Monday, January 07, 2008

മരുന്നെഴുത്തിലെ പരിഗണനകള്‍.

ഡോക്ടര്‍മാരുടെ മരുന്നെഴുത്തില്‍ വളരെയധികം ദൂഷിത താല്‍പര്യങ്ങള്‍ ഉണ്ടെന്ന ആരോപണം പൂര്‍വാധികം ശക്തമായി ഉയരുന്ന സമയമാണിപ്പോള്‍. കഴിഞ്ഞ ദിവസം മനോരമ ന്യൂസില്‍ വന്ന നേര്‍ക്കുനേര്‍ പരിപാടി കണ്ടപ്പോള്‍ ഉണ്ടായ ചില ചിന്തകളാണിതില്‍.

രോഗിയുടെ താല്‍പര്യം മാത്രം നോക്കി മരുന്നെഴുതുന്ന മര്യാദരാമന്മാരാണ്‌ 99% ഡോക്ടര്‍മാരും എന്ന് IMA പ്രസിഡെന്റ്‌ പറയുന്നു. 99% എന്നുള്ളത്‌ അല്‍പം അതിശയോക്തി പരമാണെങ്കിലും ഭൂരിഭാഗം പേരും സ്വാര്‍ത്ഥതാല്‍പര്യത്തിലല്ല മരുന്നെഴുതുന്നത്‌ എന്നൊരു സത്യം തന്നെയാണ്‌.

ആദ്യം നമുക്ക്‌ ഡോക്റ്റര്‍മാര്‍ മരുന്നു കമ്പനികളുമായി ഒത്തുകളി നടത്തി മരുന്നെഴുതുന്നു എന്ന വാദം എടുക്കാം. തീര്‍ച്ഛയായും അടിസ്ഥാനരഹിതമായ ഒരു ആരോപണം അല്ല അത്‌. പക്ഷെ ഇവിടെ നമ്മള്‍ പരിഗണിക്കേണ്ട കാര്യങ്ങളുണ്ട്‌. ഡോക്ടര്‍ അനാവശ്യമായി മരുന്നെഴുതുന്നുണ്ടോ? അതോ രോഗിക്കു ആവശ്യമായ മരുന്ന് എഴുതുമ്പോള്‍ ഒരു പ്രത്യേക ബ്രാന്റ്‌ നിഷ്കര്‍ഷിക്കുകയാണോ?

രണ്ടാമത്തെ അവസ്ഥ നമുക്ക്‌ ആദ്യം പരിഗണിക്കാം. ഇവിടെ അനാവശ്യമായി മരുന്നെഴുതുന്നു എന്ന ആരോപണം ഇല്ല. രോഗിക്ക്‌ വേണ്ടുന്ന മരുന്ന് മാത്രമാണ്‌ കുറിച്ചിരിക്കുന്നത്‌. എന്നാല്‍ ഒരു പ്രത്യേക കമ്പനിയുടെ മരുന്ന് തന്നെ വാങ്ങണം എന്നു പറയുന്നു. ഇതില്‍ തെറ്റുണ്ടോ? ഡോക്ടര്‍ക്ക്‌ ജനറിക്‌ നാമത്തില്‍ എഴുതിക്കൂടേ? (മരുന്നിന്റെ പൊതുവായ പേരാണ്‌ ജെനറിക്‌ നേം. ഉദാ: പാരസെറ്റമോള്‍ ജെനറിക്‌ നേം, കാല്‍പോള്‍, ക്രോസിന്‍ മുതലായവ ട്രേഡ്‌ നേം.)

ഡോക്ടര്‍മാര്‍ ജെനറിക്‌ നാമങ്ങള്‍ ഒഴിവാക്കാനാണ്‌ പൊതുവേ താല്‍പര്യപ്പെടുന്നത്‌. കാരണം, മാര്‍ക്കറ്റില്‍ പല കമ്പനികളുടെ മരുന്നുകളുണ്ടാവും, പല വിലയുടേതാവും, ഗുണനിലവാരത്തിലും* വ്യത്യാസമുണ്ടാവും. തന്റെ രോഗിക്ക്‌ ഗുണനിലവാരത്തില്‍ തനിക്കുറപ്പുള്ള മരുന്ന് ലഭിക്കണം എന്നൊ, അല്ലെങ്കില്‍ 2 രൂപയ്ക്ക്‌ കിട്ടുന്ന മരുന്നിന്‌ അയാള്‍ 5 രൂപ കൊടുക്കേണ്ടതില്ല എന്ന ചിന്തയോ ആകാം അത്തരത്തില്‍ മരുന്നെഴുതാന്‍ സത്യസന്ധനായ ഒരു ഡോക്ടറെ പ്രേരിപ്പിക്കുന്നത്‌.

എന്നാല്‍ വേറൊരു വിഭാഗമുണ്ട്‌. ഈ വിഭാഗമാണ്‌ 'അഴിമതി'ക്കാരില്‍ ഭൂരിപക്ഷം എന്നു തോന്നുന്നു. വമ്പന്‍ കമ്പനികള്‍ വില്‍ക്കുന്ന മരുന്നുകളുടെ താരതമ്യ വിലയ്ക്ക്‌ തങ്ങളുടെ ഉല്‍പ്പന്നം വില്‍ക്കുന്ന നാടന്‍ കമ്പനികളുമായി കരാറുള്ളവര്‍. ഈ കൂട്ടുകെട്ടിന്റെ സൂത്രവാക്യം ഇങ്ങനെയാണ്‌. നിങ്ങള്‍ 5 രൂപയ്ക്ക്‌ വാങ്ങുന്ന മരുന്നിന്റെ ഉല്‍പ്പാദനച്ചിലവ്‌ മിക്കവാറും ഒരു രൂപയിലോ അന്‍പത്‌ പൈസയിലോ താഴെയായിരിക്കും. വന്‍കിട കമ്പനിക്കാരന്‍ ബാക്കി നാലര രൂപ അതേപടി വിഴുങ്ങുന്നു. എന്നാലിവിടെ നാലര രൂപ കമ്പനിയും എഴുതുന്ന ഡോക്ടറും കൂടി പങ്കുവെയ്ക്കുന്നു. ഈ പങ്ക്‌ ഗൃഹോപകരണങ്ങളായാകാം, മൊബെയിലും കമ്പ്യൂട്ടറുമായാകാം അല്ലെങ്കില്‍ മാസാമാസം കൃത്യമായി എത്തുന്ന കവറായുമാകാം. ഒരു തരം സിംബയോസിസ്‌. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ മരുന്ന് ഒരു രൂപയ്ക്ക്‌ രോഗിക്ക്‌ ലഭ്യമാക്കാന്‍ നിലവില്‍ മാര്‍ഗ്ഗമൊന്നുമില്ല*. ഇങ്ങനത്തെ സാഹചര്യത്തില്‍, രോഗി എന്തായാലും മുടക്കേണ്ട തുകയുടെ ഒരു പങ്ക്‌ കമ്പനിക്കാരനില്‍ നിന്നും തങ്ങള്‍ വാങ്ങിക്കുന്നതില്‍ തെറ്റില്ലല്ലോ എന്ന് അവര്‍ വാദിക്കുന്നു. പ്രത്യേകിച്ച്‌ വന്‍കിടക്കാരന്റെ ജാഡ കൂടിയാകുമ്പോള്‍.

ഈ വന്‍കിടക്കാരന്‌ ഇടപാടുകാരില്ലാതില്ല. അവരും വമ്പന്മാരായിരിക്കും. പ്രതിഫലം കാറോ, വീടോ അല്ലെങ്കില്‍ ജെര്‍മനിയിലേക്കൊ ഓസ്ട്രേലിയക്കൊ ഒരു ട്രിപ്പോ ആവാം. ഇത്തരക്കാരെ ബ്രാന്റ്‌ ഉറപ്പിക്കാനാണ്‌ കമ്പനികള്‍ ഉപയോഗിക്കുന്നത്‌. പ്രഫസറെക്കൊണ്ട്‌ എഴുതിപ്പിച്ചിട്ട്‌ ജൂനിയര്‍ ഡോക്ടറോട്‌ പറയും, നോക്കൂ ഇന്ന സാര്‍ ഇതാണെഴുതുന്നതെന്ന്. അവനും അത്‌ എഴുതി തുടങ്ങും.

* ഗുണനിലവാരത്തെ സംബന്ധിച്ച്‌ മനോരമ പരിപാടി കണ്ടവര്‍ക്ക്‌ സംശയം തോന്നാം. അതില്‍ പങ്കെടുത്ത കൊച്ചി അമൃതാ ഇന്‍സ്റ്റിട്യുട്ടിലെ ഫാര്‍മക്കോളജി തലവന്‍ (ക്ഷമിക്കണം, പേരു കിട്ടിയില്ല.) പറയുന്നു, ഏതു കമ്പനിയുടേതായാലും ഏതു വിലയുടേതായാലും മരുന്നിന്റെ ഗുണനിലവാരം ഒരു പോലായിരിക്കുമെന്ന്. അത്‌ അങ്ങിനെയായിരിക്കണമെന്നത്‌ നിയമം, പക്ഷെ അത്‌ അങ്ങിനെയല്ല എന്നത്‌ സത്യം.

* കുറഞ്ഞ വിലയ്ക്ക്‌ മരുന്നുകളുമായി ഒരു ഇന്‍ഡ്യന്‍ കമ്പനി വന്നു. അവരുടെ ഉദ്ദേശശുദ്ധിക്ക്‌ (അതോ കച്ചവട തന്ത്രമോ?) ഫലമുണ്ടായി. കുറഞ്ഞ നാളിനുള്ളില്‍ രാജ്യത്തെ പ്രമുഖ കമ്പനികളിലൊന്നായി മാറി അത്‌. അവരുടെ മരുന്നുകള്‍ക്ക്‌ ഗുണം പോരാ, അത്‌ ലാലു പ്രസാദിന്റെ കള്ളപ്പണം വെളുപ്പിക്കാനുള്ള പ്രസ്ഥാനമാണ്‌ എന്നൊക്കെയുള്ള ആരോപണങ്ങളുണ്ടായി. പക്ഷെ തുടക്കത്തിലെ വന്‍ വിലക്കുറവൊന്നും ഇപ്പോഴില്ല എന്നത്‌ സങ്കടകരമായ ഒരു കാര്യം.

ഡോക്ടര്‍മാര്‍ അനാവശ്യമായി മരുന്നെഴുതുന്നതിലെ പരിഗണനകള്‍ അടുത്തതില്‍.

1 comment:

Suraj said...

പ്രിയപ്പെട്ട ബാബുരാജ് ജീ,

ഈ പോസ്റ്റിപ്പോഴാണ് കണ്ടത്. നല്ല ഒരു സംവാദത്തിനു സാധ്യതയുള്ള പോസ്റ്റ്. പരീക്ഷാത്തിരക്കുള്ളതിനാല്‍ ഇപ്പോള്‍ light reading മാത്രം. ഗഹന വായനയും ചര്‍ച്ചയും പരീക്ഷകഴിഞ്ഞ് തിരികെ വന്നിട്ട്.അപ്പോഴേക്കും അടുത്ത പോസ്റ്റും കൂടി റെഡിയാകുമല്ലോ. തല്‍ക്കാലം സബ്സ്ക്രൈബ് ചെയ്യുന്നു :)
regards.