തെളിച്ചു പറഞ്ഞാല്‍, ഇന്ത്യയിലെ ക്രിസ്ത്യാനികളും അതിലുള്ള അനേകം ഉപവിഭാഗങ്ങളായ ക്രുസ്ത്യാനികളും, മുസ്ലിമതവും അതിലുള്ള അനേകം വകതിരിവുകളും, ഹൈന്ദവസമൂഹവും അതില്‍ നിലനില്‍ക്കുന്ന അനേകജാതി വ്യവസ്ഥകളും പരസ്പരം സഹോദര്യമണൊ കാണിക്കുന്നതു? കടിപിടിയും അവരവരുടെ മേധാവിത്വം സ്ഥാപിക്കാന്‍ അക്രമമുള്‍പ്പെടെയുള്ള ചതുരുപായങ്ങളും പ്രയോഗിക്കുന്നില്ലേ! അതാണോ മനുഷ്യനന്മ?
ഭാരതത്തെ പറ്റി നമുക്കു ചിന്തിച്ചാല്‍ നമ്മുടെ സാഹചര്യങ്ങള്‍ക്കും ഭൂപ്രക്രുതിക്കും ഇവിടത്തെ ജനങ്ങള്‍ടെ സ്വഭാവത്തിനും അനുസാരിച്ചുള്ള ഒരു ജീവിതശൈലിയില്‍ നമ്മള്‍ സംന്തുഷ്ടരായിരുന്നു. ഇനി എന്തെങ്കിലും, ആഭ്യന്തര അസന്തുഷ്ടി ഉണ്ടായാല്‍ അതു പരിഹരിക്കുന്നതിനു വേണ്ട സംവിധാനങ്ങളും പുരാതനകാലം മുതല് ഇവിടെ ഉണ്ടായിട്ടുണ്ട്. ലോകോത്തരക്രുതികളും, ശാസ്ത്രവും, ഭാരതീയ ആദ്ധ്യാത്മികദര്‍ശനങ്ങളും , സംസ്കാരവും എല്ലാം ഇവിടെ രൂപം കൊണ്ടിണ്ട്. ഹൈന്ദവ സംസ്കാരത്തില്‍ അക്കാലത്തു ബുദ്ധമതം, ജനമതം തുടങ്ങിയവ പ്രചരിച്ചെങ്കിലും, പ്രായേണ പ്രചാരം കുറഞ്ഞു പോയി. അപ്പോള്‍ പോലും, ആ ബുദ്ധ-ജൈന ആശയങ്ങള്‍ ഹൈന്ദവ സംസ്കാരത്തില്‍ ആഗിരണം ചെയ്യപ്പെട്ടതായി നമുക്കു ദര്‍ശിക്കാം. ഇതില്‍ നിന്നും എനിക്കു മനസ്സിലാവുന്നതു, ഏതു നന്മയേയും ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ജനത സ്ന്നദ്ധമാണു - എന്നാല്‍ ഒരു ചട്ടകൂടിനുള്ളിലുള്ള സര്‍ക്കസ് കളിപ്പിക്കലില്‍ അവര്‍ അസംന്തുഷ്ടരുമാണു.
ഇവിടെ മതങ്ങളുടെ പ്രചരണമോ അവരുടെ സാന്നിധ്യമൊ അല്ല ആവശ്യം, ലോകത്തിലെ ഏതു ജനവിഭാഗ്ഗത്തിന്റേതായാലും, നല്ലതെന്നു തോന്നുന്നതു സ്വികരിക്കാന്‍ തയാറുള്ള ഭാരതീയ ജനങ്ങളെ ആ നന്മ കാണിച്ചു കൊടുത്താല്‍ മാത്രം മതി- അവരതു സ്വീകരിച്ചിട്ടുണ്ട്. ആര്‍ക്കെങ്കിലും സഹായം ചെയ്യണമെന്നുണ്ടോ - എന്നാല്‍ സഹായിച്ചോളൂ, പക്ഷേ “ഇന്നുമുതല്‍ നിന്റെ പേര്‍... എന്നാക്കണമെന്നും, നിന്റെ ശരിരത്തില്‍ നിന്നും .... മുറിച്ച കളയണമെന്നും, ഇന്നുമുതല്‍ നീ ദൈവത്തെ ഇന്ന രീതിയിലേ സംബോധന ചെയ്യാവൂ എന്നെല്ലാം പറഞ്ഞുള്ള “മത നന്മ വിതരണം” എതിര്‍ക്കപ്പെടേണ്ടതാണു.,“

ശ്രീ ബാബുരാജിന്റെ ബ്ലോഗില്‍ നമ്മള്‍ രണ്ട്പേര്‍ കയറിപറ്റി തര്‍ക്കിച്ചു കൊണ്ടിരുന്നാല്‍ അദ്ദേഹത്തിനു എന്തു തോന്നും? അതു കൊണ്ട് തല്‍ക്കാലം ഞാന്‍ ഒന്നു പിന്‍‌വാങ്ങുന്നു!

താ‍ങ്കള്‍ക്കും,ശ്രീ ബാബുരാജിനും മറ്റെല്ലാവര്‍ക്കും നന്മകള്‍ നേരുന്നു!

sajan jcb said...

അതു ശരി ..നമ്മള്‍ മതപരിവര്‍ത്തനത്തെ പറ്റിയാണോ പറഞ്ഞു കൊണ്ടിരുന്നത്. ക്ഷമിക്കൂ..ഞാന്‍ വിചാരിച്ചു.. മതങ്ങളെ രാഷ്ട്രീയത്തിലറക്കിയാലുള്ള ഗുണങ്ങളെ പറ്റിയായിരിക്കും എന്നാണ്... ഒരു അഭിപ്രായം പറയുമ്പോള്‍ അതില്‍ താങ്കള്‍ക്കെങ്കിലും വിശ്വാസമുണ്ടായിരിക്കും എന്നു ഞാന്‍ വിചാരിച്ചു. താങ്കള്‍ക്കു തന്നെ അറിയാം മതങ്ങളെ രാഷ്ടീയപാര്‍ട്ടിയാക്കിയതു കൊണ്ടു രാഷ്ട്രത്തെ രക്ഷിക്കാന്‍ കഴിയില്ല എന്ന്... പോട്ടേ മതങ്ങളുടെ തിന്മകളെങ്കിലും കുറയ്ക്കാം എന്ന കോണ്‍ഫിഡന്‍സ് പോലുമില്ല... എന്റെ സമയം വെറുതെ കളഞ്ഞു എന്നു മാത്രം... സാരമില്ല; ഇനിയും എത്ര പോകാന്‍ കിടക്കുന്നു.