തൊടുപുഴയില്‍ നിന്നും ഇടുക്കിക്കുള്ള ഓരോ യാത്രയും പുതുമനിറഞ്ഞതാണ്. മൂവാറ്റുപുഴയാറിന്റെ ഓരം പറ്റിയും വിട്ടും സഞ്ചരിച്ച് മുട്ടം കഴിഞ്ഞാല്‍ പിന്നെ മൂലമറ്റത്തോളം കൂട്ട് കാഞ്ഞാര്‍. സത്യത്തില്‍ മൂലമറ്റം പവ്വര്‍ഹൗസില്‍ നിന്നും പുറന്തള്ളുന്ന വെള്ളമാണ് കാഞ്ഞാറ്റിലേത്. മൂലമറ്റത്തെ ഉല്‍പ്പാദനം അനുസരിച്ച് കാഞ്ഞാറിന് വൃദ്ധിക്ഷയങ്ങളുണ്ടാവും. ഇതറിയുന്നതിനു മുന്‍പ് ഒരിക്കല്‍ കാഞ്ഞാര്‍ വരണ്ടു കിടക്കുന്നത് കണ്ട് മനസ്സു വിഷമിച്ചു. ഒരു യാത്രക്കിടയില്‍ കൂടെയുണ്ടായിരുന്ന ജോസഫ് എന്ന സഹപ്രവര്ത്തകന് വളരെ നിഷ്കളങ്കമായി പറഞ്ഞു, 'മാഷേ, ഈ വെള്ളം ഒരു കാശിനു കൊള്ളില്ല. അതിന്റെ സത്തെല്ലാം ഊറ്റിയെടുത്തതാണ്' എന്ന്.
മൂലമറ്റത്തുനിന്ന് 13 ഹെയര്‍പിന്‍ വളവു കയറിയെത്തുന്നത് കുളമാവ്. (ഈ റൂട്ടില്‍ അസ്തമന സമയത്ത് താഴേക്കിറങ്ങുന്നതാണ് രസം.) വഴിയില്‍ ധാരാളമായുള്ള ഞാവല്‍ മരങ്ങളില്‍ സീസണില്‍ സമൃദ്ധമായി പഴങ്ങളുണ്ടാവും. ഇടക്ക് ഇറങ്ങി ഞാവല്പഴം പറിച്ചു തിന്നുന്നതും ഒരു മധുരമായ അനുഭവം.
പക്ഷെ ഇടുക്കി യാത്രയുടെ യഥാര്‍ത്ഥ കൗതുകം ഇതൊന്നുമല്ല. ഇടുക്കിയിലെ ആനകളാണത്. കുളമാവ് മുതല്‍ ചെറുതോണി വരെയുള്ള യാത്ര ശരിക്കും കാടിനുള്ളിലൂടെയാണ്. എപ്പൊഴെങ്കിലും ഇടുക്കിക്ക് പോകുമ്പോള്‍ ഈ റൂട്ടിലെ യാത്ര അല്‍പ്പം രാവിലേയോ അല്ലെങ്കില്‍ സന്ധ്യയ്ക്കൊ ആക്കുക. നിങ്ങള്‍ക്ക് വലിയ 'നിര്‍ഭാഗ്യ'മില്ലെങ്കില്‍ തീര്‍ച്ചയായും ഒരാനയുടെ മുന്പില് ചെന്നു പെട്ടിരിക്കും. ഞാനിതിത്ര ലാഘവത്തോടെ പറയുന്നതിന് കാരണമുണ്ട്. ഈ ഭാഗത്തുള്ള ആനകള്‍ ആരെയെങ്കിലും അപായപ്പെടുത്തുകയോ, അക്രമാസക്തരാവുകയോ ചെയ്തതായി അറിവില്ല. മൂന്നാലു വര്‍ഷം മുന്‍പ് ഒരിക്കല്‍ ഒരാനയെ ലോറി തട്ടിയതില്‍ പ്രതിഷേധിച്ച് അവര്‍ കുറേ സമയം റോഡ് ഉപരോധിക്കുകയുണ്ടായി. (ഇപ്പറഞ്ഞത് തമാശയല്ല. അന്നു വഴിയില്‍ കിടന്ന ഒരു സഹപ്രവര്‍ത്തക തന്നെ എന്നോട് പറഞ്ഞതാണ്.)
ആദ്യമായി ഇടുക്കിക്ക് പോകുമ്പോള്‍, കുളമാവിലെ വനം വകുപ്പിന്റെ മുന്നറിയിപ്പ് ബോര്‍ഡ് ഒരു തമാശയായാണ് തോന്നിയത്. മുന്നിലെ വഴിയില്‍ ആനയുണ്ടാവാം എന്ന മുന്നറിയിപ്പും ആനയെ കണ്ടാല്‍ എന്തു ചെയ്യണം എന്ന ഉപദേശവുമായിരുന്നു അതില്‍. എന്നാല്‍ രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഞാന്‍ ആനയുടെ മുന്പില് ചെന്നു പെടുകതന്നെ ചെയ്തു. രാത്രി എട്ടു മണിയോളമായിക്കാണും. കൂടെ ഭാര്യയും കുട്ടികളുമുണ്ട്. ഒരു വളവു തിരിഞ്ഞു ചെല്ലുമ്പോള്‍, ദാ സകല ഗാംഭീര്യത്തോടെയും നില്ക്കുന്നു ഒരെണ്ണം ഒരന്‍പതടി മുന്പില്. കൊമ്പനായിരുന്നോ അല്ലായിരുന്നോ എന്നൊന്നും ഓര്‍മ്മയില്ല! ശരീരമാസകലം ഒരു വിറയല്‍. വനം വകുപ്പിന്റെ ബോര്‍ഡിലെ കാര്യങ്ങള്‍ ഓര്‍ത്തെടുത്തു. വണ്ടി നിര്‍ത്തി, എന്നാല്‍ എന്ജിന് ഓഫ് ചെയ്തില്ല. ലൈറ്റ് ഡിം ചെയ്തു. ( എന്ജിന് ഇരപ്പിക്കുകയോ, ഹോണടിക്കുകയോ ചെയ്യാന്‍ പാടില്ല.) ശ്വാസം പിടിച്ച് ഒരു മിനിറ്റ്, അപ്പോഴേക്കും ഒന്നും സംഭവിക്കാത്ത മട്ടില്‍ ആശാന് കാട്ടിനുള്ളിലേക്ക് കയറിപ്പോയി. പിന്നേയും കുറച്ചു സമയം കൂടി കാത്തതിനു ശേഷം ഞങ്ങളും യാത്ര തുടര്‍ന്നു. ഏതായാലും അതോടെ ഞങ്ങളുടെയൊക്കെ ആനപ്പേടി മാറി. പിന്നീട് ഓരോ യാത്രയിലും കുട്ടികള്‍ പ്രാര്ത്ഥിക്കുന്നതു കേള്‍ക്കാം, 'ദൈവമേ പ്ലീസ് ഒരാനയെ കാണിച്ചു തരണേ'എന്ന്.
From Idukki |
അതിനു ശേഷം അടുത്തും അകന്നും എത്ര ആനക്കാഴ്ചകള്‍. ഒരിക്കല്‍ പകല്‍ സമയത്ത് ഒരുമിച്ച് മൂന്നു വാഹനങ്ങളുടെ മുന്പില് പെട്ട ഒരാനയുടെ വെപ്രാളം , കക്ഷി റോഡില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി രക്ഷയില്ലാതെ അവസാനം ഒട്ടകപ്പക്ഷിയെപ്പോലെ പൊന്തക്കുള്ളില്‍ തലയൊളിപ്പിച്ച് നിന്നു കളഞ്ഞു. ഈ വഴിയിലുള്ള ഡ്രൈവര്‍മാരും ആനകളോട് ബഹുമാനത്തോടെയാണ് പെരുമാറാറ്.
എന്റെ ഏറ്റവും മനോഹരമായ ആനക്കാഴ്ച ഒരു രാത്രിയിലായിരുന്നു. ചന്നം പിന്നം മഴയും നല്ല നിലാവും. യാത്ര പക്ഷെ ബൈക്കിലായിരുന്നു, അതുകൊണ്ടു തന്നെ ഭയവുമുണ്ട്. (ആനക്കാട്ടിലൂടെയുള്ള ബൈക്ക് യാത്ര ഒട്ടും സുരക്ഷിതമല്ല, പ്രത്യേകിച്ച് രാത്രിയില്‍.) ഓരോ വളവും സൂക്ഷിച്ചാണ് തിരിയുന്നത്. കുയിലിമല (ഇവിടെയാണ് കളട്രേറ്റ്) ആകാറായപ്പോള്‍ ഇനി പേടിക്കേണ്ട എന്നു കരുതിയതും ഒരാന മുന്പില്. സാധാരണ കാണുന്നതു പോലെ മണ്ണുപറ്റി മങ്ങിയതൊന്നുമല്ല. മഴയത്തു കുളിച്ച് വൃത്തിയായി, നല്ല കരിംകല്ലില്‍ കൊത്തിയപോലൊരു കൊമ്പന്. മുന്‍കാലുകള്‍ റോഡില്‍ കയറ്റി വെച്ച് നിലാവില് കുളിച്ച് നില്ക്കുന്ന കാഴ്ച കാണേണ്ടതു തന്നെ. സത്യം പറയട്ടെ, ആ ആനചന്തത്തില്‍ അലിഞ്ഞു പോയതിനാല്‍ ഭയമെന്ന വികാരമേ തോന്നിയില്ല. എന്നും മനസ്സില്‍ സൂക്ഷിക്കുന്ന ഒരു ചിത്രമാണത്.
ഇടുക്കി ജില്ലയിലെ മറ്റു സ്ഥലങ്ങളിലെ (മാട്ടുപ്പെട്ടി, ചിന്നാര്‍ മുതലായ) ആനകള്‍ ഇവിടുത്തുകാരെപ്പോലെ പാവത്താന്മാര് ഒന്നുമല്ല. മൂന്നാര്‍ മേഖലയില്‍ ആനമൂലമുള്ള മരണങ്ങള് സാധാരണം. ചിത്തിരപുരം ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന എന്റെ സുഹൃത്ത് ഡോ: ജയദേവന് തന്നെ ഇത്തരം നാലഞ്ച് മരണങ്ങളുടെ ശവപരിശോധന നടത്തിയിട്ടുണ്ട്. ആ വൈരാഗ്യത്തിലോ എന്തോ, അദ്ദേഹത്തെ ചിന്നാറില്‍ വെച്ച് ആന ഇട്ടോടിച്ചു. ബൈക്കില്‍ പോകുകയായിരുന്ന ജയദേവന്, ആക്സിലറേറ്റര്‍ വലിച്ചു പിടിച്ച നിലയില്‍ ഫ്രീസായി. പിന്നെ കിലോമീറ്ററുകള്‍ക്കു ശേഷമുള്ള ഒരു ചെക്ക് പോസ്റ്റിലാണ് ബോധം വീഴുന്നത്.
From Idukki |
10 comments:
ആനക്കൂട്ടം കാണാന്‍ കൊതുകമാണ്.
പാവങ്ങളാണവ.
അവസാനം കൊടുത്തിരിക്കുന്നത് സ്വന്തം കൂട്ടമാണോ? ഒരു പിടിയാനയും രണ്ടു കുട്ടീസും?
മാഷെ;
ഈ ആനക്കൂട്ടം പണ്ടിത്രപാവങ്ങളൊന്നുമല്ലായിരുന്നു ട്ടോ, ഏതായാലും ഇനിയെങ്കിലും കുടുംബസമേതമുള്ള രാത്രിയാത്രകള്‍ ദയവായി ഒഴിവാക്കൂ.
കഴിഞ്ഞമാസം കുയിലിമലയില്‍ വന്നപ്പോള്‍, പോയ വഴിയിലെല്ലാം എന്റെ കാമെറാ കണ്ണൂകള്‍ അവയെ തിരഞ്ഞു. അവസാനം കിലോമീറ്റെറുകള്ക്കാപ്പുറമുള്ള മറ്റൊരു മലയില്‍ ഒരു പിടി നില്ക്കുന്നതു കണ്ടു. അടുത്തുകാണാന്‍ ഒന്നിനേം കിട്ടീല്ല; വിഷമമായിപ്പോയിരുന്നു...
പിന്നെ, ഇടുക്കീലാണോ വീട്? എന്തു ചെയ്യുന്നു അവിടെ? പറയൂ...
ഈ വിവരണം ഇഷ്ടമായി...
ഇത്തരം യാത്രകള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു...
പണ്ട് പേപ്പാറ അണക്കെട്ട് കാണാന്‍ ബൈക്കില്‍ പോയപ്പോള്‍ വഴിയില്‍ പലയിടത്തും നല്ല പച്ച ആനപ്പിണ്ടം. അവിടെ ഏതോ അമ്പലത്തില്‍ പറയോ എഴുന്നള്ളിപ്പോ ഇപ്പോ കഴിഞ്ഞെ കാണൂ എന്നൊക്കെ തമാശ പറഞ്ഞ് മുന്നോട്ട് പോയി. കുറച്ച് ദൂരം പോയിക്കഴിഞ്ഞപ്പോഴാണ് വഴിയിലെ ചിലര്‍ പറഞ്ഞത് ആന ഇറങ്ങിയിട്ടുണ്ട് എന്ന്. ഏതാണ്ട് 75 ആനകളുടെ കൂട്ടം എന്നാണവര്‍ പറഞ്ഞത്. ഒന്നിനെപ്പോലും കാണാന്‍ പറ്റിയില്ല. പക്ഷെ ചില ചിന്നം വിളികളും മറ്റും കേട്ടിരുന്നു..
ഇപ്പോഴാണട്ടോ ചിത്രങ്ങള്‍ ശ്രദ്ധിച്ചത്!!!
അതിമനോഹരം എന്റെ ഇടുക്കി...
പലപ്രാവശ്യം പോയിട്ടുണ്ട് ആ വഴിയൊക്കെ. പക്ഷെ ഇതുപോലെ ഒരു വിവരണം വായിച്ചപ്പോള്‍ പുതുതായി ആ വഴി പോയ പ്രതീതി. ഇനിയും എഴുതൂ ഇത്തരം വിവരണങ്ങള്‍. ആശംസകള്‍...
അനിലേ,
തന്നെ, തന്നെ :)
ഹരീഷ്,
ഞാന്‍ ഇടുക്കിയില്‍ ആറു വര്‍ഷത്തോളം ജോലി ചെയ്തിരുന്നു. ചെറുതോണിയില്‍. ഇപ്പോഴില്ല. എങ്കിലും ഒരു പാതി ഇടുക്കിക്കാരന് തന്നെ.
ശിവ, മൂര്‍ത്തി, നിരക്ഷരന്,
ഒന്നു കൂടി ഇടുക്കിക്കിറങ്ങൂ, നന്ദി!
ബാബുരാജ്,
ഞാനിപ്പൊഴാ ഇവിടെ വന്നത്.
ഇടുക്കിയിലെ ‘ആനക്കാര്യം’ കൌതുകമുളവാക്കി.
ഒരിയ്ക്കല്‍ ഞങ്ങളും വരും. കൊതിതീരെ ആനകളെക്കാണാന്‍ .
ഇടുക്കിയിലും ചെറുതോണിയിലും മാട്ടുപ്പെട്ടിയിലുമൊക്കെയായി കുറെ കൊല്ലങ്ങള്‍ താമസിച്ചിട്ടുണ്ട്..ആനകളേ കാണാനും ഭാഗ്യം കിട്ടിയിട്ടുണ്ട്.അതൊക്കെ ഓര്‍ക്കാന്‍ ഈ പോസ്റ്റ് സഹായിച്ചു..ആശംസകള്‍ .
ഇടുക്കിയിലെ ആനകളെ കാണിച്ചു തന്നതിന് നന്ദി..
Post a Comment