മുന്‍പ് പറഞ്ഞ ലാഭം വീതിക്കുന്ന രീതിയില്‍ നിന്ന് അല്‍പം കൂടി വ്യത്യസ്ഥമായ ഒരു രീതി കൂടിയുണ്ട്. ഒരു ഉടമ്പടി ഉണ്ടാക്കുന്നതില്‍ ലജ്ജയുള്ള ഡോക്ടര്‍മാരെ വീഴ്താനുള്ള ഒരു രീതിയാണിത്. താരതമ്യേന വില കൂടുതലുള്ള മരുന്നുകളിലാണ് ഈ പ്രയോഗം. ആയിരങ്ങള്‍ വിലയുള്ള മരുന്നുകള്‍ അവതരിപ്പിക്കുമ്പോള്‍ റെപ്രസെന്റേറ്റീവ് പറയും, ഡോക്ടറുടെ പേരില്‍ ബില്‍ ചെയ്താല്‍ ഇത് ഇത്ര രൂപയ്ക്ക് കിട്ടും എന്ന്. ഈ വ്യത്യാസം മരുന്നു വിലയുടെ 25 ഓ 50 ഒാ ശതമാനം വരെ വന്നെന്നിരിക്കും. ഈ ലാഭം വേണമെങ്കില്‍ പാവപ്പെട്ട രോഗിക്ക് കൈമാറാം എന്നാണ് സൂചന എങ്കിലും എന്താണ് അര്‍ത്ഥം എന്നത് രണ്ടു പേര്‍ക്കും അറിയാം. വന്ധ്യതാ ചികില്‍സകര്‍ കൊയ്ത് നടത്തുന്നത് ഈ രീതിയിലാണ്. ഈ വക ചികില്‍സക്ക് പോയിട്ടുള്ളവര്‍ ഒരു പക്ഷെ ശ്രദ്ധിച്ചിട്ടുണ്ടാവും, ഡോക്ടര്‍ തന്റെ ക്ലിനിക്കില്‍ നിന്നു തന്നെ മരുന്ന് വാങ്ങണം എന്നു നിഷ്കര്‍ഷിക്കുന്നത്. പക്ഷെ ഇവിടെ രോഗി പുറത്ത് മറ്റൊരു മെഡിക്കല്‍ ഷോപ്പില്‍ നിന്ന് ഈ മരുന്നു വാങ്ങിയാല്‍ ഡോക്ടര്‍ക്ക് ലാഭം ഒന്നും കിട്ടില്ല. ആത്മാര്‍ത്ഥതയുള്ള ഒരു ഡോക്ടര്‍ക്ക് തന്റെ രോഗിക്ക് കുറഞ്ഞ വിലയില്‍ മരുന്നു ലഭ്യമാക്കാന്‍ പറ്റും എന്നതാണ് ഇതിന്റെ ഒരു ഗുണം. ഈ രീതി ഉപയോഗപ്പെടുത്തി കുറഞ്ഞ വിലക്ക് മരുന്ന് രോഗിക്ക് എത്തിച്ചു കൊടുക്കുന്ന ധാരാളം പേരുണ്ട്.
ഇത്രയും പറഞ്ഞത് ഒരു പ്രത്യേക ബ്രാണ്ട് നിഷ്കര്‍ഷിക്കുന്നതിനെ കുറിച്ചാണ്. ഇനി അനാവശ്യ മരുന്നുകള്‍ കുറിക്കുന്നു എന്ന പരാതി നോക്കാം.ഞാന്‍ അനാവശ്യമായി ഒരു മരുന്നും കുറിക്കുന്നില്ല എന്ന് വ്യക്തിപരമായി അവകാശപ്പെടുമെങ്കിലും 'ഞങ്ങളാരും' എന്ന രീതിയില്‍ ആ അവകാശം ഉന്നയിക്കാന്‍ ഒരു ഡോക്ടറും സംഘടനയും ധൈര്യപ്പെടില്ല. കാരണം അതു ധാരാളമായി നടക്കുന്നുണ്ട് എന്നത് എല്ലാവര്‍ക്കും അറിയാം എന്നതു കൊണ്ട് തന്നെ.
അനാവശ്യ മരുന്നുകള്‍ ധാരാളമായി കുറിക്കപ്പെടുന്നുണ്ട്!
എന്നാലിതിന്റെ പ്രധാന കാരണം എല്ലാവരും കരുതുന്ന പോലെ ഡോക്ടര്‍മാരുടെ ആര്‍ത്തിയല്ല. ഒരു പക്ഷെ ഡോക്ടര്‍മാര്‍ ഒഴികെയുള്ള എല്ലാവര്‍ക്കും മനസ്സിലാക്കാനും വിശ്വസിക്കാനും എളുപ്പമുള്ള ഒരു കാരണമാവാം അത്. ഒരു കച്ചവടം എന്ന രീതിയില്‍ അങ്ങിനെ മരുന്നെഴുതുന്ന ഒരു വിഭാഗം ഉണ്ടാവാം, അല്ലെങ്കില്‍ ഉണ്ട്. പക്ഷെ അവര്‍ ഒരു ന്യൂനപക്ഷം മാത്രമാണ്.ഇങ്ങനെ അനാവശ്യ മരുന്നുകള്‍ എഴുതപ്പെടുന്നതിന്റെ പ്രധാന കാരണം, മിക്കവാറും ഡോക്ടര്‍മാര്‍ക്ക് അവര്‍ ചെയ്യുന്ന ജോലിക്ക് വേണ്ടുന്നതായ അറിവ് ഇല്ല എന്നതാണ്. നിങ്ങള്‍ ഞെട്ടിയോ? അതാണ് സത്യം.
ഒരിക്കല്‍ പഠനം കഴിഞ്ഞ് ഇറങ്ങിയാല്‍, ഭൂരിഭാഗം ഡോക്ടര്‍മാര്‍ക്കും മരുന്നുകളെപ്പറ്റിയുള്ള അറിവ് മെഡിക്കല്‍ റെപ്പുമാര്‍ നല്‍കുന്നത് മാത്രമാണ്. അതിനപ്പുറം അന്വെഷിക്കാനും പഠിക്കാനും അവര്‍ക്ക് സമയമില്ല, അല്ലെങ്കില്‍ താല്‍പര്യമില്ല. റെപ്രസെന്റേറ്റീവുകള്‍ നല്‍കുന്ന വിവരം ഭാഗികവും, അര്‍ത്ഥസത്യവും, പ്രതികൂല ഘടകങ്ങളെ മൂടി വെച്ചതുമാണ്. അവരെ സംബന്ധിച്ച് വില്‍പ്പനയും ടാര്‍ഗെറ്റുമാണ് ലക്ഷ്യം. മുന്തിയ ഹോട്ടലില്‍ ഡിന്നറും, ഒരു സമ്മാനപൊതിയും നല്‍കപ്പെടുമ്പോള്‍ പുതുതായ് ഇറങ്ങിയ മരുന്നിനെപ്പറ്റി കമ്പനി ഇറക്കിയ 'വിദദ്ധനും' റീജ്യണല്‍ മാനേജരും പറയുന്നതപ്പാടെ വിഴുങ്ങുന്നവരാണ് ഭൂരിപക്ഷവും. ആന്റി ഓക്സിഡന്റു കച്ചവടം ഇപ്പോഴും കുഴപ്പമില്ലാതെ ഇന്‍ഡ്യയില്‍ നടക്കുന്നത് തന്നെ നല്ല ഉദാഹരണം.
ഒരു മരുന്ന് നല്‍കുന്നതു കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നുമില്ലെങ്കിലും അതൊരു ശീലമായിപ്പോയതു കൊണ്ട് മാറ്റാന്‍ കഴിയാത്ത ഒരു വിഭാഗമുണ്ട്. അവര്‍ ശീലിച്ചതേ പാലിക്കൂ. എപ്പോഴും പരാമര്‍ശിക്കപ്പെടുന്ന, ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗമാണ് നല്ലൊരു ഉദാഹരണം. അണുബാധ തടയാനായി ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് പൊതുവായി ഫലശൂന്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാലിവര്‍ പറയും "എന്തിനാ വെറുതെ റിസ്കെടുക്കുന്നത്, കൊടുക്കുന്നതു കൊണ്ട് ദോഷമൊന്നുമില്ലല്ലൊ?" എന്ന്. ശരിയാണ് കൊടുക്കുന്നവര്‍ക്ക് ദോഷമൊന്നുമില്ല.
ഭൂരിഭാഗം രോഗികളെ പോലെ തന്നെ, പല ഡോക്ടര്‍മാരും വിശ്വസിക്കുന്നത് വില കൂടിയ മരുന്നുകള്‍ ഫലം കൂടിയ മരുന്നുകളാണെന്നാണ്. നിസ്സാരമായ അയണ്‍ ഗുളിക തന്നെ ഉദാഹരണം. "ഇതൊന്നു കഴിക്കൂ പ്ലീസ്" എന്നു പറഞ്ഞ് പബ്ലിക് ഹെല്‍ത്ത് നഴ്സ്‌മാര്‍ പിറകെ നടന്നു നല്‍കുന്ന സര്‍ക്കാര്‍ ഗുളിക മുതല്‍ ഒന്നിന് പത്തു രൂപ വരെ വരുന്ന അയണ്‍ ഗുളികകളുണ്ട്. 'പ്രീമിയം ബ്രാണ്ട്' റെപ്പിന്റെ പ്രകടനം കഴിയുമ്പോള്‍ ഫിസിയൊളൊജിയില്‍ പഠിച്ച അയണ്‍ അബ്‌സോര്‍ബ്ഷന്‍ ആന്റ് മെറ്റബോളിസം പാടേ മറന്നു പോകുന്നു പലരും.
കയ്യില്‍ കോപ്പില്ലാത്തതു കൊണ്ട് കണ്ടതെഴുതുന്നവരാണ് മറ്റു ചിലര്‍. ചില 'അലോപ്പതി' സാറന്മാര്‍ക്ക് ആയുര്‍വേദ പ്രൊപ്രൈറ്ററി മരുന്നുകള്‍ പ്രിയംകരമാകുന്നതിന്റെ രഹസ്യം മറ്റൊന്നുമല്ല. തനിക്ക് ഓപ്പറേഷന്‍ വശമില്ലാത്തതിനാല്‍ എന്‍ഡൊമെട്രിയോമ (ആര്‍ത്തവ കാലങ്ങളില്‍ ഉള്ളില്‍ രക്തം കെട്ടിക്കിടന്നുണ്ടാവുന്ന അവസ്ഥ)എന്ന രോഗവുമായി ചെന്ന അത്താഴ പട്ടിണിക്കാരിയായ രോഗിയോട് മുമ്മൂന്ന് മാസം കൂടുമ്പോള്‍ പന്തീരായിരം രൂപയുടെ ഇന്‍ജെക്ഷന്‍ എടുക്കാന്‍ പറഞ്ഞ സാറത്തിയെ എനിക്ക് നേരിട്ടറിയാം.
ഇതിനൊക്കെ മാറ്റം വരണമെങ്കില്‍, സംഘടനാ തലത്തിലുള്ള ബോധവല്‍ക്കരണവും, ഉന്നത നിലവാരമുള്ള തുടര്‍ വിദ്യാഭ്യാസവും അത്യാവശ്യമാണ്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ പിന്നെ ജീവിതം മുഴുവന്‍ ഡോക്ടറായി ഇരിക്കാം എന്ന അവസ്ഥ മാറ്റി ഇടയ്ക്കിടെ ലൈസന്‍സിംഗ് പരീക്ഷകള്‍ നടത്തണം. ഏറ്റവും കുറഞ്ഞത് IMC നിര്‍ദ്ദേശിച്ച CME അവേര്‍സിന്റെ കാര്യത്തിലെങ്കിലും നിഷ്കര്‍ഷ ഉണ്ടാവണം. പല തലങ്ങളിലായി പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് വരണം. അല്ലാതെ വെറുതെ ഒരു ട്രീറ്റ്‌മന്റ് പ്രോട്ടോകോള്‍ ഉണ്ടാക്കുന്നത് ഗുണം ചെയ്യില്ല. മാത്രമല്ല, ഒരു ഡോക്ടര്‍ക്ക് തന്റെ അനുഭവ ജ്ഞാനവും, പ്രായോഗിക വിജ്ഞാനവും, ധൈഷണിക ഭാവനയും ചികില്‍സയില്‍ പ്രയോഗിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയുമാണ്. ചിലര്‍ അങ്ങിനെ ചെയ്യുന്നത് കൊണ്ടാണ് അവര്‍ വ്യത്യസ്തരാവുന്നതും, അതിനെ കൈപ്പുണ്ണ്യം എന്നൊക്കെ മറ്റുള്ളവര്‍ വ്യാഖ്യാനിക്കുന്നതും.
Subscribe to:
Post Comments (Atom)
7 comments:
രണ്ടും വായിച്ചു മാഷേ.
പഠിച്ചിറങ്ങിയ ഉടനേ ജീവിതമാര്‍ഗ്ഗം തേടി ആദ്യം കയ്യിലെടുത്തത് മെഡിക്കല്‍ റപ്പിന്റെ ബാഗാണ്. തത്തമ്മേ പൂച്ച പൂച്ച് ഇംഗ്ലീഷുമായി ആലപ്പുഴയിലൂം പത്തനംതിട്ടയിലും ഒരുകൊല്ലത്തോളം പടവെട്ടിയിട്ടും ഉണ്ട്.
Cyproheptadine Hcl (ആണെന്നാണ് ഓര്‍മ്മ) എന്ന മരുന്ന് കുഞ്ഞുങ്ങള്‍ക്ക് വിശപ്പുകൂട്ടാനായി വിറ്റിരുന്നു എന്റെ കമ്പനി. ആലപ്പുഴയിലും പന്തളത്തും കാശും, സമ്മാനവുമൂക്കെക്കൊടുത്ത് ഇതിന്റെ കച്ചവടം പൊടിപൊടിച്ചത് ഞാന്‍ ഓര്‍ക്കുന്നു. കമ്പനിയുടെ പോളിസി. :(. അന്നുതന്നെ കുറ്റബോധത്തോടെയാണ് ചെയ്തിരുന്നത് ആ പണി. സ്വകാര്യാശുപത്രിയില്‍ ഫാര്‍മ്മസിസ്റ്റുകളും വളരെ പവര്‍ഫുളായിരുന്നു. കാണേണ്ട ദൈവങ്ങളും.
നല്ല ലേഖനം
ശ്രദ്ധിച്ചു വായിക്കുന്നുണ്ട് ബാബുരാജ്.
എതാണ്ട് ഇതേ വിഷയം തന്നെ ബി ഇക്ബാല്‍ സാറും എഴുതിയിരുന്നതാണ് പണ്ട്.
പഠിച്ചിറങ്ങിയ ശേഷം ഫാര്‍മക്കോളജിയില്‍ അറിവ് അപ്പ്ഡേറ്റ് ചെയ്യാന്‍
റപ്പായിയുടെ ലഘുലേഖയെ ആശ്രയിക്കേണ്ട ഗതികേട് വളരെ എളുപ്പം
പരിഹരിക്കാവുന്നതേയുള്ളു ( നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ഡോക്റ്റര്‍മാര്‍
സമരം തുടങ്ങുമെങ്കിലും)
ഒരാള്‍ സി ഏ അവസാന പരീക്ഷ പാസ്സ് ആകുമ്പോള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്
ആയി. പക്ഷേ പ്രാക്റ്റീസ് ചെയ്യണമെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ്
പ്രാക്റ്റീസ് എടുക്കണം. ഈ സാധനം വേണമെങ്കില്‍ വര്‍ഷാവര്‍ഷം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ്
(നാട്ടിലാണെങ്കില്‍ ഓഫ് ഇന്‍ഡ്യ)യില്‍ മെംബര്‍ ആയിരിക്കണം. വര്‍ഷാവര്‍ഷം
ഈ മെംബര്‍ഷിപ്പ് പുതുക്കി വാങ്ങണം. ഈ പ്രൊഫഷന്റെ അപെക്സ് ബോഡി ആയ
ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന എത്തിക്കല്‍ കോഡും ദോശ പോലെ എന്നും
ചുട്ടു വയ്ക്കുന്ന ഗൈഡന്‍സുരേഖകളും അനുസരിച്ചാല്‍ മാത്രം പോര അതിന്.
പിന്നെയോ?
മൂന്നു വര്‍ഷത്തില്‍ ഇത്ര മണിക്കൂര്‍ വീതം എന്ന് ടാര്‍ഗറ്റ് വച്ച്
Continuing Program of Education (CEP) അറ്റെന്‍ഡ് ചെയ്തിരിക്കണം
മെംബര്‍ഷിപ്പ് പുതുക്കി കിട്ടാന്‍. അതൊരു ക്ലാസ്സ് അല്ല, ക്വാളിറ്റി
മാര്‍ക്കിങ്ങ് സിസ്റ്റം ആണ്. ഒരു നിലവാരത്തിനു മുകളിലുള്ള
സെമിനാറുകളെ, വര്‍ക്ക്ഷോപ്പുകളെ, ട്രെയിനിങ്ങ് കോഴ്സുകളെ, ഗവേഷണങ്ങളെ
അങ്ങനെ പലതിനും CEP നിലവാരമുള്ളവ എന്ന് ഇന്‍സ്റ്റിറ്റ്യൂട്ട്
അംഗീകരിക്കും. ഇവ രാജ്യത്തും വിദേശത്തുമൊക്കെയായി
നടന്നുകൊണ്ടേയിരിക്കുകയാണ്, നിങ്ങളുടെ പ്രാക്റ്റീസിനും സ്പെഷലൈസേഷനും
അനുയോജ്യമെന്നു തോന്നുന്നവ, നിങ്ങളുടെ സമയലഭ്യതയ്ക്കനുസരിച്ച്
തെരഞ്ഞെടുത്ത് ഇഷ്ടമുള്ള CEP റേറ്റഡ് പരിപാടികളില്‍ ഭാഗം കൊള്ളുക.
ഇന്‍സ്റ്റിറ്റ്യൂട്ട് അറ്റന്‍ഡന്‍സ് മോണിറ്റര്‍ ചെയ്യുന്നുണ്ട്. ഓരോ
മൂന്നുവര്‍ഷ കാലയളവിലും ഏതെങ്കിലും നാട്ടിലെ ഏതെങ്കിലും റേറ്റഡ്
ഇവന്റുകളാലെ നിങ്ങള്‍ ടാര്‍ഗറ്റിലെത്തുക, ഇല്ലെങ്കില്‍ ഒബ്സൊലീറ്റ്
പ്രാക്റ്റീഷണര്‍ എന്ന മുദ്ര കുത്തി ഇന്‍സ്റ്റിറ്റ്യൂട്ട് നിങ്ങളുടെ
സര്‍ട്ടിഫിക്കേറ്റ് ഓഫ് പ്രാക്റ്റീസ് തിരിച്ചു വാങ്ങും.
എഴുത്തിലുണ്ടായാല്‍ പോരാ, കര്‍ശനമായത് നടപ്പിലാക്കുകയും വേണം. ഏതു
വിദഗ്ദ്ധനും ഉന്നതനും അത് ബാധകമാക്കണം. ഫോര്‍ യുവര്‍ ബെറ്റര്‍മെന്റ്,
ഫോര്‍ അഷ്വറിങ്ങ് യുവര്‍ ബെസ്റ്റ് റ്റു ഉവര്‍ ക്ലയന്റ്സ് ആന്‍ഡ് ഫോര്‍
അഷ്വറിങ്ങ് ഹൈയസ്റ്റ് പോസ്റ്റിബിള്‍ സ്റ്റാന്‍ഡാര്‍ഡ്സ് ഓഫ് ഔര്‍
പ്രൊഫഷന്‍ എന്നാണു CEP മുദ്രാവാക്യം
"ഇതിനൊക്കെ മാറ്റം വരണമെങ്കില്‍, സംഘടനാ തലത്തിലുള്ള ബോധവല്‍ക്കരണവും, ഉന്നത നിലവാരമുള്ള തുടര്‍ വിദ്യാഭ്യാസവും അത്യാവശ്യമാണ്"
കൂടാതെ, ഡാക്ടര്‍മാര്‍ക്കു ജോലിയോടു 100% ആത്മാര്‍ഥത ഉണ്ടായാല്‍ അവര്‍ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ചെയ്യുകയില്ല എന്നു തോന്നുന്നു.
പ്രിയ ബാബു ജീ,
രണ്ടു ലേഖനങ്ങളും വായിച്ചു. പൂര്‍ണ്ണമായും യോജിക്കുന്നു.
പുതിയ മരുന്നുകളെയോ ചികിത്സാ രീതികളേയോ അറിയണമെങ്കില്‍ പറ്റി മെഡിക്കല്‍ റെപ്പിന്റെ പളപളത്ത ചാര്‍ട്ടുകളും ഫ്ലയറുകളും കാണണം എന്ന അവസ്ഥയാണ് ഇന്ന് പ്രാക്ടിക്കല്‍ മെഡിസിന്‍ ഇന്ത്യയില്‍ നേരിടുന്ന ദുരവസ്ഥയ്ക്ക് പ്രധാനകാരണമെന്നത് ഒരു നാണക്കേടാണ്.
Doxophyllin എന്ന പുതിയ ശ്വസനസഹായി മരുന്നു അവതരിപ്പിച്ച മാത്രയില്‍ തന്നെ തിരുവനന്തപുരത്തെ ചില പോക്കറ്റുകളില്‍ അതു വ്യാപകമായി ഉപയോഗിക്കപ്പെട്ടു തുടങ്ങി. അതു ലാവിഷായി എഴുതുന്ന ഒരു സീനിയര്‍ ഡോക്ടറോട് തമാശ മട്ടില്‍ ഞാന്‍ അതിന്റെ കൃത്യമായ indication ചോദിച്ചു. ‘അതു പിന്നെ..Deriphyllinന്റെ ഇന്‍ഡിക്കേഷനൊക്കെ തന്നെ.’ എന്നായിരുന്നു മൂപ്പരുടെ മറുപടി. ഞാന്‍ വീണ്ടും ചോദിച്ചു ‘ഡെറിഫിലിനില്‍‘ എന്താണ് ആക്റ്റീവ് ഇന്‍ഗ്രീഡിയന്റ് എന്ന്. മൂപ്പര്‍ നിന്നു തപ്പിക്കളിക്കുന്നതുകണ്ടപ്പോള്‍ ചിരിയല്ല സങ്കടമാണു വന്നത്, സത്യത്തില്‍.
ദേവന്‍ ജീ പറഞ്ഞപോലെ, കണ്ടിന്യൂയിംഗ് മെഡിക്കല്‍ എജ്യൂക്കേഷനേക്കാള്‍ ഇതിനു പരിഹാരം കര്‍ശന വ്യവസ്ഥകളോടെയുള്ള പുനര്‍ റെജിസ്ട്രേഷനാണ് എന്നു തോന്നുന്നു. ഒപ്പം താങ്കള്‍ പറഞ്ഞപോലെ പ്രിസ്ക്രിപ്ഷന്‍ ഓഡിറ്റും. പിന്നെ, മരുന്നുകള്‍ ഓവര്‍ ദ കൌണ്ടര്‍ ആയി നല്‍കുന്ന കലാപരിപാടിയും ഉടനടി നിര്‍ത്തേണ്ടതുതന്നെ.
ശക്തമായ ഒരു പ്രിസ്ക്രിപ്ഷന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വരുന്നതിനു മുന്‍പ് ഒരല്‍പ്പകാലം ട്രയല്‍ അടിസ്ഥാനത്തില്‍ നോക്കാവുന്ന ഒന്നാണ് “ട്രീറ്റ്മെന്റ് പ്രോട്ടോക്കോള്‍” എന്നാണെനിക്കു തോന്നുന്നത്. വിശേഷിച്ചും സര്‍വ്വ സാധാരണയായി കാണുന്ന രോഗങ്ങള്‍ക്കുള്ള ഡയഗ്നോസ്റ്റിക് ടെസ്റ്റുകളുടെയും ചികിത്സാ ഉപാധികളുടേയും കാര്യത്തിലെങ്കിലും. അമേരിക്കന്‍ ഗവണ്മെന്റിന്റെ “ക്ലിനിക്കല്‍ ഗൈഡ് ലൈന്‍” വെബ് സൈറ്റ് ഒരു മാതൃകയാക്കാമെന്നു തോന്നുന്നു. യാതൊരു വസ്തുനിഷ്ഠ തെളിവുമില്ലാതെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മരുന്നുകള്‍ക്കും, കോംബിനേഷനുകള്‍ക്കും മറ്റു ചികിത്സോപാധികള്‍ക്കും അല്പമൊക്കെ നിയന്ത്രണം വരാന്‍ അതു നല്ലതായിരിക്കും.
മനുഷ്യജീവന്‍ വച്ചുള്ള ഇ കളിയില്‍ വിവരക്കേട് അക്ഷന്തവ്യമാണ്. There is no second chance!
ബാബുരാജ് .. രണ്ട് ലേഖനങ്ങളും വായിച്ചു . ഉള്ള കാര്യങ്ങള്‍ വളരെ സത്യസന്ധമായി അവതരിപ്പിച്ചിരിക്കുന്നു . ആരോഗ്യരംഗത്ത് മാത്രമായി ഒരു പരിവര്‍ത്തനം നടക്കുമെന്ന് കരുതാന്‍ വഴിയില്ല . ആരോഗ്യവും വിദ്യാഭ്യാസവും ഭക്തിയും രാഷ്ട്രീയവും എല്ലാം തന്നെ ബിസിനസ്സാണിവിടെ .
അണുബാധ തടയാനായി ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് പൊതുവായി ഫലശൂന്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. ബാബുരാജ് ഇങ്ങനെ എഴുതിയത് എനിക്ക് മനസ്സിലായില്ല . ഒന്ന് വിശദീകരിക്കുമല്ലോ >
പ്രിയ സുകുമാരേട്ടന്‍,
എന്റെ ലേഖനങ്ങളില്‍ കാണിച്ച താല്‍പര്യത്തിന് നന്ദി. മറുപടി വൈകിയതില്‍ ക്ഷമിക്കണം. അല്‍പം താമസിച്ചാണ് കമന്റ് കണ്ടത്.
അണുബാധ തടയുന്നതിനെപ്പറ്റിയാണ് പറഞ്ഞത്. ആന്റി ബയോട്ടിക്കുകള്‍, അണുബാധ ഒരുപക്ഷെ ഉണ്ടായേക്കുമോ എന്ന സംശയത്തില്‍ മുന്‍കരുതലായ് നല്‍കാറുണ്ട്. ഉദാഹരണമായി വൈറല്‍ പനികള്‍ വരുമ്പോള്‍ ബാക്റ്റീരിയല്‍ അണുബാധ വരാതിരിക്കാന്‍. മറ്റൊരുദാഹരണം, ഓപ്പറേഷനുകള്‍ക്കു ശേഷം ആന്റീബയോട്ടിക്കുകള്‍ നല്‍കുന്നത്. ഇങ്ങനെ നല്‍കുന്നതിന് prophylactic use എന്നാണ് നമ്മള്‍ പറയുക. ഇതിനെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത്.
അണുബാധയില്ലാത്ത ഒരു സര്‍ജറി ചെയ്യുമ്പോള്‍ (ഉദാ: മുന്‍കൂട്ടി നിശ്ചയിച്ച സിസേറിയന്‍) ഇങ്ങനത്തെ പ്രൊഫീലാക്റ്റിക് ഉപയോഗം ഗുണമൊന്നും ചെയ്യുന്നില്ല. എന്നാല്‍, അണുബാധയുള്ള അവസ്ഥകളില്‍ (ഉദാ: അപ്പന്‍ഡിസൈറ്റിസ്) ആന്റിബയോട്ടിക്കുകള്‍ അത്യാവശ്യവുമാണ്.
മിക്കവാറും prophylactic use വിദദ്ധരൊന്നും ശുപാര്‍ശ ചെയ്യുന്നില്ല. പ്രത്യേകിച്ച് ഗുണം ഇല്ല എന്നതു മാത്രമല്ല, ഇത്തരത്തില്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ പ്രതിരോധ ശേഷിയുള്ള അണുക്കള്‍ മൂലം അണുബാധയുണ്ടാകാനുള്ള സാദ്ധ്യതയും ഉണ്ട്. അതായത് ഗുണത്തിലേറെ ദോഷം.
കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ പ്രഗല്‍ഭനായ ഒരു അദ്ധ്യാപകന്‍ ഉണ്ടായിരുന്ന കാലത്ത്, വര്‍ഷങ്ങളോളം അവിടെ സാധാരണ പ്രസവങ്ങള്‍ക്കും, സാധാരണ സിസേറിയനുകള്‍ക്കും ശേഷം ആന്റി ബയൊട്ടിക്കുകള്‍ നല്‍കിയിരുന്നില്ല. അതുകൊണ്ട് ഒരു കുഴപ്പവും സംഭവിച്ചുമില്ല. പക്ഷെ ഖേദകരം എന്നു പറയട്ടെ, അദ്ദേഹം റിട്ടയര്‍ ചെയ്തതോടെ കാര്യങ്ങളൊക്കെ പഴയപടിയായി.
വളരെ വസ്തുനിഷ്ഠമായി എഴുതിയിരിക്കുന്നു ഈ രണ്ടു ലേഖനങ്ങളും.
CME ക്രെഡിറ്റ്സ് അപ്‌ഡേറ്റ്സ്, പ്രിസ്ക്രിപ്ഷന്‍ ഓഡിറ്റിങ്ങ് എന്നീ പരിപാടികള്‍ക്കൊപ്പം തന്നെ ആലോചിക്കാവുന്ന/ ആലോചിക്കേണ്ട ഒരു പദ്ധതിയാണു് ഒരു ദേശീയപൌരചികിത്സാവിവരശേഖരം. (National Citizen's Clinical Treatment history Database).
എല്ലാ പൌരന്മാര്‍ക്കും (റേഷന്‍ കാര്‍ഡ് പോലെയോ പാസ്സ്പോര്‍ട്ട് പോലെയോ) ഒരു പുസ്തകമുണ്ടായിരിക്കണം. അതില്‍ അവര്‍ക്ക് ജീവിതകാലം ഉടനീളം വേണ്ടിവന്ന എല്ലാ ചികിത്സകളെക്കുറിച്ചും മരുന്നുകളെക്കുറിച്ചും ഉള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടാവണം. ഇതിന്റെ ഒരു കമ്പ്യൂട്ടര്‍വല്‍കൃത കോപ്പി സര്‍ക്കാര്‍ ഏജന്‍സിയ്ക്കും സൂക്ഷിക്കാം.
ഒറ്റനോട്ടത്തില്‍ ഭ്രാന്തമെന്നും അപ്രായോഗികമെന്നും തോന്നാമെങ്കിലും വളരെ സാദ്ധ്യതകളുള്ള ഒരു പദ്ധതിയായിരിക്കും ഇത്. രോഗിയെ സംബന്ധിച്ചിടത്തോളം അയാളുടെ പ്രോഗ്നോസിസിനും ചികിത്സിച്ച ഡോക്റ്റര്‍മാരെ സംബന്ധിച്ചിടത്തോളം അവരുടെ ചികിത്സാരീതിയുടെ ഗുണനിലവാരപരിശോധനയ്ക്കും (Treatment Plan Assessment) മൊത്തം വൈദ്യസമൂഹത്തിന് ഗവേഷണാവശ്യങ്ങള്‍ക്കും സര്‍ക്കാരിന് ആരോഗ്യമേഖലയിലെ ആസൂത്രണത്തിനും ഉതകും ഇത്തരമൊരു സംവിധാനം.
അസാധാരണമായ ഇച്ഛാശക്തിയുള്ള ഒരു ഗവണ്മെന്റ് നമുക്കുണ്ടായിരുന്നെങ്കില്‍ നടപ്പിലാക്കാവുന്ന മറ്റൊരു ആശയം കൂടി: കര്‍ശനമായ ഗുണനിലവാര പരിശോധനകള്‍ക്കുശേഷം ഉല്‍പ്പാദകരില്‍ നിന്നും മൊത്തമായി മരുന്നു വാങ്ങി ഗവണ്‍മ്മെന്റ് തന്നെ നേരിട്ട് ആശുപത്രികളിലേക്കും സ്വകാര്യ ഫാര്‍മസി സ്റ്റോറുകളിലേക്കും മറ്റും യഥായോഗ്യമായ വിലയ്ക്ക് വിതരണം ചെയ്യുക.വൈദ്യുതി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ രംഗങ്ങളില്‍ ഫലത്തില്‍ ഇതേ സമ്പ്രദായം നിലനില്‍ക്കുന്നുമുണ്ടല്ലോ.
താന്‍ ഉപയോഗിക്കുന്ന മരുന്ന് എന്താണ്, അതുകൊണ്ടുള്ള ഗുണവും ദോഷവുമെന്തൊക്കെ എന്ന് രോഗിയും കുറച്ചൊക്കെ അറിഞ്ഞിരിക്കാന്‍ ശ്രമിക്കേണ്ടതാണ്. പണ്ടത്തേക്കാള്‍ ഇക്കാര്യം വളരെ എളുപ്പമാണ്. Cephalexin എന്നൊരു പേരുകേട്ടാല്‍ അതെന്തുതരം മരുന്നാണെന്നുപോലും അറിയുവാന്‍ ഏതാനും വര്‍ഷം മുന്‍പു വരെ സാധാരണക്കാരന് ഡോക്റ്ററോടോ ഫാര്‍മസിസ്റ്റിനോടോ തന്നെ ചോദിച്ചറിയുക എന്നതല്ലാതെ യാതൊരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല. ഇന്ന് അങ്ങനെയല്ല സ്ഥിതി. ഒന്നും പറ്റിയില്ലെങ്കില്‍ ഏതെങ്കിലും നല്ല മെഡിക്കല്‍ വെബ് സൈറ്റില്‍ പരതിയാല്‍ അവശ്യം വേണ്ട വിവരങ്ങള്‍ തപ്പിയെടുക്കാന്‍ പറ്റും. (അത്തരം വിവരങ്ങള്‍ ഉപയോഗിച്ച് മുറിവൈദ്യനായി ഡോക്ടറുടെ തലയില്‍ കേറണമെന്ന്‍ അര്‍ത്ഥമില്ല, എങ്കിലും രോഗിയ്ക്ക് ഒരു സാമാന്യധാരണ ഉണ്ടാവുന്നത് ഡോക്ടറുടെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കും).
Post a Comment