Saturday, October 18, 2008

ശബരിമല അനുഭവങ്ങള്‍...ചില മുഖങ്ങള്‍.

ശബരിമല മേല്‍ശാന്തിക്കുള്ള നറുക്കെടുപ്പ്‌ കഴിഞ്ഞു. ഇത്തവണ ചില കോലാഹലങ്ങളൊക്കെയായിരുന്നല്ലോ? വാര്‍ത്ത കണ്ടപ്പോഴാണ്‌ പഴയ ചില ശബരിമല അനുഭവങ്ങള്‍ വീണ്ടും ഓര്‍മ്മ വരുന്നത്‌.

ചെറുപ്പത്തില്‍ വളരെ നിഷ്കര്‍ഷയോടും ഭക്തിയോടും കൂടി അനുഷ്ഠിച്ചിരുന്ന ഒന്നായിരുന്നു ശബരിമല തീര്‍ത്ഥാടനം. അഞ്ചെട്ടു തവണ പോയി. കുറച്ചു മുതിര്‍ന്നപ്പോള്‍ അവിടുത്തെ തിരക്കും, പരിസരവൃത്തികേടുകളും ഒരു വിധത്തിലും സഹിക്കാനാവതില്ല എന്നായപ്പോള്‍ യാത്ര നിര്‍ത്തി. ക്രമേണ ഭക്തിയും പോയി. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. അങ്ങിനെ ഇരിക്കുമ്പോഴാണ്‌ ശബരിമല യാത്ര ഔദ്യോഗികമായി വരുന്നത്‌. എന്റെ ആത്മമിത്രമായ സന്തോഷിനും മറ്റൊരാള്‍ക്കുമായിരുന്നു ഡ്യൂട്ടി. മറ്റേയാള്‍ക്ക്‌ എന്തോ അസൗകര്യമുണ്ടായിരുന്നതിനാല്‍ ഞാന്‍ പകരക്കാരനാവുകയായിരുന്നു. സന്തോഷിന്റെ നിര്‍ബന്ധവും, മാസപൂജയായതിനാല്‍ അധികം തിരക്കുണ്ടാവില്ല എന്ന ചിന്തയും കൊണ്ടാണ്‌ സമ്മതിച്ചത്‌.

ഡ്യൂട്ടി സന്നിധാനത്തില്‍ തന്നെയായിരുന്നു. അതാശ്വാസമായി. കാരണം ശബരിമല ഡ്യൂട്ടി മറ്റു പല സ്ഥലത്തുമാകാം. സന്നിധാനത്തില്‍ ഡ്യൂട്ടിയെടുക്കുന്ന അനുഭവം മറ്റെങ്ങും കിട്ടില്ലല്ലോ?

കന്നിമാസമായിരുന്നു എന്നാണോര്‍മ്മ. നല്ല കാലാവസ്ഥ. സന്തോഷും ഞാനും രാവിലെ തന്നെ മല കയറിത്തുടങ്ങി. അഞ്ചാറു ദിവസത്തേക്കുള്ള വസ്ത്രങ്ങളും കുറച്ചു പുസ്തകങ്ങളും ഒക്കെ കൈയ്യിലെ ബാഗിലുണ്ട്‌. സന്തോഷ്‌ വളരെ ദാനശീലനാണ്‌, അര കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ തന്നെ കക്ഷിയുടെ കൈലുണ്ടായിരുന്ന പണത്തിന്റെ പകുതിയും ഭിക്ഷക്കാര്‍ക്ക്‌ നല്‍കി തീര്‍ത്തു.

സന്നിധാനത്തില്‍ എത്തി, മറ്റു ജീവനക്കാരൊക്കെ എത്തിയിട്ടുണ്ട്‌. വര്‍ഷങ്ങളായി സ്ഥിരം ഡ്യൂട്ടി ചോദിച്ചു വാങ്ങി വരുന്ന ഒരു നമ്പൂതിരിയെ പരിചയപ്പെട്ടു. വളരെ നല്ല മനുഷന്‍. അദ്ദേഹത്തിന്‌ മേല്‍ശാന്തിയെ നേരിട്ടറിയാം, അകത്തൊക്കെ നല്ല പരിചയവും സ്വാധീനവുമാണ്‌. പോരുന്നതിനു മുന്‍പ്‌ സന്തോഷ്‌ അല്‍പ്പം ഗൃഹപാഠം ചെയ്തിരുന്നു. ഞങ്ങളുടെ സീനിയര്‍ ആയി ഒരു സുരേഷ്‌ സാറുണ്ട്‌, തിരുവല്ലാക്കാരന്‍. ഞങ്ങള്‍ തമ്പു എന്നു വിളിക്കും. അദ്ദേഹം വളരെ നാള്‍ ശബരിമല സ്പെഷ്യല്‍ ഓഫീസറായി (ഞങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റിന്റെ) ഇരുന്നതാണ്‌. സന്നിധാനത്ത്‌ ചെന്നാല്‍ മുത്തു എന്ന ഒരു ദേവസ്വം സെക്യൂരിറ്റിയെ കാണാന്‍ അദ്ദേഹം പറഞ്ഞിരുന്നു. എല്ലാ സൗകര്യവും ചെയ്തു തരും.

വൈകുന്നേരമേ നട തുറക്കൂ. പ്രത്യേകിച്ച്‌ പണിയൊന്നുമില്ല. മറ്റവരൊക്കെ സ്റ്റോക്ക്‌ വെരിഫിക്കേഷനും മറ്റുമൊക്കെയാണ്‌. പുറത്തേക്കിറങ്ങാം എന്നു കരുതി. ഉരക്കുഴി തീര്‍ത്ഥം അടുത്താണ്‌. തീരെ ചെറുപ്പത്തില്‍ ഒരിക്കല്‍ പോയ ഓര്‍മ്മയുണ്ട്‌. നമ്പൂതിരി വഴി പറഞ്ഞു തന്നു. വനത്തിലൂടെ അരമുക്കാല്‍ കിലോമീറ്റര്‍ നടക്കണം. അട്ടയുണ്ട്‌, കുറച്ച്‌ ഉപ്പ്‌ കൈയ്യില്‍ കരുതാന്‍ പറഞ്ഞു. അട്ട കടിച്ചാല്‍ ഉപ്പിട്ടു കൊടുത്താല്‍ മതി, കടി വിടും. പമ്പ, സന്നിധാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഒരു തരി അഴുക്കില്ലാത്ത സ്ഥലം. നല്ല പോലെ നീരൊഴുക്കൊണ്ട്‌, ഒന്നൊന്നര മണിക്കൂര്‍ വെള്ളത്തില്‍ കിടന്നു.

വൈകിട്ട്‌ നട തുറക്കുന്ന സമയത്ത്‌, ക്ഷേത്രത്തില്‍ പോയി. സന്തോഷ്‌ മുത്തുപ്പോലീസിനെ തപ്പിയെടുത്തു. സുരേഷ്‌ സാറിന്റെ ആള്‍ക്കാരാണെന്നു പറഞ്ഞപ്പോള്‍ പുള്ളിക്ക്‌ വലിയ സ്നേഹം. നടയ്ക്കു മുന്നില്‍ തന്നെ നിര്‍ത്തി, മുഴുവന്‍ സമയവും. പതിനഞ്ച്‌ മിനിറ്റോളം ദര്‍ശനം നടത്തി. സാധാരണ ദര്‍ശനത്തിനു വരുമ്പോള്‍ ഒരു സെക്കന്‍ഡ്‌ ഒന്നു നിന്നു കാണാന്‍ പറ്റിയാല്‍ ഭംഗിയായി തൊഴാന്‍ പറ്റി എന്നു പറയുന്നതോര്‍ത്തു. ഇതിനിടെ 'രാജകീയമായി' ചമഞ്ഞ ഒരാള്‍ വളരെ അണ്‍സെറിമോണിയസ്‌ലി ഒരു ആയിരം രൂപ നോട്ട്‌ ഉരുളിയില്‍ ഇട്ടത്‌ ശ്രദ്ധിച്ചു. അടുത്ത ദിവസങ്ങളില്‍ ആളേ മനസ്സിലായി, ദേവസ്വം ബോര്‍ഡ്‌ സ്പെഷ്യല്‍ ആപ്പീസറാണ്‌. 'പങ്ക്‌' ഭഗവാനും കൊടുത്തിട്ടുണ്ട്‌ എന്ന് സമാധാനിക്കാനായിരിക്കും!

പിന്നീടുള്ള ദിവസങ്ങളില്‍ , നട തുറന്നിരിക്കുന്ന സമയത്തൊക്കെ സന്തോഷ്‌ ശ്രീ കോവിലിന്‌ മുന്നിലുണ്ട്‌. മുത്തുപ്പോലീസിന്റെ അനുഗ്രഹം.

മൂന്നാമത്തെ ദിവസം നമ്പൂതിരി ഞങ്ങളെ മേല്‍ശാന്തിയുടെ അടുത്ത്‌ കൊണ്ടുപോയി. നല്ല ശ്രീയുള്ള മുഖം. സ്പെഷ്യല്‍ പ്രസാദവും അനുഗ്രഹവും തന്നു. ദക്ഷിണ കൊടുത്തു. ഭിക്ഷക്കാര്‍ക്ക്‌ കൊടുത്ത്‌ കൊടുത്ത്‌ സന്തോഷിന്റെ പൈസ മുഴുവന്‍ തീര്‍ന്നിരുന്നു. കക്ഷിയുടെ കയ്യില്‍ ഇരുപതു രൂപയേ ബാക്കി ഉണ്ടായിരുന്നുള്ളൂ. അതു കൊടുത്തു. 'മാഷേ അതു മതിയായിരുന്നോ, മോശമായോ?' എന്നെന്നോടു ചോദിച്ചു. ഞാനിളക്കി; 'നിങ്ങള്‍ ധര്‍മ്മക്കാര്‍ക്ക്‌ ഇരുപതു രൂപ കൊടുക്കുന്നുണ്ടല്ലോ, എന്നിട്ട്‌ മേല്‍ശാന്തിക്കും അതാണോ കൊടുക്കുന്നത്‌? സന്തോഷിന്‌ സങ്കടമായി. പിറ്റേന്ന് എന്നോട്‌ കുറച്ചു പൈസ കടം വാങ്ങി വീണ്ടും പോയി ദക്ഷിണ കൊടുത്തു.

അന്നു രാത്രി നമ്പൂതിരി മനസ്സു തുറന്നു. ഒരിക്കല്‍ ശബരിമല മേല്‍ശാന്തി ആകണമെന്ന് അദ്ദേഹത്തിനും ആഗ്രഹമുണ്ട്‌. അതിന്‌ താങ്കള്‍ ശാന്തിക്കാരനല്ലല്ലോ എന്നു ഞാന്‍ ചോദിച്ചു. അദ്ദേഹത്തിന്‌ പൂജാവിധികളൊക്കെ അറിയാം, കുടുംബ ക്ഷേത്രത്തില്‍ പൂജ ചെയ്യാറുണ്ട്‌. അത്രയും യോഗ്യത മതി. മുഴുവന്‍ സമയ ശാന്തി ആകണമെന്നില്ല.
"പിന്നെന്താ അപേക്ഷിക്കാത്തത്‌?"
"വെറുതേ അപേക്ഷിച്ചിട്ട്‌ കാര്യമില്ല. ഒന്‍പത്‌ പേരുടെ ആദ്യ ലിസ്റ്റില്‍ കയറിപ്പറ്റാന്‍ ഒരു പത്തു പതിനഞ്ച്‌ ലക്ഷം മുടക്കണം. അതു കഴിഞ്ഞാല്‍ പിന്നെ ഭഗവാന്റെ ഇഷ്ടം."
ഞാനന്തിച്ചിരുന്നുപോയി.
"പണം അല്‍പ്പം കടോം വെലേം വാങ്ങിച്ചാണേലും ഒപ്പിച്ചാല്‍ കുഴപ്പമില്ല, എല്ലാ പിരിവും കഴിഞ്ഞ്‌ കുറഞ്ഞത്‌ ഒരു നാല്‍പ്പത്‌ രൂപയുമായി മലയിറങ്ങാം."

(കണക്കുകള്‍ ഒരു നാലഞ്ചു കൊല്ലം മുന്‍പത്തെയാണ്‌.)

മുഖങ്ങള്‍ ഇനിയുമുണ്ട്‌. ഇനി അടുത്ത പോസ്റ്റില്‍.

Tuesday, October 07, 2008

മലയാളത്തിന്റെ മഹാബാദ്ധ്യതകള്‍.

സമകാലിക മലയാളം വാരികയുടെ ഒക്ടോബര്‍ ലക്കം പതിപ്പില്‍ പ്രസിദ്ധീകരിച്ച, ഡി. വിനയചന്ദ്രന്റെ സം-ഗീതം എന്ന കവിത കാണൂ.

 ദോഷം പറയരുതല്ലോ പതിവു പോലെ സര്‍ റിയലിസവും ഷഹനായിയും ഒക്കെയുണ്ട്‌. അതൊക്കെയില്ലാതെ എന്തോന്ന് ആധുനികം. സമര്‍പ്പിച്ചിരിക്കുന്നത്‌ 'പാലക്കുന്നേലെ' കിന്നരര്‍ക്ക്‌. (അറിയില്ലാത്തവര്‍ക്ക്‌, പാലക്കുന്നേല്‍ ഏറ്റുമാനൂരും മറ്റു ചിലടത്തുമുള്ള ഒരു ബാര്‍ ശൃംഖലയാണ്‌.)

പ്രിയ പത്രാധിപര്‍ സര്‍, താങ്കള്‍ അവധിയിലോ മറ്റോ ആണോ? ഒരു മിനിമം പ്രതീക്ഷയില്‍ പണം കൊടുത്ത്‌ വാരിക വാങ്ങുന്ന വായനക്കാരന്റെ മുഖത്തേക്ക്‌ ദുര്‍ഗന്ധം വമിക്കുന്ന ഈ 'വാള്‌' കോരിയിടണമായിരുന്നോ?

മലയാളത്തിന്റെ മഹാബാദ്ധ്യതകള്‍.

Thursday, October 02, 2008

മതം മനുഷ്യന്‌ ആവശ്യമോ?

മതം മനുഷ്യന്‌ ആവശ്യമോ?

ബാലിശമായ ഒരു ധ്വനിയാണ്‌ ചോദ്യത്തിന്‌ എന്നറിയാം. അതിന്റെ ഉറവിടവും അങ്ങിനെ തന്നെ. ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സന്മാര്‍ഗ്ഗപാഠ പരീക്ഷയുടെ ഒരു ചോദ്യമായിരുന്നു. (ഈ സന്മാര്‍ഗ്ഗപാഠം എന്നു പറയുന്നത്‌, ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വേദപാഠം പഠിക്കുന്ന സമയത്ത്‌, മറ്റുള്ളവരെ പഠിപ്പിക്കുന്ന ഒരു വിഷയം ആണ്‌. ഞാന്‍ പഠിച്ച സ്കൂളില്‍ അന്ന് ഏകദേശം മുപ്പതിനടുത്തേ അക്രൈസ്തവരുണ്ടായിരുന്നുള്ളൂ. അതിനാല്‍ അഞ്ചു മുതല്‍ പത്തുവരെയുള്ളവര്‍ക്ക്‌ സന്മാര്‍ഗ്ഗപാഠത്തിന്‌ ഒരു ക്ലാസ്സും ഒരു പരീക്ഷയുമായിരുന്നു. മാര്‍ക്കിടുന്നത്‌ ക്ലാസ്സ്‌ നിലവാരം വെച്ചും.) ഞങ്ങളുടെ പ്രിന്‍സിപ്പലായിരുന്ന ഫാ: വര്‍ഗ്ഗീസ്‌ മുഴുത്തേട്ട്‌ ആയിരുന്നു ചോദ്യ കര്‍ത്താവ്‌. എന്റെ സുഹൃത്തായ ഷാജിയും ഞാനും ഒറ്റ വാക്കില്‍ 'അല്ല' എന്നുത്തരമെഴുതി. ചേട്ടന്മാരും ചേച്ചിമാരും രണ്ടും മൂന്നും പേജ്‌ ഉപന്യസിച്ചെഴുതി. എല്ലാവരുടേയും ഉത്തരം അല്ല എന്നു തന്നെ. ഒരു വാക്കെഴുതിയവര്‍ക്കും, മൂന്നു പേജെഴുതിയവര്‍ക്കും അച്ചന്‍ നല്ല മാര്‍ക്കുനല്‍കി. പരമ സാത്വികനായിരുന്നു മുഴുത്തേട്ടച്ചന്‍. അടുത്ത ദിവസത്തെ ക്ലാസ്സില്‍ ഞങ്ങളുടെ ആരുടേയും ഉത്തരം ശരിയായിരുന്നില്ല എന്നു പറഞ്ഞ്‌ മതത്തിന്റെ ആവശ്യകതയെപ്പറ്റി അച്ചന്‍ ക്ലാസ്സെടുത്തു. അച്ചന്‍ പഠിപ്പിച്ചതില്‍ ഞങ്ങള്‍ക്ക്‌ മനസ്സിലാകാതെ പോയ അപൂര്‍വ്വം കാര്യങ്ങളിലൊന്നായിരുന്നത്‌. ഇന്നും എനിക്കതു മനസ്സിലാകുന്നില്ല. (അദ്ധ്യാപനം വിട്ടതിനുശേഷം അച്ചന്‍ അത്ഭുത രോഗശാന്തി ശുശ്രൂഷ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നറിഞ്ഞു. അച്ചനെപ്പോലെ നല്ലവനും സത്യസന്ധനുമായ ഒരാള്‍ക്ക്‌ എങ്ങനെ അതുമായി ഒത്തുപോകാനാവുന്നു എന്നും എനിക്കിതുവരെ മനസ്സിലാകുന്നില്ല.)

അതൊക്കെ പോകട്ടെ, മതം മനുഷ്യന്‌ ആവശ്യമോ എന്നു ചോദിക്കുമ്പോള്‍ അടിസ്ഥാനപരമായി മറ്റൊന്നറിയണം. ആരാണ്‌ മത വിശ്വാസി. ജനനം കൊണ്ട്‌ ഏതെങ്കിലും മതത്തിലായിപ്പോകുകയും, ചെറുപ്പം മുതലുള്ള മെന്റല്‍ പ്രൈമിംഗ്‌ കൊണ്ട്‌ അതില്‍ വിശ്വസിക്കുകയും, പരീക്ഷ പാസ്സാകാനും, ജോലി കിട്ടാനും, വിവാഹം നടക്കാനും നേര്‍ച്ചയോ വഴിപാടോ നടത്തുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന പാവത്താന്മാരെ ഞാന്‍ 'വിശ്വാസി'യായി കൂട്ടുന്നില്ല. ഇത്തരം ഉപരിപ്ലവ വിശ്വാസികളെ 'യഥാര്‍ത്ഥ' വിശ്വാസികളും വിശ്വാസികളായി കൂട്ടുന്നുണ്ടാവില്ല. അവര്‍ വിശ്വാസികളായതു കൊണ്ട്‌ ദേവാലയങ്ങള്‍ക്ക്‌ അല്‍പ്പം വരുമാനമുണ്ടാകും എന്നതില്‍ കവിഞ്ഞ്‌ ഗുണമൊന്നുമില്ല. 'കഷ്ടകാല'ത്തിന്‌ മതസ്ഥരില്‍ ബഹുഭൂരിഭാഗവും ഇത്തരം അല്‍പവിശ്വാസികളാണ്‌. എങ്കിലും ഭൂരിപക്ഷമായും, ന്യൂനപക്ഷമായും കരുത്തു കാണിക്കാന്‍ ഈ പാവങ്ങളേയും കൂടെ നിര്‍ത്തും.

മതത്തിന്റെ 'കാതല്‍'അറിഞ്ഞവരാണ്‌ യഥാര്‍ത്ഥ വിശ്വാസികള്‍. അവരാണ്‌ ശരിക്കും ലോകമംഗളാര്‍ത്ഥം സ്നേഹവും, ശാന്തിയും, സമാധാനവും, നമ്മളൊക്കെ നിനച്ചിരിക്കാത്ത നേരത്ത്‌ വിസ്ഫോടിപ്പിച്ച്‌ നമ്മളെയൊക്കെ അത്ഭുതപരതന്ത്രരാക്കുന്നത്‌. മറ്റു ചിലര്‍ ഇത്തരം നാടകീയതകളില്‍ വിശ്വസിക്കുന്നില്ല. പണ്ട്‌ 'മറ്റവര്‍ക്ക്‌' സമ്മാനമായി ഗന്ധകത്തീമഴയുമായി നടന്ന പരമകാരുണികന്‍ ഇപ്പോള്‍ കൂടെ കരുതുന്നത്‌ വരള്‍ച്ചയും സുനാമിയുമാണെന്ന് പഠിപ്പിക്കും. ചികില്‍സ സാവധാനമാണ്‌. ഇത്‌ അങ്ങിനെയല്ല എന്നു വാദിക്കുന്ന ശുദ്ധാത്മാക്കളായ ചില ചിന്തകരുണ്ട്‌. പുസ്തകത്തില്‍ അങ്ങിനെയല്ല എന്നാണവരുടെ വാദം. ഇവിടെ ഞാന്‍ ഒരു വലിയ സാദ്ധ്യത കാണുന്നുണ്ട്‌. ലോകത്തിലെ കൊള്ളക്കാരും, കൊലപാതകികളും, മാഫിയസംഘംങ്ങളും ഒരു നോട്ടുപുസ്തകം വാങ്ങി അതില്‍ 'ലോകാസമസ്ഥാ സുഖിനോ ഭവന്തു എന്നതാണ്‌ ഞങ്ങളുടെ ലക്ഷ്യം' എന്നെഴുതി വെച്ചാല്‍ ആ ഒരു നിമിഷം കൊണ്ട്‌ സകല തിന്മകളും അപ്രത്യക്ഷമാകും.

ഇനി ഈ മത നേതാക്കള്‍ ആരാണ്‌? അവര്‍ 90-95% വരുന്ന ഉപരിപ്ലവ വിശ്വാസികളെ ഏതെങ്കിലും വിധത്തില്‍ പ്രിതിനിധാനം ചെയ്യുന്നുണ്ടോ? കുമ്മനം രാജശേഖരന്‍ ഏതു ഹിന്ദുവിനെയാണ്‌ പ്രിതിനിധാനം ചെയ്യുന്നത്‌? പ്രവീണ്‍ തൊഗാഡിയ? ക്രിസ്തുമതത്തിലോ? പല പല കാരണങ്ങളാല്‍ സെമിനാരിയില്‍ ചേര്‍ന്നു പഠിച്ച്‌ വൈദികരാകുന്നവര്‍ ആരെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌? ബിഷപ്പുമാര്‍ വൈദികരുടെ പ്രതിനിധിയാണോ? ഞാന്‍ ക്രിസ്തുമതവുമായി ബന്ധപ്പെട്ടിരിക്കുന്ന പലരോടും ചോദിച്ചിട്ടുണ്ട്‌, ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നത്‌ എന്ത്‌ അടിസ്ഥാനത്തിലാണെന്ന്. കഴിവ്‌ പരിഗണിച്ച്‌ എന്നു മറുപടി കിട്ടും. എന്തു കഴിവ്‌ എന്നു ചോദിച്ചാല്‍ അവര്‍ക്കും അറിയില്ല. ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നല്ല് മനുഷ്യരില്‍ ഒരാളായ, ഒപ്പം ആത്മീയതയില്‍ അടിയുറച്ച വൈദികനുമായ മുഴുത്തേട്ടച്ചനെന്തേ ബിഷപ്പായില്ല? ജീവിത സായാഹ്നത്തില്‍ വിഢ്ഢിവേഷം കെട്ടാനായിരുന്നു ആ മഹാത്മാവിന്റെ നിയോഗം.

അതൊക്കെ പോകട്ടെ, മനുഷ്യനെന്നാണ്‌ ഉണ്ടായത്‌? മതങ്ങളെന്നാണ്‌ ഉണ്ടായത്‌?
ഏകദേശം 0.25 മില്യണ്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ ഹോമോ സാപ്പിയന്‍സ്‌ എന്ന ഇപ്പോഴത്തെ മനുഷ്യന്‍ ഉണ്ടായതെന്ന് ശാസ്ത്രമതം. (1.25 മില്യണ്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ചിറ കെട്ടാന്‍ പോയ ആസ്റ്റ്രെലോപിഥക്കസുകള്‍ക്ക്‌ മേല്‍നോട്ടം വഹിക്കാന്‍ കുറച്ച്‌ ഹോമൊനോയ്ഡുകളെ സൃഷ്ടിച്ചിരുന്നു. അവയുടെ ഫോസ്സിലുകള്‍ ദുര്‍ലഭമത്രെ, പക്ഷെ യഥാര്‍ത്ഥ സ്പെസിമനുകള്‍ ഇന്‍ഡ്യന്‍ സബ്‌ കോണ്ടിനന്റില്‍ ഈയിടെ ധാരാളമായി കണ്ടു വരുന്നു.) ഉല്‍പ്പത്തിക്കു ശേഷം ഏകദേശം രണ്ടു ലക്ഷം വര്‍ഷത്തോളം വളരെ സാവധാനത്തിലായിരുന്നു പുരോഗമനം. എന്നാല്‍ 50,000 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ സംസ്കൃതിയില്‍ ഒരു കുതിച്ചു ചാട്ടം ഉണ്ടായി. അതു കൊണ്ട്‌, മൃഗതുല്ല്യ ജീവിതം നയിച്ചിരുന്ന പൂര്‍വ്വികരെ ഉള്‍ക്കൊള്ളാന്‍ പറ്റില്ലെങ്കിലും ഒരു അന്‍പതിനായിരം വര്‍ഷത്തെ പാരമ്പര്യം മനുഷ്യകുലത്തിനു സമ്മതിക്കണം.

ഒരു ഓഫ്‌.. മൃഗങ്ങള്‍ പോലും പരസ്പരം കൊല്ലുന്നില്ല എന്നു പറയും. (ടെറിട്ടറി, ഇണ തുടങ്ങിയ പ്രശ്നങ്ങളില്‍ അവ പരസ്പരം ആക്രമിക്കുന്നത്‌ വിടുക.) എന്തു കൊണ്ടാണ്‌ ഒരേ സ്പീഷീസിലുള്ള ജന്തുക്കള്‍ പരസ്പരം കൊല്ലാത്തത്‌? ആ സ്വഭാവം ഇല്ലാത്തത്‌ ഒരു സര്‍വൈവല്‍ അഡ്വാന്റേജ്‌ ആണ്‌. ആ സ്വഭാവം ഉള്ള ജീവികള്‍ ഉണ്ടായിരുന്നിരിക്കാം, പക്ഷെ അവയൊക്കെ ഒടുങ്ങിപ്പോയി. മനുഷ്യനും ഇത്തരം അടിസ്ഥാന ജൈവ നിയമങ്ങളില്‍ ബന്ധിതനാണ്‌.

മനുഷ്യന്‍ പരസ്പരം കൊല്ലാത്തത്‌, അതായത്‌ സ്നേഹം സമാധാനം എന്നൊക്കെ പറയുന്ന ഗുണങ്ങളുടെ ബഹിര്‍സ്പുരണം, ഒരു ജൈവ ഗുണമാണ്‌. അതായത്‌ 'നന്മ' ഒരു ജൈവപ്രത്യേകതയാണ്‌, അത്‌ ഉള്ളില്‍ ഉള്ളതാണ്‌, പ്രവാചകരോ, പുസ്തകങ്ങളോ ഉണ്ടാക്കിയെടുത്തതോ കണ്ടു പിടിച്ചതോ അല്ല. അതുള്ളതു കൊണ്ടാണ്‌ ഈ രണ്ടര ലക്ഷം വര്‍ഷം മനുഷ്യകുലം അതിജീവിച്ചത്‌.

എന്റെ ഈ വാദം വിഢ്ഢിത്തമായി കരുതുന്നവര്‍, സാവധാനം നിഷ്പക്ഷമായി ഒന്നു കൂടി ആലോചിച്ചു നോക്കൂ.
നമ്മുടെ പ്രചാരത്തിലുള്ള മതങ്ങളില്‍ പഴക്കമേറിയവ പോലും ഏതാനും അയിരം വര്‍ഷങ്ങളുടെ മാത്രം പഴക്കമുള്ളവയാണ്‌. (അതിലും പ്രാചീന മതങ്ങളുണ്ടെന്നറിയാം, പക്ഷെ അവയെന്തേ നശിച്ചു പോയി? പുതിയ മതങ്ങള്‍ എന്തു കൊണ്ട്‌ അവയെ നശിപ്പിച്ചു? മതങ്ങളൊക്കെ സ്നേഹവും സമാധാനവുമല്ലേ വിളമ്പുന്നത്‌?) രണ്ടര ലക്ഷം വര്‍ഷം സാമാന്യം സ്നേഹത്തോടും സമാധാനത്തോടും ജീവിച്ചതിനാലാണ്‌ മതങ്ങളുടെ ഉത്ഭവസ്ഥാനത്തെത്താന്‍ മനുഷ്യനായത്‌. കതിരില്‍ വളമിട്ടതു കൊണ്ടാണ്‌ വിള നന്നായത്‌ എന്നാണോ വാദിക്കുന്നത്‌?

ഇനി, മതങ്ങള്‍ വന്നപ്പോള്‍ എന്തു സംഭവിച്ചു? 'ചരിത്ര'ത്തിലെ ആദ്യത്തെ കൊലപാതകം, അതും സഹോദരന്‍ സഹോദരനെ, കാരണമെന്താ? ദൈവസ്നേഹത്തിലെ അതൃപ്തി, അസൂയ. അനാവശ്യ കൊലപാതകങ്ങള്‍ അവിടെ തുടങ്ങി.

ശേഷം ചരിത്രം.