ഡോ: പരാധീനൻ*, തിങ്കളാഴ്ച ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് ഒന്നു മയങ്ങി തുടങ്ങുമ്പോഴാണ് വാതിൽക്കൽ മണിയടിക്കുന്നത്. പതിവില്ലാതെന്താ ഇങ്ങനെ എന്നാലോചിച്ച് ചെന്ന് കതക് തുറന്നപ്പോൾ കാക്കി പാന്റ്സും, വെള്ള ചെക്ക് ഷർട്ടും കൈയ്യിലൊരു ബ്ലേഡ് ബാഗുമായി മുടി പറ്റെ വെട്ടിയ ഒരാൾ. ‘സമൻസ്’, പരാധീനൻ മനസ്സിൽ പറഞ്ഞു.
“പരാധീനൻ സാറല്ലേ?” ആഗതൻ ചോദിച്ചു.
“അതെ”
“സർ, ഒരു സമൻസുണ്ട്, 27 ആം തീയതി” പരാധീനന് തന്റെ ലക്ഷണശാസ്ത്ര വൈദദ്ധ്യത്തിൽ അഭിമാനം തോന്നി.
“എവിടെയാണ്?”
“ഇടിക്കുഴി കോടതിയിലാണ് സർ”
ഡോ: പരാധീനൻ സമൻസ് ഒപ്പിട്ടു വാങ്ങി. കഴിഞ്ഞ രണ്ടു മാസത്തിനിടയ്ക്ക് ഇത് മൂന്നാമത്തേതാണ്. സാരമില്ല, സമയമുണ്ട്. മയക്കം പതുക്കെ വിട്ടു തുടങ്ങുന്നതേയുള്ളൂ. പെട്ടെന്ന് ആലോചിച്ചു, ഇന്നെത്രയാ തീയതി? “ദൈവമെ, 25. അതായത് നാളെ കഴിഞ്ഞ്! കൊള്ളാം.” പോകണ്ട എന്നു വെച്ചാലോ? പരാധീനൻ മനസ്സിൽ കരുതി.
“സാറേ വരാതിരിക്കരുത്, വാറണ്ടാണ്.” (പോലീസുകാർ അല്ലെങ്കിലും മനസ്സു വായിക്കാൻ മിടുക്കരാണ്.)
“വാറണ്ടോ? അതിനെനിക്ക് ഇതിന്റെ സമൻസൊന്നും ഇതുവരെ കിട്ടിയിട്ടില്ലല്ലോ?”
“ അറിയില്ല സാർ, ഞങ്ങൾക്കും ഇതാണു കിട്ടിയത്.” പോലീസുകാരൻ കടലാസ്സെല്ലാം ബ്ലേഡ് ബാഗിൽ തിരുകി യാത്രയായി.
ഇടിക്കുഴി സർക്കാരാശുപത്രിയിൽ ഡോ: പരധീനൻ, ഒന്നും രണ്ടുമല്ല ഏഴുവർഷമാണ് സേവനം നടത്തിയത്. മൂന്നാം വർഷം മുതൽ എല്ലാ ട്രാൻസ്ഫർ സമയത്തും ഇരുനൂറ്റൻപത് കിലോമീറ്റർ അകലെയുള്ള നാട്ടിലേക്ക് സ്ഥലം മാറ്റത്തിന് അപേക്ഷ വെച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. അവസാനം കുടുംബത്ത് ആഭ്യന്തരകലഹലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോഴാണ് അത്ര പ്രോപ്പറല്ലാത്ത ചാനലിനെപ്പറ്റി പരാധീനൻ ചിന്തിച്ചു തുടങ്ങിയത്. ഡി.എം. ഒ ഓഫീസിലെ ഒരു എൻ.ജി.ഓ നേതാവായിരുന്നു മാർഗ്ഗദർശി. എത്സി നേതാവ് തൊട്ട് പിടിച്ച് മുകളിൽ ചെന്ന് ഒരു മൂന്നുമാസശമ്പളത്തുക ‘പാർട്ടിഫണ്ടി‘ലുമടച്ചുകഴിഞ്ഞപ്പോൾ അടുത്ത ലിസ്റ്റിൽ ഡോ: പരാധീനന്റെയും പേരുവന്നു. (അതിനു വേണ്ടി വന്ന പി.എഫ് ലോൺ ഇതുവരെ തീർന്നിട്ടില്ല.) കുഴപ്പമില്ല, ഇപ്പോൾ വീട്ടിൽ നിന്നും പോയി വരാം. പക്ഷെ ഇടിക്കുഴിയുടെ വാങ്ങലുകൾ ഇപ്പോഴും മാസം ഒന്നും രണ്ടും തവണ വീതം ‘എം.എൽ.സി’ (മെഡിക്കോലീഗൽ കേസ്) യുടെ രൂപത്തിൽ പരാധീനന്റെ പുറകേ കൂടിയിരിക്കുകയാണ്.
പിറ്റേന്ന്, ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ആശുപത്രിയിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ പരാധീനൻ സിസ്റ്ററിനെ വിളിച്ചു നാളെ സ്ഥലത്തുണ്ടാവില്ല എന്ന കാര്യം പറഞ്ഞു. “അയ്യോ സാറേ, നാളെ ഇമ്മുണൈസേഷൻ ഉള്ളതല്ലേ? സാറില്ലാതെങ്ങിനെയാ?”
“എന്തു ചെയ്യാനാ സിസ്റ്ററേ, കോർട്ട് ഡ്യൂട്ടിയാ. അതും വാറണ്ട്. ഞാൻ മദർ പി.എച്.സി എമ്മോയെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ആരെയെങ്കിലും വിടാൻ ശ്രമിക്കാം എന്നു പറഞ്ഞു. അവിടേയും ആളില്ല.”
“ഡോക്ടർ ഇല്ലാതെ ഞങ്ങൾ കുത്തിയേല കേട്ടോ?” സിസ്റ്ററുടെ ഭീഷണി.
രാത്രി പന്ത്രണ്ടരക്ക് സിറ്റിയിൽ നിന്ന് ഒറ്റ ബസ്സുണ്ട്. രാവിലെ സ്ഥലത്തെത്താം. പക്ഷെ, ആ സമയത്ത് സിറ്റിയിലെത്താൻ ബസ്സില്ല. അല്ലെങ്കിൽ രാത്രി ഒൻപതുമണി മുതൽ സ്റ്റാൻഡിൽ പോയി കുത്തിപ്പിടിച്ചിരിക്കണം. അതിലും ഭേദം നൂറ്റീരുപതു രൂപ കൊടുത്ത് ഒരു ഓട്ടോ പിടിക്കുന്നതാണ്. ങാ! എല്ലാം ചിലവല്ലേ?
അത്താഴം കഴിച്ച് കുറേ നേരം റ്റീവി കണ്ടിരുന്നു, ഇപ്പോൾ കിടന്നാൽ ശരിയാവില്ല. പറഞ്ഞേപ്പിച്ചിരുന്നതിനാൽ പതിനൊന്നായപ്പോൾ ഓട്ടോക്കാരനെത്തി. അയാൾക്കും അതൊരു പതിവായിരിക്കുന്നു. സ്റ്റാൻഡിലെത്തിയപ്പോൾ ബസ് പിടിച്ചിട്ടുണ്ട്, ഭാഗ്യം.
രാവിലെ ഇടിക്കുഴി ആശുപത്രിക്കുമുൻപിൽ ബസ്സിറങ്ങി. അതാണ് പതിവ്, പഴയ പരിചയക്കാരൊക്കെയുണ്ട്. ഡ്യൂട്ടി റൂമിൽ പോയി ഒന്നു ഫ്രഷായി, എല്ലവരോടുമൊന്നു കുശലം പറഞ്ഞ് അടുത്ത ബസ്സിനു കയറി കോടതിയിലേക്ക്. മണി പത്തേ ആയിട്ടുള്ളൂ, സിവിൽ സ്റ്റേഷൻ ക്യാന്റീനിൽ പോയി കാപ്പി കുടിച്ച്, കോടതി വരാന്തയിലെത്തി.
“ങാ, സാറെത്തിയല്ലേ?” തിരിഞ്ഞു നോക്കി, പരിചയമുള്ളൊരു പോലീസുകാരൻ. “വലിയ കാര്യമൊന്നുമില്ല സാറേ, ഡ്രങ്കൺനെസ്സാ.” “വെരി ഗുഡ്” പരാധീനൻ മനസ്സിൽ പറഞ്ഞു. കോടതിക്കകത്തു കയറി വാറണ്ട് ബെഞ്ച് ക്ലർക്കിനെ കാണിച്ചു. അയാൾ നമ്പരു നോക്കി നേരത്തെ വിളിച്ചേക്കാം എന്നു തലകുലുക്കി. പരാധീനൻ മൊബൈൽ സൈലന്റ് മോഡിലേക്ക് മാറ്റി കാത്തു നിന്നു.
പതിനൊന്നു പത്തായി, ബെല്ലടിച്ചു. മജിസ്ട്രേട്ട് രംഗപ്രവേശനം ചെയ്യുന്നു. അദ്ദേഹം സദസ്യരേയും, സദസ്യർ മജിസ്ട്രേട്ടിനേയും വണങ്ങുന്ന ചടങ്ങാണ് ആദ്യം. തുരുപ്പു ഗുലാൻ സിനിമ കണ്ടതിനു ശേഷം, ഈ സന്ദർഭങ്ങളിൽ പരാധീനന് ഓർമ്മ വരുന്നത് അതിലെ മമ്മൂട്ടിയുടെ ഡാൻസ് ക്ലാസ്സാണ്. കുറച്ചു പെറ്റിക്കേസുകൾക്ക് ശേഷം, ഡോ: പരാധീനന്റെ പേര് വിളിച്ചു.
അദ്ദേഹം കൂട്ടിൽ കയറി ഒരിക്കൽ കൂടി മജിസ്ട്രേട്ടിനെ താണുവണങ്ങി. മജിസ്ട്രേട്ട് അതു കണ്ടില്ല. ഒരിക്കലും കാണാറുമില്ല. അതിനാൽ ഈ വണക്കം വേണ്ടെന്നു വെച്ചാലോ എന്നു പലപ്പോഴും പരാധീനൻ ആലോചിചിട്ടുണ്ട്, പക്ഷെ അപ്പോൾ അദ്ദേഹം അത് തീർച്ചയായും കാണും എന്നുറപ്പുള്ളതു കൊണ്ട് അങ്ങനത്തെ സാഹസം ഒന്നും വേണ്ടെന്നു വെയ്ക്കുകയായിരുന്നു.
“ഞാൻ കോടതി മുൻപാകെ സത്യം ബോധിപ്പിച്ചു കൊള്ളാം, സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ” എന്ന് പരാധീനൻ ഗീതയും ബൈബിളും ഒന്നുമില്ലാതെ തന്നെ ഉറപ്പു കൊടുത്തു.
ബെഞ്ച് ക്ലർക്ക് ഫയലിൽ നിന്നും ഒരു പേജ് എടുത്ത് പരാധീനന്റെ കൈയ്യിൽ കൊടുത്തു. മൂന്നു കൊല്ലം മുൻപ് എഴുതിയ ഒരു ഡ്രങ്കൺനെസ്സ് സർട്ടിഫിക്കറ്റാണ്. ഡോക്ടർ ചിട്ടപ്രകാരം വായന തുടങ്ങി, “While I was working as an Assistant Surgeon at................and issued this certificate bearing my signature. And the examination findings are.....”
“ഓക്കെ ഡോക്ടർ, വാട്ടീസ് യുവർ ഇൻഫറൻസ്? “മജിസ്ട്രേട്ട്.
“ദ പേർസൻ ഹാസ് കൺസ്യൂംഡ് അൽക്കഹോൾ, ബട്ട് നോട്ട് അണ്ടർ ദ ഇൻഫ്ലുവൻസ്” (എവൻ വീശിയിട്ടുണ്ട് പക്ഷെ വെളിവുകെട്ടിട്ടില്ല ഏമാന്നേ!)
“ക്രോസ്സ്?” മജിസ്ട്രേട്ട് പ്രതിഭാഗം വക്കീലിനോട് ചോദിച്ചു.
‘ദാ വരുന്നു അരിഷ്ടം” ഡോ: പരാധീനന് അടുത്ത ലക്ഷണശാസ്ത്ര നിഗമനം നടത്തി. പ്രതിഭാഗം വക്കീല്‍ എഴുനേറ്റ് പരാധീനന്റെ നേരെ തിരിഞ്ഞു. “ ആട്ടെ ഡോക്ടറേ, ഈ ഹോമിയോ മരുന്നു കഴിച്ചാല്‍ ആല്‍ക്കഹോളിന്റെ മണം വന്നു കൂടേ?”
(ഓ ഇയ്യാള് ഹോമിയോയുടെ ആളാണ്.)
“ഹോമിയോ മരുന്നുകളെപ്പറ്റി എനിക്കൊന്നുമറിഞ്ഞു കൂടാ.” ഡോക്ടര്‍ തന്റെ അജ്ഞത സമ്മതിച്ചു. പിന്നെ താനെങ്ങനെ ഡോക്ടറായി എന്നു ചോദിക്കും മട്ടില്‍ വക്കീല്‍ പരാധീനനെ ഒന്നു നോക്കി. പരാധീനന്റെ നെഞ്ചൊന്നു വിറച്ചു. “ദൈവമേ എമ്മൈ വല്ലതുമാണോ?” ഓ സോറി, സോറി, മൊബൈല്‍ സൈലന്റില്‍ മിസ് അടിച്ചതാണ്.
“എനിതിങ്ങ് മോറ്?” മജിസ്ട്രേട്ട് അക്ഷമനായി. “നത്തിങ്ങ്, ദാറ്റ്സ് ആള്” മംഗളം ശുഭം! മജിസ്ട്രേട്ട് കുത്തിക്കുറിച്ചിരുന്ന കടലാസ് ബെഞ്ച് ക്ലര്‍ക്കിന്റെ നേരെ എറിഞ്ഞു, അയാളത് പരാധീനന്റെ നേരെ നീട്ടി. ‘ഇതിലെഴുതിയിരിക്കുന്നതെല്ലാം വായിച്ചു കേള്‍പ്പിച്ചു, എല്ലാം ശരി‘. എന്ന് ഇംഗ്ലീഷിലെഴുതി അടിയില്‍ ഒപ്പും വെച്ചു. ആദ്യമൊക്കെ ക്ലാര്‍ക്കോ, അല്ലെങ്കില്‍ മജിസ്ട്രേട്ട് തന്നെയോ അത് വായിച്ചു കേള്‍പ്പിക്കും എന്ന് പരാധീനന് കരുതിയിരുന്നു, ഒരിക്കല്‍ ചോദിക്കണം എന്നും കരുതിയതാണ്. പക്ഷെ കോടതി പിരിയും വരെ പുറകില്‍ പോയി നിന്നോളാന്‍ പറഞ്ഞാല്‍ പണിയായില്ലേ? അതുകൊണ്ട് നീതിനിര്‍വഹണത്തിനായ് ഒരു ചെറിയ നുണ പറയുന്നതില്‍ കുഴപ്പമില്ല എന്നു വിട്ടുവീഴ്ചയായി.
കോടതിയില്‍ നിന്നും പുറത്തിറങ്ങിയപ്പോളാണ് മിസ്കോളിന്റെ കാര്യം ഓര്‍ത്തത്. എടുത്തു നോക്കി. സിസ്റ്ററാണ്. തിരിച്ചു വിളിച്ചു.
“സാറേ, പത്തെണ്‍പത് ഓപ്പിയുണ്ടായിരുന്നു. കൊറേപ്പേറ്ക്ക് അവിലും പാരസെറ്റമോളും കൊടുത്തു വിട്ടു. ഇരുപത്തിയേഴ് പിള്ളേര് വന്നിട്ടുണ്ട് ഇമ്മുണൈസേഷന്, ഡോക്ടര്‍മാര്‍ ആരും ഇതുവരെ വന്നിട്ടില്ല. എന്തു ചെയ്യണം?”
“അവരോട് അടുത്ത തവണ വരാന്‍ പറഞ്ഞു വിട്. അല്ലാതെന്തു ചെയ്യും.”
“ങാ സാറേ, പിന്നെ ആ എപ്പോഴും വലിച്ചു വരുന്ന ആ നാരായണിയമ്മയില്ലേ, അവരു വന്നായിരുന്നു. ഇത്തിരി സീരിയസ്സായിരുന്നു, കൂടെ ഒരു കൊച്ച് മാത്രമേയുണ്ടായിരുന്നുള്ളൂ. ഞങ്ങളു പിന്നെ ആ സുരേഷിന്റെ ഓട്ടോ വിളിച്ച് താലൂക്കിലേക്ക് വിട്ടു, അവിടെ എത്തുമോന്ന് സംശയമാ.”
സാരമില്ല, ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം! പക്ഷെ നീതി നിര്‍വഹണം അങ്ങിനെയല്ല, അത് അനുസ്യൂതം, അഭംഗുരം നടക്കേണ്ടതാണ്. ഡോ: പരാധീനന്റെ മനസ്സ് അഭിമാന പുളകിതമായി.
*ഡോ: പരാധീനന് എന്ന പേര് കെ.ജി.എം.ഒ. എ ജേണലിന്റെ സ്വന്തമാണ്. ഞാനത് കടമെടുത്തതാണ്. കാരണം കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിനിധിയാണയാള്‍. മുകളിലെഴുതിയിരിക്കുന്നത് ‘ഒരു’ സംഭവകഥയല്ല, നമ്മുടെ നാട്ടിലെ മിക്കവാറും കോടതികളില്‍ സ്ഥിരമായി അരങ്ങേറുന്ന അസംബന്ധനാടകത്തിന്റെ തിരക്കഥയാണ്.
13 comments:
എന്തു ചെയ്യാന്‍ !!
ചുമ്മാ കോടതി അലക്ഷ്യം വലിച്ചു വക്കരുത് .
ഇപ്പോള്‍ ബ്ലോഗര്‍മാര്‍ കൂട്ടമായി ജയിലേക്ക് പോകുന്ന കാലമാ.
പിന്നെ എന്‍ജിഓ വിചാരിച്ചാലൊന്നും ട്രാന്‍സ്ഫര്‍ നടക്കില്ല. വകുപ്പ് മന്ത്രി വിചാരിച്ചിട്ട് നടക്കുന്നില്ല, പിന്നാ.
ഐ എം എ കാരന് തന്നെ കനിയണം .
നിര്‍വഹണം അത് അനുസ്യൂതം, അഭംഗുരം നടക്കേണ്ടതാണ്.
അവിടെ ഡോക്ടറും രോഗിയും ഒന്നുമല്ല
കഷ്ടം !!!
നല്ല presentation
അതെ, നീതിനിര്‍വ്വഹണം നടക്കട്ടെ, ഭംഗിയായിട്ട്!
അതേ, നല്ലൊരസംബന്ധ നാടകം തന്നെ. പറയാതെ പറഞ്ഞ കാര്യങ്ങളെല്ലാം മൂര്‍ച്ചയോടെ തന്നെ കൊണ്ടു.
അനില്‍, രമണിക, ക്യാപ്റ്റന്‍,എഴുത്തുകാരി ചേച്ചി, പാവത്താന്‍,
എല്ലാവര്ക്കും നന്ദി.
അനിലെ, ട്രാന്‍സ്ഫര്‍ വിഷയത്തില്‍ ഒരു രണ്ടു വര്‍ഷ ഡിപ്ലോമ എടുത്തയാളാ ഞാന്‍. :) ഒരു പോസ്റ്റല്ല, ബ്ലോഗ് തന്നെ തുട്ങ്ങാന്‍ മാത്രമുണ്ട് അനുഭവ്ങ്ങള്‍. ഈ വക കാര്യങ്ങളില്‍ മൌനമാണല്ലോ ഭൂഷണം! പിന്നെ ഇപ്പം ഈ ഐ.എം.എ അത്ര വല്യ പുലിയൊന്നുമല്ല. ഒരു ചിട്ടിക്കമ്പനിയില്‍ കൂടുതലായി ഒന്നുമില്ല.
ചില സര്‍ക്കര്‍ ഡോക്ടര്‍മാരുടെ ദുരവസ്ഥ.
“എത്സി നേതാവ് തൊട്ട് പിടിച്ച് മുകളില്‍ ചെന്ന് ഒരു മൂന്നുമാസശമ്പളത്തുക ‘പാര്‍ട്ടിഫണ്ടി‘ലുമടച്ചുകഴിഞ്ഞപ്പോള്‍ അടുത്ത ലിസ്റ്റില്‍ ഡോ: പരാധീനന്റെയും പേരുവന്നു”
ഇത് കഥയാ ? നെജമാ? ഏത് പാര്‍ട്ടി? ഒരു കാര്യം സാധിക്കാനുണ്ടായിരുന്നു.
;)
കുമാരന്, രാമചന്ദ്രന്, നന്ദി.
നെജമാന കഥ എന്നു കേട്ടിട്ടില്ലേ? അതു തന്നെ. :-)
പിന്നെ സമിതി മാറി എന്നതുകൊണ്ട് കഥാപാത്രങ്ങള്‍ മുഴുവന്‍ മാറില്ല, ഒരു സ്ഥിരം വേദി നിലവിലുണ്ട്. അന്വേഷിക്കൂ, കണ്ടെത്താം.
സമന്‍സും സാക്ഷിക്കൂടുമെല്ലാം ഒഴിയാബാധയായി അനുഭവിക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരെ മനോഹരമായി വരച്ചിരിക്കുന്നു. അവതരണരീതി ഗംഭീരം. നര്‍മം അടിപൊളി...(പരാധീനന്റെ നെഞ്ചൊന്നു വിറച്ചു. “ദൈവമേ എമ്മൈ വല്ലതുമാണോ?” ഓ സോറി, സോറി, മൊബൈല്‍ സൈലന്റില്‍ മിസ് അടിച്ചതാണ്.)
താല്പര്യമുണ്ട്... താങ്കളുടെ ബ്ലൂലിക ഞങ്ങൾക്കും വേണ്ടി ചലിപ്പിക്കണം.. ഉടൻ പുറത്തിറക്കുന്ന ഓൺലൈൻ മലയാളം
മാഗസിനുവേണ്ടി താങ്കളുടെ ആർട്ടിക്കിൾസ് ആവിശ്യമുണ്ട്.. താല്പര്യമുണ്ടെങ്കിൽ.. ദയവായി അറിയിക്കുക.. ഞങ്ങൾ നിങ്ങൾക്കായി
സ്പേസ് മാറ്റിവച്ചു കഴിഞ്ഞു..
www.malayalamemagazine.com
livestyle@gmx.com
this is the fate of most of the govt. professionals, i am also a victim
Post a Comment