"ഞാന്‍ പറയട്ടെ, കറുത്തവരും വെളുത്തവരും തമ്മിലൊരു സാമൂഹ്യ രാഷ്ട്രീയ സമത്വത്തിനെ ഞാന്‍ അന്നും ഇന്നും അനുകൂലിക്കുന്നില്ല. അതു പോലെ തന്നെ, നീഗ്രോകളില്‍ നിന്നും ജൂറി അംഗങ്ങളേയോ വോട്ടര്‍മാരേയോ ഓഫീസ് അധികാരികളേയോ സൃഷ്ടിക്കുന്നതിനോടോ, അല്ലെന്കില്‍ വെള്ളക്കാരുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനോടോ ഞാന്‍ അനുകൂലമല്ല. വെളുത്തവരും കറുത്തവരും തമ്മില്‍ സാമൂഹ്യ രാഷ്ട്രീയ സമത്വത്തില്‍ ജീവിക്കുന്നതിനു വിഘാതമാവും വിധം ഈ വര്‍ഗ്ഗങ്ങള്‍ തമ്മില്‍ ശാരീരിക വൈജാത്യങ്ങളുമുണ്ടെന്നു ഞാന്‍ കരുതുന്നു. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ, അവര്‍ ഒരുമിച്ചു ഒരു സാമൂഹ്യക്രമത്തില്‍ കഴിയേണ്ടി വരുമ്പോള്‍ അവിടെ ഒരു മേലാളനും കീഴാളനും ഉണ്ടാവാതെ തരമില്ല. സ്വാഭാവികമായും മറ്റാരേയും പോലെ തന്നെ അവിടെ മേലാളസ്ഥാനം വെള്ളക്കാരനാണെന്നു ഞാന്‍ പറയും.”
മുകളില്‍ പറഞ്ഞ വാക്കുകള്‍ വായിച്ചപ്പോള്‍ ഏതോ വര്‍ണ്ണവെറി ബാധിച്ച സായിപ്പിന്റെ ജല്‍പ്പനങ്ങളാണെന്ന് നിങ്ങള്‍ക്ക് തോന്നിയോ? എന്കില്‍ തെറ്റി, കറുത്ത വര്‍ഗ്ഗക്കാരുടെ ഏറ്റവും വലിയ തോഴന്‍ എബ്രഹാം ലിന്കണ്‍ പറഞ്ഞതാണിത് (തന്റെ എതിര്‍ സ്ഥാനാര്‍ത്ഥി, സ്റ്റീഫന്‍ അര്‍നോള്‍ഡ് ഡഗ്ളസുമായി 1858 ഇല്‍ നടന്ന സംവാദത്തില്‍ - റഫ: വിക്കിപീഡിയ) ഇത് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തത് ഒന്നുമല്ല. കാലത്തിനു മുന്പേ നടന്ന പുരോഗമന വാദികളുടെ ചിന്തകള്‍ പോലും കുറേയൊക്കെ അവരുടെ കാലഘട്ടത്തില്‍ പ്രബലമായിരുന്ന സാമൂഹ്യ ചിന്തകളില്‍ ബന്ധിതമായിരുന്നു എന്നു കാണിക്കാനാണ് ഞാനിത് ഉദ്ധരിച്ചത്.
സമൂഹ മനസാക്ഷി കാലം ചെല്ലും തോറും മാറിക്കൊണ്ടിരിക്കും. ഓരോ കാലഘട്ടത്തിലും നിലവിലുള്ള സാമൂഹ്യവ്യവസ്ഥയില്‍ നിന്നും അതീവ വ്യത്യസ്ഥമായ ഒരു നിലപാട് എവിടെ നിന്നെന്കിലും പ്രതീക്ഷിക്കുക ബുദ്ധിമുട്ടാണ്. നിലപാടുകള്‍ സാവധാനമാണ് മാറിവരുക. പടവുകള്‍ കയറുന്നതു പോലെ. സമൂഹത്തിനെ ഓരോ പടവുകള്‍ പിടിച്ചു കയറ്റുന്നവരാണ് മഹത്തുക്കള്‍, അല്ലാതെ ഒറ്റച്ചാട്ടത്തിന് ഒരു ജനതയെ അത്യുന്നതങ്ങളില്‍ എത്തിച്ചത് ആരാണ്? ആരും തന്നെയില്ല. മുകളില്‍ നിന്നു താഴേക്ക് നോക്കുമ്പോള്‍ താഴെ നിന്നവരുടെ നിലപാടുകള്‍ അപഹാസ്യമായി തോന്നാം. അവര്‍ക്ക് പക്ഷെ ചവിട്ടി നില്‍ക്കാന്‍ ആ പടികളേ ഉണ്ടായിരുന്നുള്ളൂ എന്നതു മറന്നു കൂടാ, അവരാണ് അടുത്ത പടിയിലേക്ക് സമൂഹത്തെ ഉയര്‍ത്തിയതെന്നും.
ഇപ്പോള്‍ ഇതൊക്കെ ഓര്‍ക്കാന്‍ കാര്യം, ഗാന്ധിജി വംശ വെറിയനായിരുന്നു എന്നും സ്വവര്‍ഗ്ഗനുരാഗിയായിരുന്നുവെന്നും 'ആക്ഷേപിക്കുന്ന' ജോസഫ് ലെലിവെല്‍ഡിന്റെ "ഗ്രേറ്റ് സോള്‍: മഹാത്മാഗാന്ധി ആന്‍ഡ് ഹിസ് സ്ട്രഗിള്‍ വിത്ത് ഇന്‍ഡ്യ" എന്ന പുസ്തകം ഇളക്കി വിട്ട കോലാഹലങ്ങളാണ്. ഗ്രന്ഥകാരന്‍ പക്ഷെ ഈ ആരോപണങ്ങളെ നിരാകരിക്കുന്നു. വിശ്വസനീയമായ തെളിവുകള്‍ വെച്ച് ഗാന്ധിജിയുടെ ജീവചരിത്രത്തെ സമീപിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നദ്ദേഹം പറയുന്നു. മാത്രമല്ല ഗാന്ധിജിയോടുള്ള നിസ്സീമമായ ബഹുമാനം അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്യുന്നു.
ദക്ഷിണാഫ്രിക്കന്‍ അധികാരികള്‍ക്കെഴുതിയ ഒരു കത്തില്‍ തങ്ങളെ 'കാഫിറുകള്‍'ക്ക് (കറുത്ത വര്‍ഗ്ഗക്കാര്‍) തുല്യം പരിഗണിക്കുന്നതിലുള്ള പ്രതിഷേധം അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ആ അഭിപ്രായം മുന്‍പ് പറഞ്ഞ ഉദാഹരണത്തിന്റെയും വിശദീകരണത്തിന്റേയും വെളിച്ചത്തില്‍ പരിഗണിക്കുമ്പോള്‍ ഒട്ടും തന്നെ അസ്വഭാവികമോ, അത്യപരാധമോ അല്ല എന്നു നമുക്ക് മനസ്സിലാക്കാം. അക്കാലത്ത് ദക്ഷിണാഫ്രിക്കയില്‍ നിലനിന്നു പോന്ന തികച്ചും പ്രാകൃതമായ സാമൂഹ്യ വ്യവസ്ഥിതികള്‍ ഗാന്ധിജിയുടെ വാക്കുകളെ സ്വാധീനിച്ചെന്കില്‍ അതില്‍ അത്ഭുതമൊന്നുമില്ല. മാത്രമല്ല, തന്റെ നിലപാടുകള്‍ അദ്ദേഹം രൂപപ്പെടുത്തുന്നതിനു മുന്പുള്ള ഒരു കാലമാണത് എന്നും ഓര്‍ക്കണം. ദക്ഷിണാഫ്രിക്കന്‍ കാലഘട്ടത്തിനു മുന്പ് അദ്ദേഹത്തെപ്പറ്റിയുള്ള പരാമര്‍ശാര്‍ഹമായ ഏക സംഭവം അദ്ദേഹം സ്വര്‍ണ്ണം മോഷ്ടിച്ചതും പിന്നീട് പിതാവിന്റെ അടുത്ത് അത് ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ചതുമാണ്.
ആ സംഭവം പോലും, അദ്ദേഹത്തിന്റെ സാധാരണത്വമാണ് വെളിവാക്കുന്നത്. അദ്ദേഹം പുത്രകാമേഷ്ടിയുടേയോ ദിവ്യഗര്‍ഭത്തിന്റേയോ ഉല്‍പന്നമായിരുന്നില്ല. സാധാരണക്കാരായ മാതാപിതാക്കള്‍ക്ക് ജനിച്ച സാധാരണക്കാരനായ ഒരു പുത്രന്‍. അതിസാധാരണനായി ജനിച്ച് അത്യസാധാരണനായി വളര്‍ന്നുവെന്നതാണ് ഗാന്ധിജിയുടെ മഹത്വം. ഈ യാത്രയുടെ ആദ്യഘട്ടത്തില്‍ പിഴവുകള്‍ പറ്റിയിട്ടുണ്ടെന്കില്‍ അദ്ദേഹം അത് തിരുത്തുകയും ഉറച്ചനിലപാടുകളില്‍ സമത്വത്തെ ഉയര്‍ത്തിപ്പിടിക്കുകയും, ലോകത്തെ പഠിപ്പിക്കുകയും ചെയ്തു. ഇവിടെ അദ്ദേഹം വംശീയ വാദി ആകുന്നത് എങ്ങിനെയാണ്?
(ഗാന്ധിജിയും കലെന്‍ബാഷും. ചിത്രം കടപ്പാട്: വിക്കി)
രണ്ടാമത്തെ ആരോപണം അദ്ദേഹം സ്വവര്‍ഗ്ഗാനുരാഗി ആയിരുന്നു എന്ന് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു എന്നതാണ്. ദക്ഷിണാഫ്രിക്കന്‍ കാലത്തെ സുഹൃത്തായിരുന്ന ഹെര്‍മന്‍ കാലെന്‍ബാഷുമായി അദ്ദേഹത്തിന് കേവലസൗഹൃദത്തില്‍ കവിഞ്ഞ ബന്ധമുണ്ടായിരുന്നു എന്നാണ് സൂചന. കാലന്‍ബാഷിനയച്ച കത്തില്‍ "എത്ര പൂര്‍ണ്ണമായാണ് താന്കള്‍ എന്റെ ശരീരം സ്വന്തമാക്കിയത്" എന്നും "ഈ അടിമത്തം ആരോടോ ഉള്ള പകതീര്‍ക്കലാണ്" എന്നുമൊക്കെ ഗാന്ധിജി എഴുതിയിരിക്കുന്നു. ഈ കത്തുകള്‍ പരാമര്‍ശിച്ചു എന്നതല്ലാതെ, ഗാന്ധിജിയുടെ ലൈംഗിക നിലപാടുകളെപറ്റി പുസ്തകത്തില്‍ പറയുന്നില്ല എന്നും, എന്നാല്‍ അദ്ദേഹം ബ്രഹ്മചര്യത്തിന്റെ മഹത്വത്തില്‍ വിശ്വസിച്ചിരുന്നു എന്നും പുസ്തകകാരന്‍ പറയുന്നു.
ഗാന്ധിജി സത്യത്തില്‍ സ്വവര്‍ഗ്ഗനുരാഗി ആയിരുന്നോ? എനിക്കറിയില്ല. ഒരു പക്ഷെ ആയിരുന്നുവെന്കില്‍ തന്നെ എന്ത്? ഒരാളുടെ ലൈംഗികത അയാളുടെ സ്വകാര്യതയാണ്. വേറൊരാള്‍ക്ക് ശല്യമാകുന്നില്ലെന്കില്‍ മറ്റുള്ളവര്‍ അതേപ്പറ്റി വേവലാതിപ്പെടുന്നത് എന്തിനാണ്? അത്തരത്തിലുള്ള ഒരു ആരോപണവും ഗാന്ധിജിയുടെ പേരിലില്ല.
സ്വവര്‍ഗ്ഗനുരാഗം ഇത്രമാത്രം നിന്ദ്യമാകുന്നത് ചില സിമറ്റിക് ഞരമ്പ് രോഗികളുടെ വിശ്വാസപ്രകാരം മാത്രമാണ്. {ഹിന്ദു മതം സത്യത്തില്‍ അതിനെ മതിക്കുന്നുണ്ടെന്നു തോന്നുന്നു, അയ്യപ്പന്റെ ജനനകഥ. :-)} മറ്റൊരു വാദം, അത് പ്രകൃതി വിരുദ്ധം ആണെന്നുള്ളതാണ്. പ്രത്യുല്പാദനമോ അല്ലെന്കില്‍ ജീനുകളുടെ ഒഴുക്കോ ആണ് പ്രകൃതിപരം എന്ന് വാദിച്ചാല്‍ സ്വവര്‍ഗ്ഗാനുരാഗം പോലെ തന്നെ പ്രകൃതിവിരുദ്ധമാണ് ബ്രഹ്മചര്യവും. ഇതിലൊന്ന് ഉത്കൃഷ്ടവും മറ്റൊന്ന് അധമവും ആകുന്നത് എങ്ങിനെ?
അബ്രഹാം ലിന്കണും ജോര്‍ജ്ജ് വാഷിങ്ടണും സ്വവര്‍ഗ്ഗാനുരാഗ ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്നു പറയപ്പെടുന്നു. ഒരു അമേരിക്കന്‍ ജനസഭയും ഇത് മൂടിവെയ്ക്കാന്‍ നിയമമുണ്ടാക്കിയതായി അറിയില്ല. മൈക്കലാഞ്ജലോ, റാഫേല്‍, ഡാവിഞ്ചി മുതലായവരുടെ പ്രതിഭയെ അവരുടെ ലൈംഗിക താല്പര്യങ്ങള്‍ നിറം കെടുത്തിയിട്ടില്ല. അതിന്റെ പേരില്‍ ആരും അവരെ ഇകഴ്ത്തിക്കാണുന്നുമില്ല.
ചുരുക്കത്തില്‍ പുസ്തകത്തെ സംബന്ധിച്ചുള്ള ഇപ്പോഴത്തെ കോലാഹലങ്ങള്‍, മാനസികവളര്‍ച്ചയെത്താത്ത ഒരു ജനതയുടെ കാപട്യനാടകങ്ങളാണ്.