ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത് തൊടുപുഴ അര്‍ബ്ബന്‍ ബാങ്ക് ഓഡിറ്റോറിയത്തിനു മുന്‍പില്‍ വെച്ചാണ്, ആരെയോ കാത്തുനില്‍ക്കുന്നതു പോലെ. ബ്ലോഗ് മീറ്റിനല്‍പ്പം താമസിച്ചിരുന്നതു കൊണ്ടും മുന്‍ പരിചയം ഇല്ലാതിരുന്നതു കൊണ്ടും അദ്ദേഹത്തെ ശ്രദ്ധിക്കാതെ ഞാന്‍ ഓഡിറ്റോറിയത്തിലേക്ക് കടന്നു. അദ്ദേഹവും പിന്നാലെ അകത്തേക്ക് വന്നപ്പൊള്‍ എനിക്ക് ഒരല്‍പ്പം കുണ്ഠിതം തോന്നി, ആദ്യമായ് കണ്ട ഒരു സഹബ്ലോഗ്ഗറെ അവഗണിച്ചതില്‍ .
സ്വയം പരിചയപ്പെടുത്തല്‍ സമയത്താണ് അദ്ദേഹത്തെ കൂടുതലറിഞത്. ജീവിതത്തില്‍ പല വേഷം കെട്ടിയാടേണ്ടി വന്നെങ്കിലും അന്തിമമായി ജീവിതവിജയം നേടിയ ഒരു വ്യക്തി. ചെറുപ്പത്തില്‍ ആനക്കാരനാവണമെന്ന ആഗ്രഹത്തില്‍ വീട്ടില്‍ നിന്നും ഓടിപ്പോയി, ആറുവര്‍ഷത്തോളം ആനയെ മേയ്ച്ചു. പിന്നെ തയ്യല്‍ക്കാരനായി. (ഒരു വി.എസ് ലൈന്‍ ) പിന്നെ പിന്നെ പല ജോലികള്‍ക്കും ശേഷം സ്റ്റേറ്റ് ബാങ്ക് ജീവനക്കാരനായി, മനസ്സു നിറഞ്ഞ് രണ്ട് മാസം മുന്‍പ് അടുത്തൂണായി. ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ ഏതോ ഒരു സംഘടനയുടെ സംസ്ഥാന സെക്രട്ടറി. ഇതിനിടെ പല തവണ പോലീസിന്റെ ക്രൂരമര്‍ദ്ദനങള്‍ വാങ്ങിയിട്ടുണ്ട്, ലോക്കപ്പില്‍ കിടന്നിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അദ്ദേഹത്തോട് നിസ്സീമമായ ബഹുമാനം തോന്നി. ഇങ്ങനെ അനുഭവ സമ്പത്തുള്ള ഒരാള്‍ ബൂലോകത്തുള്ളത് നമുക്കൊക്കെ അഭിമാനമല്ലേ?
അദ്ദേഹത്തിന്റെ നാട് എന്റേതിന്റെ അടുത്തായതിനാല്‍ ഞാന്‍ സ്വകാര്യമായി പരിചയം പുതുക്കി. സ്ഥിരമായി ബ്ലോഗ് ചെയ്യാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ , അതിനെവിടെയാണ് സമയം എന്നദ്ദേഹം പരിഭവപ്പെട്ടു. ശരിയാണ്, യാതൊരു ഭാരവാഹിത്വവും ഇല്ലാത്ത എനിക്കു പോലും അത് സാദ്ധ്യമാവാറില്ല. (അനിലോ മറ്റോ അദ്ദേഹത്തിന്റെ ബ്ലോഗിന്റെ പേര്‍ അന്വേഷിച്ചപ്പോള്‍ , “അങ്ങിനെയൊന്നും പറഞ്ഞിട്ടില്ലല്ലോ“ എന്നായിരുന്നു ആ നിഷ്കളങ്കന്റെ മറുപടി. )
ഉച്ചഭക്ഷണത്തിനു ശേഷം ഉല്ലാസ യാത്രയ്ക്കൊന്നും നില്‍ക്കാതെ അദ്ദേഹം യാത്രയായി. തിരക്കുള്ള മനുഷ്യനല്ലേ, പക്ഷെ ഞങ്ങളൊക്കെ തൊമ്മന്‍ കുത്തിനു മുങ്ങിയതിനാല്‍ അദ്ദേഹത്തോട് യാത്ര പറയാനുള്ള മര്യാദ കാട്ടാനായില്ല. അതില്‍ ഞങ്ങള്‍ക്കൊക്കെ പിന്നീട് ഖേദം തോന്നി.
തൊമ്മന്‍ കുത്ത് യാത്രയ്ക്ക് ശേഷം തിരിച്ചു വന്ന് കാന്താരി ചമ്മന്തി കൂട്ടിയാണ് ഞങ്ങള്‍ ‘അടിച്ചമര്‍ത്തല്‍കാരായ പിന്തിരിപ്പന്‍ ഭരണകൂടത്തിനെതിരെ ബൂലോകത്ത് ഒരു പ്രതിരോധനിര പടുത്തുയത്തുന്നതിന്റെ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്തത്. പറയുന്നതില്‍ ഖേദമുണ്ട് , ശാര്‍ങധരന്‍, "You missed it!"
പിറ്റേന്ന് വഹാബിന്റെ വക ബ്ലോഗ് മീറ്റ് റിപ്പോര്‍ട്ടില്‍ , ശാര്‍ങധരന്‍ ഒരു പിടികിട്ടാപ്പുള്ളിയായിരിക്കുന്നത് കണ്ടു. പാവം വഹാബ്, “കണ്ടവരുണ്ടെങ്കില്‍ പറയണേ“ എന്ന് കക്ഷിയുടെ അഭ്യര്‍ത്ഥനയും. അതു കൊണ്ട് അദ്ദേഹം പറഞ്ഞ സ്ഥലത്ത് ഒന്ന് അന്വേഷിക്കാം എന്നു കരുതി, എന്റെ ഒരു പൊതു പ്രവര്‍ത്തകനായ ബന്ധുവിനെ വിളിച്ചു. ( “ചോരവീണമണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം” ; ഡയലര്‍ ടോണ്‍ ).
അദ്ദേഹം അന്വേഷിച്ച് തിരിച്ചു വിളിച്ചു. “ആള്‍ നമ്മുടെ കക്ഷിയാ, ഏടപെടാന്‍ പറ്റിയ ഡീസന്റ് പാര്‍ട്ടി. എന്താ സംഭവം?”
************************************************************
പണ്ടോരിക്കല്‍ ശാര്‍ങധരന്‍ (ഈ ശാര്‍ങധരന്‍ ആണോ അതോ വേറേ ശാര്‍ങധരന്‍ ആണോ എന്നറിയില്ല.) കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് വന്നു. ചീട്ട് എഴുതാനിരുന്ന കക്ഷിക്ക് എത്ര ശ്രമിച്ചിട്ടും പേരെഴുതാന്‍ പറ്റുന്നില്ല. അവസാനം ചീട്ട് സാറു പറഞ്ഞു, “ എന്തൊരു പേരാടോ, ഞാനേതായാലും ബാബു എന്നെഴുതിയിട്ടുണ്ട്, സാബു എന്നു വിളിച്ചാലും കേറിക്കോണം.”