Friday, December 18, 2009

കാലം മറുപടി നല്‍കുമ്പോള്‍.


       വൈയ്ക്കം സത്യഗ്രഹത്തിന്റെ സമയം. അക്കാലത്ത്‌ വൈയ്ക്കം ക്ഷേത്രത്തിന്റെ അധികാരവും ദേശവാഴ്ചയും അവിടത്തെ പ്രമുഖ ബ്രാഹ്മണ കുടുംബമായ ഇണ്ടംതുരുത്തി മനയ്ക്കായിരുന്നു. കാരണവര്‍ ഉഗ്രപ്രതാപിയും.


     സത്യാഗ്രഹം മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ ഗാന്ധിജി വൈയ്ക്കം സന്ദര്‍ശിക്കാനെത്തുന്നു. ഇണ്ടംതുരുത്തി കാരണവര്‍ ഒന്നു മനസ്സു വെയ്ച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളല്ലോ? അദ്ദേഹവുമായി നേരില്‍ കാണാന്‍ ഗാന്ധിജി താല്‍പര്യം പ്രകടിപ്പിച്ചു. മനയില്‍ വാര്‍ത്തയെത്തി. പക്ഷെ, ഇണ്ടംതുരുത്തി കാരണവര്‍ ആരെയെങ്കിലും അങ്ങോട്ട്‌ ചെന്നു കാണുകയോ? തന്നെ കാണെണ്ടവര്‍ക്ക്‌ ഇങ്ങോട്ട്‌ വരാം എന്നായി തിരുമേനി. ആയിക്കോട്ടെ, എന്നു ഗാന്ധിജി.

        പക്ഷെ പ്രശ്നം തീരുന്നില്ല. അബ്രാഹ്മണനായ ഗാന്ധിയെ മനയില്‍ കയറ്റുകയോ? അതു പറ്റില്ല. ഏതായലും മനയില്‍ നിന്നു തന്നെ പ്രശ്ന പരിഹാരവും വന്നു. മനയ്ക്കു പുറത്ത്‌ ഒരു പടിപ്പുര പണിതു, അവിടെ വച്ച്‌ കാരണവര്‍ ഗാന്ധിജിയുമായി സംസാരിച്ചു.

(എന്തു സംസാരിച്ചാലും അതുകൊണ്ട്‌ ഗുണം ഒന്നും ഉണ്ടായില്ലെന്ന് ചരിത്രം വായിക്കുന്നവര്‍ക്ക്‌ അറിയാം.)

ഈ കഥ നേരത്തെ പോസ്റ്റണമെന്ന് കരുതിയതാണ്‌. മടി കാരണം നടന്നില്ല. ഇന്നു പത്രത്തില്‍ വന്ന ഈ വാര്‍ത്ത കണ്ടപ്പോള്‍ ഇനിയും മടിക്കരുതെന്ന് തോന്നി.

കാലം മറുപടി നല്‍കുന്നതെങ്ങിനെയെന്ന് പൂര്‍ണ്ണമായും മനസ്സിലാകാന്‍ ഈ പത്രവാര്‍ത്ത കൂടി വായിക്കൂ.



Sunday, December 13, 2009

ഫ്രാന്‍സിസ്‌ ഇട്ടിക്കോര എന്ന കുന്നംകുളം കോരപ്പാപ്പന്‍





ആദ്യമായി ഹൈപ്പേഷ്യയെപ്പറ്റി കേള്‍ക്കുന്നത്‌ 85-86 കാലത്ത്‌ പരിഷത്ത്‌ തലയ്ക്ക്‌ പിടിച്ചു നടക്കുമ്പോഴാണ്‌. പിന്നെ ആ പേര്‌ മറന്നു. അതിനു ശേഷം പിന്നെ കഴിഞ്ഞ വര്‍ഷം യാദൃശ്ചികമായി ഹൈപ്പേഷ്യയുടെ മുന്‍പില്‍ ചെന്നുപെടുകയായിരുന്നു, നെറ്റില്‍ അലഞ്ഞു തിരിയുന്നതിനിടെ. അഞ്ചെട്ടു ലിങ്കില്‍ കയറി വായിച്ചു. അനിതരസധാരണമായ ബുദ്ധിയും സൗന്ദര്യവും ഉണ്ടായിരുന്ന അവര്‍ അലക്സാന്‍ഡ്രിയായിലെ ഗണിത ശാസ്ത്രജ്ഞയും അദ്ധ്യാപികയുമായിരുന്നു.(AD നാലം നൂറ്റാണ്ട്‌) അവരുടെ ചിന്തകള്‍ കൃസ്തീയസഭയ്ക്ക്‌ വെല്ലുവിളിയായി തോന്നിയതും, അവര്‍ക്ക്‌ റോമന്‍ പ്രിഫക്റ്റ്‌ ഒറസ്റ്റേസില്‍ ഉണ്ടായിരുന്ന സ്വാധീനവും ബിഷപ്പ്‌ സിറിളിന്റെ നേതൃത്വത്തിലുള്ള സഭയെ വിളറിപിടിപ്പിച്ചു. ഒരു ദിവസം ഒരു സംഘം മതഭ്രാന്തന്മാര്‍ അവരെ തെരുവില്‍ വെച്ച്‌ ആക്രമിക്കുകയും ജീവനോടെ കക്കത്തോട്‌ കൊണ്ട്‌ അവരുടെ മാംസം വാര്‍ന്നെടുത്ത്‌ അഗ്നിക്കിരയാക്കുകയും ചെയ്തു. (ബിഷപ്പ്‌ സിറിള്‍ പിന്നീട്‌ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടു.) പക്ഷെ അന്നു വായിച്ച ഒരു ലിങ്കിലും, അവിവാഹിതാവസ്ഥയുടെ സ്വാതന്ത്ര്യം ആസ്വദിക്കുന്നതിനൊപ്പം ആഗ്രഹം തോന്നിയ പുരുഷന്മാര്‍ക്കെല്ലാമൊപ്പം ശയിച്ച ഒരു കാമഭ്രാന്തിയാണെന്നു പറഞ്ഞു കണ്ടില്ല. ഒരു പക്ഷെ അത്‌ അങ്ങിനെയായിരുന്നിരിക്കാം അല്ലെങ്കില്‍ ശക്തരായ എതിരാളികള്‍ അങ്ങിനെ ഒരു പ്രചാരണം നടത്തിയിരുന്നിരിക്കാം.

അതെന്തെങ്കിലുമാവട്ടെ, ഞാന്‍ ചിന്തിക്കുന്നത്‌ അംഗീകരിക്കപെട്ട ചരിത്ര നാള്‍വഴികളില്‍ നമുക്ക്‌ എന്തുമാത്രം തന്നിഷ്ടപരമായ ഇടപെടലുകള്‍ അനുവദനീയമായിട്ടുണ്ട്‌ എന്നതാണ്‌. പ്രത്യേകിച്ച്‌ ഹൈപ്പേഷ്യ മുതല്‍ മൈക്കലാന്‍ജലോയും സാമൂതിരിയും എഴുത്തച്ഛനുമുള്‍പ്പടെ (രാജന്‍?)ഗുരുക്കള്‍ വരെയുള്ള ഒരു നാള്‍വഴിയില്‍? ഫിഷന്റെ സ്വാതന്ത്ര്യത്തോടു കൂടിയാണെങ്കില്‍ പോലും?



കഴിഞ്ഞ ദിവസം വായിച്ച, ശ്രീ ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ്‌ ഇട്ടിക്കോര എന്ന നോവലാണ്‌ (ഡി.സി ബുക്സ്‌, ആദ്യ പ്രസാധനം ആഗസ്റ്റ്‌ 2009. രൂപ 150) ഈ ചിന്തകളൊക്കെ ഉയര്‍ത്തിയത്‌. കഥാനായകനായ ഇട്ടിക്കോര പതിനഞ്ചാം നൂറ്റാണ്ടിലെ പ്രബലനായ ഒരു കുന്നംകുളം കുരുമുളക്‌ കച്ചവടക്കാരനായിരുന്നു. അദ്ദേഹം കുന്നംകുളത്തും ഫ്ലോറന്‍സിലും മാറി മാറി താമസിച്ചു തന്റെ അനവധി വരുന്ന കപ്പലുകളില്‍ കുരുമുളക്‌ തൊട്ട്‌ അടിമപ്പെണ്ണുങ്ങളെ വരെ കച്ചവടം നടത്തി, ഫ്ലോറന്‍സിലെ പ്രബലരായ മെഡിചികളുടേയും, കോഴിക്കോട്ടെ സാമൂതിരിമാരുടേയും അടുത്തയാളായി. മൈക്കലാന്‍ജലോയുടേയും റാഫേലിന്റെയും ഉപദേഷ്ടാവായി. ഫ്ലോറന്‍സിലെ വരേണ്യ സമൂഹത്തില്‍ ഒരു ലൈംഗിക വിപ്ലവത്തിന്‌ തുടക്കമിട്ടു. ഇതിനെല്ലാമുപരിയായി ഗൂഢമായ ഹൈപ്പേഷ്യന്‍ ഗണിതശാഖയുടെ ഒരു പ്രമുഖ വക്താവുമായിരുന്നു. യൂറോപ്പിലെ ഹൈപ്പേഷ്യന്‍ സ്കൂളുകളില്‍ നിന്നു പഠിച്ച കാര്യങ്ങള്‍ ഇട്ടിക്കോര കേരളത്തിലെത്തിക്കുകയും ഇവിടെ അദ്ദേഹത്തിന്റെ ആശ്രിതര്‍ അവയെ പുനരവതരിപ്പിക്കുകയും ചെയ്തു. ഇവയൊക്കെയാണ്‌ നാമിന്ന് അഭിമാനപൂര്‍വ്വം കേരളത്തിന്റെ ഗണിതശാസ്ത്ര സംഭവനകളായി അവതരിപ്പിക്കുന്നത്‌. ഇപ്രകാരം ഒരു അമാനുഷിക പരിവേഷമുള്ള ഇട്ടിക്കോര ഒരു പക്ഷെ ഏറ്റവുമധികം ക്രിയാത്മകമായത്‌ സ്ത്രീ വിഷയത്തിലായിരുന്നു. ഉപയോഗിച്ചു തള്ളിയ അനവധി സ്ത്രീകളെക്കൂടാതെയുള്ള അദ്ദേഹത്തിന്റെ അംഗീകൃതരായ 18 ഭാര്യമാരിലായി 79 മക്കളും ഇദ്ദേഹത്തിനുണ്ടായിരുന്നു.



ചരിത്രത്തിന്റെ ഫ്രേമില്‍ നിന്ന് അമിത സ്വാതന്ത്രമെടുക്കുന്ന ഈ നോവലില്‍ പതിനെട്ടാം കൂറ്റുകാര്‍ എന്നൊരു ക്ലാനെയും നോവലിസ്റ്റ്‌ അവതരിപ്പിക്കുന്നു. പ്രയറി ഒഫ്‌ സയണേയും ഫ്രീ മേസന്‍സിനേയും അനുസ്മരിപ്പിക്കുന്ന ഒന്ന്. പക്ഷെ ഈ ഗ്രൂപ്പുകളുടെ, നിഗൂഢത എന്ന പൊതു സ്വഭാവം കഴിഞ്ഞാല്‍ സാമ്യം അവസാനിക്കുകയാണ്‌. പ്രയറിയില്‍ നഗ്ന പൂജ പ്രകൃതിയുടെ ഉര്‍വ്വരതയെ പ്രഘോഷിക്കുന്നുവെങ്കില്‍ പതിനെട്ടാം കുറ്റുകാര്‍ക്കിടയില്‍ അത്‌ പൈശാചികതയിലും ചൂഷണത്തിലുമാണ്‌ ഉറപ്പിച്ചിരിക്കുന്നത്‌. ( പക്ഷെ എതിരാളികളെ സംബന്ധിച്ച്‌ രണ്ടും തമ്മില്‍ വ്യത്യാസമേതുമില്ല. നോവലിസ്റ്റും അങ്ങിനെ തന്നെയാണോ ചിന്തിക്കുന്നത്‌?)

ചരിത്രവും മിത്തും സങ്കല്‍പവും ഇണപിരിയുന്ന വേറെ അധികം നോവലുകള്‍ മലയാളത്തിലുണ്ടെന്നു തോന്നുന്നില്ല. എക്കോയും മാര്‍ക്കേസും ഒക്കെ വായിക്കുമ്പോള്‍ എന്തേ ഇങ്ങിനൊരെണ്ണം മലയാളത്തിലില്ലാത്തത്‌ എന്നു നമ്മള്‍ സങ്കടപ്പെടുന്ന പോലൊന്നിനുള്ള ശ്രമം. പക്ഷെ ലോകനിലവാരത്തില്‍ നിന്ന് മലയാളത്തിന്റെ ചെറു വൃത്തത്തിലേക്കൊതുക്കിയാലും ആനുപാതികമായിപ്പോലും മാര്‍ക്കേസിന്റെ കാവ്യഭംഗിയോ, എക്കോയുടെ ധിഷണാ വൈഭവമോ ഡാന്‍ ബ്രൗണിന്റെ കഥനചാതുരിയോ നോവലിനോ നോവലിസ്റ്റിനോ അവകാശപ്പെടാനാവില്ല.



വളരെ കൃത്രിമമായി തോന്നുന്ന ഒരു ക്രാഫ്റ്റാണ്‌ രചനയ്ക്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഒരു ഫ്ലോചാര്‍ട്ട്‌ രൂപപ്പെടുത്തിയിട്ട്‌ അതിന്റെ ഓരോ പോയിന്റും സ്ഥൂലീകരിച്ച്‌ കട്ടന്‍പേസ്റ്റ്‌ ചെയ്തപോലെ. പോസ്റ്റ്ഗ്രാജ്വേറ്റ്‌ തിസീസിനുപയോഗിക്കുന്ന അതേ തന്ത്രം. ഒരു നല്ല രചന ഒരു പെയിന്റിംഗ്‌ ആണെങ്കില്‍, ഇട്ടിക്കോര ഒരു ഫോട്ടോഷോപ്‌ കൊളാഷ്‌ ആണ്‌. അത്ര കൃത്രിമം. തന്റെ പരന്ന വായനയുടെ മുഴുവന്‍ വിശേഷങ്ങളും ഒരുമിച്ച്‌ വായനക്കാര്‍ക്കെത്തിക്കണം എന്നു നോവലിസ്റ്റിന്‌ നിര്‍ബന്ധമുള്ളപോലെ. എന്നാലാവട്ടെ, ഇവയൊക്കെ തമ്മില്‍ യുക്തിഭദ്രമായ ഒരു ബന്ധപ്പെടുത്തലിനോ കാരണവിശദീകരനത്തിനോ നോവലിസ്റ്റ്‌ മിനക്കെടുന്നുമില്ല. ഇതുമൊരു സങ്കേതമാവാം!



ഹൈപ്പേഷ്യന്‍ സ്കൂളിനും ഗണിതശാസ്ത്രത്തിനും ലൈംഗികതയുമായി എന്തു ബന്ധം എന്നു നമ്മള്‍ സംശയിച്ചു നില്‍ക്കുമ്പോഴും കഥയില്‍ ലൈംഗികതയുടെ ഘോഷയാത്രയാണ്‌. കഥാ തന്തുവും ലൈംഗിക ആഘോഷങ്ങളും തമ്മില്‍ ഒരു ലോജിക്കും രൂപപ്പെടുന്നുമില്ല. മാത്രമല്ല, കഥാകൃത്തിന്റെ ലൈംഗികസങ്കല്‍പ്പങ്ങള്‍ ഒരു പോണൊഗ്രഫി നിലവാരത്തിലുള്ളതുമാണ്‌. അതു കൊണ്ടു തന്നെയാണ്‌ അതിഭാവുക അവതരണത്തിനു ശേഷവും ഫ്രാന്‍സിസ്‌ ഇട്ടിക്കോര സഹസ്ര ഭഗനെപ്പോലെ ഒരശ്ലീല ബിംബമായി അപഹാസ്യമാകുന്നത്‌


*********************************************************************************

ആഷാമേനോന്റെ അവതാരികയുമുണ്ട്‌. അവതാരികകളുടെ ആവശ്യമെന്താണെന്ന് എനിക്കൊരിക്കലും മനസ്സിലായിട്ടില്ല. മാധവിക്കുട്ടിയുടെ സമ്പൂര്‍ണ്ണകൃതികളില്‍ അഴീക്കോടിന്റെ അവതാരിക കണ്ടു. മനോഹരമായ ഒരു ശില്‍പ്പത്തില്‍ കാക്ക കാഷ്ഠിച്ചു വെച്ചതു പോലെ തോന്നി.