സ്വകാര്യ പ്രാക്റ്റീസ് നിരോധിച്ചതിനെത്തുടര്‍ന്ന് രാജി വെച്ചിറങ്ങിയ രണ്ടു ജന്മങ്ങള്‍ പാവപ്പെട്ട രോഗികളെമുതല്‍ ആരോഗ്യമന്ത്രിയെ വരെ പഴി പറഞ്ഞും അലമുറയിട്ടും മാദ്ധ്യമങ്ങളില്‍ ഒഴിയാബാധ പോലെ കൂടിയിട്ട് കുറച്ചായിരിക്കുന്നു. "വര്‍ഷങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ സ്വകാര്യ പ്രാക്ടീസ് ഒരു ദിവസം കൊണ്ട് പ്രൈവറ്റ് ഡോക്ടര്‍മാര്‍ക്ക് അടിയറ വെയ്ക്കേണ്ടി വരുന്നതിന്റെ" വിഷമം ഒരാള്‍ മറച്ചു വെയ്ക്കുന്നില്ല. ഞാന്‍ രാജിവെച്ചിറങ്ങിയതു കൊണ്ട് ഇനി വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു മിടുക്കരാക്കാന്‍ ആളില്ലാതെ പോകുമല്ലോ എന്ന വിഷമമാണ് മറ്റേയാള്‍ക്ക്. അതു കൊണ്ട് ഇനി ശമ്പളമില്ലാതെ പിള്ളാരെ പഠിപ്പിച്ചു കൊള്ളാമെന്ന് മഹതി. പക്ഷെ കിരീടവും ചെങ്കോലും തിരിച്ചു കൊടുക്കണം. അതേതായാലും നല്ല ഒരു കീഴ് വഴക്കമാണ്. കൂടുതല്‍ പേര്‍ ശമ്പളമില്ലാതെ ( പ്രത്യേകിച്ച് ഉത്തരവാദിത്വവും ഇല്ലാതെ) കളക്ടറും, പോലീസ് സൂപ്രണ്ടും, ട്രാന്‍സ്പോര്‍ട്ട് ഓഫീസറും ഒക്കെയായി വോളണ്ടിയര്‍ ചെയ്താല്‍ ഖജനാവിനെത്രയാ ലാഭം! അതെന്തായാലും രണ്ടു പേരുടേയും വിഷമം, ഞങ്ങളേപ്പോലെ കൂടുതല്‍ പേര്‍ രാജി വെച്ച് അവസാനം മെഡിക്കല്‍ കോളേജില്‍ പ്രഗത്ഭരാരും ഇല്ലാതായിത്തീരും എന്നതു തന്നെ. ഇതിനാണു പറയുന്നത് ആത്മാര്‍ത്ഥത എന്ന്!
സത്യത്തില്‍ സ്വകാര്യ പ്രാക്ടീസ് നിരോധം കൊണ്ട് ആര്‍ക്കാണ് ദോഷം സംഭവിച്ചിരിക്കുന്നത്? ആര്‍ക്കൊക്കെയാണ് സ്വകാര്യ പ്രാക്ടീസ് ഉള്ളത്? മെഡിക്കല്‍ കോളേജ് അദ്ധ്യാപകരില്‍ പകുതിയിലധികം വരുന്ന പ്രി-ക്ലിനിക്കല്‍ പാരാക്ലിനിക്കല്‍ അദ്ധ്യാപകര്‍ക്ക് മുന്‍പ് തന്നെ സ്വകാര്യ പ്രാക്റ്റീസ് നിരോധനമുണ്ട്. ക്ലിനിക്കല്‍ വിഭാഗത്തില്‍ തന്നെ സര്‍ജിക്കല്‍ സൈഡില്‍ സ്വകാര്യപ്രാക്ടീസ്, യൂണിറ്റിലെ ഒന്നാമനോ രണ്ടാമനോ മാത്രമാണ്. കാരണം മറ്റൊന്നുമല്ല, അതിലും ജൂനിയറായിട്ടുള്ള ഡോക്ടര്‍മാര്‍ക്ക് തങ്ങളുടെ രോഗികളെ ശസ്ത്രക്രിയ ചെയ്യാന്‍ ഈ സീനിയര്‍ മഹാനുഭാവന്മാര്‍ സമ്മതിക്കാറില്ല. (തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥിയായ എന്റെ സുഹൃത്ത് തന്റെ ഭാര്യയെ കാണിച്ചിരുന്നത് അവിടെ തന്നെ, പക്ഷെ താരതമ്യേന ജൂനിയറായ ഒരു ഡോക്ടറെയായിരുന്നു. ഇരട്ടക്കുട്ടികളായിരുന്നു. വളര്‍ച്ചക്കുറവിന്റെ പ്രശ്നം ഒക്കെയുണ്ടായിരുന്നതു കൊണ്ട് അവസാനം സിസേറിയന്‍ നിശ്ചയിച്ചു.എന്നാല്‍ യൂണിറ്റ് ചീഫ് സമ്മതിക്കാഞ്ഞതു കൊണ്ട് അവസാന നിമിഷം കെട്ടിപ്പറുക്കി സ്വകാര്യ ആശുപത്രിയില്‍ പോകേണ്ടി വന്നു. അവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഒരു ഡോക്ടറുടെ അനുഭവമിതാണ്!)
പിന്നെ മെഡിസിന്‍ പീഡിയാട്രിക്സ് അനുബന്ധ വിഭാഗങ്ങളിലുള്ള കുറച്ചു ഡോക്ടര്‍മാര്‍ക്കാണ് സത്യത്തില്‍ സ്വകാര്യ പ്രാക്ടീസിന്റെ ഗുണം കിട്ടുന്നത്. ഈ വിഭാഗമാവട്ടെ മൊത്തം അദ്ധ്യാപകരുടെ 20 ശതമാനത്തിലധികം വരില്ല. ദേശീയ സ്ഥാപനങ്ങള്‍ക്ക് തുല്യമല്ലെങ്കിലും സാമാന്യം നല്ലൊരു വര്‍ദ്ധന മെഡിക്കല്‍ കോളേജ് അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതായത്, 80 ശതമാനത്തിലധികം വരുന്ന അദ്ധ്യാപകര്‍ക്ക് സ്വകാര്യ പ്രാക്ടീസ് നിരോധനം കൊണ്ട് ഗുണമാണുണ്ടായിട്ടുള്ളത്. എന്നാല്‍ അതി സാമര്‍ത്ഥ്യമുള്ള ഒരു ന്യൂനപക്ഷം തെറ്റിദ്ധാരണ പടര്‍ത്തുന്നതാണ് ഇപ്പോഴത്തെ പ്രശ്നം.
സര്‍ക്കാര്‍ കൊടുക്കുന്ന ശമ്പളം കൊണ്ട് റേഷനരിയും മണ്ണെണ്ണയും വാങ്ങാന്‍ പറ്റാത്തതു കൊണ്ടാണല്ലോ ഈ വിഭാഗം അലമുറയിടുന്നതും രാജി വെയ്ക്കുന്നതും.സ്വകാര്യ പ്രാക്ടീസിന്റെ വരുമാനത്തില്‍ അവര്‍ തൃപ്തരായിരുന്നതിനാല്‍ എനിക്കൊരു പരിഹാരം തോന്നുന്നു. അവര്‍ക്ക് വര്‍ദ്ധിപ്പിച്ച ശമ്പളം കൊടുക്കേണ്ടതില്ല, പകരം സ്വകാര്യ പ്രാക്ടീസ് വഴി സമ്പാദിച്ചിരുന്ന സംഖ്യ സര്‍ക്കാര്‍ കൊടുക്കട്ടെ. പ്രശ്നം തീരേണ്ടതല്ലേ? ഇനി ആ തുക എങ്ങിനെ നിശ്ചയിക്കും എന്നാണോ? വളരെ എളുപ്പം. വര്‍ഷാവര്‍ഷം ഇന്‍കം ടാക്സ് റിട്ടേണ്‍ നല്‍കുന്നതല്ലേ, അതില്‍ കൃത്യമായി, ശമ്പളമല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്‍ നിന്നുമുള്ള വരുമാനം (അതായത് സ്വകാര്യ പ്രാക്ടീസില്‍ നിന്നുള്ള വരുമാനം) പറയാറുണ്ടല്ലോ. (ഈ ഉത്തമ പൗരന്മാര്‍ അവിടെ കള്ളത്തരം ഒന്നും ചെയ്യില്ല എന്ന് നമുക്കൊക്കെ അറിയാവുന്നതല്ലേ?) ആ തുക സര്‍ക്കാര്‍ നല്‍കട്ടെ.
ഇത്ര നാള്‍ കണ്ടിരുന്ന രോഗികള്‍ക്ക് ഇനി ഡോക്ടറെ കാണാന്‍ പറ്റാതെ വരുന്നതിലുള്ള ഹൃദയ വേദനയാണ് ചില പ്രഗത്ഭരെ അലട്ടുന്നത്. വിഷമിക്കേണ്ട സര്‍, താങ്കള്‍ കൃത്യമായി ഒ.പി യില്‍ വന്നിരുന്നാല്‍ മതി അവര്‍ താങ്കളെ തന്നെ വന്നു കണ്ടു കൊള്ളും. പിന്നെ കോഴിക്കോട് ജോലിയുള്ള സാര്‍ കോട്ടയത്ത് വന്നു താമസിക്കുന്നതില്‍ ഒരു സര്‍വ്വീസ് ചട്ടലംഘനമില്ലേ സാര്‍. അതില്‍ സര്‍ക്കാരിന് എന്തു ചെയ്യാനാകും?
ചെയ്യുന്ന ജോലിക്ക് കിട്ടുന്ന പ്രതിഫലം പോരെങ്കില്‍ രാജിവെച്ചു പോകാനുള്ള സ്വാതന്ത്ര്യം ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷെ അത് എന്റെ ഒഴികെ ബാക്കി എല്ലാവരുടേയും കുറ്റമാണെന്നു പറയുന്നത് ചെറ്റത്തരമാണ് സര്‍. പണത്തിലും വലുതായി മറ്റു പലതും ഉണ്ടെന്ന് വിശ്വസിക്കുന്ന ധാരാളം ആള്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടെ ഇടയില്‍ മാത്രമല്ല, എല്ലാ തുറകളിലുമുണ്ട്. അതുകൊണ്ടാണ് ലോകം ഇങ്ങനെയൊക്കെയെങ്കിലും മുന്നോട്ട് തന്നെ പോകുന്നത്! അതു കൊണ്ട് തനിക്കു ശേഷമുണ്ടാകാന്‍ പോകുന്ന പ്രളയത്തില്‍ ബാക്കി മനുഷ്യകീടങ്ങള്‍ എന്തു ചെയ്യുമെന്നോര്‍ത്ത് വിഷമിക്കരുത് മാഡം/സര്‍.
* * * * * * * * * *
മെഡിക്കല്‍ കോളേജിലെ ഒരു പ്രഗത്ഭന്റെ അടുത്ത് കൈമുട്ട് വേദനയുമായെത്തിയതാണ് രോഗി. കൈമുട്ട് വേദനയെന്നു പറയുമ്പോള്‍ എന്തൊക്കെ കാരണം കൊണ്ടാവാം? ക്യാന്‍സര്‍ പോലുമാവാം. എം.ആര്‍.ഐ സ്കാന്‍ തന്നെ വേണം.
" അയ്യോ! അതിനൊത്തിരി ചിലവു വരുമോ സാര്‍?"
"ഇയ്യാള് വിഷമിക്കേണ്ട. ഞാന്‍ ഏര്‍പ്പാടാക്കാം"
പ്രഗത്ഭന്‍ സ്വന്തം ഫോണെടുത്ത് നമ്പരു കുത്തി.
" ഹലോ, ******* സ്കാന്‍ സെന്ററല്ലേ? ഞാന്‍ ഡോ:*******. എല്‍ബോ എമ്മാറൈ ചെയ്യാനെത്രയാ ചാര്‍ജ്ജ്?"
"രണ്ടായിരത്തഞ്ഞൂറ്, സര്‍"- ഫോണിന്റെ മറുതല.
"ങേ? നാലായിരത്തഞ്ഞൂറോ? അത്രയ്ക്കൊന്നും പറ്റില്ല. പുവര്‍ പേഷ്യന്റാണ്, ഒരായിരം കുറച്ചു കൊടുക്കണം.
"ശരി സര്‍." മറുതല ഇതൊക്കെ എത്ര കണ്ടതാ.
"ശരി ഞാന്‍ ലെറ്റര്‍ കൊടുത്തു വിട്ടേക്കാം. വേണ്ട പോലെ ചെയ്തേക്കണം."
ഫോണ്‍ വെച്ചു. " ഞാന്‍ പറഞ്ഞ് ആയിരം കുറച്ചിട്ടുണ്ട്, നാളെ തന്നെ പോയി ചെയ്തോളൂ."