Friday, October 09, 2020

മികച്ച സൈക്കിൾ ചെയിൻ ലൂബ്.

     പല ഗ്രൂപ്പുകളിലും ആവർത്തിച്ചു വരുന്ന ഒരു ചോദ്യമാണ് ഏറ്റവും നല്ല സൈക്കിൾ ലൂബ്  ഏതാണ് എന്ന്. പ്രധാനമായും ചെയിൻ ലൂബ്  ആണ് ഉദ്ദേശിക്കുന്നത്. ഓരോരുത്തരും അവരുപയോഗിക്കുന്ന ലൂബോ അല്ലെങ്കിൽ കേട്ടിരിക്കുന്നതിൽ വില കൂടിയോ ഒന്നോ നിർദ്ദേശിക്കുകയാണ് പതിവും. വില കൂടുതൽ ഉള്ളത് സ്വാഭാവികമായും കൂടുതൽ നല്ലത് ആയിരിക്കും എന്നത് ഒരു പൊതുവിശ്വാസം ആണല്ലോ?

ഇതെഴുതുന്നത് ഏറ്റവും നല്ല ലൂബ് ഏതെന്ന് പറയുവാനല്ല. ലൂബിനെ സംബന്ധിച്ച വസ്തുതകൾ പങ്ക് വെയ്ക്കാനാണ്. അതിന് ശേഷം നിങ്ങൾക്ക് തന്നെ തീരുമാനിയ്ക്കാം എന്ത് ഉപയോഗിക്കണം എന്ന്.

ആദ്യമായി ലൂബിന്റെ ആവശ്യം എന്താണെന്ന് നോക്കാം. രണ്ട് കാര്യമാണ്.

1. ഘർഷണം കുറയ്ക്കുക.

2. തേയ്മാനം കുറയ്ക്കുക, ആയുസ്സ് കൂട്ടുക.

ഈ കാര്യങ്ങളെ സംബന്ധിച്ച് നമുക്കുള്ള വിവരങ്ങൾ ലൂബ്  കമ്പനിക്കാരുടെ അവകാശവാദങ്ങൾ മാത്രമായിരുന്നു. സ്വാഭാവികമായും അവർ  അവരുടെ ഉത്പന്നത്തിന് അനുകൂലമായേ പറയുകയും ഉള്ളൂ. എന്നാൽ രണ്ട് സ്വതന്ത്ര ലാബുകൾ ഈ കാര്യങ്ങൾ പഠിക്കുകയും അവർ കണ്ടെത്തിയത് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

ജെയ്‌സൺ സ്മിത്ത് എന്ന സൈക്കിളിസ്റ്റും എൻജിനീയറും ആയ ആൾ സ്ഥാപിച്ച ഫ്രിക്ഷൻ ഫാക്ട്സ് ആണ് ആദ്യ സംരംഭം. സ്മിത്ത് സ്വന്തമായി ഡിസൈൻ ചെയ്ത് നിർമ്മിച്ച ഹൈ ടെക്  ഉപകരണങ്ങൾ ഉപയോഗിച്ച് പ്രധാനമായും ഘർഷണം ആണ് വിശകലനം ചെയ്തത്. (ലൂബുകൾ മാത്രമല്ല ഡ്രൈവ് ട്രെയിൻ ഘടകങ്ങൾ എല്ലാം സ്മിത്ത് പരീക്ഷിച്ചിരുന്നു. ആവശ്യക്കാർക്ക് ടെസ്റ്റ് റിസൾട്ടുകൾ ചെറിയൊരു ഫീസിന് നൽകിയിരുന്നു. എന്നാൽ പിന്നീട് സ്മിത്തിന്റെ കമ്പനി 'സെറാമിക് സ്പീഡ്' എന്ന കമ്പനി "വിഴുങ്ങി".)

സ്മിത്തിന്റെ നിരീക്ഷണം അനുസരിച്ച് 'പുതിയതും പൂർണ്ണമായും വൃത്തിയുള്ളതുമായ നിലവാരമുള്ള ചെയിൻ' ചവിട്ടുന്നതിന്റെ ഏതാണ്ട് 4% വരെ ഊർജ്ജം നഷ്ടപ്പെടുത്തും. (പഴകിത്തേഞ്ഞ അഴുക്ക്/തുരുമ്പ് പിടിച്ച മോശം നിലവാരമുള്ള ചെയിനുകൾ അതിന്റെ പല പല മടങ്ങ് ഊർജ്ജനഷ്ടത്തിന് കാരണമാകും. നമ്മൾ അവസാനം തീരുമാനം എടുക്കുമ്പോൾ ഈ ഒരു കാര്യം ഓർമ്മയിൽ വേണം. വിലയേറിയ ലൂബിന് മുൻപ് ശരിയാവേണ്ടത് ഇതൊക്കെയാണ്.) അതായത് ഒരു 250 W ഊർജ്ജം (ശരാശരി റോഡ് സൈക്കിളിങ്ങിൽ വരുന്നത്.) പ്രയോഗിക്കുമ്പോൾ 10W നഷ്ടപ്പെടും. അതിൽ എത്രമാത്രം ഓരോ ലൂബും ഉപയോഗിക്കുമ്പോൾ ലാഭിച്ചുകിട്ടും എന്ന് അദ്ദേഹം കണ്ടെത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗ്രാഫ് കാണുക. നമുക്ക് പരിചിതമായ ബ്രാൻഡുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്ക്വീർട്ട് സാമാന്യം ഭേദപ്പെട്ട നിലവാരം ആണ് കാണിക്കുന്നത്. അത് ഉപയോഗിക്കുമ്പോൾ ഊർജ്ജനഷ്ടം ഏതാണ്ട് 4.5W മാത്രമാണ്. അതായത് ഊർജ്ജനഷ്ടം ഏതാണ്ട് പകുതിയായി കുറഞ്ഞു. പിന്നെ എല്ലാവര്ക്കും പരിചയമുള്ള ബ്രാൻഡ് ആണ് മക്കോഫ്‌. മക്കോഫ്‌ ഉപയോഗിച്ചപ്പോൾ ഊർജ്ജനഷ്ടം 6W ഇൽ അധികം വരുന്നുണ്ട്. എന്നാൽ രസകരമായ ഒരു കാര്യം, സൈക്കിളിങ്ങ് ലൂബ് എന്ന രീതിയിൽ മാർക്കറ്റ് ചെയ്യാത്ത മൊബീലിന്റെ സിന്തറ്റിക് എൻജിൻ ഓയിൽ 5W-20 മക്കോഫിനേക്കാളും മെച്ചപ്പെട്ട പ്രകടനം ആണ് കാണിക്കുന്നത്. അതുപോലെ നിസ്സാരമെന്ന് കരുതുന്ന വാസ്‌ലൈൻ പെട്രോളിയം ജെല്ലിയും മക്കോഫിന് സമാനമായ നിലവാരം കാണിക്കുന്നുണ്ട്. അതിലും മോശം സ്ഥാനം ആണ് ഫിനിഷ് ലൈന് ഉള്ളത്.



ചുരുക്കത്തിൽ ഒരു 'ഒപ്ടിമൽ ചെയിൻ ' ഉപയോഗിക്കുമ്പോൾ ഘർഷണം കുറയ്ക്കുക എന്ന കാര്യത്തിൽ ലൂബിന്റെ പ്രീമിയംനെസ്സ്  നിർണ്ണായകമല്ല. മാത്രമല്ല പലതും തെറ്റിദ്ധാരണാജനകവും ആണ്. അടുത്തതായിട്ട്      ചെയ്നിന്റെ   തേയ്മാനവും ആയുസ്സും നിർണ്ണയിക്കുന്നതിൽ വ്യത്യസ്ത ലൂബുകളുടെ  പങ്ക് എന്ത് എന്ന് നോക്കാം.  ഇത് സംബന്ധിച്ച പഠനങ്ങൾ നടത്തിയിരിക്കുന്നത് ആഡം കിരിൻ എന്നൊരു ആസ്ട്രേലിയൻ സൈക്കിളിസ്റ്റിന്റെ സ്ഥാപനമായ ZFC ആണ്. സ്മിത്തിന്റെ ലാബിനെ അപേക്ഷിച്ച് കുറച്ചുകൂടി ലളിതമാണ് കിരിന്റെ സംവിധാനം. എന്നാൽ യഥാർത്ഥ സാഹചര്യങ്ങളെ കൂടുതൽ  അനുകരിക്കുന്നതും. 250W  ശക്തി തുടർച്ചയായി ക്രാങ്കിൽ കിട്ടുന്ന രീതിയിൽ ഒരു മോട്ടോർ ഡ്രൈവ് ട്രെയിൻ ഓടിക്കുന്നു. ഒരു പുതിയ ചെയിൻ ഇട്ടിട്ട് 1000km വീതമുള്ള അഞ്ച് ഘട്ടമായിട്ട് ആണ് പരീക്ഷണം.ആദ്യ ഘട്ടത്തിൽ വൃത്തിയുള്ള സാഹചര്യത്തിൽ  ലൂബ് മാത്രം ഉപയോഗിക്കുന്നു. രണ്ടാം ഘട്ടത്തിൽ റോഡ് സാഹചര്യത്തെ അനുകരിച്ച് പൊടിമണൽ ചെയിനിൽ പറ്റിച്ച് ആണ് ഓടിക്കുന്നത്. നാലാം ഘട്ടം, മണലും വെള്ളവും. മൂന്നും അഞ്ചും ലൂബ് മാത്രം. ചെയിൻ വലിയുന്നതാണ് തേയ്മാനത്തിന്റെ മാനദണ്ഡമായി എടുക്കുന്നത്. മുൻ‌കൂർ നിശ്ചയിച്ചിരിക്കുന്ന നീളവ്യത്യാസം മുഴുവനായി (100%) ആകുമ്പോൾ ചെയിൽ ഉപേക്ഷിക്കാറായതായി പരിഗണിക്കുകയും പരീക്ഷണത്തിൽ നിന്ന് പുറത്താവുകയും ചെയ്യും. അതായത് ഒരു ഘട്ടത്തിൽ ചെയിൻ ആയുസ്സ് 100% ആയാൽ അത് അടുത്ത ഘട്ടത്തിലേക്ക് പ്രൊമോട്ട് ആവില്ല. 

ഇവിടെയും പരീക്ഷണ ഫലങ്ങൾ കൗതുകകരമായിരുന്നു. മോൾട്ടൺ സ്പീഡ് വാക്സ്, UFO എന്നീ വാക്സ് അധിഷ്ഠിത ലൂബുകൾ മാത്രമേ അഞ്ച് ഘട്ടവും കടന്നുകൂടിയുള്ളൂ. അതും കാര്യമായ തേയ്മാനം ഒന്നും വരുത്താതെ. സ്ക്വീർട്ട് അഞ്ചാം ഘട്ടം വരെ എത്തി. മക്കോഫ്‌ രണ്ടാം ഘട്ടത്തിൽ തന്നെ പുറത്തായി.

 (നമ്മൾ ആദ്യ പോസ്റ്റിൽ പറഞ്ഞിരുന്ന മൊബീൽ, വാസ്‌ലൈൻ, ഫിനിഷ് ലൈൻ ഒന്നും കിറിന്റെ പഠനത്തിൽ ഇല്ല. ഇതിൽ UFO ഡ്രിപ്, ജെയ്‌സൺ സ്മിത്ത് വികസിപ്പിച്ച ചെയിൻ ട്രീറ്റ്മെന്റ്, ഇറ്റിക്കാവുന്ന രീതിയിൽ സെറാമിക് സ്പീഡ് മാറ്റി എടുത്തത് ആണ്. സ്മിത്തിന്റെ ഫ്രിക്ഷൻ ഫാക്ട് സ്വതന്ത്ര കമ്പനി ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചെയിൻ ട്രീറ്റ്മെന്റിന്റെ ഒരു DIY വേർഷൻ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സാധാരണ പാരഫിൻ മെഴുകിൽ നേരിയ അളവിൽ ടെഫ്ലോൺ പൗഡറും മോളിബ്ഡനം സൾഫേറ്റും കലർത്തി ഉരുക്കി എടുക്കുന്നത് ആയിരുന്നു അത്.)

ചുരുക്കത്തിൽ,

 ഈ പഠനങ്ങളിൽ നിന്നും മനസ്സിലാകുന്ന  ഒരു കാര്യം, മിക്കവാറും പ്രീമിയും ലൂബുകൾ ഒന്നും തന്നെ ചെയിനിന്റെ ആയുസ്സ് കൂട്ടുന്നതിൽ സഹായിക്കുന്നില്ല എന്നതാണ്. അവയെക്കാളൊക്കെ മെച്ചപ്പെട്ട പ്രയോജനം ചെയിൻ വാക്സ് ചെയ്യുന്നതുകൊണ്ട് ലഭിയ്ക്കും. 

വാക്സിങ്ങ്.

ഘർഷണം കുറയ്ക്കാനും ചെയിനിന്റെ ആയുസ്സ് കൂട്ടുവാനും ഏറ്റവും നല്ല മാർഗ്ഗം വാക്സിങ്ങ് തന്നെയാണ്. എന്നാൽ UFO ഡ്രിപ്, മോൾട്ടൻ സ്പീഡ് വാക്സ്, അബ്‌സോല്യൂട്ട് ബ്ലാക്ക് മുതലായ ഇറ്റിക്കാവുന്ന വാക്സ് ഉത്പന്നങ്ങൾ നമുക്ക് ഇവിടെ കിട്ടാനില്ല. (ലഭ്യമായ സ്ഥലങ്ങളിൽ പോലും താങ്ങാനാവാത്ത വിലയുമാണ്. അബ്‌സോല്യൂട്ട് ബ്ലായ്ക്കിന്റെ 100 ml നു പതിനായിരം രൂപയോളം വരും!) എന്നാൽ സാധാരണ പാരഫിൻ വാക്സ് പ്രയോഗവും  നല്ല ഫലം തരും.ടെഫ്ലോൺ പൗഡറും മോളിബ്ഡനം സൾഫേറ്റും  നമുക്കിവിടെ കിട്ടാൻ എളുപ്പമല്ല. എന്നാൽ വാക്സ് തന്നെയോ അല്ലെങ്കിൽ ഗ്രാഫൈറ്റ് പൗഡറുമായോ ചേർത്തോ ഉപയോഗിക്കാവുന്നതാണ്. 

    എന്നാൽ വാക്‌സിങ്ങിന് പ്രായോഗികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ട്. ഒന്ന് അത് അല്പം മിനക്കേട് ആണെന്ന് ഉള്ളതാണ്. ആദ്യമായി പ്രയോഗിക്കുമ്പോൾ ചെയിൻ പലതവണ കഴുകി ഏറ്റവും വൃത്തിയാക്കണം. സാധാരണ ക്ളീനിങ്ങ് പോര. (പിന്നീട് എളുപ്പമാണ്, വെറുതെ തിളച്ച വെള്ളത്തിൽ മുക്കി തുടച്ച് എടുത്താൽ മതി.) മെഴുക് ഉരുക്കി അതിൽ കുറെ സമയം ചെയിൻ ഇട്ട് വെയ്ക്കണം. മെഴുക് മുകളിൽ ഉറച്ച് തുടങ്ങുമ്പോഴേ എടുക്കാവൂ. വാക്സ് ചെയ്ത് കഴിഞ്ഞാൽ ആദ്യ 20-25 km അല്പം ബുദ്ധിമുട്ട് ആയിരിയ്ക്കും. പിന്നീട് 300-400 km വളരെ സ്മൂത്ത് ആയിക്കിട്ടും. എന്നാൽ ഏറ്റവും വലിയ പ്രശ്‍നം ചെയിൻ അഴിച്ചെടുക്കണം എന്നതാണ്. ക്വിക്ക് മാസ്റ്റർ ലിങ്ക് ഉള്ള ചെയിൻ മാത്രമേ എളുപ്പത്തിൽ അഴിച്ചെടുക്കാൻ സാധിക്കൂ. മിക്കവാറും ഹൈ എൻഡ് ചെയിനുകൾക്കെ ഈ സംവിധാനം കാണൂ. അതിനാൽ തന്നെ ഭൂരിപക്ഷം പേർക്കും വാക്സിങ്ങ് സാധ്യമാകും എന്ന് തോന്നുന്നില്ല.

മോട്ടോർ ഓയിൽ.

സൈക്കിളിൽ സാധാരണ മോട്ടോർ ഓയിൽ ഉപയോഗിച്ചുകൂടെ എന്ന് എല്ലാവരും ചോദിക്കുന്ന സംശയം ആണ്. (ആദ്യ പരീക്ഷണത്തിൽ മൊബീൽ ഓയിൽ, ഡെഡിക്കേറ്റഡ് സൈക്കിൾ ലൂബുകളേക്കാളും മെച്ചപ്പെട്ട ഫലം നൽകി എന്ന് നമ്മൾ കണ്ടതാണ്.) ഉപയോഗിക്കാം. പക്ഷെ, കൊഴുപ്പ്  (വിസ്കോസിറ്റി) കുറഞ്ഞ ഓയിലുകൾ വേണം. മൊബിലിന്റേത് 5W ആയിരുന്നു എന്നോർക്കുക. മോട്ടോർ സൈക്കിളുകളിൽ സാധാരണ 20W ഒക്കെയാണ് ഉപയോഗിക്കുന്നത്. 2T ഓയിൽ അതിലും കട്ടി കൂടിയത് ആയിരിയ്ക്കും. ഓയിലിന് കട്ടി കൂടുമ്പോൾ ചെയിനിൻ്റെ പിന്നിനും റോളറിനും ഇടയ്ക്ക് കടന്ന് കയറാനുള്ള കാപ്പിലറി ഫോഴ്സ് കുറയും, വിസ്കസ് ഡ്രാഗ് എന്നൊരു സംഭവം കൂടി ഊർജ്ജനഷ്ടം ഉണ്ടാകും, മാത്രമല്ല മണ്ണും പൊടിയും ഒക്കെ അടിഞ്ഞുകൂടാനും സാധ്യത കൂടും. 5W - 10W  SAE ഗ്രേഡിംഗ് ഉള്ള ഏതെങ്കിലും ഓയിൽ ഉപയോഗിക്കുന്നതാവും നല്ലത്. (W വിന് മുൻപ് വരുന്ന നമ്പർ ശ്രദ്ധിച്ചാൽ മതി, ശേഷം വരുന്നത് ഏതായാലും കുഴപ്പമില്ല.) അല്ലെങ്കിൽ സമാന വിസ്കോസിറ്റി വരുന്നത് ആണ് ഹൈഡ്രോളിക് അല്ലെങ്കിൽ ഫോർക്ക് ഓയിലുകൾ. അവ ഉപയോഗിക്കാം. ഫോർക്ക് ഓയിലുകൾ 350ml അളവിൽ എല്ലാ ടൂ വീലർ സ്പെർപാർട്സ് കടകളിലും കിട്ടും. അത്രയൊന്നും മിനക്കെടാൻ പറ്റില്ലെങ്കിൽ  മോട്ടോർ സൈക്കിൾ ഓയിലുകൾ മണ്ണെണ്ണയോ ഡീസലോ മറ്റോ ചേർത്ത് കട്ടി കുറച്ചെടുക്കാം.

തയ്യൽ മെഷീൻ ഓയിൽ.

ഇതിന്റെ കണ്ടന്റോ വിസ്കോസിറ്റി ഗ്രേഡോ അറിയില്ല എന്നതാണൊരു പ്രശ്‍നം. എന്നാൽ പലരും നല്ല അനുഭവസാക്ഷ്യം നൽകുന്നുണ്ട്. ഉപയോഗിച്ച് നോക്കാവുന്നതാണ്.

കുക്കിങ്ങ് ഓയിലുകൾ 

ഒഴിവാക്കുന്നത് ആണ് നല്ലത്. മിക്കവാറും എല്ലാ എണ്ണകളും പശപ്പുള്ള അവശിഷ്ടം ബാക്കിവെയ്ക്കും. അഴുക്ക് അടിഞ്ഞു കൂടുന്നത് കൂടും, ഡ്രാഗ് കൂടും.

ഗ്രീസ്.

തേയ്മാനം കുറയാൻ ഏറ്റവും നല്ലത്. പക്ഷെ ബാക്കി ഗുണങ്ങൾ എല്ലാം വിപരീതം. ഗ്രീസ് ചെയിനുള്ളതല്ല.

DIY വാക്സ് ഡ്രിപ്പ്.

അല്പം മിനക്കെടാൻ മനസ്സുള്ളവർക്ക് സ്വയം ഉണ്ടാക്കി എടുക്കാവുന്ന പാചകം. പാരഫിൻ വാക്‌സും (മെഴുകുതിരി) ലിക്വിഡ് പാരഫിനും (മെഡിക്കൽ ഷോപ്പിൽ കിട്ടും) ചേർത്ത് ഉരുക്കുക. തണുക്കുമ്പോൾ ഏതാണ്ട് വെണ്ണയുടെ പരുവം കിട്ടുന്ന അളവിൽ വേണം രണ്ടും എടുക്കാൻ. തണുത്ത് കഴിഞ്ഞ് അൽപ്പാൽപ്പമായി എടുത്ത് അസറ്റോൺ (പെയിന്റ് കട) ചേർത്ത് ഇറ്റിക്കാവുന്ന പാകത്തിൽ എടുക്കുക. 

ചുരുക്കത്തിൽ,

ചെയിനും മറ്റ് ഡ്രൈവ് ട്രെയിൻ ഭാഗങ്ങളും (ജോക്കി വീലുകൾ പ്രത്യേകിച്ചും)) പരമാവധി വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ലൂബിന്റെ പ്രാധാന്യം രണ്ടാമതേ വരുന്നുള്ളൂ. നമുക്ക് ലഭ്യമായ പ്രീമിയം ലൂബുകളിൽ   മിക്കതും  സാധാരണ മോട്ടോർ ഓയിലിനേക്കാൾ മെച്ചമുള്ളതല്ല. സ്ക്വിർട്ട് താരതമ്യേന മെച്ചമാണ്, എന്നാൽ ചിലവുമായി താരതമ്യം ചെയ്യുമ്പോൾ ഉള്ള ബെനഫിറ്റ് സംശയമാണ്. 

(ജാമ്യം. ഈ റൈറ്റപ്പ് ശരാശരി സൈക്കിളിനെയും സൈക്കിളിസ്റ്റിനെയും ഉദ്ദേശിച്ചുള്ളതാണ്. ടൂർ ഡി ഫ്രാൻസ്, റാം ഒക്കെ പോലുള്ള ഹൈ ഇന്റെൻസിറ്റി സൈക്കിളിങ്ങ് ഉദ്ദേശിക്കുന്നവർ ഇതൊന്നും കാര്യമാക്കേണ്ട. :D )

Tuesday, October 08, 2019

U.K യിൽ പഠനം. അറിയേണ്ടതെല്ലാം. ഭാഗം 3.

യാത്ര
വിമാന ടിക്കറ്റ് സമയവും റേറ്റും ഒക്കെ നോക്കി മുൻകൂട്ടി എടുത്ത് വെയ്ക്കാവുന്നതാണ്. നേരത്തേ എടുക്കുന്നതാണ് മിക്കവാറും ലാഭവും. മിക്കവാറും യൂണിവേഴ്സിറ്റികൾ, പ്രവേശനത്തിന്റെ അടുത്ത ദിവസങ്ങളിൽ ആണെങ്കിൽ എയർപോർട്ട് പിക്കപ്പ് ഏർപ്പെടുത്തിയിരിയ്ക്കും. ആ സൌകര്യം ഉണ്ടോ എന്ന് അന്വേഷിക്കുക, എങ്കിൽ അത് ആവശ്യപ്പെടുക.

ടിക്കറ്റിൽ നമുക്ക് അനുവദിച്ചിട്ടുള്ള ലഗേജ് ഭാരം പറഞ്ഞിരിയ്ക്കും. നമ്മുടെ കൈയ്യിൽ വെയ്ക്കാവുന്ന (ഹാൻഡ് കാരി) ലഗേജിന് മിക്കവാറും എല്ലാ വിമാനകമ്പനികളും അനുവദിച്ചിരിയ്ക്കുന്നത് 7 കിലോ ആണ്. ആ ബാഗിൽ നമ്മുടെ സർട്ടിഫിക്കറ്റുകൾ, പണം, ഫോൺ, കാർഡുകൾ, ലാപ് ടോപ്പ് ഉണ്ടെങ്കിൽ അത്, രണ്ട് ജോഡി ഡ്രസ്സ് ഇത്രയും എടുക്കുക.

ബാക്കി ലഗേജ്, വിമാനകമ്പനികൾ അനുസരിച്ച് 30 -35- 40 കിലോ വരെ അനുവദിക്കും. ആ പരിധി ഒരു കാരണവശാലും കടക്കാതിരിയ്ക്കാൻ ശ്രമിക്കുക, ഇളവുകൾ ഒന്നും കിട്ടില്ല. പപ്പാതിയായി രണ്ട് ബാഗ്/ പെട്ടിയായി പായ്ക്ക് ചെയ്യുന്നതാണ് നല്ലത്. പാചകത്തിനും മറ്റും രണ്ട് മൂന്ന് ചെറിയ പാത്രങ്ങൾ കരുതുന്നത് ഉപയോഗപ്പെടും. അതുപോലെ ആദ്യ ഒന്ന് രണ്ട് ദിവസങ്ങളിലേയ്ക്ക് വേണ്ടി മാഗിയോ ബിസ്കറ്റോ മറ്റോ കരുതാം. അല്ലാതെ പലരും ചെയ്യുന്ന പോലെ കിലോക്കണക്കിന് അരിയും ആട്ടയും ഒന്നും കൊണ്ട് പോകേണ്ട കാര്യമില്ല. തണുപ്പ് കാലത്തേയ്ക്ക് ഉപയോഗിക്കാൻ ഉള്ള പുതപ്പും വസ്ത്രങ്ങളും വേണം. നമ്മൾ ചെല്ലുന്നത് തണുപ്പ് കാലത്ത് അല്ല എങ്കിൽ അവിടെ നിന്നും വാങ്ങുന്നത് ആയിരിയ്ക്കും നല്ലത്. ഇവിടെ കിട്ടുന്ന ഏകദേശ വിലയിൽ തന്നെ അവിടെ നിന്നും വാങ്ങാൻ പറ്റും.

എയർ പോർട്ടിലും, ഹോസ്റ്റലുകളിലും യൂണിവേഴ്സിറ്റികളിലും ഒക്കെ ഫ്രീ വൈ-ഫൈ ഉണ്ടാകും. അതുകൊണ്ട് തന്നെ ഫോണിനു വേണ്ടി ഇന്റർനാഷണൽ റോമിങ്ങൊ, ട്രാവൽ സിമ്മോ അല്ലെങ്കിൽ എയർപോർട്ടിൽ നിന്ന് മൊബൈൽ കണക്ഷനോ എടുക്കേണ്ട കാര്യമില്ല. പണനഷ്ടമാണ്. അത്യാവശ്യ വിവരങ്ങൾ വാട്സാപ്പ് പോലുള്ള സംവിധനങ്ങൾ വഴി കൈമാറാമല്ലോ? സാവകാശം പ്ലാനൊക്കെ നോക്കി മൊബൈൽ കണക്ഷൻ എടുത്താൽ മതി. വിദ്യാർത്ഥികളെ സംബന്ധിച്ച് ഫോൺ ഉൾപ്പടെ കിട്ടുന്ന കോണ്ട്രാക്റ്റ് കണക്ഷൻ കിട്ടാൻ ബുദ്ധിമുട്ടാണ്. അതിനാൽ ഫോൺ നാട്ടിൽ നിന്നും കൊണ്ട് പോകുന്നത് ആയിരിയ്ക്കും നല്ലത്.


പണം
വിദേശത്തേയ്ക്ക് പോകുമ്പോൾ സ്വാഭാവികമായും പണം കയ്യിൽ കരുതണമല്ലോ. അംഗീക്രുത ഏജൻസികളിൽ നിന്നും നമ്മുടെ രൂപ കൊടുത്ത് പൌണ്ട് വാങ്ങി കയ്യിൽ വെയ്ക്കാം. എന്നാൽ ഇത് കൊണ്ട് താൽകാലിക ആവശ്യങ്ങളേ നടക്കൂ. ആ പണം തീർന്നു കഴിയുമ്പോൾ മറ്റ് മാർഗ്ഗം ഇല്ലാതാകും. ഇതിന് ഒരു പരിഹാരം ആണ് ഫോറക്സ് കാർഡുകൾ. മിക്കവാറും എല്ലാ ബാങ്കുകളും ഫോറക്സ് കാർഡുകൾ നൽകുന്നുണ്ട്. കാർഡ് ലഭിയ്ക്കുവാൻ ഒരു ചെറിയ തുക നൽകേണ്ടി വരും. ബാങ്കുകൾ അനുസരിച്ച് ഇത് 300-400 രൂപ ആകും. പിന്നെ അതത് ദിവസത്തെ വിനിമയ നിരക്ക് അനുസരിച്ച് കാർഡ് ചാർജ്ജ് ചെയ്യാം. ഈ കാർഡ് സാധാരണ ക്രഡിറ്റ് /ഡബിറ്റ് കാർഡ് ഉപയോഗിക്കുന്നത് പോലെ വ്യാപാരസ്ഥാപനങ്ങളിൽ ഉപയോഗിയ്ക്കാം. അധികച്ചിലവ് ഒന്നുമില്ല. ഇതുകൊണ്ട് പണം പിൻവലിയ്ക്കാൻ പറ്റുമെങ്കിലും അതിന് ബാങ്കുകൾ സാമാന്യം നല്ല ഫീസ് ഈടാക്കും. അതുകൊണ്ട് ATM ഇൽ ഉപയോഗിക്കുന്നത് നഷ്ടമാണ്. ഒരു ഫീസ് നൽകി നാട്ടിൽ നിന്നും ഈ കാർഡ് റീ ചാർജ്ജ് ചെയ്തു കൊണ്ടിരിയ്ക്കാം. കാർഡ് എടുക്കുമ്പോൾ, ആവശ്യപ്പെട്ടാൽ ഒരു പകരം കാർഡ് കൂടി ലഭിയ്ക്കും. അതുംകൂടി വാങ്ങി സൂക്ഷിക്കുന്നതാണ് നല്ലത്. ആദ്യത്തെ കാർഡ് നഷ്ടപ്പെട്ടാൽ ഉപയോഗിക്കാം. (വിദേശത്തും മോഷണം പോക്കറ്റടി ഇവയ്ക്കൊന്നും ഒരു കുറവുമില്ല.) അല്ലാതെ കാർഡ് നഷ്ടപ്പെട്ടാൽ ബാങ്ക് പറയുന്ന വിദേശത്തുള്ള സപ്പോർട്ടിലൊന്നും ഒരു പ്രതീക്ഷയും വെയ്ക്കണ്ട. ചുരുക്കത്തിൽ പോകുന്ന സമയത്ത് കുറച്ച് പണം കറൻസിയായും - കഴിവതും ചെറിയ ചെറിയ തുകയുടെ നോട്ടുകളായി - ബാക്കി തുകയ്ക്ക് ഫോറക്സ് കാർഡ് ആയും കരുതുന്നതാണ് ബുദ്ധി.
എൻറോൾമെന്റ് നടപടികൾ ഒക്കെ കഴിഞ്ഞാൽ അവിടെ ബാങ്ക് അക്കൌണ്ട് തുടങ്ങാം, ഒപ്പം ബാങ്കിന്റെ കാർഡും കിട്ടും. അക്കൌണ്ട് തുടങ്ങിക്കഴിഞ്ഞാൽ നാട്ടിൽ നിന്നും പണം അയയ്ക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. ഒട്ടു മിക്ക ബാങ്കുകളും ഈ സൌകര്യം നൽകുന്നുണ്ട്. എല്ലാ ബ്രാഞ്ചിലും ലഭ്യമാകണം എന്നില്ല. SBI യ്ക്കും മറ്റും ഇപ്പോൾ, നമുക്ക് തന്നെ വീട്ടിൽ ഇരുന്ന് ചെയ്യാവുന്ന ഓൺലൈൻ ട്രാൻസ്ഫർ സൌകര്യം ഉണ്ട്. എന്നാൽ ഫീസ് പോലുള്ള വലിയ തുകകൾക്ക് ഈ രീതി പറ്റില്ല. അതിന് ബാങ്കിൽ നേരിട്ട് ചെന്ന് അയയ്ക്കണം. ഇങ്ങനെ അയയ്ക്കുന്നതിന് തരതമ്യേന ചിലവും കുറവാണ്. മുൻപ് മുതൽ വിദേശ പണമിടപാടുകൾ നടത്തിയിരുന്ന ബാങ്കിതര സ്വകാര്യ ഏജൻസികളിൽ ബാങ്കിനെ അപേക്ഷിച്ച് ചിലവ് പല മടങ്ങ് കൂടുതൽ ആണ്.

U.K യിൽ പഠനം. അറിയേണ്ടതെല്ലാം. ഭാഗം 2.

ആദ്യ ഭാഗം.
അപേക്ഷിക്കുന്നത്: : രാജ്യാന്തര വിദ്യാർത്ഥികൾക്ക് പ്രവേശനമുള്ള കോഴ്സുകൾക്കൊക്കെ ഓൺലൈൻ അപേക്ഷാ സൌകര്യം ഉണ്ടായിരിയ്ക്കും. അതു മാത്രമല്ല, ഹെല്പ് ലൈനുകളും ഉണ്ടാവും. എന്തെങ്കിലും സംശയം ഉണ്ടാകുന്ന പക്ഷം അവർ സഹായിയ്ക്കും. സാധാരണയായി വർഷത്തിൽ രണ്ട് തവണ ആണ് പ്രവേശനം. സെപ്റ്റംബറിലെ പ്രവേശനം കഴിഞ്ഞതിനാൽ ഇനി അടുത്ത തവണേയ്ക്ക് ഉള്ള പ്രവേശനത്തിന് തയ്യാറെടുക്കാം.
അപ്ലൈ ഓൺലൈൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അപേക്ഷാ ഫോമിൽ എത്തും. നമ്മുടെ അടിസ്ഥാന വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, പാസ്സ്പോർട്ട് വിവരങ്ങൾ എന്നിവയായിരിയ്ക്കും ആദ്യം നൽകേണ്ടീ വരുക. സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത കോപ്പികൾ, പാസ്സ്പോർട്ടിന്റെ കോപ്പി, ഫോട്ടൊ ഒക്കെ അപ്ലോഡ് ചെയ്യേണ്ടി വരും. അതിനാൽ അവയൊക്കെ തയ്യാറാക്കി വെയ്ക്കുക. ഇതെല്ലാം ഒറ്റ ഇരുപ്പിൽ ചെയ്യണം എന്ന നിർബന്ധം ഒന്നുമില്ല. പല തവണ ആയി പൂർത്തിയാക്കിയാൽ മതി. ഇതൊടൊപ്പം SOP (Statement of Purpose) എന്നൊരു സംഗതി കൂടി തയ്യാറാക്കി വെയ്ക്കണം. നമ്മൾ എന്തുകൊണ്ട് ഈ കോഴ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നു, എന്തുകൊണ്ട് ആണ് അതിന് ബ്രിട്ടൺ തിരഞ്ഞെടുത്തത്, നമ്മുടെ കഴിവുകൾ നേട്ടങ്ങൾ, ഉദ്ദേശലക്ഷ്യങ്ങൾ ഒക്കെ അതിൽ വിശദീകരിയ്ക്കണം. ഇത് സാമാന്യം സമയം എടുത്ത് തയ്യാറാക്കുന്നത് ആണ് നല്ലത്. ഇത് ലളിതവും വ്യക്തവുമായ ഇംഗ്ലീഷിൽ 2- 3 പേജിൽ തയ്യാറാക്കി വെയ്ക്കുക. മറ്റ് ആരുടെ എങ്കിലും സഹായം തേടുന്നതിലും തെറ്റില്ല. നമ്മളെപ്പറ്റി അവർക്ക് ഒരു നല്ല ധാരണ കിട്ടുന്ന വിധം ആയിരിയ്ക്കണം അത് തയ്യാറാക്കുന്നത്. ആ ധാരണ നല്ല രീതിയിൽ ആയിരിയ്ക്കണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ?
നമ്മുടെ അപേക്ഷ ആദ്യഘട്ടം തരണം ചെയ്താൽ ആണ് മിക്കവാറും അവർ SOPആവശ്യപ്പെടുക. ആ സമയത്ത് തിരക്കു പിടിച്ച് എഴുതാൻ നിൽക്കാതെ മുൻകൂട്ടി തന്നെ തയ്യാറാക്കി വെയ്ക്കണം. SOP തയ്യാറാക്കാൻ സഹായിക്കുന്ന വെബ് സൈറ്റുകൾ ഉണ്ട്. അവയും ഉപയോഗപ്പെടുത്താം. അവർക്ക് എല്ലാം ത്രുപ്തികരമായി തോന്നിയാൽ അഡ്മിഷൻ ഓഫർ ലഭിയ്ക്കും. ആ സമയത്ത് ഫീസിന്റെ ഒരു ഭാഗം അഡ്വാൻസ് ആയി അടയ്ക്കേണ്ടി വരും. മിക്കവാറും 1000 - 1500 പൌണ്ടോളം വന്നേയ്ക്കും. (പണം അടയ്ക്കുന്നതിനെപ്പറ്റി പിന്നീട് പറയുന്നുണ്ട്.) അതു കഴിഞ്ഞാൽ യൂണിവേഴ്സിറ്റിയിൽ നിന്നും Confirmation of Acceptance for Studies (CAS) എന്നൊരു രേഖയാണ് ലഭിക്കേണ്ടത്. നമ്മളേയും നമ്മൾ ചേരാൻ പോകുന്ന കോഴ്സിനേയും പറ്റിയുള്ള വിശദ വിവരങ്ങൾ അടങ്ങുന്ന ഒരു ഡേറ്റാബേസ് ആണ് CAS. ഇതിനെപ്പറ്റിയുള്ള വിവരം ഈ-മെയിൽ ആയി ലഭിയ്ക്കും. (ഇതിന് ഡിജിറ്റൽ കോപ്പി മാത്രമേ ലഭിയ്ക്കു. നമ്മൾ പ്രിന്റ് എടുക്കണം.) വിസയ്ക്ക് അപേക്ഷിയ്ക്കാൻ ഇത് അത്യാവശ്യമാണ്. CASകോഴ്സ് തുടങ്ങുന്നതിന് രണ്ട് മാസം മുൻപോ മറ്റോ മാത്രമേ നൽകിത്തുടങ്ങുകയുള്ളൂ.

ഇതേ സമയത്ത് ചെയ്യേണ്ട ഒരു കാര്യം കൂടി ഉണ്ട്. നമുക്ക് വേണ്ട ഫണ്ട് ആസൂത്രണം ചെയ്യൽ. ബാങ്ക് ലോൺ എടുക്കാൻ ഉദ്ദേശിയ്ക്കുന്നവർ ഈ സമയത്ത് അപേക്ഷ നൽകി ലോൺ പാസ്സാക്കണം. ബാങ്കിന്റെ ഓഫർ ലെറ്റർ വിസയ്ക്ക് അപേക്ഷിയ്ക്കുമ്പോൾ അതിനൊപ്പം സമർപ്പിക്കണം. ചില യൂണിവേഴ്സിറ്റികൾ CAS നൽകുവാൻ വേണ്ടി പോലും ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടും.

ഫീസിൽ, മുൻ കൂട്ടി അടച്ചിട്ടുള്ളതിൽ ബാക്കിയുള്ള തുകയും ഒൻപത് മാസം അവിടെ ജീവിയ്ക്കുവാനുള്ള തുകയും ആണ് ബാങ്കിൽ കാണിക്കേണ്ടത്. ഈ തുക വിസ അപേക്ഷ നൽകുന്ന സമയത്തിന് പിന്നിലുള്ള ഒരു മാസത്തിനുള്ളിൽ, 28 ദിവസം തുടർച്ചയായി ബാങ്കിൽ ഡിപ്പോസിറ്റായി സൂക്ഷിച്ചിട്ടുണ്ടാവണം. അതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റോ തത്തുല്യ തുകയുടെ ലോൺ പാസ്സായതിന്റെ ബാങ്ക് രേഖയോ ആണ് കാണിക്കേണ്ടത്. ബാങ്ക് ഡെപ്പോസിറ്റ് അപേക്ഷകന്റെ പേരിലല്ല, മറിച്ച് മാതാപിതാക്കളുടെ പേരിൽ ആണെങ്കിൽ, അപേക്ഷകന്റെ ജനനസർട്ടിഫിക്കറ്റ്, അക്കൌണ്ട് ഉടമയായ രക്ഷിതാവിന്റെ സമ്മതപത്രം ഇവ ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ കൂടെ ഹാജരാക്കണം. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,

നെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ് പോര, മറിച്ച് ബാങ്കിന്റെ ലെറ്റർ ഹെഡിലോ അതുമല്ലെങ്കിൽ എല്ലാ പേജിലും സീലും ഒപ്പും വെച്ച ബാങ്കിൽ നിന്നും നൽകുന്ന രേഖ ആയോ നൽകണം.

ഈ പണം ഒറ്റ അക്കൌണ്ടിൽ വേണം എന്നില്ല. പല അക്കൌണ്ടുകളുടെ സ്റ്റേറ്റ്മെന്റ് നൽകിയാൽ മതി. കാലാവധിയ്ക്കുള്ളീൽ ലഭ്യമാകുന്ന ഫിക്സഡ് ഡിപ്പോസിറ്റുകൾ ഉപയോഗിക്കാം, എന്നാൽ പെൻഷൻ പ്ലാനുകളിൽ കിടക്കുന്ന പണം സ്വീകരിയ്ക്കില്ല.

രക്ഷിതാവിന്റെ സമ്മതപത്രത്തിൽ, അപേക്ഷകന്റെ പേര്, അപേക്ഷകനുമായുള്ള ബന്ധം, ചേരുന്ന കോളേജും കോഴ്സും, അക്കൌണ്ട് വിവരങ്ങൾ, തുക പൌണ്ടിൽ എത്ര എന്ന വിവരങ്ങൾ കാണിയ്ക്കണം. അപേക്ഷകന്റെ പഠനാവശ്യത്തിന് ഈ തുക ചിലവഴിയ്ക്കാൻ സമ്മതമാണ് എന്നു സാക്ഷ്യപ്പെടുത്തണം.

ജീവിതച്ചിലവിനുള്ള തുക ബ്രിട്ടീഷ് സർക്കാർ വകുപ്പ് തീരുമാനിച്ചിരിയ്ക്കുന്നതാണ്. പഠനം ലണ്ടനിൽ ആണെങ്കിൽ മാസം 1265പൌണ്ടും (മൊത്തം 11385) മറ്റ് സ്ഥലങ്ങളിൽ ആണെങ്കിൽ മാസം 1015 പൌണ്ടും (മൊത്തം 9135) ആണ്. ഒരു വർഷമോ അതിനു മുകളിലൊ ഉള്ള പഠനകാലാവധിയ്ക്കാണ് ഈ ഒൻപത് മാസത്തെ കണക്ക്. കാലാവധി കുറഞ്ഞ കോഴ്സുകൾക്ക് മുഴുവൻ സമയത്തെ ചിലവും കാണിയ്ക്കണം.

അപ്പോൾ ഉദാഹരണത്തിന്, ലണ്ടനിൽ 14000 പൌണ്ട് ഫീസുള്ള ഒരു വർഷത്തെ കോഴ്സിനു ചേർന്നു എന്നു കരുതുക. ആദ്യ ഗഡുവായി 1500 പൌണ്ട് ഫീസും അടച്ചു. അപ്പോൾ ബാങ്കിൽ കാണിക്കേണ്ട തുക, (14000 – 1500) + 11385 = 23885 പൌണ്ട്. പൌണ്ടിന് ഏകദേശം 90 രൂപ വെച്ചു കൂട്ടിയാൽ ഏകദേശം 21.5 ലക്ഷം രൂപ.

നമ്മുടെ അപേക്ഷ കോളേജുകൾ സ്വീകരിച്ചാൽ, CAS അയച്ചു തുടങ്ങുന്ന സമയം അവർ അറിയിയ്ക്കും. പറഞ്ഞിരിയ്ക്കുന്ന സമയം കഴിഞ്ഞും CAS കിട്ടിയില്ലെങ്കിൽ കോളേജുമായി ബന്ധപ്പെടണം, കാരണം ചിലപ്പോൾ നമ്മൾ സമർപ്പിച്ചിരിയ്ക്കുന്ന രേഖകളിൽ എന്തെങ്കിലും കുറവോ മറ്റോ ഉണ്ടെങ്കിൽ CASതാമസിക്കാം. അത് പരിഹരിയ്ക്കുക.

ചില സാങ്കേതിക പഠനങ്ങൾക് ATAS ക്ലിയറൻസ് വേണ്ടി വരും. നമ്മൾ ചേരുന്ന കോഴ്സുകൾക്ക് അത് ആവശ്യമുണ്ടോ എന്നത് നമ്മുടെ CASഇൽ വ്യക്തമാക്കിയിരിയ്ക്കും. മാനേജ്മെന്റ്, ആർട്സ്, മെഡിക്കൽ, പാരാമെഡിക്കൽ കോഴ്സുകൾക്ക് ATAS പൊതുവേ വേണ്ടി വരില്ല. ഇതു സംബന്ധിച്ച വിവരങ്ങൾ ഇവിടെ ലഭിയ്ക്കും.
ഇതീനൊപ്പം ചെയ്യേണ്ട കാര്യമാണ് മെഡിക്കൽ ചെക്കപ്പ്. ഇവിടെ TB യുടെ പരിശോധന മാത്രമേ ആവശ്യമായുള്ളൂ. കേരളത്തിൽ എറണാകുളത്തും തിരുവനന്തപുരത്തും അംഗീക്രുത കേന്ദ്രങ്ങൾ ഉണ്ട്. മുൻകൂട്ടി സമയം നിശ്ചയിച്ച് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങി വെയ്ക്കുക.
CAS ലഭിച്ചുകഴിഞ്ഞാൽ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ടയർ 4 വിസയാണ് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ലഭിയ്ക്കുന്നത്. വിസ അപേക്ഷിയ്ക്കുന്നത് ഓൺ ലൈനിൽ ആണ്. CAS ഇൽ നൽകിയിരിയ്ക്കുന്ന വിവരങ്ങൾ വ്യക്തമായി മനസ്സിലാക്കുക, പിന്നെ നമ്മൾ പ്രവേശനത്തിനു നൽകിയിരിയ്ക്കുന്ന വിവരങ്ങൾ, പാസ്പോർട്ട് വിവരങ്ങൾ ഇത്രയുമാണ് വിസ അപേക്ഷയ്ക്ക് പൂരിപ്പിച്ചു നൽകേണ്ടത്. യാത്ര ചെയ്യുന്ന സമയം ഏകദേശമായി നൽകിയാൽ മതി. അവിടെ താമസിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങളും നൽകണം. രേഖകളിലേയും അപേക്ഷയിലേയും വിവരങ്ങൾ ഒരേപോലെ ക്രുത്യമായിരിയ്ക്കാൻ ശ്രദ്ധിയ്ക്കണം. ഈ അപേക്ഷയും ഒറ്റ ഇരുപ്പിന് പൂർത്തിയാക്കി നൽകണം എന്നില്ല. ഘട്ടം ഘട്ടമായി പൂരിപ്പിച്ചാൽ മതിയാകും. അപേക്ഷ പൂർത്തിയാക്കിക്കഴിഞ്ഞാൽ വിസയ്ക്ക് ഉള്ള ഫീസ് അടയ്ക്കണം. അതിനോടൊപ്പം അവിടുത്തെ ഹെൽത്ത് ഇൻഷുറൻസിന്റെ പ്രീമിയവും അടയ്ക്കേണ്ടി വരും. തുക സൈറ്റിൽ നിന്നും കണക്ക് കൂട്ടി നൽകും. ഈ തുക ഇൻഡ്യൻ രൂപയിൽ നമ്മുടെ കാർഡ് വെച്ചൊ ബാങ്ക് ട്രാൻസ്ഫർ ആയോ അടയ്ക്കാം. പണം അടച്ചു കഴിഞ്ഞാൽ നമ്മുടെ രേഖകൾ വെരിഫൈ ചെയ്യാനും ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്താനുമായി ഉള്ള അപ്പോയ്മെന്റ് എടുക്കാം. YFS Global എന്നൊരു ഏജൻസിയാണ് ഇതിന് ചുമതലപ്പെട്ടിരിയ്ക്കുന്നത്. അവർക്ക് കൊച്ചിയിൽ ഓഫീസ് ഉണ്ട്. രേഖകൾ അപ് ലോഡ് ചെയ്യാനുള്ള ജോലി അവരെ ഉത്തരവാദിത്തപ്പെടുത്തുന്ന ഓപ്ഷൻ നൽകുന്നതായിരിയ്ക്കും നല്ലത്. അതിന് വേറെ ഫീസ് ഉണ്ടാകും. ലഭ്യത അനുസരിച്ച് നമുക്ക് സൌകര്യപ്രദമായ ദിവസവും സമയവും നോക്കി അപ്പോയ്മെന്റ് എടുക്കാം. കഴിവതും രാവിലെ ആദ്യ സ്ലോട്ടുകളിൽ തന്നെ സമയം എടുത്താൽ തിരക്കും പാർക്കിങ്ങ് ബുദ്ധിമുട്ടുകളുമൊഴിവാക്കാം.
വിസ അപേക്ഷ പൂരിപ്പിയ്ക്കുന്നതാണ് മിക്കവരേയും ഭയപ്പെടുത്തുന്ന കാര്യം. നേരത്തേ പറഞ്ഞല്ലോ, CAS ലെ വിവരങ്ങൾ ക്രുത്യമായി വായിച്ചു മനസ്സിലാക്കുക. ചെറിയ പിശകുകൾ പറ്റിയാലും തിരുത്തുവാൻ അവസരം കിട്ടും, പക്ഷെ അപ്പോൾ വിസ കിട്ടാൻ താമസം വരാം. അതിനാൽ തെറ്റുകൾ വരുത്താതെ ശ്രദ്ധിയ്ക്കുക. തെറ്റായ വിവരങ്ങൾ ഒരു കാരണവശാലും നൽകരുത്. മനപൂർവ്വമാണ് തെറ്റായ വിവരം നൽകിയത്എന്നവർക്ക് ബോദ്ധ്യപ്പെട്ടാൽ പിന്നൊരിയ്ക്കലും വിസ കിട്ടാതെ പോകാൻ വരെ സാദ്ധ്യതയുണ്ട്. ഇനിയും വിസ അപേക്ഷ പൂരിപ്പിക്കാൻ ധൈര്യം വരുന്നില്ല എങ്കിൽ വേറെ മാർഗ്ഗങ്ങൾ ഉണ്ട്. പല യൂണിവേഴ്സിറ്റികളും അപേക്ഷകർക്ക് സൌജന്യമായി വിസ അസിസ്റ്റൻസ് നൽകുന്നുണ്ട്. ആ സൌകര്യം ലഭ്യമാണോ എന്ന് ഹെല്പ് ലൈനിൽ അന്വേഷിക്കുക. എങ്കിൽ അവരുടെ സഹായം തേടുക. അതല്ലെങ്കിൽ ചെറിയ ഒരു ഫീസിൽ YFS തന്നെ വിസ അസിസ്റ്റൻസ് നൽകുന്നുണ്ട്. അവരുടെ സൈറ്റിൽ രെജിസ്റ്റർ ചെയ്ത് ഈ സർവ്വീസ് ആവശ്യപ്പെടാം.

വിസ അപ്പോയ്മെന്റിന് പോകുമ്പോൾ നമ്മുടെ രേഖകൾ എല്ലാം കയ്യിലുണ്ട് എന്ന് ഉറപ്പു വരുത്തുക. പാസ്സ്പോർട്ട്, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് മുൻപ് സമർപ്പിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ, ജനന സർട്ടിഫിക്കറ്റ്, ബാങ്ക് സ്റ്റേറ്റ്മെന്റ്, രക്ഷിതാവിന്റെ സമ്മതപത്രം, TB സർട്ടിഫിക്കറ്റ്, CAS ന്റെ പ്രിന്റ് ഔട്ട്, പിന്നെ ചെക്ക് ലിസ്റ്റ് നോക്കി മറ്റ് എന്തെങ്കിലും രേഖകൾ ഉണ്ടെങ്കിൽ അതും. എല്ലാ രേഖകളുടേയും ഫോട്ടോസ്റ്റാറ്റ് കോപ്പികളും കരുതുക. അപ്പൊയ്മെന്റ് എടുത്തിരിക്കുന്ന സമയത്തിനു മുൻപായി എത്തുക. അവിടെ അവരുടെ സർവ്വീസ് ചാർജ്ജ് നൽകേണ്ടി വരും, എല്ലാം കൂടി ഏകദേശം മൂവായിരം അടുത്ത്. അതുകൊണ്ട് പണം കരുതണം.
മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തപക്ഷം 2 -3 ആഴ്ചകൾക്കുള്ളിൽ വിസ ലഭിയ്ക്കും. ചിലപ്പോൾ എംബസ്സിയിൽ നിന്ന് വിളിയ്ക്കാൻ സാദ്ധ്യത ഉണ്ട്. നമ്മുടെ ഉദ്ദേശത്തിൽ എന്തെങ്കിലും സംശയം വരുകയോ അല്ലെങ്കിൽ നമ്മൾ നൽകിയിരിക്കുന്ന രേഖകളിൽ എന്തെങ്കിലും പിശക് ഉണ്ടെങ്കിലൊ ആണ് വിളിയ്ക്കുക. വ്യക്തമായും സത്യസന്ധമായും ചോദ്യങ്ങൾക്ക് മറുപടി നൽകുക. ഇപ്പോൾ പാസ്സ്പോർട്ടിൽ പതിച്ചു കിട്ടുന്ന വിസ കുറച്ച് ആഴ്ചകൾക്ക് വേണ്ടി മാത്രമുള്ളതാണ്. നമ്മുടെ പഠനകാലത്തിനും സ്റ്റേബായ്ക്ക് കാലാവധിയ്ക്കും ബാധകമാകുന്ന പ്രധാന രേഖ ഒരു ബയോമെട്രിക് കാർഡ് ആണ്. അത് നമ്മൾ UK യിൽ എത്തി പത്തു ദിവസത്തിനകം അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ കൈപ്പറ്റണം. (എവിടെ നിന്നു വേണം എന്നത് നമുക്ക് നേരത്തേ ഓപ്റ്റ് ചെയ്യാം.)

അടുത്ത ഭാഗം..

U.K യിൽ പഠനം, അറിയേണ്ടതെല്ലാം.


വിദേശവിദ്യാർത്ഥികൾക്ക് പഠനത്തിനു ശേഷം ബ്രിട്ടനിൽ തുടരാവുന്ന കാലാവധി അടുത്ത വർഷം മുതൽ 2 വർഷമായി ഉയർത്തുകയാണ്. നിലവിൽ ഇത് പരമാവധി 4 മാസമാണ്. പുതിയ നിയമം വരുന്നതോടെ ബ്രിട്ടണിലുള്ള പഠനം കൂടുതൽ ആകർഷകമാവും. എന്നാൽ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും ഇതിന്റെ ഗുണം കിട്ടുമോ എന്ന് ഉറപ്പില്ല. ശാസ്ത്രം, സാങ്കേതികവിദ്യ, കണക്ക്, എഞ്ചിനീയറിങ്ങ് എന്നീ വിഭാഗക്കാർക്ക് ആയിരിയ്ക്കും മിക്കവാറും മുൻഗണന കിട്ടുക. ഇൻഡ്യയിൽ നിന്നും അധികവും വിദ്യാർത്ഥികൾ ബ്രിട്ടണിൽ പോകുന്നത് മാനേജ്മെന്റ് പഠനങ്ങൾക്ക് ആണ്.

പഠനത്തിനു ശേഷം തുടരാവുന്ന കാലാവധി -സ്റ്റേ ബായ്ക്ക്- വർധിക്കുന്നതോടേ വിദ്യാർത്ഥികൾക്ക് അവിടെ തൊഴിൽ നേടാനുള്ള സാദ്ധ്യതകളും കൂടും. ഈ സമയത്തിനുള്ളിൽ ജോലി കണ്ടെത്തുകയാണെങ്കിൽ ഗവർമെന്റ് തലത്തിലുള്ള ചില നടപടികൾ ഒഴിവാക്കാൻ സാധിയ്ക്കും. നിലവിൽ ഒരു വിദേശിയ്ക്ക് ബ്രിട്ടണിൽ ജോലി ലഭിയ്ക്കണമെങ്കിൽ, തൊഴിൽ ഉടമ, യൂക്കേയിലും യൂറോപ്യൻ യൂണിയനിലും ആ ജോലീയ്ക്ക് യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ വേറെ ഇല്ല എന്ന് സർക്കാരിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. (ബ്രക്സിറ്റ് വരുന്നതോടേ യൂറോപ്യൻ യൂണിയൻ ഒഴിവാക്കപ്പെട്ടേയ്ക്കാം.) എന്നാൽ സ്റ്റേ ബായ്ക്ക് സമയത്ത് ഇതിന്റെ ആവശ്യം ഇല്ല. എന്നിരുന്നാലും സ്പോൺസറിങ്ങ് മുതലായ നടപടികൾ നിലനിൽക്കും. സ്പോൺസറിങ്ങ്, തൊഴിൽ ഉടമയെ സംബന്ധിച്ച് ഒരു അധിക ഉത്തരവാദിത്വം ആണ്. അതുകൊണ്ട് തന്നെ, പലരും അത് ഒഴിവാക്കി തദ്ദേശീയരായ ഉദ്യോഗാർത്ഥികൾക്ക് ആയിരിയ്ക്കും മുൻഗണന നൽകുക. അതിനാൽ ഒരു വിദേശിയ്ക്ക് സ്റ്റേബായ്ക്ക് സമയത്തിന് ഉള്ളിൽ ആണെങ്കിൽ പോലും ജോലി കിട്ടാൻ വളരെ എളുപ്പം ആകണം എന്നില്ല. കഴിവും, കഠിനാദ്ധ്വാനവും, സാമർത്ഥ്യം തെളിയിക്കുകയും ചെയ്യുകയാണ് ജോലി നേടിയെടുക്കാൻ അവശ്യം വേണ്ടത്. ബ്രിട്ടണിൽ ജോലി ഉദ്ദേശിച്ച് പഠനത്തിനു ശ്രമിക്കുന്നവർ ഈ കാര്യം മനസ്സിരുത്തണം.

ലോകത്തിലെ ഒന്നാം കിട യൂണിവേഴ്സിറ്റികളിൽ പലതും ബ്രിട്ടണിൽ ആണ്. അവയെ കൂടാതെ ഉന്നത നിലവാരം പുലർത്തുന്ന നിരവധി വിദ്യാഭ്യാസകേന്ദ്രങ്ങളും അവിടെയുണ്ട്. ബിരുദ ബിരുദാനന്തര നിലവാരത്തിൽ ഏതു വിഷയത്തിലുമുള്ള കോഴ്സുകൾ ലഭ്യവുമാണ്. യു.എസ്, ഓസ്ട്രേലിയ, ക്യാനഡ എന്നിവിടങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഫീസുകൾ ആണ് മിക്ക സ്ഥാപനങ്ങളിലും. അതിനാൽ സമർത്ഥരും ഉത്സാഹികളുമായ വിദ്യാർത്ഥികൾക്ക് നല്ലൊരു അവസരമാണ് ഉണ്ടായിരിയ്ക്കുന്നത്.

വിദേശപഠനത്തിനെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ മിക്കവരും ആദ്യം ചെയ്യുന്നത് ഏതെങ്കിലും ഏജൻസികളെ സമീപിയ്ക്കുകയാണ്. അഡ്മിഷൻ, വിസ അപേക്ഷ, യാത്ര ക്രമീകരണം എന്നിവയ്ക്ക് ഏജൻസികൾ അത്യാവശ്യം ആണ് എന്നാണ് മിക്കവരുടേയും വിശ്വാസം. എന്നാൽ ബ്രിട്ടണിലെ പഠനത്തിന് ഏജൻസികളുടെ സഹായത്തിന്റെ യാതൊരു ആവശ്യവും ഇല്ല. സാമാന്യം ഇംഗ്ലീഷ് പരിജ്ഞാനവും, ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യാൻ കഴിവും, കമ്പ്യുട്ടർ ഇന്റ്റർനെറ്റ് സൌകര്യവും ഉണ്ടെങ്കിൽ ആർക്കും സ്വയം ചെയ്യാവുന്ന കാര്യങ്ങൾ മാത്രമേ ഇതിലുള്ളൂ. ബ്രിട്ടീഷ് കൌൺസിൽ അംഗീകരിച്ച സർട്ടിഫൈഡ് ഏജന്റുമാർ ഉണ്ട്, എന്നാൽ കേരളത്തിലെ ഒരു ഏജൻസി പോലും ആ വിധം അംഗീകരം ലഭിച്ചവ അല്ല.

യു.കെ യിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോഴ്സുകളേയും പറ്റിയുള്ള എല്ലാ വിവരവും ബ്രിട്ടീഷ് കൌൺസിലിന്റെ വെബ് പേജിൽ ലഭ്യമാണ്. നമുക്ക് താല്പര്യമുള്ള വിഷയം, കോളേജ്, ബിരുദമാണോ ബിരുദാനന്തര ബിരുദമാണോ എന്നൊക്കെ സേർച് കീ കൊടുത്ത് ഈ പേജിൽ അന്വേഷിക്കാം. സേർച്ച് റിസൾട്ടിൽ നീന്നു തന്നെ അതത് സ്ഥാപനങ്ങളുടെ വെബ് പേജിലേയ്ക്ക് ലിങ്കുണ്ട്. അവിടെ നിന്നും പ്രവേശന യോഗ്യത, കാലാവധി, ഫീസ്, സാധ്യമായ മറ്റ് ചിലവുകൾ എന്നിവയെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ലഭിയ്ക്കും.

പ്രവേശന യോഗ്യത. നമ്മൾ ഉദ്ദേശിയ്ക്കുന്ന കോഴ്സുകളുടെ പ്രവേശന യോഗ്യത അതത് സൈറ്റുകളിൽ വ്യക്തമായി പറഞ്ഞിരിയ്ക്കും. ചില സ്ഥലങ്ങളിൽ, അപേക്ഷിയ്ക്കുന്നതിന് തൊട്ട് മുൻപുള്ള 2 വർഷത്തിലധികം സമയം വിദ്യാർത്ഥി അല്ലാതിരിയ്ക്കുന്നത് അയോഗ്യതയായി പറയുന്നുണ്ട്. പൊതുവെ ഇംഗ്ലീഷ് പ്രവീണ്യം തെളിയിക്കാൻ IELTS ആവശ്യമായി വരും. കോഴ്സുകൾ അനുസരിച്ച് ആവശ്യമുള്ള സ്ക്കോറിനും വ്യത്യാസം വരും. അതെല്ലാം വ്യക്തമായി സൈറ്റിൽ ഉണ്ടാകും. ചില സ്ഥാപനങ്ങൾ സ്വയം ഇംഗ്ലീഷ് പ്രാവീണ്യം പരിശോധിയ്ക്കും. നമ്മൾ മുൻപ് പഠിച്ച സ്ഥാപനം, നമ്മുടെ പ്രകടനം ഒക്കെ വിലയിരുത്തിയാണ് ഇത് ചെയ്യുക. അത്തരം സന്ദർഭങ്ങളിൽ IELTS ആവശ്യം വരില്ല. നാഷണൽ ഇൻസ്റ്റിറ്റൂട്ടുകളിൽ ഒക്കെ പഠിച്ചവർക്കേ ഈ ആനുകൂല്യം ലഭിച്ചെന്നിരിയ്ക്കൂ. അതിനാൽ അപേക്ഷിയ്ക്കാൻ തയ്യാർ എടുക്കുന്നതിനു മുൻപ് തന്നെ IELTS പാസ്സായി ഇരിയ്ക്കുന്നതാണ് നല്ലത്.


ചിലവുകൾ ഇന്റർനാഷണൽ സ്റ്റുഡൻസിന് പൊതുവേ തദ്ദേശീയരെക്കാൾ ഫീസ് കൂടുതൽ ആയിരിയ്ക്കും. ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ഏകദേശം 12000 മുതൽ 15000 വരെ പൌണ്ട് ഒരു വർഷം ഫീസ് പ്രതീക്ഷിയ്ക്കാം. ബിരുദ പഠനങ്ങൾക്ക് ഈ തുക അല്പം കുറവ് ആയിരിയ്ക്കും. യോഗ്യതാ പരീക്ഷകളിൽ നല്ല പ്രകടനം കാഴ്ച വെച്ച അപേക്ഷകർക്ക് ചില യൂണിവേഴ്സിറ്റികൾ ഫീസ് ഇളവ് നൽകാറുണ്ട്. താമസം, ഭക്ഷണം, പഠനസാമഗ്രികൾ, യാത്ര എന്നിവയുടെ ചിലവുകൾ വേറെ. അപേക്ഷ നൽകുന്ന സമയം തന്നെ താമസ സൌകര്യവും ഏർപ്പാടാക്കാൻ സാധിയ്ക്കും. കോളേജുകൾ തന്നെ അതിനുള്ള ഓപ്ഷനുകൾ തരും. കോളേജിനോടുള്ള സാമീപ്യം, സൌകര്യങ്ങൾ, വാടക ഇതൊക്കെ നോക്കി നമുക്ക് തന്നെ താമസ സൌകര്യങ്ങൾ തിരഞ്ഞെടുക്കാം. വാടക മാത്രം ഏകദേശം ആഴ്ചയിൽ 120 – 150 പൌണ്ടോളം വരും. ഭക്ഷണം നമ്മൾ സ്വയം നോക്കണം. മിക്കയിടത്തും പൊതുവായി ഉപയോഗിക്കാവുന്ന അടുക്കള, റഫ്രിജറേറ്റർ മുതലായവ കാണും. എന്നാൽ വാഷിങ്ങ് മെഷീൻ മുതലായവ ഉപയോഗിക്കാൻ പ്രത്യേകം പണം നൽകേണ്ടി വന്നേയ്ക്കും.

ചില സ്ഥലങ്ങളിൽ ഒരേ കോഴ്സ് ഫുൾ ടൈമായും പാർട്ട് ടൈമായും പഠിയ്ക്കാൻ സൌകര്യം കാണും. അപ്പോൾ പക്ഷെ പഠന കാലാവധി വ്യത്യാസം വരും. ഫുൾ ടൈം ഒരു വർഷം ചെയ്യുന്ന കോഴ്സ് പാർട്ട് ടൈം ആകുമ്പോൾ 2 വർഷം എടുക്കും. ഇത്തരം സാഹചര്യങ്ങളിൽ ഫുൾടൈം തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി. കാരണം ഒരു വർഷം ആണെങ്കിലും 2 വർഷം ആണെങ്കിലും സ്റ്റേബായ്ക്ക് കാലാവധി ഒന്നു തന്നെയാണ്. പാർട്ട് ടൈം കൊഴ്സിനു ചേർന്ന് ബാക്കി സമയം ജോലി ഒക്കെ ചെയ്ത് പണം ഉണ്ടാക്കാം എന്ന് ചിന്തിക്കരുത്. വിദ്യാർത്ഥികൾക്ക് നൽകുന്ന ടയർ 4 വിസ പ്രകാരം, നിയമാനുസ്രുതം ജോലി ചെയ്യാവുന്നത് ആഴ്ചയിൽ 20 മണിക്കൂർ മാത്രമാണ്. സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനം (മണിക്കൂറിന് 5.5- 6.5 പൌണ്ട്) പൂർണ്ണമായി കിട്ടിയാൽ പോലും നാട്ടിൽ നിന്നുള്ള പണം ഇല്ലാതെ അവിടെ സാമാന്യം മാന്യമായ് ജീവിയ്ക്കാൻ സാധിയ്ക്കില്ല. നിയമം വിട്ടുള്ള സാധ്യതകളേപ്പറ്റി ചിന്തിക്കാതിരിയ്ക്കുക, നമ്മുടെ രാജ്യമല്ല, നമ്മൾ പോകുന്നത് പഠിയ്ക്കാനാണ്.
ഭാഗം 2.

Thursday, August 25, 2016

ഗൂഗിളിനെ ആർക്കാണു പേടി?



എന്റെ വൈദ്യ പഠനം ഒരു കാര്യത്തിൽ വ്യത്യസ്ഥമായ രണ്ടു ഘട്ടങ്ങളിലായാണു കഴിഞ്ഞത്. ബിരുദ കാലങ്ങളിൽ ഇന്റർനെറ്റ് ലഭ്യമായിരുന്നില്ല. കമ്പ്യൂട്ടറുകൾ അവസാനകാലമായപ്പോഴേയ്ക്കും  അത്യാവശ്യം കാഴ്ചപ്പെട്ടിരുന്നുവെങ്കിലും, ഇന്റെർനെറ്റ് കേൾവിയിൽ പോലും ഉണ്ടായിരുന്നില്ല. വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും, കുറുക്കുവഴി ഗൈഡുകളും അദ്ധ്യാപക വാമൊഴിനോട്ടുകളും മാത്രമായിരുന്നു ആശ്രയം. അദ്ധ്യാപകർ കുറച്ചു പേരെങ്കിലും ജേണലുകൾ വരുത്തിയിരുന്നു. നോർത്ത് അമേരിക്കയിൽനിന്നും യൂറോപ്പിൽനിന്നും ഒക്കെ പ്രസിദ്ധീകരിച്ചിരുന്ന അവ മിക്കവർക്കും, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് അപ്രാപ്യവുമായിരുന്നു. പണം അന്ന് ഇന്നത്തേതു പോലെ വെള്ളം പോലെ ഒഴുകിയിരുന്നുമില്ല. അത്തരം ജേണലുകളിൽ നിന്ന് ചെറി പറിയ്ക്കൽ നടത്തി ബിരുദാനന്തര വിദ്യാർത്ഥികളെ തേജോവധം ചെയ്യൽ ചില അദ്ധ്യാപരുടെ എങ്കിലും ഒരു വിനോദവും ആയിരുന്നു. (ആ ജനുസ്സിൽപ്പെട്ട ഒരദ്ധ്യാപകനെ, എവിടുന്നോ തപ്പിപ്പിടിച്ചെടുത്ത മൂന്നാലു പോയന്റുമായി, ‘എന്നാൽ ഇനി ഞാൻ കുറച്ചു ചോദ്യങ്ങൾ ചോദിക്കട്ടെ, സാറിനു പറയാമോ?’ എന്നു ചോദിച്ച് ഒരു ഹൗസ് സർജൻ മലർത്തിയടിച്ച സംഭവം വളരെക്കാലം ഒരു വീരഗാഥയായി നിലനിന്നു.)

പി.ജി പകുതിയായപ്പോഴേയ്ക്കും ഇന്റെർനെറ്റ് പ്രചാരത്തിലായിക്കഴിഞ്ഞിരുന്നു. ഈ വിപ്ലവത്തിൽ പക്ഷെ, പുതു തലമുറയ്ക്ക് ഒപ്പം പിടിയ്ക്കാൻ പഴമക്കാർക്ക് നന്നെ ക്ലേശിക്കേണ്ടി വന്നു.   അങ്ങിനെ പുതിയ അറിവുകളുടെ കുത്തക അദ്ധ്യാപകർക്ക് നഷ്ടമായി. പുതിയ ഓൺ-ലൈൻ അറിവുകളെ ഒരു തരം അവജ്ഞയോടെയാണ് പലരും നേരിട്ടതും. “ലേറ്റസ്റ്റ് എന്നു പറഞ്ഞ് ഇന്റർനെറ്റിൽ നിന്നും ഓരോന്ന് എഴുന്നള്ളിച്ചിട്ട് കാര്യമൊന്നുമില്ല, സ്റ്റാൻഡാർഡ് ടെസ്റ്റ്ബുക്കിലുള്ളത് പറഞ്ഞാലേ പാസ്സാകൂ” എന്ന് കളം മാറ്റിച്ചവിട്ടി തുടങ്ങി മിക്കവരും.

ആ പറഞ്ഞതിൽ കാര്യമുണ്ടു താനും. ഏതു കാര്യം ഏതു രീതിയിൽ സമർത്ഥിക്കാനും ഉള്ള റഫറൻസുകൾ അവിടെ ലഭ്യമാണ് എന്നതു തന്നെ കാരണം. ഉദാഹരണം, പുകവലി. റഫറൻസുകൾ ഒന്നും ഇല്ലാതെ തന്നെ പുകവലിയുടെ ദൂഷ്യങ്ങളെപ്പറ്റി എല്ലാവർക്കും അറിയാം. എന്നാൽ, പുകവലി അൽഷീമേഴ്സും പാർക്കിൻസൺസും ഒക്കെ പ്രതിരോധിക്കാൻ നല്ലതാണെന്ന റഫറൻസും നെറ്റ് തരും. ശരിയാണു താനും. അതോടൊപ്പം ശരിയല്ലാത്ത വേറെ അനവധി റഫറൻസും കിട്ടിയേക്കും. ഇവയൊക്കെ മുൻ നിറുത്തി പുകവലിയുടെ ഗുണങ്ങൾ വാഴ്ത്താനും പറ്റും. എന്നാൽ ഭൂരിപക്ഷം പേരും അത് വാങ്ങില്ല. കാരണം, ഈ വിഷയത്തിൽ ഒരു ‘നോളഡ്ജ് ഫിൽറ്റർ’ ഒട്ടു മിക്കവർക്കും ഉണ്ട് എന്നതു തന്നെ.

ഈ ‘നോളഡ്ജ് ഫിൽറ്റർ’ എല്ലായ്പ്പോഴും ശരിയായിരിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല. വിഷയസംബന്ധമായ അറിവ് ആണ് ഈ ഫിൽറ്റർ രൂപപ്പെടുത്തുന്നത്. ഈ പശ്ചാത്തലവിജ്ഞാനത്തിന്റെ സ്വഭാവഗുണം അനുസരിച്ച് ഫിൽറ്ററിന്റെ രീതിയും മാറുന്നത് സ്വാഭാവികം. വാക്സിൻ വിരുദ്ധരേയും, പ്രകൃതിജീവനതീവ്രവാദികളേയും ഒക്കെ സത്യം ബോദ്ധ്യപ്പെടുത്താൻ സാധിക്കാതെ വരുന്നത്, അവരുടെയൊക്കെ ഈ പശ്ചാത്തലവിജ്ഞാനം ശുദ്ധശാസ്ത്രത്തിനുപരിയായി കോൺസ്പരസി തിയറികളിലും ‘ലോങ്ങ് ലോസ്റ്റ് പാരഡൈസിലും’ ഒക്കെ ഉറച്ചുപോയതുകൊണ്ടാണ്.

 എന്നാൽ,  കൃത്യമായ അടിസ്ഥാനമിട്ട് ചിട്ടയായി നേടിയ അറിവ് നൽകുന്ന തിരിച്ചറിവ് പകരം വെയ്ക്കാനാവത്തതാണ്. മിക്കവരും മനസ്സിലാക്കാതെ പോകുന്നതും അതു തന്നെയാണ്.

“ഗൂഗിൾ നോക്കിവരുന്ന ഒരു വിഡ്ഢി” എന്ന ഒരു പ്രയോഗം ഒരു ഡോക്ടറിൽ നിന്നും കണ്ടതിൽ നിന്നാണ് ഇത്രയും ഒക്കെ ചിന്തിച്ചത്. ഇന്ന് ഡോക്ടർമാരെ അലട്ടുന്ന പ്രധാനപ്രശ്നങ്ങളിൽ ഒന്ന് ഗൂഗിൾ നോക്കി വരുന്ന രോഗികളാണ് എന്നു കരുതണം. ഡോക്ടർമാരുടെ സ്വകാര്യ ഫേസ്ബുക്ക് പേജുകളിലും വാറ്റ്സാപ്പ് ഗ്രൂപ്പുകളിലും ഇത്തരക്കാരെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകളും ചിത്രങ്ങളും ധാരാളം. ഇത്തരം രോഗികളെ അല്ലെങ്കിൽ രോഗികളുടെ ബന്ധുക്കളെ ഒരു ഭീഷണിയായിക്കാണുന്നത്, അറിവിലുള്ള തങ്ങളുടെ കുത്തക തകർന്നേക്കും എന്ന ഒരു അരക്ഷിതാബോധത്തിൽ നിന്നാവണം. (പഴയ മെഡിക്കൽ അദ്ധ്യാപകരുടെ മാനസികാവസ്ഥയും അവർ പഠിപ്പിച്ചകൂട്ടത്തിൽ പകർന്നിരിക്കും.) എന്നാൽ ഞാൻ മുൻപ് പറഞ്ഞ പശ്ചാത്തലവിജ്ഞാനത്തിന്റേയും നോളഡ്ജ് ഫിൽറ്ററിന്റേയും മേൽക്കൈ എന്റെ സുഹൃത്തുക്കൾ തിരിച്ചറിയുന്നില്ല എന്നത് സങ്കടകരം.

അവരവരുടെ അവസ്ഥയെപ്പറ്റി അറിയാൻ ആർക്കും ആകാംഷ ഉണ്ടാവുക സ്വാഭാവികം. ‘മയസ്തീനിയഗ്രാവിസ്’ നെപ്പറ്റി മനസ്സിലാക്കാൻ ശ്രീ എൻ. എൻ പിള്ള, പണ്ട് സ്വന്തമായി ‘സെസിൽസ്  ടെസ്റ്റ് ബുക്ക് ഓഫ് മെഡിസിൻ’ വിലകൊടുത്ത് വാങ്ങിയത്രെ! ആ പുസ്തകം അന്നൊക്കെ ഫിസിഷ്യന്മാർ കൂടി വാങ്ങുക അപൂർവ്വമായിരുന്നു. എന്റെ ഒരു പ്രീ-ഡിഗ്രി ക്ലാസ്സ്മേറ്റ്, നാളുകൾക്ക് ശേഷം സൗഹൃദം പുതുക്കിയപ്പോൾ,  അഭിമാനപൂർവ്വം തന്റെ ബുക്ക് ഷെൽഫിൽ നിന്നും ‘ഷോസ് ടെസ്റ്റ് ബുക്ക് ഓഫ് ഗൈനക്കോളജി’ എടുത്തു കാണിച്ചു. ഭാര്യയ്ക്ക് P.C.O.D  ആണെന്നറിഞ്ഞപ്പോൾ സംഭവം എന്താണെന്ന് പഠിക്കാൻ വാങ്ങിയതാണത്രെ! ഇന്നിപ്പോൾ വിവരങ്ങൾ വിരൽതുമ്പിൽ സൗജന്യമായി കിട്ടാൻ തുടങ്ങിയപ്പോൾ ആളുകൾ കൂടുതൽ ആയി അറിയാൻ ശ്രമിക്കുന്നു. അത്ര മാത്രം.

സ്വയം റഫർ ചെയ്ത്, സ്വയം ചികിത്സിക്കുന്നവരെപ്പറ്റി ഡോക്റ്റർമാർ വ്യാകുലപ്പെടേണ്ടതില്ലല്ലോ? (മുള്ളുകൊണ്ട് എടുക്കേണ്ടത് തൂമ്പായ്ക്ക് എടുക്കാൻ പാകത്തിൽ തിരിച്ച് കൈയ്യിൽ വരും എന്നു സന്തോഷിക്കുക.) എന്നാൽ ഡോക്റ്ററെക്കാണാൻ വരുന്നവർ ഇതൊരു DIY പരിപാടിയല്ല എന്നു ബോദ്ധ്യം ഉള്ളവർ ആണ്.  അവരുടെ അറിവ് പൂർണ്ണമല്ല എന്നവർക്ക് അറിയാം, നെറ്റിനേക്കാൾ വിശ്വാസ്യയോഗ്യം അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്ന ഡോക്ടർ ആണെന്നും അവർക്കറിയാം. അതുകൊണ്ടാണ് സമയവും പണവും മുടക്കി അവർ വരുന്നത്. എന്നാൽ, തങ്ങൾ മനസ്സിലാക്കി വെച്ചിരിയ്ക്കുന്നത് ഡോക്ടർ പറയുന്നതുമായി ഒട്ടും ഒത്തു പോകുന്നില്ല എന്നു തോന്നുമ്പോഴാണ് അവർ സംശയം പറയുന്നത്.  ആ സംശയം തീർക്കാൻ ഡോക്ടർമാർക്ക് ബാദ്ധ്യതയുണ്ട്, അല്ലാതെ അവരെ വിഡ്ഢികൾ എന്നു ലേബൽ ചെയ്യുന്നത് അഹങ്കാരമോ അല്പത്തരമോ ഒക്കെയാണ്.

അറിവുകൾ കാലികമാക്കി വെയ്ക്കുന്നത് ഓരോ ഡോക്ടറുടേയും ഉത്തരവാദിത്തം ആണ്. അത് ചെയ്യുന്നുണ്ടെങ്കിൽ തന്നെ ഈ പ്രശ്നം മിക്കവാറും പരിഹരിക്കപ്പെട്ടു. ഇനി രോഗി ചോദിക്കുന്ന പ്രശ്നം നേരിട്ട്  അറിവില്ലാത്തതാണെങ്കിൽ പോലും അറിയുന്ന അടിസ്ഥാനവിജ്ഞാനത്തിന്റെ ബോദ്ധ്യത്തിൽ അത് വിശദീകരിക്കാമല്ലോ? അതും പറ്റുന്നില്ലെങ്കിൽ, ‘ഇത് എനിക്കും പുതിയ അറിവാണ്, ഞാനൊന്നു നോക്കട്ടെ’ എന്നു പറഞ്ഞാൽ ആരാണ് അപഹസിക്കുക? ഇനി രോഗി ഗൂഗിൾ ചെയ്തു കൊണ്ടുവരുന്ന കാര്യം ഒരു പുതിയ അറിവ് തന്നെയാണെങ്കിലോ?

Then, “You should be thankful!”

Wednesday, May 15, 2013

ബിറ്റ് കോയിൻ: ഒരു ആമുഖം.




ബിറ്റ് കോയിനെ (Bitcoin) പരിചയപ്പെടുത്തലാണ് ഈ പോസ്റ്റ്.

ബിറ്റ് കോയിൻ ഒരു ആധുനിക ഇലക്ട്രോണിക് അധിഷ്ടിത ധനവിനിമയ മാർഗ്ഗമാണ്. ക്രഡിറ്റ് കാർഡ്, ഡബിറ്റ് കാർഡ് മുതലായ നമുക്ക് സുപരിചിതങ്ങളായ ഇലക്ട്രോണിക് ധനവിനിമയങ്ങളിൽ അവയ്ക്ക് പിൻബലമായി ഏതെങ്കിലും കറൻസികൾ ഉണ്ടാവും. നമ്മൾ രൂപയിലോ ഡോളറിലോ ഒക്കെ തന്നെയാണല്ലോ അവിടെ ഇടപാടുകൾ നടത്തുന്നത്. എന്നാൽ ബിറ്റ്കോയിനിൽ നിലവിലുള്ള കറൻസികൾ ഒന്നും പിൻബലമായില്ല. അത് അതിന്റെ രീതിയിൽ തന്നെ ഒരു സ്വതന്ത്ര കറൻസിയാണ്. എന്നാൽ സാധാരണ കറൻസികളിൽ നിന്നും വളരെ വ്യത്യസ്ഥമാണ് ബിറ്റ്കോയിൻ. ഏറ്റവും പ്രധാനം അത് ഏതെങ്കിലും ഒരു കേന്ദ്രീകൃത ഏജൻസിയാൽ നിയന്ത്രിക്കപ്പെടുന്നില്ല എന്നതാണ്. (ഉദാഹരണം; നമ്മുടെ രൂപ, റിസർവ്വ് ബാങ്കിനാൽ നിയന്ത്രിക്കപ്പെടുന്നുണ്ടല്ലോ.)

നിലവിലുള്ള കറൻസികൾക്ക് മിക്കവാറും തന്നെ ഈടായി സ്വർണ്ണശേഖരം സർക്കാരും റിസർവ്വ് ബാങ്കുകളും സൂക്ഷിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഒരു ഈടും ബിറ്റ്കോയിന്റെ കാര്യത്തിലില്ല എന്നതാണ് രസകരം. പിന്നെ ഈ പണത്തിന് എങ്ങിനെ മൂല്യമുണ്ടാവും? ചില ധനതത്വശാസ്ത്രജ്ഞരുടെ ഉത്തരം രസകരമാണ്. “മറ്റെല്ലാ പണത്തിനുമുള്ളതു പോലെ. അവയ്ക്ക് മൂല്യമുണ്ട് എന്ന് ആളുകൾ വിശ്വസിക്കുന്നു, അതുകൊണ്ട് അവയ്ക്ക് മൂല്യമുണ്ട്. അതുപോലെ തന്നെ ഇതിനും!”

ബിറ്റ്കോയിൻ ഉപയോഗിച്ചുള്ള ഇടപാടുകൾക് മറ്റു കറൻസികളിലെ പോലെ ദേശാന്തര പരിമിതികളില്ല. ആർക്കും എവിടേയും ഇത് ഉപയോഗിച്ച് ഇടപാടുകൾ നടത്താം. നമ്മളുടെ സേവനദാദാവ് അല്ലെങ്കിൽ വിൽപ്പനക്കാരൻ അവ സ്വീകരിക്കുന്ന ആളായിരിക്കണം എന്നു മാത്രം. കാലം കഴിയും തോറും കൂടുതൽ കൂടുതൽ പേർ അവ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. നമുക്ക് ഇൻഡ്യയിൽ നിന്ന് അമേരിക്കയിൽ പണമടയ്ക്കണം എന്നുണ്ടെങ്കിൽ ഇടനിലക്കാർ ഒന്നുമില്ലാതെ നേരിട്ട് അത് ചെയ്യാൻ പറ്റും. ഒരിക്കലെങ്കിലും അത് നിലവിലുള്ള മാർഗ്ഗത്തിൽ ചെയ്തവർക്കറിയാം എത്ര പണം കമ്മീഷൻ ഇനത്തിൽ നമുക്ക് നഷ്ടമാണെന്ന്. ആ പണവും നമ്മൾ ലാഭിക്കുകയാണ്.

സതോഷി നകാമോട്ടോ എന്ന പേരിൽ ഒരു അജ്ഞാതൻ/സംഘം ആണ് ആദ്യമായി ബിറ്റ്കോയിന്റെ ആശയം അവതരിപ്പിച്ചത്. 2008ഇൽ. അടുത്ത വർഷം തന്നെ ബിറ്റ്കോയിൻ നെറ്റ്വർക്ക് നിലവിൽ വന്നു. ആദ്യത്തെ 2-3 വർഷങ്ങളിൽ സതോഷി നകാമോട്ടോ അതിന്റെ സോഫ്റ്റ്വേർ നിർമ്മാണത്തിലും ഫോറങ്ങളിലും സജീവമായിരുന്നെങ്കിലും പിന്നീട് പിൻ വലിയുകയാണുണ്ടായത്. വാസ്തവത്തിൽ സതോഷി ആരായിരുന്നു എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു.

ഇനി, എങ്ങിനെയാണ് നമ്മൾ ബിറ്റ്കോയിൻ ഇടപാടുകൾ നടത്തുന്നത്? അതിന് നമുക്ക് ഒരു കമ്പ്യൂട്ടറോ സ്മാർട്ട് ഫോണോ കൂടിയേ കഴിയൂ.. (ഇതൊരു ഇലക്ട്രോണിക് ധനവിനിമയമാണന്ന് നേരത്തേ തന്നെ പറഞ്ഞിരുന്നല്ലോ?) അതിൽ നമ്മൾ ഒരു "വാലറ്റ് ആപ്ലിക്കേഷൻ" ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ഈ പ്രോഗ്രാമാണ് നമ്മുടെ കയ്യിലുള്ള ബിറ്റ്കോയിനുകളുടെ കണക്ക് സൂക്ഷിക്കുന്നത്. ഇനി നമ്മൾ ബിറ്റ്കോയിനുകൾ വാങ്ങിക്കണം. അത് നമുക്ക് നിലവിലുള്ള കാർഡുകൾ ഉപയോഗിച്ചോ അല്ലെങ്കിൽ തികച്ചും സ്വകാര്യമായി പണമുപയോഗിച്ചോ നിർദ്ദിഷ്ട ഏജന്റുമാരിൽ നിന്നും വാങ്ങാം. ഒരിക്കൽ വാങ്ങിച്ചു കഴിഞ്ഞാൽ നമ്മുടെ വാലറ്റ് ആപ്ലിക്കേഷൻ വളരെ സൂക്ഷ്മമായ ഒരു രഹസ്യാലേഖന സങ്കേതം വഴി നമ്മുടെ പേരിൽ വരവു വെയ്ക്കും.

കേന്ദ്രീകൃതമായ ഒരു നിയന്ത്രണം ബിറ്റ്കോയിന്റെ കാര്യത്തിലില്ല എന്നു പറഞ്ഞു. അപ്പോൾ പിന്നെ നമ്മുടെ ഇടപാടുകൾ എങ്ങിനെയാണ് സാധൂകരിക്കുന്നത്? നമ്മൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറും എതിർ കക്ഷിയുടെ കമ്പ്യൂട്ടറുമുൾപ്പടെ ബിറ്റ്കോയിൻ ഇടപാടുകൾ നടക്കുന്ന സകല കമ്പ്യൂട്ടറുകളും ഉൾപ്പെടുന്ന ഒരു നെറ്റ്വർക്കാണ് ഇത് ചെയ്യുന്നത്. എല്ലാ ഇടപാടുകളും ഓരോ അതുല്യമായ ബിറ്റ്കോയിൻ വിലാസത്തിൽ ആണ് നടക്കുന്നത്. ഉദാഹരണത്തിന് സുരേഷ് രമേഷിനോട് ഒരു സാധനം വാങ്ങുന്നു എന്നു കരുതുക. വിലയായി രമേഷിന്റെ അക്കൗണ്ടിൽ സുരേഷ് പണം അടയ്ക്കണം. ബിറ്റ്കോയിൻ ഇടപാടാണെങ്കിൽ രമേഷിന്റെ കമ്പ്യൂട്ടർ ഒരു പ്രത്യേക വിലാസം നിർമ്മിച്ച് അത് സുരേഷിന്റെ കമ്പ്യൂട്ടറിലേയ്ക്ക് അയയ്ക്കും. തുടർന്ന് സുരേഷിന്റെ വാലറ്റ് പ്രോഗ്രാം ഈ വിലാസത്തിലേയ്ക്ക് കൈവശമുള്ള കോയിനിൽ നിന്ന് ആവശ്യമുള്ള തുക കൈമാറും. ഈ ഇടപാടിന്റെ വിശദാംശങ്ങൾ അതായത് വിലാസങ്ങൾ, ബിറ്റ്കോയിൻ തിരിച്ചറിയൽ വിവരങ്ങൾ എന്നിവ നെറ്റ്വർക്കിലുള്ള എല്ലാ കമ്പ്യൂട്ടറുകൾക്കും കൈമാറും. ഈ വിവരങ്ങൾ "ബ്ലോക്ക് ചെയിൻ" എന്ന പേരിൽ രേഖപ്പെടുത്തി വെയ്ക്കും. ഇതൊരു തുടർച്ചയായ പ്രക്രിയയാണ്. നെറ്റ്വർക്കിലുള്ള എല്ലാ സർവറുകളും ഇതിൽ ഭാഗഭാക്കാവുന്നു. ഇങ്ങിനെ പലയിടത്ത് തുടർച്ചയായി രേഖപ്പെടുത്തൽ നടക്കുന്നതിനാൽ ഇടപാടുകളിലെ കള്ളത്തരങ്ങൾക്കും പിശകുകൾക്കും സാധ്യത ഇല്ലതന്നെ.

ശരാശരി പത്തു മിനിറ്റ് കൂടുമ്പോൾ അതുവരെയുള്ള വിവരങ്ങൾ ഒരു "ബ്ലോക്ക്" ആയി ഉറപ്പിക്കും. ഈ ഒരു ബ്ലൊക്കിൽ നിന്നാണ് അടുത്ത ബ്ലോക്കിനുള്ള നിർമ്മാണം ആരംഭിക്കുന്നത്. അതിനാൽ കോയിനുകളുടെ ഒഴുക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നു. കള്ള നാണയങ്ങൾ ഇടയ്ക്ക് കയറാതിരിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്. ഇങ്ങിനെ ഉറപ്പിക്കൽ നടക്കുമ്പോൾ കുറച്ച് ബിറ്റ്കോയിനുകൾ നിർമ്മിക്കപ്പെടുന്നു. ഇതിന് സാങ്കേതികമായി "മൈനിങ്ങ്" (ഖനനം) എന്നാണു പറയുന്നത്. ആദ്യം ഇത്തരം ഉറപ്പിക്കൽ കൃത്യമായി പൂർത്തിയാക്കുന്ന സർവറിന്റെ ഉടമയ്ക്ക്ക്കാണ് ഈ കോയിനുകളുടെ അവകാശം. അയാൾക്ക് അത് സൂക്ഷിക്കാനോ വിൽക്കാനോ അവകാശമുണ്ട്. മൈനിങ്ങ് നടത്താൻ പ്രത്യേക പ്രോഗ്രാമുകൾ വേണം എന്നല്ലാതെ പ്രത്യേക അനുമതി ഒന്നും ആവശ്യമില്ല. ആർക്കും മൈനിങ്ങ് ശ്രമിക്കാം.

സത്യത്തിൽ ഇത് സ്വർണ്ണഖനനത്തിനു സമാനമാണ്. സ്വർണ്ണമാണല്ലോ മിക്കവാറും കറൻസികളിലെ ഈട്. എന്നാലിവിടെ അത് കമ്പ്യൂട്ടർ കണക്കുകൂട്ടലുകളാണ്. മറ്റൊരു സാമ്യം ലഭ്യതയിലാണ്. സ്വർണ്ണഖനനത്തിലെന്നപോലെ തുടക്കത്തിൽ ബിറ്റ്കോയിൻ ഖനനവും എളുപ്പമായിരുന്നു. എന്നാൽ കൂടുതൽ കൂടുതൽ ഖനനം ചെയ്ത് എടുക്കുംതോറും പിന്നീടുള്ള ലഭ്യത കുറയും. കണക്കുകൂട്ടലുകൾ കൂടുതൽ ദുഷ്കരമാക്കിയാണ് ഇത് സാധിക്കുന്നത്. ഈ ഘട്ടത്തിൽ ഖനനം മെച്ചപ്പെടുത്താൻ കമ്പ്യൂട്ടറുകളുടെ ശേഷി ഉയർത്തുക എന്നതാണ് മാർഗ്ഗം. അതിനാൽ ഒരു വാശി പോലെ പലരും കൂടുതൽ കൂടുതൽ ശക്തിയേറിയ കമ്പ്യൂട്ടറുകൾ ഇതിനായി ഉപയോഗിക്കുന്നു. വലിയ കോർപ്പറേറ്റ് കമ്പ്യൂട്ടറുകളിൽ നെറ്റ്ബോട്ടുകൾ ഉപയോഗിച്ച് നുഴഞ്ഞുകയറി രഹസ്യമായി മൈനിങ്ങ് നടത്തുന്ന വിരുതന്മാരുമുണ്ട്. അടുത്തിടെ നടന്ന ഒരു വിശകലനത്തിൽ കണ്ടത് ലോകത്തിലെ ആദ്യത്തെ 500 സൂപ്പർ കമ്പ്യൂട്ടറുകൾ മൊത്തം ചേർന്നാൽ ഉള്ളതിൽ അധികം ശക്തി മൈനിങ്ങിനുവേണ്ടി ബിറ്റ്കോയിൻ സർവറുകൾ ഉപയോഗിക്കുന്നു എന്നാണ്. അതുപോലെ അമേരിക്കയിലെ 32000 വീടുകൾക്ക് വേണ്ടിവരുന്ന വൈദ്യുതിയാണ് ഒരു ദിവസം മൈനിങ്ങിനു വേണ്ടി ഉപയോഗിക്കപ്പെടുന്നത്.

(ഒരു ആധുനിക ബിറ്റ്കോയിൻ റിഗ്ഗ്)
ഇത്രമാത്രം കഷ്ടപ്പെടുമ്പോൾ എത്ര കോയിനുകൾ നിർമ്മിക്കപ്പെടുന്നുണ്ട്? ഇപ്പോൾ ശരാശരി 25 കോയിനുകൾ 10 മിനിറ്റിൽ മൈൻ ചെയ്യപ്പെടുന്നുണ്ട്. എന്നാൽ "പണപ്പെരുപ്പം" ഉണ്ടാകാതിരിക്കാൻ കോയിനുകളുടെ ഉത്പാദനം നിയന്ത്രിക്കാൻ സംവിധാനമുണ്ട്. നിലവിലുള്ള ഉത്പാദനം 4 വർഷം കൂടുമ്പോൾ പകുതിയാക്കും. അതായത് 2017 ആകുമ്പോൾ 10 മിനിറ്റിൽ 12.5 കോയിനുകളേ മൈൻ ചെയ്യാനാവൂ. 2140 ഇൽ ഏകദേശം 21 മില്യൺ കോയിനുകൾ ആകുമ്പോൾ മൈനിങ്ങ് നിഷ്ഫലമാകും. 21 മില്യൺ എന്ന ലക്ഷ്യത്തിന്റെ പകുതിയും 2012 നവംബറോടെ മൈൻ ചെയ്തു കഴിഞ്ഞു.

ഇത്രയും അറിഞ്ഞ സ്ഥിതിക്ക് ഒരു ബിറ്റ്കോയിന്റെ വിനിമയ നിരക്ക് എത്രയാണെന്ന് അറിയാൻ താല്പര്യം ഉണ്ടാവും. 2009 ഇൽ ആദ്യം ഇറങ്ങുമ്പോൾ ഏതാനും സെന്റുകൾ മാത്രമായിരുന്നു ഇതിന്റെ മൂല്യം. ഇതിനിടെ അത്യധികം കയറ്റിയിറക്കങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ മാത്രം 100 നും 260 നും ഇടയ്ക്ക് ഡോളർ മൂല്യം ഉണ്ടായിരുന്നു. അതു പ്രകാരം ഇപ്പോൾ ഒരു ബില്യൺ ഡോളറിനു തുല്യമായ ബിറ്റ്കോയിനുകൾ വിനിമയത്തിലുണ്ട്. ചെറിയ ഇടപാടുകൾക്കായി ഒരു ബിറ്റ്കോയിന്റെ പത്തുകോടിയിൽ ഒരു ഭാഗം വരുന്ന ചെറിയ യൂണിറ്റുകളുണ്ട്. അവയ്ക്ക് 'സതോഷി' എന്നാണ് പേര്. നമ്മുടെ രൂപയും പൈസയും പോലെ.

ബിറ്റ്കോയിൻ ഇടപാടുകളുടെ അതീവ രഹസ്യസ്വഭാവമാണ് ഇതിന്റെ പ്രധാന ഗുണവും ദോഷവും. കോയിനുകൾ കൃത്യമായി പിന്തുടരപ്പെടുന്നുണ്ടെങ്കിലും അവ കൈമറിയുന്ന വിലാസങ്ങൾ ഗൂഢാലേഖനസങ്കേതത്താൽ സുരക്ഷിതമാണ്. നമ്മൾക്ക് ഒരു വാലറ്റേയുള്ളുവെങ്കിലും പല ഇടപാടുകൾ പല വിലാസങ്ങളിൽ നടത്താൻ സാധിക്കും. സത്യത്തിൽ അങ്ങിനെ ചെയ്യുന്നതാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നതും. ഇടപാടുകൾക്ക് ഇടനിലക്കാർ ആവശ്യമില്ല എന്നതാണ് അടുത്ത പ്രധാന ഗുണം. കമ്മീഷൻ ഇനത്തിൽ ധാരാളം പണം ഇടപാടുകാർക്ക് ലാഭിക്കാൻ സാധിക്കും. വേഗതയേറിയ ഉറപ്പാക്കലിന് അപൂർവ്വം അവസരങ്ങളിൽ ചെറിയ കമ്മീഷൻ വല്ലതും വേണ്ടി വന്നാലായി.

ഇടപാടുകളുടെ രഹസ്യസ്വഭാവം കൊണ്ടു തന്നെ അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും അധികമാണ്. മയക്കുമരുന്നുകൾ, ആയുധങ്ങൾ, നിയമ വിരുദ്ധ പണഇടപാടുകൾ മുതലായവയ്ക്ക് ഒക്കെ ഇപ്പോൾ തന്നെ ബിറ്റ്കോയിനുകൾ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. നികുതി വെട്ടിപ്പിനും വലിയ സാധ്യതകളാണ് ഉള്ളത്. അതുകൊണ്ടു തന്നെ പല രാജ്യങ്ങളും ബിറ്റ്കോയിൻ ഇടപാടുകളെ നിയന്ത്രിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിൽ ഇടപാടുകാരെ വെറുതെ വിട്ടെങ്കിലും മൈനിങ്ങ്കാരെ "മണി ലോണ്ടറിങ്ങ് ആക്റ്റ്" നിർവചനത്തിനുള്ളിലാക്കിയിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും തകരാവുന്ന ഒരു കുമിള ആയാണ് പല ധനതത്വശാസ്ത്രജ്ഞരും ബിറ്റ്കോയിനെ കാണുന്നത്. വിശ്വാസം ഉള്ളവർ പോലും തൽക്കാലം ചെറിയ തുകകൾ മാത്രം നിക്ഷേപിക്കുന്നതാവും ബുദ്ധി എന്ന പക്ഷക്കാരാണ്.

ബിറ്റ്കോയിൻ ഇടപാടുകൾ അത്യധികം സുരക്ഷിതമായാണ് സംവിധാനം ചെയ്തിരിക്കുന്നതെങ്കിലും വിരലിലെണ്ണാവുന്ന വീഴ്ചകൾ കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റെല്ലാ കാര്യത്തിലുമെന്നപോലെ ബിറ്റ്കോയിനും 100% കുറ്റമറ്റതാണെന്നു പറയുക വയ്യ.

ബിറ്റ്കോയിൻ ഭാവിയുടെ കറൻസി ആകുമോ? കാത്തിരുന്നു തന്നെ കാണണം.

(ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്)

Sunday, January 13, 2013

വിൻഡോസ് 8 ലേക്ക് മാറുന്നതിനെപ്പറ്റി.


വിൻഡോസ് 8 ആനുകൂല്യ വിലയായ 1999 രൂപയ്ക്ക് കിട്ടുന്ന കാലാവധി ഈ 31ന് അവസാനിക്കുകയാണ്. പഴയ വിൻഡോസ് അപ്ഗ്രേഡ് ചെയ്യണം എന്നുള്ളവർക്കും, പൈറേറ്റഡ് കോപ്പികൾ ഒഴിവാക്കണം എന്നുള്ളവർക്കും ഇത് നല്ലൊരു അവസരം ആണ്. ഇതുപോലൊരു വിലയ്ക്ക് വിൻഡോസ് ഒരിക്കലും ലഭിച്ചിരുന്നല്ല എന്നതും ഓർക്കണം.


ഈ അപ്ഗ്രഡേഷനിൽ ഒരു ശരാശരി കമ്പ്യൂട്ടർ ഉപയോക്താവ് എന്ന നിലയിൽ എനിക്ക് നേരിടേണ്ടി വന്ന ചില ബുദ്ധിമുട്ടുകളും അവയുടെ പരിഹാരങ്ങളും പങ്കുവെയ്ക്കുന്നു.


അപ്ഗ്രഡേഷനു താല്പര്യം ഉള്ളവർ ഈ പേജിൽ നിന്നാണു തുടങ്ങേണ്ടത്. അവിടെ നിന്നും ഒരു അപ്ഗ്രഡേഷൻ അസിസ്റ്റന്റ് ആദ്യമായി ഡൗൺലോഡ് ചെയ്യപ്പെടും. ഏകദേശം 5 Mb വരുന്ന ഈ ആപ്ലിക്കേഷൻ നമ്മുടെ കമ്പ്യൂട്ടർ പരിശോധിച്ച് അത് വിൻഡോസ് 8 ഓടാൻ പര്യാപ്തമാണോ, ഇപ്പോൾ നിലവിലുള്ള ഏതെല്ലാം ആപ്പ്ലിക്കേഷനുകൾ തുടർന്നും ഉപയോഗിക്കാം എന്നെല്ലാം പറയും. (കമ്പാറ്റിബിൾ ആയ ആപ്പ്ലികേഷനുകൾ പക്ഷെ റി-ഇൻസ്റ്റാൾ ചെയ്യേണ്ടി വരും.) ഡ്രൈവ് C യിൽ 20 Gb എങ്കിലും ഫ്രീ സ്പേസ് ഉണ്ടാവണം. ഇത്ര സ്ഥലം C യിൽ ഇല്ലെങ്കിൽ ഏതെങ്കിലും പാർട്ടീഷൻ മാനേജർ ഉപയോഗിച്ച് ആവശ്യത്തിനുള്ള സ്പേസ് ഉണ്ടാക്കിയെടുക്കുക. അല്ലാതെ ഫോർമാറ്റ് ചെയ്ത് റീ-പാർട്ടീഷൻ ചെയ്യേണ്ടതില്ല. 2 Gb എങ്കിലും RAM, 8 സുഗമമായി പ്രവർത്തിക്കാൻ ആവശ്യമുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ RAM ചേർക്കുക. നമ്മൾ കാര്യങ്ങൾ ശരിയാക്കുന്നത് അനുസരിച്ച് അപ്ഗ്രഡേഷൻ അസിസ്റ്റന്റ് റിറൺ ചെയ്യാവുന്നതാണ്.


അപ്ഗ്രഡേഷൻ അസിസ്റ്റന്റ്, നമ്മുടെ കമ്പ്യൂട്ടർ സജ്ജമാണെന്ന് കണ്ടാൽ നമുക്ക് വിൻഡോസ് 8 ഡൗൺലോഡ് ചെയ്യാൻ ആരംഭിക്കാം. അതിനു മുൻപായി പണമടയ്ക്കണം. പണമടയ്ക്കാൻ 2 മാർഗ്ഗമാണ് തരുന്നത്. ക്രഡിറ്റ് കാർഡും, പേ പാലും. നമുക്ക് ക്രഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ഒരു ബുദ്ധിമുട്ടും ഇല്ല. അതുപയോഗിച്ച് പണമടയ്ക്കുക. ക്രഡിറ്റ് കാർഡില്ലാത്തവർക്ക് പേ പാലും ഇൻഡ്യയിൽ ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്. ഡബിറ്റ് ATM കാർഡുകൾ ഉപയോഗിക്കാൻ സാധിക്കില്ല. ക്രഡിറ്റ് കാർഡില്ലെങ്കിൽ (എനിക്കില്ല) പിന്നെയുള്ള മാർഗ്ഗം ഒരു വിർച്വൽ ക്രഡിറ്റ് കാർഡ് (VCC) ഉണ്ടാക്കുക എന്നതാണ്. ഇതിനായി www.entropay.com എന്ന സൈറ്റ് ഉപയോഗിക്കാം. നമുക്ക് നമ്മുടെ ഡബിറ്റ് കാർഡിൽ നിന്നും പണം ഇട്ട് ഒരു വിർച്വൽ ക്രഡിറ്റ് കാർഡ് ഉണ്ടാക്കാം. (നമ്മുടെ ATM/Debit card ഓൺ ലൈൻ വെരിഫൈഡ് ആയിരിക്കണം.) ഏകദേശം $40 ഇട്ട് ഒരു VCC ഉണ്ടാക്കുക. ഇതിനായി ഇടുന്ന തുകയുടെ 4.5% entropay കമ്മീഷൻ ആയി ഈടാക്കും. VCC സുരക്ഷിതമാണ്.


നമ്മുടെ പെയ്മെന്റ് ലഭിച്ചു കഴിഞ്ഞാൽ നമുക്ക് കീ ലഭിക്കും. അത് സുരക്ഷിതമായി സൂക്ഷിക്കുക. തുടർന്ന് മെയിലിൽ രസീതും കീയും ഡൗൺലോഡ് ലിങ്കും ലഭിക്കും. പക്ഷെ അതിനു മുൻപ് തന്നെ അപ്ഗ്രഡേഷൻ അസിസ്റ്റന്റ് വഴി ഡൗൺലോഡ് ആരംഭിചിട്ടുണ്ടാകും. മൊത്തം ഡൗൺലോഡ് 2 Gb വരും. എനിക്ക് ബ്രോഡ് ബാൻഡിൽ ഏകദേശം 3-4 മണിക്കൂർ കൊണ്ട് ഡൗൺലോഡ് കഴിഞ്ഞു.

ഡൗൺലോഡ് പൂർണ്ണമായാൽ ഇൻസ്റ്റലേഷൻ ആരംഭിക്കാം. Install now, Make media and install, Install later എന്നിങ്ങനെ 3 option ലഭിക്കും. ഇതിൽ make media എന്ന ഓപ്ഷൻ ആണ് അഭികാമ്യം. നമുക്ക് ബാക്കപ്പ് DVD യോ USB drive ഓ ഉണ്ടാക്കി വെയ്ക്കാനുള്ള ഓപ്ഷൻ ആണത്. എന്നാൽ Windows-XP ഉപയോഗിക്കുന്നവർക്ക് ഈ ഓപ്ഷൻ ലഭിക്കുന്നില്ല. (എനിക്ക് കിട്ടിയില്ല) ഇമേജ് ബേൺ ചെയ്യാനുള്ള സൗകര്യം XP യിൽ ഇല്ലാത്തതിനാലാണത്. അങ്ങിനെയെങ്കിൽ C: യിൽ ESD എന്നൊരു ഫയൽ കാണും (അതാണ് നമ്മൾ ഡൗൺലോഡ് ചെയ്ത ഫയൽ) അത് ഏതെങ്കിലും ഇമേജ് ബേണിങ്ങ് സോഫ്റ്റ്വേർ ഉപയോഗിച്ച് ഒരു ബൂട്ടബിൾ DVD ആയി സൂക്ഷിക്കുക. അതിനെപറ്റിയുള്ള വിശദ വിവരങ്ങൾ ഇവിടെ കിട്ടും. ESD എന്ന ഫയൽ കാണുന്നില്ല എങ്കിൽ Folder options ഇൽ പോയി show hidden files എനേബിൾ ചെയ്യുക.

ഇനി ഇൻസ്റ്റാൾ ചെയ്യാം. ഇൻസ്റ്റലേഷനു ശേഷം ഡ്രൈവറുകളും ആപ്പ്ലിക്കേഷനുകളും ഒക്കെ റി-ഇൻസ്റ്റാൾ ചെയ്യേണ്ടി വരും. C: ഒഴികെയുള്ള ഡ്രൈവുകൾക്ക് മാറ്റമൊന്നും ഉണ്ടാവില്ല.



Happy up gradation :-)