Tuesday, March 18, 2008

അഗസ്ത്യാര്‍കൂട യാത്ര - 2


യാത്രയെപ്പറ്റി രാജ്‌കുമാര്‍ ചെറിയൊരു വിവരണം തന്നു. ബോണക്കാട്ടുനിന്ന് ഏകദേശം 5 മണിക്കൂര്‍ നടന്നാല്‍ അതിരു മലയെത്തും. അവിടെ നിന്ന് പിന്നെയും മൂന്നു മണിക്കൂര്‍ മല കയറിയാല്‍ അഗസ്ത്യകൂട നിറുകയിലെത്താം. രാത്രിയില്‍ അതിരുമലയില്‍ കിടക്കാം. അവിടെ ഷെല്‍റ്റര്‍ ഉണ്ട്‌ ക്യാന്റീനും. അഗസ്ത്യമലയില്‍ രാത്രി കിടന്നൂടേ? അതു പറ്റില്ല, അതിനവിടെ സൗകര്യം ഇല്ല എന്നു രാജ്‌കുമാര്‍. എന്നാലും ഒരു ഏകദേശ മനക്കണക്കില്‍ ഉത്സാഹിച്ചു നടന്നാല്‍ ഇന്നു തന്നെ മലകയറാം എന്നു കരുതി.

യാത്ര തുടങ്ങി.അധികം കഴിയുന്നതിനു മുന്‍പ്‌ തന്നെ സംഘാംഗങ്ങള്‍ മുന്‍പിലും പിന്‍പിലുമായി പിരിഞ്ഞു. ഞങ്ങളോടൊത്ത്‌ രാജ്‌കുമാര്‍ കൂടി. ഏകദേശം ജീപ്പ്‌ പോയേക്കുമെന്നു തോന്നുന്ന വഴി ഒന്നൊന്നര കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഒറ്റയടിപ്പാതയായി. യാത്ര കാടിനുള്ളിലൂടെയാണെങ്കിലും അത്ര വൃക്ഷ നിബിഡമല്ല. ഇതിനിടെ എബണി എന്ന ബോര്‍ഡുമായി ഒരു മരം കണ്ടു. എബണി നമ്മുടെ നാട്ടില്‍ ഉണ്ടെന്നുള്ളത്‌ ഒരു പുതിയ അറിവായിരുന്നു. ചെറുതും ഇടത്തരവും വെള്ളച്ചാട്ടങ്ങളോടു കൂടിയ അഞ്ചാറു അരുവികള്‍ കടന്നു പോയി. ഇറങ്ങി കുളിക്കണമെന്നു ആഗ്രഹിച്ചു പോകും, പക്ഷെ അവിടെ അധികം സമയം പാഴാക്കിയാല്‍ ഇന്നത്തെ മലകയറ്റം മുടങ്ങും. അതിനാല്‍ നടത്തം തുടര്‍ന്നു. ബോണക്കാടുനിന്ന് അതിരുമലയ്ക്ക്‌ 17 കിലോമീറ്റര്‍ എന്നാണ്‌ ഗൈഡ്‌ പറഞ്ഞത്‌. പക്ഷെ ഏകദേശം 3 മണിക്കൂര്‍ നടന്നു കഴിഞ്ഞപ്പോഴും രാജ്‌കുമാര്‍ പറയുന്നത്‌ ഇനിയും 2 മണിക്കൂര്‍ കൂടിയുണ്ടെന്നാണ്‌. അപ്പോഴേക്കും ശരിക്കുള്ള കാടിന്റെ രീതി വിട്ട്‌ ഒരു തരം പുല്‍മേടിലെത്തി. ഇവിടെ അവിടവിടെ ഓരോ മരങ്ങളേയുള്ളൂ. ഇവിടെ നിന്ന് നോക്കിയാല്‍ അഗസ്ത്യകൂടത്തിന്റെ ഒരു ദൂരവീക്ഷണം കിട്ടും.

ഇവിടെ തുടക്കത്തില്‍, കല്‍ക്കെട്ടുള്ള ചതുരാകൃതിയിലുള്ള ഒരു നിര്‍മിതി കണ്ടു. പഴയ കുളമോ കെട്ടിടത്തിന്റെ അവശിഷ്ടമോ പോലെ തോന്നി. അതെന്താണെന്നു രാജ്‌കുമാറിനും അറിയില്ല. പ്രാചീന നിര്‍മ്മിതിയാണോ അതൊ വല്ല സമീപകാല സൃഷ്ടിയാണോ എന്നും തിട്ടമില്ല.സമയം എകദേശം പന്ത്രണ്ടര. ഊണു കഴിച്ചാലോ എന്നു രാജ്‌കുമാര്‍. കൈയിലുള്ള വെള്ളക്കുപ്പികള്‍ പലതവണ കാലിയാവുകയും അരുവികളില്‍ നിന്നും നിറക്കപ്പെടുകയും ചെയ്തു കഴിഞ്ഞിരുന്നു. പക്ഷെ ഊണു കഴിക്കാനുള്ള വിശപ്പ്‌ തോന്നിയില്ല. നമുക്ക്‌ അതിരു മലയില്‍ ചെന്ന് ഊണുകഴിക്കാം, അതിനു ശേഷം യാത്ര തുടരാം എന്നു പറഞ്ഞപ്പോള്‍ അയാള്‍ പറയുന്നു ഉച്ചയ്ക്ക്‌ 2 മണിക്കുശേഷം അതിരുമലയില്‍ നിന്നും യാത്ര അനുവദിക്കുകയില്ല എന്ന്. ഇനിയേതായാലും 2 മണിക്കുമുന്‍പ്‌ നമ്മള്‍ അവിടെ എത്തുകയും ഇല്ല എന്നും. അപ്പോള്‍ ചുരുക്കത്തില്‍, ഇന്നു ഉച്ചയ്ക്ക്‌ ശേഷം നാളെ രാവിലെ വരെ അതിരുമലയില്‍ കുടുങ്ങിയതു തന്നെ! പിന്നെന്തിനാണ്‌ ഇയാള്‍ നമ്മളെ ഇത്ര ശ്വാസം വലിച്ച്‌ ഓടിച്ചു കൊണ്ടു വന്നത്‌? അരുവിയിലൊക്കെ ഇറങ്ങി കുളിച്ച്‌ സാവകാശം പോന്നാല്‍ പോരായിരുന്നോ? അതും മിസ്‌ ചെയ്തു. രാജകുമാരനിട്ട്‌ അലക്കാനാണ്‌ തോന്നിയത്‌, ഇയാള്‍ ഗൈഡോ മിസ്ഗൈഡോ?

അടുത്ത്‌ വെള്ളം കിട്ടുന്ന സ്ഥലത്തു ഊണു കഴിക്കാം എന്നു കുട്ടപ്പന്‍ ഗൈഡിനെ സമാധാനിപ്പിച്ചു. അങ്ങേര്‍ക്ക്‌ സമാധാനമായി. പുല്‍മേട്‌ തീര്‍ന്നു, വീണ്ടും കാടായി. പക്ഷെ ഇപ്പോള്‍ മുന്‍പിലത്തെ പോലെയല്ല. നല്ല നിബിഢ വനം. മോശമല്ലാത്ത കയറ്റവും. ഏതാണ്ട്‌ അര കിലോമീറ്ററോളംകഴിഞ്ഞപ്പോള്‍ ഒരു ചെറിയ അരുവി കണ്ടു. അതിനരുകില്‍ ഉണ്ണാനിരുന്നു. വനം വകുപ്പിന്റെ ഊണ്‌ തീരെ മോശമല്ല. ചോറ്‌ വളരെയധികം. രണ്ടു പൊതി മതി മൂന്നുപേര്‍ക്ക്‌ ഭംഗിയായി കഴിക്കാന്‍. സാമ്പാറും രസവും പ്ലാസ്റ്റിക്‌ കൂടുകളിലാണ്‌, അതിലൊരു മാറ്റം വേണം എന്നു തോന്നി.

കാട്ടിലൂടുള്ള യാത്ര കൂടുതല്‍ ദുഷ്കരമായി തുടങ്ങി. കുത്തനെയുള്ള കയറ്റമാണ്‌. തലേന്ന് മഴ പെയ്തിരുന്നു. ഒറ്റയടിപ്പാതയില്‍ ചിലടത്തൊക്കെ സാമാന്യം വഴുക്കുണ്ട്‌. ഇന്നിനി യാത്ര തുടരാനാകില്ല എന്ന ചിന്ത കൊണ്ടും, പാതയുടെ കാഠിന്യം കൊണ്ടും ഉത്സാഹവും കുറഞ്ഞു. ഏതായാലും കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ കയറ്റം തീര്‍ന്നു. മടങ്ങി വരുന്നവരുടെ കൂടെ കുട്ടപ്പന്റെ ഒരു സുഹൃത്തിനെ കണ്ടു. ഇന്നലെ കാലാവസ്ഥ മോശമായിരുന്നു എന്നും, ഇന്നിപ്പോള്‍ നല്ല കാലാവസ്ഥയായതു കൊണ്ട്‌ വനം ഉദ്യോഗസ്ഥന്മാര്‍ യാത്രക്കാരെ പറഞ്ഞു മുകളിലേക്കു വിടുന്നുണ്ടെന്നും പറഞ്ഞു. ഞങ്ങള്‍ക്ക്‌ ഒരു ചെറിയ പ്രതീക്ഷയായി. ഉത്സാഹിച്ചു നടന്നു, രണ്ടേകാലോടെ അതിരുമലയെത്തി.അവിടുത്തെ സാഹചര്യത്തിനും അന്തരീക്ഷത്തിനും തീരെ ചേരാത്തവിധത്തില്‍ ഒരു പക്കാ കോണ്‍ക്രീറ്റ്‌ കെട്ടിടമാണ്‌ ഷെല്‍ട്ടര്‍. ഒരു ഇടത്തരം ഓഡിറ്റോറിയത്തിന്റെ വലിപ്പമുണ്ട്‌. അതിനോട്‌ ചേര്‍ന്ന് പുല്ലുമേഞ്ഞ്‌ ഉണ്ടാക്കിയ ക്യാന്റീന്‍. അതിനും സാമാന്യം വലിപ്പമുണ്ട്‌. അവിടെ നിന്നു നോക്കിയാല്‍ അഗസ്ത്യകൂടം ഭംഗിയായി കാണാം. പക്ഷെ ആ കാഴ്ചയില്‍ നമുക്ക്‌ മുകളില്‍ കയറാന്‍ പറ്റുന്ന ഒരു വഴി രൂപപ്പെടുന്നില്ല. മാത്രമല്ല പറഞ്ഞതു പോലെ രണ്ടര മണിക്കൂര്‍ കൊണ്ട്‌ മുകളിലെത്തും എന്നും കരുതാന്‍ വയ്യ.

അപ്പോള്‍ തന്നെ യാത്ര തുടരാന്‍ താല്‍പര്യമുള്ള ഒരു ഐവര്‍ സംഘത്തെ കണ്ടു പിടിച്ചു. ഇപ്പോള്‍ തന്നെ പുറപ്പെട്ടാല്‍ ഒരു അഞ്ചരയോടെ മുകളിലെത്താം. കുറച്ചു സമയം അവിടെ ചിലവഴിച്ചാലും ഒരു ഒന്‍പതു മണിയോടേ തിരിച്ചെത്താം. പക്ഷെ വെളിച്ചം വേണം. ഞങ്ങളുടെ കയ്യില്‍ ആകപ്പാടെയുള്ളത്‌ വേണാടില്‍ വെച്ച്‌ ഒരു കൗതുകത്തിന്‌ വാങ്ങിയ ഒരു LED റ്റോര്‍ച്ചാണ്‌. കുഴപ്പമില്ല നല്ലൊരു ടോര്‍ച്ച്‌ ഞങ്ങളുടെ കയ്യിലുണ്ട്‌, അഞ്ചിലൊരാള്‍ ഉത്സാഹിച്ചു. അവര്‍ പക്ഷെ ഉണ്ടിട്ടില്ല. അവരുണ്ണുന്ന സമയത്ത്‌ ദിലി പോയി മൂന്നു കഞ്ഞിക്ക്‌ കൂപ്പണ്‍ വാങ്ങി, പിന്നെ രണ്ട്‌ പ്ലാസ്റ്റിക്‌ പായയും. പ്ലാസ്റ്റിക്‌ പായ വാടകയ്ക്ക്‌ കിട്ടും, ഒരെണ്ണം 5 രൂപ, പക്ഷെ നമ്മുടെ പാസ്‌ ഗാരെണ്ടി നല്‍കണം. ഷെല്‍ട്ടറില്‍ പായ വിരിച്ച്‌ ബാഗോക്കെ വെച്ചു. രണ്ട്‌ വെള്ളക്കുപ്പിയും ബിസ്ക്കറ്റും ക്യാമെറയും മാത്രം എടുത്തു. ഊണു കഴിഞ്ഞപ്പോഴേക്കും മറ്റവരുടെ ഉത്സാഹം ഏതാണ്ട്‌ ആവിയായ മട്ടായി. ഒന്നു രണ്ടാള്‍ക്ക്‌ വന്നാല്‍ കൊള്ളാം എന്നുണ്ട്‌. രാജ്‌കുമാറും മുങ്ങാനുള്ള ശ്രമത്തിലാണ്‌. കുട്ടപ്പനിലെ സംഘാടകന്‍ പുറത്തിറങ്ങി. രാജ്‌കുമാറിനെ പിടിച്ച പിടിയാലെ പൊക്കി, മറ്റവരും ജീപ്പാസ്‌ ടോര്‍ച്ച്‌ സഹിതം റെഡി.

No comments: