Thursday, March 27, 2008

ഹോമിയോ ചികില്‍സയും ജീരകമിഠായിയും

കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ KGMOA യുടെ ജേണലില്‍, മാര്‍ച്ച്‌ ലക്കം, KGMOA കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌ ഡോ: എം. മുരളീധരന്‍ എഴുതിയ ലേഖനം.

ഹോമിയോ ചികില്‍സയും ജീരകമിഠായിയും.

കേന്ദ്ര ആരോഗ്യ മന്ത്രാലയം അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യ സംരക്ഷണത്തിന്‌ ഹോമിയോ ചികില്‍സ ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതായി ഹിന്ദു പത്രം റിപ്പോര്‍ട്‌ ചെയ്തിരുന്നു. ഹോമിയൊ മരുന്നുകല്‍ സുരക്ഷിതമാണെന്നും ഗര്‍ഭകാലത്തും, പ്രസവാനന്തരവും ഉപയോഗിക്കാന്‍ ഉത്തമമാണെന്നും ഇതു സംബന്ധിച്ചിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.സര്‍വോപരി, pills are sweet and thus child friendly എന്ന സ്വീറ്റ്‌ ഐഡിയ!

പ്രതി പ്രവര്‍ത്തനം/ എതിര്‍ പ്രവര്‍ത്തനമില്ലാത്തവയാണെന്നും സുരക്ഷിതമാണെന്നും പറയുമ്പോള്‍ ഇതെത്രമാത്രം സത്യമാണെന്ന് സംശയം ഉയരാറുണ്ട്‌. ആക്ഷന്‍ ഉണ്ടായിട്ടു വേണ്ടെ റിയാക്ഷന്‍ എന്ന് പറയുന്നത്‌ വിരുദ്ധന്മാരാണ്‌ എന്ന് ഹോമിയോ വിശ്വാസികള്‍ കണ്ണടച്ച്‌ ആണയിടും. ഹോമിയോ ചികില്‍സയുടെ റിയാക്ഷന്‍ എത്ര തവണ കണ്ടിട്ടുള്ളവരാണ്‌ ഇവിടെ ചികില്‍സ ചെയ്യുന്ന ഡോക്ടര്‍മാരില്‍ ഭൂരിപക്ഷവും എന്നത്‌ കളവാകുമോ?

സാമുവല്‍ ഹാനിമാന്‍ എന്ന ജര്‍മന്‍ ഡോക്ടര്‍, മോഡേണ്‍ മെഡിസിന്റെ ദൂഷ്യഫലങ്ങള്‍ എല്ലാം മാറ്റി തൊലികളഞ്ഞുണ്ടാക്കിയ ഒന്നാംതരം മധുര ചികില്‍സാ സമ്പ്രദായമാണ്‌ ഹോമിയോപ്പതി! പേരില്‍ തന്നെ മോഡേണ്‍ മെഡിസിനെ താഴ്ത്തിക്കെട്ടാന്‍ ഹാനിമാന്‍സായിപ്പ്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. അലോപ്പതി എങ്ങിനെ വന്നാലും ഭാഷാശാസ്ത്രപരമായി ഹോമിയോപ്പതിക്ക്‌ താഴയേ വരൂ. പക്ഷെ ഭാഷയും ശാസ്ത്രവും രണ്ടാണെന്ന് പാവം ജനം മനസ്സിലാക്കി എന്നത്‌ മറ്റൊരു കാര്യം.

സമം സമത്തെ ഭേദമാക്കും എന്നതാണ്‌ ഹോമിയോപ്പതിയുടെ ശാസ്തീയ അടിസ്ഥാനം.സിങ്കോണ നല്‍കുമ്പോള്‍ വിറക്കുന്നു. അതുകൊണ്ട്‌ മലമ്പനിക്ക്‌ സിങ്കോണ! മരുന്നുകളുടെ ശക്തിയെക്കുറിച്ച്‌ പറയുമ്പോഴാണ്‌ പഞ്ചാരിമേളം അരങ്ങേറുന്നത്‌. മരുന്നുകള്‍ വെള്ളം ചേര്‍ത്ത്‌ നേര്‍പ്പിക്കുംത്തോറും അതിന്റെ രോഗശമനശേഷി കൂടുന്നു എന്ന് ഹോമിയോ വിശ്വാസികള്‍. അതെങ്ങിനെ എന്നു ചോദിച്ചാല്‍, അതങ്ങിനെതന്നെ എന്ന ശക്തമായ മറുപടി കിട്ടും. അത്ര മാത്രം. സംവാദം അവസാനിച്ചു. ആ കാഴ്ചപ്പാടിന്‌ ശാസ്ത്രീയ പിന്‍ബലമുണ്ടോ എന്നു ചോദിച്ചാല്‍ ഹോമിയോ വിനീതനാവും. സയന്‍സ്‌ അത്‌ കണ്ടു പിടിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ലെന്ന മറ്റൊരു വിനീതമായ മറുപടിയും ലഭിക്കും. ഒരു വിധക്കാര്‍ എല്ലാം സംശയം നിര്‍ത്തി വീട്ടില്‍ പോകും. അഥവ, കൂടുതല്‍ സംശയിച്ചാല്‍ വിവരമറിയും.

എങ്ങിയാണ്‌ നേര്‍പ്പിക്കുമ്പോള്‍ മരുന്നിന്റെ ശക്തികൂടുന്നതെന്നു ചോദിക്കുമ്പോഴാണ്‌ potentiation എന്ന ഭീകരനെ അവര്‍ അവതരിപ്പിക്കുക. എത്ര നേര്‍പ്പിച്ചാലും വെള്ളത്തിന്റെ മോളിക്ക്യൂളുകള്‍ മരുന്നിനെ ഓര്‍മ്മിക്കും. മോളിക്ക്യൂളുകളുടെ ഓര്‍മ്മശക്തി അപാരമാണത്രെ! നേര്‍പ്പിക്കുംതോറും ഓര്‍മ്മ കൂടിക്കൂടി മരുന്നിന്റെ ശക്തി വര്‍ദ്ധിക്കുന്നു. ശാസ്ത്രീയമായി തെളിയിക്കാമോ എന്നു ചോദിച്ചാല്‍ നേരത്തെ കിട്ടിയതും മറ്റു ചിലതും കൂടി കിട്ടും.ഒരു മരുന്ന് ശാസ്ത്രീയമായി വിലയിരുത്തപ്പെടുന്നതു വരെ വ്യാജ മരുന്നായിരിക്കുമെന്നത്‌ പ്രാഥമിക ഫാര്‍മക്കോളജി നിയമമാണ്‌. ഇവിടെയാവട്ടെ ഒരു മരുന്നിന്റെയും ശക്തി ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നില്ല. രോഗം മാറുന്നില്ലേ എന്നു കടുത്ത വിശ്വാസി അല്‍പം നീരസത്തോടെ നിങ്ങളോട്‌ ചോദിക്കും. മാറാത്ത രോഗിയുടെ കാര്യങ്ങള്‍ പറയുമ്പോള്‍ പഥ്യത്തിന്റെയും ജീവിത ശൈലിയുടേയും കടുത്ത പ്രശ്നങ്ങള്‍ അവര്‍ ദാര്‍ശനികമായി അവതരിപ്പിക്കും. മന്ത്രിച്ചൂതിയ ചരട്‌ കെട്ടിയാലും ചിലതൊക്കെ രോഗങ്ങള്‍ മാറുന്ന കാര്യം നിങ്ങള്‍ ഒട്ടൊരു സംശയത്തോടെ ചോദിക്കാനാഞ്ഞാല്‍, സംവാദം മറ്റു ചില തലങ്ങളിലേക്കുയരും.

ഡെങ്കിക്കും ചിക്കുന്‍ ഗുനിയക്കും മറ്റും ഇവര്‍ മാസ്‌-മെഡിസിന്‍ നല്‍കുന്നു. ഓരോ രോഗിക്കും വ്യത്യസ്ഥ മരുന്നുകള്‍ വേണമെന്നും, ഒരു രോഗിക്കു തന്നെ വ്യത്യസ്ഥസമയങ്ങളില്‍ വ്യത്യസ്ഥ മരുന്നാണ്‌ വേണ്ടത്‌ എന്നും ആണയിടുന്നവരാണിവര്‍ എന്ന് ഓര്‍ക്കണം. അപ്പോള്‍ ഈ മാസ്‌-മെഡിസിന്റെ അടിസ്ഥാനമെന്താണ്‌? ഇവരുടെ മരുന്ന് കഴിച്ചിട്ടും ഡെങ്കിയും ചിക്കുന്‍ ഗുനിയയും വന്നവരുടെ കഥകള്‍ അസൂയാലുക്കള്‍ പറഞ്ഞുണ്ടാക്കുന്നതായിരിക്കാം.

പള്‍സ്‌ പോളിയോ നടക്കുമ്പോഴാണ്‌ ഇവരുടെ യഥാര്‍ത്ഥ മുഖം പുറത്തു വരുന്നത്‌. ഇന്ത്യാ ഗവര്‍മ്മെന്റ്‌ നിരവധി പഠന-ഗവേഷണങ്ങള്‍ക്ക്വ്‌ ശേഷമാണ്‌ പള്‍സ്‌ പോളിയോ എന്ന പദ്ധതി പോളിയോ രോഗത്തെ നിര്‍മാര്‍ജ്ജനം ചെയ്യാനായി ഇന്ത്യയില്‍ അവതരിപ്പിച്ചത്‌. ലോകത്തിലെ 100- ലേറെ രാഷ്ട്രങ്ങള്‍ ഈ രീതിശാസ്ത്രം ഉപയോഗിച്ച്‌ പോളിയോ രോഗം അതതു രാഷ്ട്രങ്ങളില്‍ ഇല്ലായ്മ ചെയ്തുകഴിഞ്ഞു. 1962- ല്‍ ഫിഡല്‍കാസ്റ്റ്രോയുടെ ക്യൂബയില്‍ തുടങ്ങിയ ഈ യജ്ഞം ഇനി മൂന്നോ നാലോ രാജ്യങ്ങളില്‍ മാത്രമേ പൂര്‍ത്തീകരിക്കപ്പെടാനുള്ളൂ. അങ്ങനെയിരിക്കേ, കേരളത്തില്‍ പള്‍സ്‌ പോളിയോ വരുമ്പോഴൊക്കെ ഹോമിയോ ചികില്‍സകര്‍ വഴി മുടക്കാന്‍ വൃഥാശ്രമിക്കുന്നത്‌ എന്തിനായിരിക്കും? സത്യത്തില്‍ അവരുടേത്‌ ഒരു ദേശ വിരുദ്ധ പ്രവര്‍ത്തനമാണെന്ന് അവര്‍ തിരിച്ചറിയുന്നില്ലേ? തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം ആ നാട്ടിലെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഒരു രോഗ പ്രതിരോധപദ്ധതി തുരങ്കം വെയ്ക്കാന്‍ ശ്രമിക്കുന്നത്‌ ഒരഞ്ചാറു വര്‍ഷമെങ്കിലും സുഖവാസം ലഭിക്കാവുന്ന കടുത്ത ദേശദ്രോഹ പ്രവര്‍ത്തനമാണെന്ന് ഇതുവരെ ആരും ഇവരെ ബോദ്ധ്യപ്പെടുത്തിയതായി കാണുന്നില്ല. അഥവ അവര്‍ക്ക്‌ ഈ പദ്ധതിയോട്‌ ശാസ്ത്രീയമായ വിയോജിപ്പുണ്ടെങ്കില്‍ അത്‌ കൃത്യമായി ഭാരത സര്‍ക്കാരിനെ അറിയിക്കുകയും ബോദ്ധ്യപ്പെടുത്തുകയും ഈ പദ്ധതി പിന്‍വലിപ്പിക്കുകയും ആണു വേണ്ടത്‌. അതിനു പകരം ഇവര്‍ ചെയ്യുന്നത്‌ ഒളിഞ്ഞും തെളിഞ്ഞുമുള്ള കുപ്രചരണം!

ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നതു കൊണ്ട്‌ കര്‍ത്താവിനോട്‌ മനസ്സറിഞ്ഞ്‌ പ്രാര്‍ത്ഥിക്കാന്‍ പോലും കഴിയാതെ പോകുന്നതിന്റെ ഖേദം ആരോട്‌ പറയും?കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്‌ മധുരമുള്ളതും ചൈല്‍ഡ്‌ഫ്രന്‍ഡ്‌ലിയുമായ ഹോമിയോ മരുന്ന് ശുപാര്‍ശ ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ അവരുടെ ഈ നയം എങ്ങിനെ കാണുമെന്നറിയാന്‍ താല്‍പര്യമുണ്ട്‌.

നമ്മുടെ അമ്മമാരുടേയും കുട്ടികളുടേയും ആരോഗ്യസ്ഥിതി തികച്ചും ആശാവഹം തന്നെ!

3 comments:

nalan::നളന്‍ said...

ഹാവൂ,
ഇങ്ങനൊരെണ്ണം അച്ചടിച്ചത് തപ്പി നടക്കുവായിരുന്നു. KGMOA യുടെ ജേണലില്‍ ഇതുപോലെ (ഹോമിയോ, അക്യുപഞ്ചര്‍ മുതലായ തട്ടിപ്പുകളെപ്പറ്റി) ഇതിനു മുന്‍പെത്രയെണ്ണം മഷി കണ്ടിട്ടുണ്ടെന്നറിയാ‍ന്‍ മാര്‍ഗ്ഗമുണ്ടോ ?

Suraj said...

വല്ലാത്തൊരു നിസഹായതയാണ് ഇത്.
ജോതിഷത്തെ പിടിച്ച് ജോതിശാസ്ത്രത്തിനു തുല്യമാക്കി വയ്ക്കുക, എന്നിട്ട് അതിന് യൂണിവേഴ്സിറ്റി ഉണ്ടാക്കുക, ശമ്പള സ്കെയില്‍ നിശ്ചയിക്കുക, പിന്നെ ആള്‍ട്ടര്‍നേറ്റിവ് മെഡിസിന്‍ എന്ന ഓമനപ്പേരിട്ട് വയ്ക്കുക, എല്ലാം കഴിഞ്ഞിട്ട് ഓരോ വിഡ്ഢി അവകാശവാദവും. ആറേഴുകൊല്ലം സ്വന്തം സബ്ജക്റ്റുകള്‍ പഠിച്ചാലും പോര. ഇനി ഈ സുനാപ്പികളും കൂടെ അലോപ്പതി ഡോകടര്‍മാരെ പഠിപ്പിക്കാതിരുന്നിട്ട് അന്‍പുമണി രാമാദോസന് ഉറക്കം കിട്ടിണില്ല!

ചിക്കുന്‍ ഗുന്യയ്ക്ക് വിതരണം ചെയ്ത ഗുളിക കൊണ്ട് എത്ര കേസ് prevent ചെയ്യാന്‍ കഴിഞ്ഞുവെന്നോ അതിന്റെ കവറേജ് റേറ്റ് എത്രാന്നോ ഒന്നും ഒരു പേപ്പറും ഇവിടെ ലക്ഷങ്ങള്‍ ശമ്പളമെണ്ണി വാങ്ങുന്ന ഹോമിയോ കോളജിലെ പ്രഫസര്‍മാരുടെ(?) വകയായി വന്നു കണ്ടില്ല - അടുത്ത സീസണ്‍ ഇങ്ങെത്താറായി. നല്ല മെഥഡോളജിയിലെ ഒരു ഹോമിയോ റിസേര്‍ച്ച് പേപ്പറെങ്കിലും കണ്ടിട്ട് ചത്താ മതിയായിരുന്നു !

Joseph Antony said...

'നല്ല മെഥഡോളജിയിലെ ഒരു ഹോമിയോ റിസര്‍ച്ച്‌ പേപ്പറെങ്കിലും കണ്ടിട്ട്‌ ചത്താ മതിയായിരുന്നു'..കൊള്ളാം സൂരജ്‌, നല്ല ആഗ്രഹം. മുന്നൂറ്‌ വര്‍ഷമായി പലരും ആഗ്രഹിക്കുന്ന കാര്യമാണത്‌.